കൊലവിളികളെ തോല്‍പ്പിക്കുന്ന പൊതുമുന്നേറ്റം ഉയരണം
ഡോ ആസാദ് മുകള്‍ത്തട്ടില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ ശമനമില്ലാത്ത കൊലവിളികളും കരിമ്പുകകളും നിറഞ്ഞുനില്‍ക്കുമ്പോള്‍ അകത്തു രഹസ്യമായി വളരുന്ന അഥവാ വളര്‍ത്തുന്ന വിധ്വംസക ശക്തികളെ ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. കനകമലയിലേയ്ക്കു എന്‍ ഐ എ ഉദ്യോഗസ്ഥരെ എത്തിച്ചത് ആ സാധ്യതയാണ്. ഭീകരവാദ സംഘങ്ങളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റിലും കണ്ണൂരിലെയും കാസര്‍കോട്ടെയും യുവാക്കളാണ് ഏറെയും ഉള്‍പ്പെടുന്നത് എന്നു സമീപകാലത്തായി വാര്‍ത്തകള്‍ നിറഞ്ഞു. കാണാതായ യുവാക്കളെല്ലാം ഐ എസ്സില്‍ ചേര്‍ന്നു എന്നതിനു വേണ്ടത്ര തെളിവുകള്‍ ലഭ്യമല്ലെങ്കിലും അങ്ങനെ വിശ്വസിപ്പിക്കാനുള്ള പ്രവണത ശക്തമാണ്. കനകമലയിലെ ഇടപെടല്‍ […]
മുകള്‍ത്തട്ടില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ ശമനമില്ലാത്ത കൊലവിളികളും കരിമ്പുകകളും നിറഞ്ഞുനില്‍ക്കുമ്പോള്‍ അകത്തു രഹസ്യമായി വളരുന്ന അഥവാ വളര്‍ത്തുന്ന വിധ്വംസക ശക്തികളെ ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. കനകമലയിലേയ്ക്കു എന്‍ ഐ എ ഉദ്യോഗസ്ഥരെ എത്തിച്ചത് ആ സാധ്യതയാണ്. ഭീകരവാദ സംഘങ്ങളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റിലും കണ്ണൂരിലെയും കാസര്‍കോട്ടെയും യുവാക്കളാണ് ഏറെയും ഉള്‍പ്പെടുന്നത് എന്നു സമീപകാലത്തായി വാര്‍ത്തകള്‍ നിറഞ്ഞു. കാണാതായ യുവാക്കളെല്ലാം ഐ എസ്സില്‍ ചേര്‍ന്നു എന്നതിനു വേണ്ടത്ര തെളിവുകള്‍ ലഭ്യമല്ലെങ്കിലും അങ്ങനെ വിശ്വസിപ്പിക്കാനുള്ള പ്രവണത ശക്തമാണ്. കനകമലയിലെ ഇടപെടല്‍ സംബന്ധിച്ച വിശദവിവരവും ദേശീയ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടില്ല.
ആയുധമണിയുന്ന ഹിന്ദുവര്‍ഗീയത അതിന്റെ വിപരീതങ്ങളെ സായുധമാക്കിത്തീര്‍ക്കുന്നുണ്ട്. അഥവാ അത്തരമൊരു വിപരീതക്രമത്തിലേക്ക് നമ്മുടെ ജീവിതത്തെ മാറ്റി പ്രതിഷ്ഠിക്കാനും മതേതര ജനാധിപത്യ ജീവിതത്തിന്റെ വെളിച്ചം കെടുത്താനും ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. കോര്‍പറേറ്റ് മൂലധനത്തിനു വളക്കൂറുള്ള മണ്ണൊരുക്കാന്‍, വര്‍ഗ സമരത്തെയും സംസ്‌ക്കാരത്തെയും മത സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷം കൊണ്ടു പകരംവയ്ക്കാമെന്ന സാമ്രാജ്യത്വ സിദ്ധാന്തമാണ് വിജയിക്കുന്നത്. ഫുക്കുയാമ മുതല്‍ സാമുവല്‍ ഹണ്ടിംഗ്ടണ്‍ വരെയുള്ള സാമ്രാജ്യത്വ ബുദ്ധിജീവികളും നയതന്ത്രജ്ഞരും പാടിനടന്ന പുതിയ വൈരുദ്ധ്യങ്ങളെ കമ്യൂണിസ്റ്റു കോട്ടയില്‍തന്നെ പരീക്ഷിക്കുന്നുവെന്ന് സാരം.
താലിബാന്‍ മുതല്‍ ഐ എസ് വരെയുള്ള ഭീകരപ്രസ്ഥാനങ്ങളെ തുറന്നുവിട്ടത് അമേരിക്കന്‍ രാഷ്ട്രീയ കുടിലതയാണ്. ലോക സമ്പദ്ഘടനയെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള രാഷ്ട്രീയ പുനസംഘാടനത്തിന്റെ മുന്നൊരുക്കങ്ങളാണവ. അവ തുടങ്ങിയത്, മുതലാളിത്തത്തിന് ബദല്‍ സാധ്യമാണെന്ന സോഷ്യലിസ്റ്റ് ഉത്തരങ്ങളെ തകര്‍ത്തെറിയാനായിരുന്നു. അരനൂറ്റാണ്ടുകാലത്തെ ശീതസമരം തുറസ്സും ഉദാരതയും സംബന്ധിച്ച നവമുതലാളിത്ത വ്യാഖ്യാനങ്ങളിലാണ് പര്യവസാനിച്ചതെന്നു നാം കണ്ടു. സോഷ്യലിസ്റ്റേതര വികസ്വര രാജ്യങ്ങളെക്കൂടി ചൊല്‍പ്പടിക്കു നിര്‍ത്താനുതകുന്ന പരീക്ഷണങ്ങളിലേയ്ക്കു മതതീവ്രവാദം പ്രവര്‍ത്തനക്ഷമമാകുന്നതാണ് പിന്നീടു കണ്ടത്. മര്‍ദ്ദിത സമൂഹങ്ങളിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ മുഴുവന്‍ അതു ദുര്‍ബ്ബലമാക്കുകയോ പിറകോട്ടടിപ്പിക്കുകയോ ചെയ്തു.
ദേശാതിര്‍ത്തികള്‍ ഭേദിച്ചുള്ള കോര്‍പറേറ്റ് മൂലധന പ്രവാഹത്തെയും അതിനു വഴിയെളുപ്പമാക്കുന്ന നിയമ ഭേദഗതികളെയും നാം വികസനമെന്നു വിളിച്ചു ശീലിച്ചു. അതിന് അണിയറയില്‍ മണ്ണൊരുക്കുന്ന കൗശലങ്ങളെ ഗൗരവപൂര്‍വ്വം കാണുകയുണ്ടായില്ല. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ നമ്മുടെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളെ കാര്‍ന്നുതിന്നപ്പോള്‍ മറപിടിച്ചത് വര്‍ഗീയ കലാപങ്ങളും വംശഹത്യകളും തെരുവുകളിലെ സ്‌ഫോടനങ്ങളുമായിരുന്നുവെന്ന് ഓര്‍ക്കണം. പുറമേ കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഒരകയാഥാര്‍ത്ഥ്യവും കൂടിയുണ്ട് എന്നത് തിരിച്ചറിയേണ്ടതുണ്ട്..
കണ്ണൂരില്‍ ആരാണ് ജയിക്കുന്നത്? സ്വന്തം സഹോദരരെ വെട്ടിവീഴ്ത്തുന്നവരോ? അതോ എല്ലാറ്റിനും നേതൃത്വകൊടുക്കുന്നവരെന്നു ഭാവിക്കുന്ന രാഷ്ട്രീയ കക്ഷികളോ? രക്തംചിന്തി മരിച്ചു വീഴുന്നത് എപ്പോഴും സാധാരണക്കാരായ മനുഷ്യരാണ്. ഏറ്റവും അടിത്തട്ടിലുള്ളവര്‍. കൂലിപ്പണിക്കാര്‍. നിത്യവൃത്തിക്കു ബുദ്ധിമുട്ടുന്നവര്‍. കയറിനിന്ന ജാഥകളാണ് അവരെ വ്യത്യസ്തരും ശത്രുക്കളുമാക്കിയത്. ഒരേ ചൂഷിത സമൂഹത്തിലെ സഹോദരങ്ങളാണവര്‍. ഒന്നിച്ചണിനിരക്കേണ്ടവരും പൊരുതേണ്ടവരുമാണ് ഇരുപുറമായി അന്യോന്യം വെട്ടിക്കീറുന്നത്. പുരോഗതിയുടെയും സ്ഥിതി സമത്വത്തിന്റെയും ജീവിതത്തിലേക്ക് അവരെ വീണ്ടെടുക്കലും പുനരധിവസിപ്പിക്കലുമാണ് പുരോഗമന രാഷ്ട്രീയത്തിന്റെ ലക്ഷ്യമാകേണ്ടത്.
ഭൂതമഹിമകളുടെ പുനരുത്ഥാന പ്രവണതകളെയും ധനമുതലാളിത്ത ചൂഷണങ്ങളെയും ഒരുപോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പൊതുമുന്നേറ്റങ്ങളാണ് കണ്ണൂരിലും സംസ്ഥാനത്താകെയും രൂപപ്പെടേണ്ടത്. ഇടതുപക്ഷത്തിന്റെ ലക്ഷ്യം അതായിരിക്കണം. സാമ്രാജ്യത്വ ധനാധിനിവേശത്തിന്റെയും ഫാസിസ്റ്റ് ഭൂതാഭിനിവേശത്തിന്റെയും അവിശുദ്ധലീലകളില്‍ കരുക്കളാവുകയല്ല വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ സി പി എം ഇപ്പോള്‍ കണ്ണൂരില്‍ പിന്തുടരുന്നത് അതാണ്. പകരത്തിനു പകരം എന്ന രണോത്സുകതയെ ചൊടിപ്പിക്കുകയും അടിസ്ഥാന ലക്ഷ്യങ്ങളെ വിസ്മരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ശത്രുരാഷ്ട്രീയമാണെന്ന ബോധ്യത്തിലേക്ക് ഇടതുപക്ഷ രാഷ്ട്രീയമുണരണം. ആയുധം താഴെവച്ച് അടിസ്ഥാന സമൂഹങ്ങളുമായി ആത്മബന്ധം സ്ഥാപിക്കണം. അവരുടെ അതിജീവന സമരങ്ങളില്‍ പങ്കുകാരാവണം. അങ്ങനെയൊരു രാഷ്ട്രീയ നിശ്ചയംകൊണ്ടേ പിന്തിരിപ്പന്‍ രാഷ്ട്രീയത്തെ തോല്‍പ്പിക്കാനാവൂ.
ആരാദ്യം ആയുധമെടുത്തു എന്ന തര്‍ക്കമല്ല, ആരാദ്യം ആയുധം താഴെവയ്ക്കുമെന്ന സന്ദേശമാണ് ജനാധിപത്യവാദികളെ ആശ്വസിപ്പിക്കുക. പുരോഗമന രാഷ്ട്രീയത്തിനേ കാലത്തിന്റെ വിളി കേള്‍ക്കാനാവൂ. രാഷ്ട്രീയ സാഹചര്യം തിരിച്ചറിയാനും ആരോഗ്യകരമായ പുതിയ സമീപനം കൈക്കൊള്ളാനുമാവൂ. അമ്മമാരുടെയും അനാഥരായ കുഞ്ഞുങ്ങളുടെയും നിലവിളികള്‍ ഇനിയും ഉയര്‍ന്നുകൂടാ. കണ്ണൂരിനെ അറവുശാലയാക്കരുത്. അവിടത്തെ ജനങ്ങള്‍ അറവുമൃഗങ്ങളല്ല.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in