ചാത്തന്‍ മാസ്റ്ററെ ഓര്‍ക്കുമ്പോള്‍

സുരന്‍ റെഡ് നിഴലിനു പോലും അയിത്തമുണ്ടായിരുന്ന കാലത്താണ് ചാത്തന്‍ മാസ്റ്ററുടെ ജനനം.1923 ഓക്ടോബര്‍ 8 ന് മാടായിക്കോണം പയ്യപ്പിള്ളി കാവലന്റെയും – ചക്കിയുടെയും ഏഴ് മക്കളില്‍ നാലാമനായിരുന്നു അദ്ദേഹം. പ്രദേശത്തെ പയ്യപ്പിള്ളി മനയിലെ തല പുലയനും കൃഷിക്കാരുമായിരുന്നു അച്ഛനും അമ്മയും. മറ്റെല്ലാവരെയും പോലെ ദാരിദ്രവും, പട്ടിണിയും കഷ്ടപ്പാടുകളും അക്കാലത്തെ മറ്റ് ഇതര ദളിത് ജനസമൂഹങ്ങള്‍ക്കു മെന്ന പോലെ ആ കുടുംബത്തേയും വേട്ടയാടി. നാടെങ്ങും ഫ്യൂഡല്‍ ജന്മി നാടുവാഴിത്ത സംസ്‌ക്കാരം കൊടികുത്തി വാണിരുന്ന കാലം. അടിമ സമാനമായ ജീവിതം. […]

pk

സുരന്‍ റെഡ്

നിഴലിനു പോലും അയിത്തമുണ്ടായിരുന്ന കാലത്താണ് ചാത്തന്‍ മാസ്റ്ററുടെ ജനനം.1923 ഓക്ടോബര്‍ 8 ന് മാടായിക്കോണം പയ്യപ്പിള്ളി കാവലന്റെയും – ചക്കിയുടെയും ഏഴ് മക്കളില്‍ നാലാമനായിരുന്നു അദ്ദേഹം. പ്രദേശത്തെ പയ്യപ്പിള്ളി മനയിലെ തല പുലയനും കൃഷിക്കാരുമായിരുന്നു അച്ഛനും അമ്മയും. മറ്റെല്ലാവരെയും പോലെ ദാരിദ്രവും, പട്ടിണിയും കഷ്ടപ്പാടുകളും അക്കാലത്തെ മറ്റ് ഇതര ദളിത് ജനസമൂഹങ്ങള്‍ക്കു മെന്ന പോലെ ആ കുടുംബത്തേയും വേട്ടയാടി. നാടെങ്ങും ഫ്യൂഡല്‍ ജന്മി നാടുവാഴിത്ത സംസ്‌ക്കാരം കൊടികുത്തി വാണിരുന്ന കാലം. അടിമ സമാനമായ ജീവിതം. അതു കൊണ്ട് തന്നെ അധസ്ഥിതര്‍ക്ക് ജീവിതദുരിതങ്ങള്‍ പുത്തരിയല്ലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ? എങ്കിലും മക്കളെ പഠിപ്പിക്കുന്നതിന് ആ മാതാപിതാക്കള്‍ ശ്രദ്ധ വെച്ചിരുന്നു. മാപ്രാണം പള്ളി സ്‌ക്കൂളിലായിരുന്നു ,പ്രൈമറി വിദ്യാഭ്യാസം. തുടര്‍വിദ്യാഭ്യാസം ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളിലും എറണാകുളം മഹാരാജാസിലും. പുലയ കുട്ടികള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്നതായിരുന്നു ചാത്തന്‍ മാസ്റ്റര്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്. സമൂഹത്തില്‍ നിലനിന്നിരുന്ന അയിത്താനാചാരങ്ങള്‍ സ്വന്തം സമുദായത്തിലെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ചൂഷണങ്ങളും മര്‍ദ്ദനങ്ങളും മറ്റ് നാനാ രീതിയിലുള്ള പീഡനങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ നീറുന്ന മുറിവുകളായ് തീര്‍ന്നു. തമ്പ്രാന് വഴിമാറികൊടുക്കാന്‍ വൈകിയാല്‍ പുറം പൊളിയുന്ന അടി. അടിയാളപെണ്ണുങ്ങള്‍ തമ്പ്രാന് മുന്നില്‍ തുണിയഴിച്ചില്ലെങ്കില്‍ മൃഗീയമായ ദണ്ഡനങ്ങള്‍ .ചോദിച്ചാല്‍ ചളിയില്‍ ചവുട്ടി താഴ്ത്തല്‍. ഇത്തരം നീചകൃത്യങ്ങള്‍ ചെയ്യുവാന്‍ തമ്പിരാക്കള്‍ക്ക് അയിത്തമുണ്ടായിരുന്നില്ല. മഹാരാജാസിലെ പ0നത്തിനിടയിലാണ് കെ.പി.വള്ളോനുമായി ബന്ധത്തിലാവുന്നത്. വാസ്തവത്തില്‍ അതൊരു നിയോഗവും അതിലുപരി ഒരു നിമിത്തവുമായിരുന്നു.
