കൊല്ലാം… പക്ഷേ, തോല്‍പ്പിക്കാനാവില്ല – മുഖ്യമന്ത്രിക്ക് കല്യാശ്ശേരിയിലെ ആയുര്‍വ്വേദ ഡോക്ടറുടെ തുറന്ന കത്ത്.

ഡോ.നീത പി. നമ്പ്യാര്‍. ബഹുമാനപ്പെട്ട സാര്‍, അങ്ങയുടെ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികക്കുകയാണല്ലോ. എന്നെ സംബന്ധിച്ചും ഇതൊരു ഒന്നാം വാര്‍ഷികമാണ്. ജീവിതദുരന്തത്തിന്റെ. അത് വരുത്തി വെച്ചത് മറ്റാരുമല്ല. താങ്കളടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെയാണ്. ജനകീയ മുഖ്യമന്ത്രിയായി അറിയപ്പെട്ടിരുന്ന ഇ.കെ.നായനാരുടെ നാട്ടുകാരിയാണ് ഞാന്‍. പക്ഷേ, കമ്മ്യൂണിസത്തിന്റെ പേരില്‍ പറയുന്ന ജനകീയത വെറും കാപട്യമാണെന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞവളാണ്. ഇക്കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ എന്റെ അമ്മ ഭാനുവിദ്യാധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു എന്നതാണ് ഞങ്ങള്‍ ചെയ്ത […]

pppഡോ.നീത പി. നമ്പ്യാര്‍.

