ഗൂഢാലോചനകേസ് തെളിയുമോ?
നടിയെ അക്രമിച്ച കേസിനു പുറകിലെ ഗൂഢാലോചനകേസ് തെളിയുമോ? തെളിയാനിടയില്ല, അല്ലെങ്കില്‍ തെളിയിക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെന്നു കരുതാം. ഒരു ഘട്ടത്തില്‍ പള്‍സര്‍ സുനിയില്‍ കേസ് അവസാനിക്കുമെന്ന പ്രതീതിയായിരുന്നു നില നിന്നിരുന്നത്. എന്നാല്‍ ടി പി സെന്‍കുമാര്‍ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയോടെ സ്ഥിതിഗതികള്‍ മാറി എന്ന തോന്നലുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു. ദിലീപും നാദിര്‍ഷായുമടക്കം നിരവധി പേരെ ചോദ്യം ചെയ്തു. ദിലീപിന്റെ ഷൂട്ടിംഗ് സെറ്റില്‍ പള്‍സര്‍ എത്തിയതായി തെളിഞ്ഞു. കാവ്യയുടെ സ്ഥാപനം റെയ്ഡ് ചെയ്തു. […]
നടിയെ അക്രമിച്ച കേസിനു പുറകിലെ ഗൂഢാലോചനകേസ് തെളിയുമോ? തെളിയാനിടയില്ല, അല്ലെങ്കില്‍ തെളിയിക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെന്നു കരുതാം. ഒരു ഘട്ടത്തില്‍ പള്‍സര്‍ സുനിയില്‍ കേസ് അവസാനിക്കുമെന്ന പ്രതീതിയായിരുന്നു നില നിന്നിരുന്നത്. എന്നാല്‍ ടി പി സെന്‍കുമാര്‍ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയോടെ സ്ഥിതിഗതികള്‍ മാറി എന്ന തോന്നലുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു. ദിലീപും നാദിര്‍ഷായുമടക്കം നിരവധി പേരെ ചോദ്യം ചെയ്തു. ദിലീപിന്റെ ഷൂട്ടിംഗ് സെറ്റില്‍ പള്‍സര്‍ എത്തിയതായി തെളിഞ്ഞു. കാവ്യയുടെ സ്ഥാപനം റെയ്ഡ് ചെയ്തു. പള്‍സര്‍സുനി ജയിലില്‍ നിന്ന് നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ചതായി തെളിഞ്ഞു. സംഭവത്തിലേക്ക് നയിച്ചെതെന്നു കരുതുന്ന രീതിയില്‍ ഒരു ഭൂമി ക്ച്ചവടത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പെരുകുന്നു. എന്നാല്‍ കുറ്റാരോപിതര്‍ക്കെതിരെ തെളിവില്ലെന്ന നിലപാടിലാണത്രെ ഇപ്പോള്‍ പോലീസ്. കേസില്‍ തുമ്പുണ്ടാക്കുന്നതിനായുളള അന്വേഷണവും ചോദ്യം ചെയ്യലും തകൃതിയായി നടക്കുന്നുണ്ടെങ്കിലും കിട്ടിയവിവരങ്ങള്‍ കോര്‍ത്തിണക്കാന്‍ പോലീസിന് കഴിയുന്നില്ല എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റ് അടക്കമുളള നടപടികള്‍ വൈകിയേക്കും. പരാമവധി തെളിവുകള്‍ ശേഖരിച്ച് ഗൂഢാലോചനയുടെ കുരുക്കഴിച്ചശേഷംമതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണസംഘം. വ്യക്തമായി പറഞ്ഞാല്‍ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് നടന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന് തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന സൂചന. അപ്പോഴും അന്വേഷണം നീളുംതോറും പോലീസിന്റെ നടപടി സംശയത്തിനിടയാക്കുമെന്നതുകൊണ്ട് അറസറ്റ് അടക്കമുളള നടപടികളിലേക്ക് കടക്കാനുളള സമ്മര്‍ദവുമുണ്ട്. എന്നാല്‍ അങ്ങനെ അറസ്റ്റ് ചെയ്താല്‍ പ്രതികള്‍ ഊരിപ്പോരുമെന്നും തങ്ങള്‍ കുടുങ്ങുമെന്നുമാണ് അന്വേഷണസംഘത്തിലെ അംഗങ്ങളുടെ ആശങ്ക. ക്വട്ടേഷന്‍ നല്‍കിയുളള ആക്രമണമാണെന്ന് ഉറപ്പുണ്ടെങ്കിലും അതിന്റെ ഉറവിടത്തെക്കുറിച്ച് ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. ഒരാളാണോ അതോ സഹായികളെല്ലാം ചേര്‍ന്നാണോ ക്വട്ടേഷനു കൂട്ടുനിന്നതെന്ന സംശയവും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ കഴിയുന്നത്ര ആള്‍ക്കാരെ ചോദ്യം ചെയ്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്. ആക്രമണവിധേയയായ നടി യാത്രപുറപ്പെട്ട സ്ഥലവും ചുറ്റുപാടുകളും അവിടെ ഉണ്ടായിരുന്നവരും പോലീസ് നിരീക്ഷണത്തിലാണെന്നു സൂചനയുണ്ട്. സിനിമാ മേഖലയിലെ പലരേയും ഫോണിലൂടേയും മറ്റും പോലീസ് ബന്ധപ്പെടുന്നുമുണ്ട്.
അതിനിടെ ഒരു ഘട്ടത്തില്‍ കുറെ കാര്യങ്ങള്‍ വ്യക്തമാക്കിയ പള്‍സര്‍ ഇപ്പോള്‍ അനേഷണത്തോട് സഹകരിക്കുന്നില്ലത്രെ. പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും ഉള്‍പ്പെടെ വെളിപ്പെടുത്തിയ സുനി ഇപ്പോള്‍ ജയിലില്‍ നിന്ന് എഴുതിയ കത്തിലെ കാര്യങ്ങള്‍ മാത്രമാണ് ആവര്‍ത്തിക്കുന്നത്. തന്നെ പോലീസ് മര്‍ദ്ദിക്കുന്നു എന്ന ആരോപണവും സുനി ഉന്നയിക്കുന്നു. ഗൂഢാലോചനയെക്കുറിച്ച് ഒരു വിവരവും പുതിയതായി സുനി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സുനിക്കൊപ്പം സഹതടവുകാരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് സുനി ഇപ്പോള്‍ നടത്തുന്നതെന്നാണ് സൂചന. കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കി.
കേസുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ഡിജിപി ബഹ്‌റയും മുന്‍ ഡിജിപി സെന്‍കുമാറും തമ്മില്‍ പരോക്ഷമായ വാക് യുദ്ധവും തുടരുകയാണ്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഗൂഢാലോചനകേസില്‍ ദിലീപിനെതിരെ കേസില്ലെന്നും സെന്‍കുമാര്‍ പറയുന്നു. ബി സന്ധ്യയുടേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. നടന്‍ ദിലീപിനെ 13 മണിക്കൂറോളം ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായാണെന്ന് മലയാള വാരികയില്‍ വന്ന ലേഖനത്തിലാണ് സെന്‍കുമാര്‍ തുറന്നടിച്ചത്. സ്വാമി ഗംഗേശാനന്ദയുടെ കേസില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ മറയ്ക്കാന്‍ വേണ്ടി മാത്രമാണ് മാരത്തണ്‍ ചോദ്യം ചെയ്യല്‍ അവര്‍ നടത്തിയത്. സ്വാമിയുടെ കേസില്‍ സന്ധ്യയ്‌ക്കെതിരെ ഒരുപാട് പരാതികള്‍ തനിക്ക് ലഭിച്ചതാണ്. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാമെങ്കില്‍ അവര്‍ക്കെതിരെ എനിക്കും അതാകാമായിരുന്നുവെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ബെഹ്‌റ വ്യക്തമാക്കി. എഡിജിപി ബി.സന്ധ്യയ്ക്ക് നല്‍കിയ കത്തിലാണ് ഡിജിപി യുടെ പ്രശംസ. അന്വേഷണ പുരോഗതി എല്ലാരും അറിയുന്നുണ്ട് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യാപ് പരാതി ഒന്നും ഉന്നയിച്ചിട്ടില്ലെന്നും ബെഹ്‌റ വ്യകതമാക്കുന്നു. അതേസമയം എല്ലാരും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ബെഹ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചു വന്നത് അര്‍ദ്ധ സത്യങ്ങള്‍ മാത്രമെന്ന് ടി പി സെന്‍കുമാര്‍ വിശദീകരിക്കുയുണ്ടായി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്നും താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം വേണമായിരുന്നു ദിലീപിനെ ചോദ്യം ചെയ്യേണ്ടിയിരുന്നത് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ടി പി സെന്‍കുമാര്‍ വ്യക്തമാക്കി.
ഗൂഢാലോചനക്കാരെ കണ്ടെത്തിയാലും ഇല്ലെങ്കിലും കുറെ കാര്യങ്ങള്‍ കേരളീയ സമൂഹത്തിനു മുന്നില്‍ വെളിപ്പെടാന്‍ ഈ സംഭവങ്ങള്‍ സഹായിച്ചു എന്നതില്‍ സംശയമില്ല. സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരുഷാധിപത്യമുണ്ടെന്നതില്‍ സംശയമില്ലെങ്കിലും അതേറ്റവും കൂടുതലുള്ള ഒരു മേഖല മലയാള സിനിമയാണെന്നതാണത്. ഒപ്പം വന്‍മാഫിയകള്‍ ഈ രംഗത്ത് സജീവമാണെന്നും. താരങ്ങളുടെ സംഘടന തന്നെ ഏറ്റവും വലിയ ഉദാഹരണം. ജനപ്രതിനിധികള്‍ കൂടിയായ അമ്മഭാരവാഹികളുടെ തനിനിറമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ദിലീപിന്റെ അറസ്റ്റ് അമ്മ ആവശ്യപ്പെടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ എത്രയോ ഉണ്ടായിരുന്നു. മിനിമം സംഭവത്തിനെതിരെ ഒരു പ്രമേയം, ആവശ്യമെങ്കില്‍ മറ്റു സമരരീതികള്‍, കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ നടിക്ക് സഹായവും പിന്തുണയും, അതിനായി ഒരു സബ് കമ്മിറ്റി, നടിയെ പലരീതിയില്‍ ആക്ഷേപിച്ചവര്‍ക്കതിരെ നടപടി, ഇരയും കുറ്റാരോപിതരും ഒരുപോലെ എന്നു പറയാതിരിക്കല്‍, കുറ്റാരോപിതരെ ഡയസിലെങ്കിലും ഇരുത്താതിരിക്കല്‍, കഴിഞ്ഞ ദിവസവും ഇന്നസന്റ് പറഞ്ഞപോലെയുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഒഴിവാക്കല്‍, സ്ത്രീകള്‍ക്ക് സംഘടനയിലെ നിര്‍ണ്ണായകപദവികള്‍ നല്‍കല്‍, സിനിമാരംഗത്ത് ലംഗനീതി നടപ്പാക്കല്‍ … എന്നിങ്ങനെ ലിസ്റ്റ് എത്രവേണമെങ്കിലും നീട്ടാം. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പകരം സംഘടന ഇരകള്‍ക്കൊപ്പമാണെന്നു വിശദീകരിക്കാന്‍ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ കൂടുതല്‍ വിവാദമാകുകയാണുണ്ടായത്. സ്ത്രീകള്‍ ലൈംഗികചൂഷണത്തിനിരയാകുന്ന സിനിമാക്കാലം പോയെന്നും ഇപ്പോള്‍ എല്ലാം ക്ലീന്‍ ക്ലീന്‍ ആണെന്നും അഹങ്കാരത്തോടെ പറഞ്ഞ ഇന്നസെന്റ് മോശം സ്ത്രീകളാണെങ്കില്‍ സ്വന്തം താല്‍പര്യത്തിന് ചിലപ്പോള്‍ കിടക്ക പങ്കിട്ടേക്കാമെന്നു കൂടി കൂട്ടിചേര്‍ത്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. അവസരങ്ങള്‍ക്കായി കിടക്കയിലേക്ക് ക്ഷണിക്കുന്നവര്‍ക്കെതിരെ അദ്ദേഹം മിണ്ടിയതുമില്ല. അത്തരം സംഭവങ്ങള്‍ നിരന്തരമായി സംഭവിക്കുന്നുണ്ടെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് കയ്യോടെ മറുപടിയും നല്‍കി.
വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണമാണ് ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഗുണകരമായ ഏറ്റവും വലിയ സംഭവം. ഇതുവരേയും നിശബ്ദരായിരുന്നവര്‍ സംസാരിക്കാനാരംഭിച്ചു. പര്‍വ്വതങ്ങള്‍ക്കുനേരെ വിരല്‍ ചൂണ്ടാനാരംഭിച്ചു. സിനിമാമേഖലയില്‍ ചൂഷണമുണ്ടെന്ന് തുറന്നു പറയാന്‍ പ്രമുഖരായ പല വനിതകളും തയ്യാറാവുകയും അവര്‍ക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ലിയു സി സി) മുന്നോട്ടുവരികയും ചെയ്തത് സിനിമാ മേഖലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ മാറ്റമണ്. അവസരങ്ങള്‍ ചോദിച്ചു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നുണ്ടെന്നും അത് പുരുഷ അധികാര ഘടന വളരെ ശക്തമായി നിലനില്ക്കുന്നതുകൊണ്ടാണെന്നും അവര്‍ തുറന്നടിച്ചു. ഹെക്കോടതി മുന്‍ ജഡ്ജി കെ ഹേമ അധ്യക്ഷയായ കമ്മിഷനെ മലയാള സിനിമാ രംഗത്ത് വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു ചെയ്യാനായി സര്‍ക്കാര്‍ നിയോഗിച്ചതും ഒരു വലിയ നേട്ടമാണ്. കേരള പോലീസ് കഴിവുള്ളവരാണ്. ബാഹ്യ ഇടപെടലുകള്‍ ഇല്ലെങ്കില്‍ ഇത്തരം കേസുകള്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിയും. അത്തരമൊരു സാഹചര്യ ഉണ്ടാകുമോ എന്ന് അധികം താമസിയാതെ വ്യക്തമാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in