താമസിക്കാന്‍ സൗകര്യമില്ലാതിരുന്ന ചാത്തന്‍ മാസ്റ്റര്‍ക്ക് അഭയം കൊടുക്കുന്നത് M LC വള്ളോനായിരുന്നു. വള്ളോന്റ മുറിയിലെ അന്തേവാസിയായതിനെ തുടര്‍ന്ന് നിരവധി സമുദായ പ്രവര്‍ത്തകരെ കാണാനിടയായി. അവരുമായുള്ള നിരന്തര സമ്പര്‍ക്കം മനസ്സില്‍ ചാരം മൂടി കിടന്നരുന്ന വിഷയങ്ങള്‍ കനലായി മാറി. സ്വന്തം ജനതയുടെ ദുരാവസ്ഥ കണ്ട് മടുത്തിരുന്ന നിരവധി മനുഷ്യരെ കാണുന്നത് ആ സന്ദര്‍ഭത്തിലാണ്. കൃഷ്‌ണേദി ആശാനും, കെ കെ കണ്ണനും, ദാക്ഷായണിയും, പി.കെ. കൊടിയനും PC ചാത്തനും തുടങ്ങി നിരവധി സഹോദരങ്ങളുമായുള്ള ബന്ധം തിരുകൊച്ചി പുലയ മഹാസഭയിലെത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തിലെത്തിച്ചതിനു് പണ്ഡിറ്റ് കറുപ്പന്‍ വഹിച്ച പങ്കും നിസാര്‍ത്ഥമായ സേവനവും സ്മരണീയമാണ്. പുലയരുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ സ്ഥലം അനുവദിക്കാതിരുന്ന തമ്പ്രാക്കള്‍ക്കെറ്റ ആദ്യത്തെ പ്രഹരമായിരുന്നു കൊച്ചി കായലില്‍ ചേര്‍ന്ന സമ്മേളനം. ആ സമ്മേളനത്തിന്റെ തിരി കുറ്റിയായ് പ്രവര്‍ത്തിച്ചത് പണ്ഡിറ്റ് കറുപ്പനായിരന്നു..
വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സമുദായ പ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ മുഴുകുകയും ചെയ്തു. ഇതിനിടയില്‍ വീട്ടിലെ പ്രാരാബ്ദങ്ങള്‍ ഒരു ജോലി കൂടിയേ തീരു എന്ന വസ്ഥയിലായി. അങ്ങിനെയാണ തൃശൂരിലെ് ചിറയ്ക്കല്‍ സ്‌കൂളില്‍ മാഷായി നിയമനം ലഭിക്കുന്നത്. തുടര്‍ന്ന് പെരുംബിലാവിലും ജോലി ചെയ്തു. ഇതിനിടയില്‍ നിരവധി സംഭവങ്ങള്‍ കടന്നു പോയി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അദ്ദേഹം സജീവമായി. വിവാഹവും കുടുംബ ജീവിതവും ആരംഭിച്ചു. അക്കാലത്തെ വീറുറ്റ പ്രവര്‍ത്തകയും പോരാളിയുമായ കെ.വി കാളിയായിരുന്നു ജീവിത സഖി. നിരവധിയായ പോരാട്ടങ്ങള്‍. പൊറ്റയില്‍, വെട്ടിയാട്ടില്‍ ജന്മികളുടെ തൊഴിലാളി ദ്രോഹക്കള്‍ക്കെതിരെ അദ്ദേഹം നടത്തിയ പണിമുടക്ക് സമരം കൊച്ചി പ്രദേശത്തെ ജനകീയ പ്രക്ഷോഭമായി മാറി. കുട്ടംകുളം സമരം പാലിയം സമരം തുടങ്ങി നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു.കേസ്സുകള്‍, ഒളിവ്ജീവിതം, ജയില്‍വാസം, മര്‍ദ്ദനം അങ്ങിനെ …….യങ്ങിനെ ……യങ്ങിനെ …”
ഇരിങ്ങാലക്കുടയിലെ പൊറത്തിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തത് ചാത്തന്‍ മാഷിനെയാണ്. 1954ല്‍ തിരുകൊച്ചി പ്രജാസഭയിലേക്ക് ഇരിങ്ങാലക്കുട ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് അദ്ദേഹം ജനകീയ അധികാര കേന്ദ്രത്തിലെത്തിയത്. പിന്നീട് ലോക ചരിത്രം തിരുത്തിയ 57 ലെ EMS മന്ത്രിസഭയില്‍ പട്ടികജാതി- പൊതുഭരണ മന്ത്രിയായ് അദ്ദേഹം തെരെഞ്ഞെടുത്തു. അന്ന് ചാലക്കുടി ദ്വയാംഗ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സ് നേതാവ്
കെ കെ.ബാലകൃഷ്ണനായിരുന്നു. മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളീയര്‍ മറക്കാനിടയില്ല. പ്രത്യേകിച്ച് ദളിതര്‍. ‘പിന്നീട് തിരുവനന്തപുരം കിളിമാനൂരില്‍ നിന്ന് 71 ലും 77 ലും വിജയിച്ച് നിയമസഭയിലെത്തി.
1954 ലാണ് MLC വളോന്റെ മരണം. അതെതുടര്‍ന്ന് തിരു കൊച്ചി പുലയ മഹാസഭയുടെ സെക്രട്ടറിയായി മാഷിനെ തിരഞ്ഞെടുത്തു. അതൊടെ ഇരിക്കപ്പെറുതിയില്ലാത്ത പണിയായി.1968ല്‍ തിരുവനന്തപുരം നന്ദാവനത്ത് വെച്ച് നടന്ന നിര്‍ണ്ണായക യോഗമാണ് കേരള പുലയര്‍ മഹാസഭ KPMS രൂപീകരിക്കുന്നതിലെത്തിയത്. ചാത്തന്‍ മാഷ് സംഘടനയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നത്. ചന്ദ്രശേഖര ശാസ്ത്രിയായിരുന്നു സെക്രട്ടറി. നാടാകെ ഓടിനടന്ന് സമുദായ പ്രവര്‍ത്തനം. സംഘടനാ പ്രവര്‍ത്തനത്തിന്റെ ABCD അറിയാതിരുന്ന സ്വജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയെന്നുള്ളത് വലിയ പ്രയാസമായി രുന്നീട്ടും കേരളത്തിലുടനീളം പുലയ മഹാസഭ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്ഥൂലസ്ഥാനം വഹിച്ച ഒരസാധാരണ വക്തിത്വത്തിനുടമയാണ് ചാത്തന്‍ മാസ്റ്റര്‍. അതു കൊണ്ട് തന്നെയാണ് മഹാത്മ അയ്യന്‍കാളിക്ക് ശേഷം കേരളം കണ്ട അടിയാളരുടെ നേതാവായി ചാത്തന്‍ മാസ്റ്ററെ ജനങ്ങള്‍ അംഗീകരിക്കുന്നത്. ഒരു പുരുഷായുസ്സ് മുഴുവന്‍ തന്റെ ജനതക്ക് വേണ്ടി മാറ്റി വെച്ച ആ മഹാനുഭവന്‍ 1988 ഏപ്രില്‍ 22നു വിട പറഞ്ഞു.
സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ആട്ടും തുപ്പും തൊഴിയുമേറ്റ് ഇരുകാലി മൃഗങ്ങളെ പോലെ പണിയെടുക്കുവാന്‍ മാത്രമായ് ജന്മം കൊണ്ട വരല്ലഞങ്ങളെന്ന് ജന്മി വര്‍ഗ്ഗത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ചാത്തന്‍ മാസ്റ്റര്‍ ജീവിതം ആരംഭിച്ചത്. ഇന്ന് ചിലര്‍ പുലയ മഹാ സഭയെ സവര്‍ണ്ണന്റെ തൊഴുത്തില്‍ കെട്ടുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാഷുണ്ടായിരുന്നുവെങ്കില്‍ ശീമകൊന്ന വെട്ടിനടുംപുറത്തിന് അടിച്ചേനെ ഈ അടിപ്പണിക്കാരെ . അത്രക്ക് നെറിവുകേടാണ് ഇവര്‍ നടത്തുന്നത്. പൊതുജീവിതത്തില്‍ ചടുലമായ പ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റെ മുഖ മുദ്ര. അതു കൊണ്ട് തന്നെയാണ് അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്. ആധുനിക കേരളത്തിന്റെ ഇഴയടുപ്പ് നടത്തിയതില്‍ ഗണനീയ സ്ഥാനമാണ് ചാത്തന്‍ മാസ്റ്റര്‍ക്കുള്ളത്. എന്നിട്ടും അദ്ദേഹത്തോട് കരുണ കാണിക്കുവാന്‍ ജാതി ദൈവങ്ങള്‍ ഇതുവരെയും തയ്യാറായില്ല. അതിന്റെ ഭാഗമാണ് മാപ്രാണത്ത് പൊളിച്ചിട്ടിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍. അടച്ചുമൂടപ്പെട്ട അവസ്ഥയിലുള്ള വായനശാല .മാടായിക്കോണത്തെUP സ്‌കൂള്‍. മാഷിന്റെ ചരമ ദിനം ആചരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും സമുദായ നേതൃത്വങ്ങളും ഒന്നോര്‍ക്കുക. പുലയനായ ചാത്തന്‍ മാഷിനോട് കാണിക്കുന്ന അവഗണനയാണ് ഈ കാണന്നത്. പുലയര്‍ക്ക് ഇത്രയോക്കെ നീതി പുലര്‍ത്തിയാല്‍ മതിയെന്ന ധാര്‍ഷ്ട്യം നിറഞ്ഞ ജാതി വാലുള്ളവരുടെ നെറിവ് കേടിനെ ചോദ്യം ചെയ്യുവാന്‍ കൂച്ചുവിലങ്ങിടുവാന്‍ നിങ്ങള്‍ തയ്യാറാണോ?’ ഇങ്ങനെ വര്‍ഷങ്ങളായി കാട്കയറിയും നാല് കാലില്‍ അസ്ഥിപഞ്ചര മായും നാഥനില്ലാതെ കിടക്കുന്ന സ്മാരകം പുതുക്കി പണിതു കൊണ്ട് മാത്രമെ അടുത്ത ദിനം കടന്ന് പോകൂവെന്ന് പറയാനുള്ള മിനിമം ആര്‍ജ്ജവവും ഇച്ഛാശക്കിയും മാണ് നിങ്ങള്‍ കാണിക്കേണ്ടത്. അതാവട്ടെ ആധിര യോദ്ധാവിനോടുള്ള നിങ്ങളുടെ ഈ വര്‍ഷത്തെ പ്രതിജ്ഞ ……. അതാകട്ടെ ചാത്തന്‍ മാഷിനോടുള്ള ആദരവ്: …… അതാകട്ടെ നമ്മുടെ ആത്മാഭിമാനം …….

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply