കേരളത്തില്‍ ഗുരു ആശാന്തനാണ്
സൂര്യശങ്കര്‍.എസ്, ബ്രഹ്മചാരി, നാരായണ ഗുരുകുലം, വര്‍ക്കല ആര്‍ട്ടിസ്റ്റ് ആശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചതിനെ ഒരുകൂട്ടം സവര്‍ണ്ണപ്രമാണിമാര്‍ എതിര്‍ത്തതും Flex വലിച്ചു കീറിയതും, ശിവക്ഷേത്രത്തിന്റെ ശുദ്ധിയെപ്പറ്റി ആശങ്കപ്പെടുകയും, തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ചതും നമ്മളെല്ലാം കണ്ടതാണ്. ‘കേരളത്തില്‍ ഇതാദ്യമായാണ് ഒരു കലാകാരന്റെ മൃതദേഹം സര്‍ക്കാര്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടു വരുന്നത് തടയുന്നത്. ഇതിനു മുമ്പും നിരവധി കലാകാരന്മാരുടെ മൃതദേഹം ദര്‍ബാര്‍ ദാളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത പ്രതിഷേധം ഇപ്പോഴുണ്ടാകാന്‍ കാരണം അദ്ദേഹം ഒരു ദളിതന്‍ ആയതുകൊണ്ടു മാത്രമാണ്. ഇതൊരിക്കലും […]
സൂര്യശങ്കര്‍.എസ്, ബ്രഹ്മചാരി, നാരായണ ഗുരുകുലം, വര്‍ക്കല
ആര്‍ട്ടിസ്റ്റ് ആശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചതിനെ ഒരുകൂട്ടം സവര്‍ണ്ണപ്രമാണിമാര്‍ എതിര്‍ത്തതും Flex വലിച്ചു കീറിയതും, ശിവക്ഷേത്രത്തിന്റെ ശുദ്ധിയെപ്പറ്റി ആശങ്കപ്പെടുകയും, തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ചതും നമ്മളെല്ലാം കണ്ടതാണ്.
‘കേരളത്തില്‍ ഇതാദ്യമായാണ് ഒരു കലാകാരന്റെ മൃതദേഹം സര്‍ക്കാര്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടു വരുന്നത് തടയുന്നത്. ഇതിനു മുമ്പും നിരവധി കലാകാരന്മാരുടെ മൃതദേഹം ദര്‍ബാര്‍ ദാളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത പ്രതിഷേധം ഇപ്പോഴുണ്ടാകാന്‍ കാരണം അദ്ദേഹം ഒരു ദളിതന്‍ ആയതുകൊണ്ടു മാത്രമാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവമാണ്. ജീവിച്ചിരിക്കുന്ന സമയത്ത് മാഷ് ഏറെ നേരം ചെലവഴിച്ച മുന്‍വശത്തെ പന്തലില്‍ അദ്ദേഹത്തിന്റെ മൃതദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.’
എന്ന ചിത്രകാനായ മുരളി നാഗപ്പുഴയുടെ വാക്കുകള്‍ തന്നെ കടമെടുക്കുന്നു.
അതെ, പ്രശ്നം മൃതദേഹമല്ല, ജാതിതന്നെയാണ്. ആര്‍ട്ടിസ്റ്റ് ആശാന്തന്‍ ഒരു സവര്‍ണ്ണ കുലജാതനായിരുന്നെങ്കില്‍ ഈ പറയുന്ന കോലാഹലങ്ങള്‍ ഉണ്ടാകുമായിരുന്നോ? ഒരിക്കലുമില്ല. പകരം പത്രത്തിലെ മുന്‍പേജില്‍ വലിയ ഫോട്ടോയും ചാനലുകളുടെ മുഴുവന്‍ കവറേജും കിട്ടിയേനെ.
കേരളത്തില്‍ ജാതി ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചകങ്ങളാണ് ജാതിമതിലുകളുടെ ഉദയവും, ആര്‍ട്ടിസ്റ്റ് ആശാന്തന്‍ വിഷയവും മറ്റും. ഈ വിഷയങ്ങളില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മൗനം ദുഃഖകരമാണ്.
ജാതിനശീകരണം പ്രഥമലക്ഷ്യമാക്കിയ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ മഹാരഥന്മാരായ സഹോദരനും,
സി.കേശവനും,ഡോ.പല്പുവും, മഹാകവി കുമാരനാശാനും, ടി.കെ മാധവനും മറ്റും തെളിച്ച വഴിയേ ഇന്നു സഞ്ചരിക്കുന്നവര്‍ മുമ്പേ നടന്നവരുടെ പ്രവര്‍ത്തനങ്ങളുടെ ചരിത്രം വിസ്മരിക്കാതിരിക്കുക. ആശാനത്താനുവേണ്ടിയും, ജാതിമതിലിന്റെ നാശത്തിനുവേണ്ടിയും സംസാരിക്കുവാനുള്ള ബാധ്യത ശ്രീനാരായണപ്രസ്ഥാനങ്ങള്‍ക്കുണ്ട്.
അശാന്തന്റെ മൃതദേഹത്തെ നിന്ദിച്ചവര്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയൊക്കെയാണ്.
1.ശിവക്ഷേത്രത്തിനടുത്തുകൂടെ മൃതദേഹം കൊണ്ടുപോകാന്‍ പാടില്ല, മൃതദേഹം ക്ഷേത്രപരിസരത്തുകൂടി കൊണ്ടുപോവുകയും, ക്ഷേത്രത്തിനടുത്തുള്ളസ്ഥലത്ത് (ക്ഷേത്രത്തിന് എതിര്‍വശം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍പാടില്ല)
പൊതുദര്‍ശനത്തിന് വെച്ചാലും ക്ഷേത്രം അശുദ്ധമാകും.
2.വേറെ എത്രയോ സ്ഥലമുണ്ട് നിങ്ങള്‍ ശവം മറ്റെവിടെങ്കിലും കൊണ്ടുപോയി വെക്കുക.
ഈ ദുര്‍ബലമായ വാദങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം…
1. ആരാണ് ശിവന്‍?
ശിവനെ ഇവിടുത്തെ സവര്‍ണ്ണ പൂജാരി വര്‍ഗ്ഗം ആരാധിച്ചുതുടങ്ങിയിട്ടു അധികകാലമായിട്ടില്ല.
ശിവന്റെ സ്വരൂപം കാളിദാസമഹാകവി കുമാരസംഭവത്തില്‍ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ശിവനില്‍ അനുരക്തയായ പാര്‍വ്വതി ശിവനെ ലഭിക്കുന്നതിനായി ആരും ചെയ്യാത്ത കൊടും തപാസ്സാണ് ചെയ്തത്. ഋതുക്കള്‍ മാറിയതുപോലുമറിയാതെ കൊടും വേനലില്‍ തീക്കുണ്ഡത്തിനുനടുവില്‍ ഒറ്റക്കാലില്‍ തപസ്സു ചെയ്ത പാര്‍വ്വതിയുടെ തപസ്സിന്റെ തീവ്രതയളക്കാന്‍ ശിവന്‍ വേഷം മാറിവന്ന് പാര്‍വ്വതിയോട് ചോദിക്കുന്ന ചോദ്യത്തില്‍ ശിവന്റെ സ്വരൂപം വ്യക്തമാണ്. ഗുരുവിന്റെ അഭിപ്രായത്തില്‍ ശിവന്‍ പറയനാണ് (പറ കൊട്ടുന്നവന്‍ പറ – ഢക്ക അഥവാ ഢമരു), ശരീരം കറുപ്പുനിറമാണ് (നീലകണ്ഠനെ paint അടിച്ചു മൊത്തത്തില്‍ നീലയാക്കിയത് ഏതോ ചിത്രകാരനാണ്), അച്ഛനും അമ്മയുമില്ലാത്തവന്‍,കാളപ്പുറത്തു നടക്കുന്നവന്‍, കഴുത്തിലും കാലിലുമെല്ലാം പാമ്പിനെയണിഞ്ഞവന്‍, മുക്കണ്ണന്‍,വിരൂപന്‍,ജടയുള്ളവന്‍,
ശരീരമാസകലം ചുടല ഭസ്മം പൂശിയവന്‍,കയ്യില്‍ കപാലവുമേന്തി (തലയൊട്ടി) തെണ്ടിനടക്കുന്നവന്‍ (എച്ചില്‍ചോറുണ്ട പുള്ളിക്കിനിയൊരു മകനാം നീയിരപ്പാളി
ഞാനോ പിച്ചക്കാകരന്‍ നാരായണഗുരു- സുബ്രഹ്മണ്യകീര്‍ത്തനം -14),
ഇനി വസ്ത്രമോ അത് ഉടുത്താലായി, ദികമ്പരനാണല്ലോ…
വല്ലപ്പോഴും കാട്ടില്‍കയറി ആനയെവധിച്ചതിന്റെ തോലെടുത്തു ഉടുപ്പണിയും. സര്‍വ്വോപരി വാസം ചുടലപ്പറമ്പിലും…
കൊള്ളാം… ഇങ്ങനെയുള്ള ശിവന് എന്നുമുതലാണ് മൃതദേഹങ്ങള്‍ ആശുദ്ധമായത്? ശവത്തെ പേടിക്കുന്ന/ ശവം കണ്ടാല്‍ അശുദ്ധമാകുന്ന ദേവനല്ല ശിവന്‍! ആ ശിവനെയാണ് 1888 ല്‍ നാരായണഗുരു അരുവിപ്പുറത്ത് ജനസഹസ്രങ്ങളെ സാക്ഷിയാക്കി പ്രതിഷ്ഠിച്ചുതന്നത്.
1.മൃതദേഹങ്ങള്‍ ക്ഷേത്രത്തിന്റെ അടുത്ത് പൊതുദര്ശനത്തിനുവെക്കരുതെന്നു തന്ത്രത്തില്‍ നിയമമുണ്ടോ?
ഏത് തന്ത്രഗ്രന്ഥത്തിലാണ് പറയുന്നത്?
കേരളത്തില്‍ ഇന്ന് പിന്തുടരുന്ന തന്ത്രസമുച്ചയത്തില്‍ അങ്ങനെ നിയമമുണ്ടോ? ഇല്ലെങ്കില്‍ വേറെ ഏത് ഗ്രന്ഥത്തില്‍? അങ്ങനെ ഏതെങ്കിലും കാലഹരണപ്പെട്ട ഒരു പുസ്തകത്തില്‍ ഉണ്ടെങ്കില്‍തന്നെ അവ കാലാനുസൃതമായി തിരുത്തപ്പെടേണ്ടതാണ്.
2.ക്ഷേത്രത്തിനകത്ത് മൃതദേഹം കയറ്റിയില്ലല്ലോ… അപ്പുറത്തെ പറമ്പില്‍ എന്ത് നടക്കുന്നുവെന്ന് എന്തിനുനോക്കുന്നു. കേരളത്തിലെ ഒരു ശിവനും മൃതദേഹത്തോട് അയിത്തമില്ല പിന്നെ എന്തേ എറണാകുളത്തെ ശിവനുമാത്രം ഇത്ര അശുദ്ധി. അങ്ങനെ മൃതദേഹം കണ്ടാല്‍ ആശുദ്ധമാകുന്ന ദേവനാണോ സംഹാരമൂര്‍ത്തിയായ കാലനും കാലനായ സാക്ഷാല്‍ പരമശിവന്‍?
ഇനി മൃതദേഹങ്ങള്‍ ക്ഷേത്രപരിസരത്ത് പൊതുദര്‍ശനത്തിനു വെക്കാരുതെന്ന നിയമംവന്നാല്‍ ഇവിടുത്തെ അമ്പലവാസി സമൂഹം പെട്ടതുതന്നെ!
കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ച ആ വലിയ കലാകാരന്റെ മൃതദേഹം സര്‍ക്കാരിന്റെ ചിലവില്‍ പ്രവര്‍ത്തിക്കുന്ന
എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയുടെ പുറത്ത് പൊതുദര്‍ശനത്തിനുവെക്കുന്നത് തടയാന്‍ അമ്പലക്കാര്‍ക്ക് ആരാണ് അധികാരംകൊടുത്തത്? പൊതുദര്‍ശനത്തിനു എവിടെ വെക്കണമെന്ന് തീരുമാനിക്കുന്നത് അമ്പലക്കാരാണോ? പോരാത്തതിന് അദ്ദേഹത്തിന്റെ ചിത്രമുള്ള ഫ്‌ലക്‌സും വലിച്ചുകീറി…
കഷ്ടം…ദളിതന് ചത്താലും തീരാത്ത തീണ്ടാലാണല്ലോ..
ക്ഷേത്രശുദ്ധിയുടെ പേരുപറഞ്ഞു പൊതുജീവിതത്തെ താറുമാറാക്കുന്ന ജാതിവാദികളോട് ഒന്നേ പറയാനുള്ളൂ…
ഇവിടെയാണ് നാരായണഗുരുവിന്റെ ക്ഷേത്ര സങ്കല്‍പ്പം പ്രസക്തമാകുന്നത്. ‘നാം പ്രതിഷ്ഠിക്കുന്ന ദേവന്‍ തീണ്ടലുള്ള ദേവനല്ല’ ‘ക്ഷേത്രങ്ങള്‍ ജാതിയെയും അന്ധവിശ്വാസങ്ങളെയും, ആയിത്തത്തെയും മറ്റും തകര്‍ക്കുന്ന ഇടമാക്കണം, അല്ലാതെ അവയൊക്കെയും സംരക്ഷിക്കുന്ന ഇടമാകരുത്.’
എന്ന ഗുരുവിന്റെ വാക്കുകള്‍ ഇപ്പോള്‍ സ്മരണീയമാണ്.
ക്ഷേത്രങ്ങള്‍ മനുഷ്യജീവിതത്തെ ഉയര്‍ത്തുന്നതും, നന്മയിലേക്ക് നയിക്കുന്നതുമാകണം പകരം മനുഷ്യന് ദുരിതം വിതയ്ക്കുന്നതാണെങ്കില്‍ സി.കേശവന്‍ പറഞ്ഞതുപോലെ അത്തരം ‘ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകും’ എന്നേ പറയാനുള്ളൂ…!
ശിവഗിരികുന്നില്‍ സമാധിസ്ഥാനായ ഗുരുവിനു ജാതിമതിലുകള്‍ ഉയരുമ്പോഴും, മൃതദേഹങ്ങളെ നിന്ദിക്കപ്പെടുമ്പോഴും കണ്ണടച്ചിരുന്നു ധ്യാനിക്കാനാകില്ല. അതെ ‘ഗുരു ആശാന്തനാണ്’ നഗ്‌നപാതനായി കേരളക്കരയിലൂടെ അനേകം വ്യാഴവട്ടങ്ങള്‍ സഞ്ചരിച്ച് പാവങ്ങളുടെ കണ്ണീരൊപ്പിയ ആ മഹാഗുരു വീണ്ടും കേരളത്തിലൂടെ ഇറങ്ങിനടക്കേണ്ടിയിരിക്കുന്നു….
ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന,ജാതിമതിലുകള്‍ ഉയരുന്ന, ആചാരങ്ങളുടെ പേരുപറഞ്ഞു മൃതദേഹങ്ങള്‍ ആട്ടിയോടിക്കപ്പെടുന്ന വര്‍ത്തമാനകാല കേരളത്തില്‍,
ചരിത്രത്തെ reverse gear ല്‍ ഓടിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ നമ്മള്‍ ഒറ്റക്കെട്ടായി, ശക്തമായി ചെറുക്കേണ്ടതും, ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര തീര്‍ക്കേണ്ടതുമാണ്.
‘സംഘടിച്ചു ശക്തരാവുക…’
#ദളിത് #പോരാട്ടങ്ങള്‍ക്ക് #ഐക്യദാര്‍ഢ്യം..
Nb:(ഗുരു അശാന്തനാണ്- തലക്കെട്ട് കടപ്പാട്: അമല്‍ സി രാജന്‍)
വാട്‌സ് ആപ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in