ബഹുമാനപ്പെട്ട സാര്‍,

അങ്ങയുടെ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികക്കുകയാണല്ലോ. എന്നെ സംബന്ധിച്ചും ഇതൊരു ഒന്നാം വാര്‍ഷികമാണ്. ജീവിതദുരന്തത്തിന്റെ. അത് വരുത്തി വെച്ചത് മറ്റാരുമല്ല. താങ്കളടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെയാണ്. ജനകീയ മുഖ്യമന്ത്രിയായി അറിയപ്പെട്ടിരുന്ന ഇ.കെ.നായനാരുടെ നാട്ടുകാരിയാണ് ഞാന്‍. പക്ഷേ, കമ്മ്യൂണിസത്തിന്റെ പേരില്‍ പറയുന്ന ജനകീയത വെറും കാപട്യമാണെന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞവളാണ്. ഇക്കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ എന്റെ അമ്മ ഭാനുവിദ്യാധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു എന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. അന്ന് മുതല്‍ സി.പി.എമ്മിന്റെ വേട്ടയാടലിന് ഞാന്‍ വിധേയയായി. അമ്മ മത്സരിച്ചതിന്റെ പേര് പറഞ്ഞ് മകളായ എനിക്കും ഞാന്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന എന്റെ ആയൂര്‍വ്വേദ ക്ലിനിക്കിന് നേരെയും നിരന്തരം ആക്രമണങ്ങളും ആരോപണ ശരങ്ങളുമുണ്ടായി. ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം വീമ്പു പറയുന്ന നിങ്ങളുടെ പാര്‍ട്ടിക്കാര്‍ കല്യാശേരിയെന്ന പാര്‍ട്ടി ഗ്രാമത്തില്‍ എന്നെയും കുടുംബത്തെയും ഊരുവിലക്കി. താങ്കളുടെ അധികാരാരോഹണത്തിന്റെ നാളില്‍ കൃത്യമായിപ്പറഞ്ഞാല്‍ ഒരു വര്‍ഷം മുമ്പ് എന്റെ സ്ഥാപനം അക്രമിക്കപ്പെട്ടു. പിന്നീട് എന്റെ ക്ലിനിക്കില്‍ ചികിത്സ തേടാന്‍ വരുന്നവരെ ഭീഷണിപ്പെടുത്തി വരാതെയാക്കി. നെയിം ബോര്‍ഡുകള്‍ പല തവണ തകര്‍ത്തു. വീണ്ടും സ്ഥാപിച്ചപ്പോള്‍ തകര്‍ക്കല്‍ തുടര്‍ന്നു. രാത്രിയുടെ മറവില്‍ അത് മോഷ്ടിച്ചു കൊണ്ടു പോയി. ആദരണീയനായ മുന്‍ കെ.പി.സി.സി പ്രസിഡന്റ്  വി.എം.സുധീരന്‍ സര്‍  മുന്‍കൈയ്യെടുത്ത് എന്റെ വീടിന് മുമ്പില്‍ പുതിയ ക്ലിനിക്ക് നിര്‍മ്മിച്ചു. അപ്പോഴും സി.പി.എമ്മിന്റെ കലി അടങ്ങിയില്ല. അവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ യഥേഷ്ടം തുടര്‍ന്നു കൊണ്ടിരുന്നു.  വിവിധ രാഷ്ട്രീയ  നേതാക്കള്‍, മാധ്യമ സുഹൃത്തുക്കള്‍, എന്റെ മാതാപിതാക്കള്‍, കുടുംബം തുടങ്ങിയവര്‍ വാക്ക് കൊണ്ട് പകര്‍ന്ന കരുത്താണ് ഇന്ന് മുന്നോട്ട് പോകാന്‍ എനിക്കുള്ള ഊര്‍ജ്ജം. ബഹു.മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ താങ്കള്‍ പറഞ്ഞല്ലോ തന്റെ ഭരണത്തില്‍ പുതിയ രാഷ്ട്രീയ സംസ്‌ക്കാരം കൈക്കൊണ്ടുവെന്ന്. സ്ത്രീയായിട്ടും വെറുതെ വിടാതെ ഞാനുള്‍പ്പെടെയുള്ളവരെ താങ്കളുള്‍പ്പെടുന്ന പ്രസ്ഥാനം ഊരുവിലക്കുന്നതാണോ നന്മയുടെ രാഷ്ട്രീയ സംസ്‌ക്കാരം?.
ഒരു ആയ്യൂര്‍വ്വേദ ഡോക്ടറുടെ ഉപജീവനം മുടക്കുന്നതാണോ തൊഴിലാളി പക്ഷ സര്‍ക്കാരിന്റെ നേട്ടം?.
ഒരു പെണ്ണിനെ നിരന്തരം വേട്ടയാടിയിട്ടും പരാതികള്‍ ചവറ്റുകൊട്ടയിലെറിഞ്ഞ് പാര്‍ട്ടി നേതൃത്വത്തിന് മുമ്പില്‍ പഞ്ചപുച്ചമടക്കിയ പൊലീസിംഗാണോ മികച്ച ക്രമസമാധാന പാലനം?
സ്വന്തം പാര്‍ട്ടിക്കാര്‍ ഒരു സ്ത്രീയെ നിരന്തരം വേട്ടയാടുമ്പോഴും അതിന് തണല്‍ വിരിച്ച ഭരണകൂടം എങ്ങനെയാണ് സ്ത്രീ സൗഹൃദ സംരക്ഷണ സര്‍ക്കാരാവുക?.
മുഖ്യമന്ത്രി സഖാവെ, നിങ്ങള്‍ക്ക് മറുപടിയുണ്ടോ.
എന്റെ ഈ ചോദ്യങ്ങളില്‍ വിറളി പൂണ്ട് ജനാധിപത്യ ബോധമില്ലാത്ത പാര്‍ട്ടിക്കാര്‍ വീണ്ടും അക്രമിച്ചേക്കാം. അതുണ്ടാവില്ലന്ന് പറയാനുള്ള നട്ടെല്ല് മുഖ്യമന്ത്രിക്കുണ്ടോ.
ഇനി എനിക്കാരെയും ഭയമില്ല സഖാവെ.

ചെഗുവേരയുടെ തന്നെ വാക്കുകള്‍ കടമെടുക്കട്ടെ….
കൊല്ലാം… പക്ഷേ, തോല്‍പ്പിക്കാനാവില്ല.
നീതി പ്രതീക്ഷിക്കുന്നു..

ഡോ.നീത പി. നമ്പ്യാര്‍.
കല്യാശേരി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply