ചൂലുകൊണ്ടെഴുതിയ ചരിത്രം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ചു എന്നൊക്ക പറയുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളേ  ഉണ്ടാിയിട്ടുള്ളു. കേരളത്തില്‍ 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്, അടിയന്തരാവസ്ഥക്കുശേഷം ജനതാപാര്‍ട്ടി അധികാരത്തിലെത്തിയത്, ആന്ധ്രയില്‍ തെലുങ്കുദേശം അധികാരത്തിലെത്തിയത് എന്നിങ്ങനെ ആ ലിസ്റ്റ് വളരെ ചെറുത്. അതിലേക്കാണ് ഇന്ദ്രപ്രസ്ഥത്തില്‍ പുതിയ ചരിത്രം കുറിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നത്. അവരെന്നല്ല, ഇന്ത്യയില്‍ ആരുംതന്നെ പ്രതീക്ഷിക്കാത്ത പുതിയ ചരിത്രമെഴുതിയതാകട്ടെ ചൂലുകൊണ്ടും. അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയാകും. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സും ബിജെപിയും ആം ആദ്മി […]

arvind_kejriwal_bijli_paani_295ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ചു എന്നൊക്ക പറയുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളേ  ഉണ്ടാിയിട്ടുള്ളു. കേരളത്തില്‍ 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്, അടിയന്തരാവസ്ഥക്കുശേഷം ജനതാപാര്‍ട്ടി അധികാരത്തിലെത്തിയത്, ആന്ധ്രയില്‍ തെലുങ്കുദേശം അധികാരത്തിലെത്തിയത് എന്നിങ്ങനെ ആ ലിസ്റ്റ് വളരെ ചെറുത്. അതിലേക്കാണ് ഇന്ദ്രപ്രസ്ഥത്തില്‍ പുതിയ ചരിത്രം കുറിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നത്. അവരെന്നല്ല, ഇന്ത്യയില്‍ ആരുംതന്നെ പ്രതീക്ഷിക്കാത്ത പുതിയ ചരിത്രമെഴുതിയതാകട്ടെ ചൂലുകൊണ്ടും. അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയാകും.
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സും ബിജെപിയും ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. അതവരെ ശരിക്കും വെട്ടിലാക്കാനായിരുന്നു. എന്നാല്‍ വളരെ തന്ത്രപൂര്‍വ്വം, അതേസമയം ജനാധിപത്യത്തില്‍ പുതിയ ഒരു കീഴ്‌വഴക്കത്തിന് തുടക്കമിട്ട് എന്തുചെയ്യണമെന്ന് ജനങ്ങളോട് ചോദിക്കുകയാണ് കെജ്രിവാള്‍ ചെയ്തത്. തങ്ങള്‍ക്ക് നിരുപാധിക പിന്തുണ വേണ്ട എന്നും അദ്ദേഹം പറഞ്ഞത് എല്ലാവരേയും അത്ഭുതപ്പെടുത്തി. ജനഹിത പരിശോധനയിലെ ഭൂരിപക്ഷ പിന്തുണ അംഗീകരിച്ചാണ് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്മി തീരുമാനിച്ചത്.. 5.25 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് ആം ആദ്മി അവകാശപ്പെടുന്ന ജനഹിത പരിശോധനയില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. അതോടൊപ്പം പൂര്‍ണ്ണമായി തൃപ്തരല്ലെങ്കിലും ലോക് പാല്‍ ബില്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ്സ് മുന്‍കൈ എടുത്തത് അവര്‍ക്ക് പിടിവള്ളിയായി..
പ്രായോഗികമായി മറ്റു മാര്‍ഗ്ഗമില്ലതാനും. തീര്‍ച്ചയായും വരുംദിനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് സൃഷ്ടിക്കാന്#ൃ പോകുന്നത് വന്‍ തലവേദനയായിരിക്കും. ഇലക്ട്രിസിറ്റി ബില്‍ കുറക്കും, ചേരികളെ അംഗീകരിക്കും തുടങ്ങി തിരഞ്ഞെടുപ്പ് ഗോദയില്‍ നടത്തിയ പ്രഖ്യാപനങ്ങളും അഴിമതിക്കെതിരെ ജനലോക്പാല്‍ പാസാക്കുന്നതുമൊന്നും എളുപ്പമായിരിക്കില്ല. സുഖകരമായി ഭരിക്കാനോ കാലാവധി പൂര്‍ത്തിയാക്കാനോ പാര്‍ട്ടിക്ക് കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. മറിച്ച് ഭരിക്കാനായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ടുപോകുമോ എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. അതിനുകഴിഞ്ഞാല്‍ ഈ പരീക്ഷണം വിജയിച്ചു എന്നു പറയാം.
കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ഹര്‍ഷ വര്‍ധന്‍ കുറ്റപ്പെടുത്തി കഴിഞ്ഞു. കോണ്‍ഗ്രസിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത്. ഇപ്പോള്‍ അതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി സര്‍ക്കാരുണ്ടാക്കുന്നതെന്നും ഹര്‍ഷ വര്‍ധന്‍ കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ പടപൊരുതിയവര്‍ അവരുടെ അടിസ്ഥാനതത്വങ്ങളില്‍ തന്നെ വിട്ടുവീഴ്ചചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ജനങ്ങള്‍ക്ക് നല്‍കിയ യാഥാര്‍ഥ്യമില്ലാത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആം ആദ്മി സര്‍ക്കാരിന് കഴിയട്ടേയെന്നാണ് കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അഭിപ്രായപ്പെട്ടത്.നടപ്പിലാക്കാന്‍ കഴിയാത്തതാണ് പല വാഗ്ദാനങ്ങളുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഡെല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകളെല്ലാം അഴിമതിയുടെ കൂത്തരങ്ങാണെന്ന ആരോപണം ശക്തമാണ്.. കൈക്കൂലി കൊടുത്താലേ എന്തും നടക്കൂ. കൊടുത്താല്‍ നടക്കാത്ത കാര്യങ്ങളില്ല താനും. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍. അവരുടെ സങ്കടവും രോഷവുമാണ് അണ്ണാ ഹസാരെയുടെ സമരത്തെ ചരിത്ര സംഭവമാക്കിയത്. ഒപ്പം അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് ന്യൂ ജനറേഷന്റെ രാഷ്ട്രീയ ഇടപെടലും.  അന്നാ ഹസാരേ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കുന്നില്ല എങ്കിലും പ്രസ്തുത സമരമാണ് കെജ്രിവാളിന്റെ രാഷ്ട്രീയ മൂലധനം. അത് മുതലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പ്രസ്തുത സമരം അരാഷ്ട്രീയമാണെന്ന നിലപാടിനുള്ള മറുപടിയാണ് തന്റെ പാര്‍ട്ടിയെന്ന് അദ്ദേഹം പറയുന്നു. അതോടെ നഗരത്തിലെ പുറമ്പോക്കുകളിലും മറ്റും കഴിയുന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ പിന്തുണയും പാര്‍ട്ടിക്കു ലഭിച്ചു. ഡെല്‍ഹി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജവും പാര്‍ട്ടിക്കുലഭിച്ചു. പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ച നിഷേധ വോട്ടും ഗുണം ചെയ്തത് മറ്റാര്‍ക്കുമല്ല. ഇന്നോളം ആരും കാണാത്ത രീതിയിലുള്ള അവരുടെ തിരഞ്ഞെടുപ്പു പ്രചരണവും ഏറെ ആകര്‍ഷകമായി.
തീര്‍ച്ചയായും രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് നിലപാടൊന്നുമില്ല എന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശനം ശരിയാണ്. നിലപാടുകളുള്ള ഇടതുപക്ഷത്തിന്റെ അവസ്ഥ എന്താണെന്ന് തല്‍ക്കാലം ചോദിക്കാതിരിക്കുക.. വര്‍ഗ്ഗീയതയും കോര്‍പ്പറേറ്റ്‌വക്കരണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളായി വലിയൊരു വിഭാഗം പാര്‍്ട്ടികളും ബുദ്ധിജീവികളുമെല്ലാം അവതരിപ്പിക്കുന്നത്. ഇക്കാര്യങ്ങളില്‍ കാര്യമായ നിലപാടൊന്നും ഈ പാര്‍ട്ടിക്കില്ല. അവര്‍ പറയുന്നത് അഴിമതിരഹിതമായ ഭരണത്തെ കുറിച്ചും വിലകയറ്റത്തെ കുറിച്ചും സാധാരണക്കാരുടെ മെച്ചപ്പെട്ട ജീവിതത്തെ കുറിച്ചും മാത്രമാണ്. അവക്കു പുറകിലെ രാഷ്ട്രീയത്തെ കുറിച്ച് പാര്‍ട്ടിക്ക് വീക്ഷണമെന്തെങ്കിലും ഉള്ളതായി അറിയില്ല. എന്നാല്‍ നഗരവാസികള്‍ സ്വാഭാവികമായും അക്കാര്യത്തില്‍  ആശങ്കാകുലരല്ല. അതാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിന്റെ രഹസ്യം.
സ്വാഭാവികമായും ലോകസഭാതിരഞ്ഞെടുപ്പിലും പയറ്റിനോക്കാനുള്ള തീരുമാനത്തിലായിരിക്കും ആം ആദ്മി പാര്‍ട്ടി. കേരളത്തിലടക്കം രാജ്യം മുഴുവന്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള ഊര്‍ജ്ജിതശ്രമം നടക്കുന്നു. പൂജ്യത്തില്‍ നിന്നു തുടങ്ങുന്നതിനാല്‍ എല്ലാമവര്‍ക്കു ലാഭമാണ്. ഒപ്പം പുറത്തുപറയാത്ത ഒരു മോഹവും അവരുടെ ഉള്ളിലുണ്ട്. ലോകസഭാതിരഞ്ഞെടുപ്പിനു ശേഷം ഡെല്‍ഹി നിയമസഭയെപോലെ രാഷ്ട്രീയ അനശ്ചിതത്വമുണ്ടായാല്‍ പ്രധാനമന്ത്രിപദത്തിലേക്ക് ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി കെജ്രിവാളിനെ ഉയര്‍ത്തി കൊണ്ടുവരാമെന്ന വിദൂരസ്വപ്നമാണത്. ഇപ്പോള്‍ വിമര്‍ശിക്കുന്ന സിപിഎം പോലും അതിനു തയ്യാറാകുമെന്നാണ് അവരുടെ പ്രതീക്ഷ. എങ്കിലത് ചൂലുകൊണ്ടെഴുതുന്ന മറ്റൊരു ചരിത്രമാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply