കേരളം കാപട്യത്തിന്റെ സ്വന്തം നാട്

കേരളം ഭ്രാന്താലയമാണെന്ന വിവേകാനന്ദന്റെ വാക്കുകള്‍ പ്രസിദ്ധമാണ്. എന്നാല്‍ വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നത് തര്‍ക്കവിഷയവുമാണ്. അദ്ദേഹം ഇവിടെയെത്തുമ്പോള്‍ കേരളം തന്നെ രൂപം കൊണ്ടിട്ടില്ല. മാത്രമല്ല, ജാതീയമായ ഉച്ചനീചത്വങ്ങളും പീഡനങ്ങളും ഇവിടെ മാത്രമല്ല, ഇന്ത്യയുടെ മറ്റുമേഖലകളിലും വളരെ സജീവമായിരുന്നു. ആ സാഹചര്യത്തില്‍ ഇത്തരമൊരു വാചകം അദ്ദേഹം പറഞ്ഞിരിക്കില്ല എന്നു വാദിക്കുന്നവര്‍ നിരവധിയാണ്. അതെന്തെങ്കിലുമാകട്ടെ. നിരവധി നവോത്ഥാനപോരാട്ടങ്ങളിലൂടെ കേരളത്തില്‍ നിരവധി മാറ്റങ്ങളുണ്ടായി. ആ ചരിത്രം നമുക്കു മുന്നലുണ്ട്. അതുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും സംവാദങ്ങളും പാഠഭേദങ്ങളും ഇന്ന് സജീവമാണ്. അവ നടക്കട്ടെ. […]

kkk

കേരളം ഭ്രാന്താലയമാണെന്ന വിവേകാനന്ദന്റെ വാക്കുകള്‍ പ്രസിദ്ധമാണ്. എന്നാല്‍ വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നത് തര്‍ക്കവിഷയവുമാണ്. അദ്ദേഹം ഇവിടെയെത്തുമ്പോള്‍ കേരളം തന്നെ രൂപം കൊണ്ടിട്ടില്ല. മാത്രമല്ല, ജാതീയമായ ഉച്ചനീചത്വങ്ങളും പീഡനങ്ങളും ഇവിടെ മാത്രമല്ല, ഇന്ത്യയുടെ മറ്റുമേഖലകളിലും വളരെ സജീവമായിരുന്നു. ആ സാഹചര്യത്തില്‍ ഇത്തരമൊരു വാചകം അദ്ദേഹം പറഞ്ഞിരിക്കില്ല എന്നു വാദിക്കുന്നവര്‍ നിരവധിയാണ്. അതെന്തെങ്കിലുമാകട്ടെ. നിരവധി നവോത്ഥാനപോരാട്ടങ്ങളിലൂടെ കേരളത്തില്‍ നിരവധി മാറ്റങ്ങളുണ്ടായി. ആ ചരിത്രം നമുക്കു മുന്നലുണ്ട്. അതുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും സംവാദങ്ങളും പാഠഭേദങ്ങളും ഇന്ന് സജീവമാണ്. അവ നടക്കട്ടെ. വിഗ്രഹങ്ങള്‍ പലതും തകരട്ടെ.

എന്നാല്‍ ഒരു കാര്യത്തില്‍ കാര്യമായ തര്‍ക്കമുണ്ടാകാനിടയില്ല. കേരളം ഇന്ന് ഭ്രാന്താലയത്തിന്റെ അവസ്ഥയിലേക്കു മാറുകയാണെന്നതാണ്. സാധാരണ ഉപയോഗിക്കുന്ന അര്‍ത്ഥത്തില്‍ മാത്രമാണ് ഇവിടെ ഈ പദം ഉപയോഗിക്കുന്നത്. അ്ല്ലാതെ ഭ്രാന്താലയം മോശമായിട്ടല്ല. പൊതുസമൂഹത്തില്‍ സ്വതന്ത്രരായി കഴിയുന്ന മിക്കവരേക്കാള്‍ എത്രയോ മെച്ചമാണ് ഭ്രാന്താലയത്തില്‍ ബന്ധനസ്ഥരായി കഴിയുന്നവര്‍ എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
ജാതീയപീഡനങ്ങളുടേയും ന്യൂനപക്ഷവിരുദ്ധതയുടേയും മതസംഘര്‍ഷങ്ങുടേയും സ്ത്രീവിരുദ്ധതയുടേയും സദാചാരഗുണ്ടായിസത്തിന്റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും കേന്ദ്രമായി ഇന്ന് കേരളം മാറിയിരിക്കുന്നു. ഈ മനോഭാവങ്ങള്‍ ഇത്രമാത്രം പച്ചയായി പത്തിവിടര്‍ത്തിയാടിയ സന്ദര്‍ഭം എന്തായാലും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. മതമൗലികവാദികള്‍ മുതല്‍ അതിവിപ്ലവകാരികള്‍ വരെ ഈ തിരിഞ്ഞുപോക്കില്‍ പങ്കാളികളാണ്. ആധുനികകാലത്തിന്റഎ മാധ്യമമായ സോഷ്യല്‍ മീഡിയയും തങ്ങളുടേതായ പങ്കുവഹിക്കുന്നു.
വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തുണ്ടായ ഏതാനും സംഭവങ്ങള്‍ മാത്രം ചൂണ്ടികാണിക്കാം. ഇപ്പോള്‍ ചൂടോടെ നില്‍ക്കുന്ന ആമി സംഭവം തന്നെ നോക്കുക. വിദ്യാ ബാലന്‍ പിന്മാറിയപ്പോള്‍ ആമിയാകാന്‍ തയ്യാറായ മഞ്ജുവാര്യര്‍ക്കുനേരെയാണ് ഇപ്പോള്‍ സൈബര്‍ അക്രമണം. മാധവിക്കുട്ടി അവസാനകാലത്ത് കമലാ സുരയ്യയായതും സിനിമ ചെയ്യുന്നത് കമല്‍ ആയതുമാണല്ലോ ഇവരുടെ പ്രതിഷേധ കാരണം. ജീവിതത്തിലുടനീളം സ്ത്രീത്വത്തെ ആഷോഘമാക്കിയ മാധവിക്കുട്ടിയെ ഒരു കാലത്തും പിന്തുടരാത്തവരാണ് ഇതുന്നയിക്കുന്നതെന്നതാണ് കൗതുകകരം. മതം മാറാന്‍ സ്വാതന്ത്ര്യമുള്ള ഒരു രാജ്യമാണ് നമ്മുടേതെന്നും മറക്കുന്നു. കമലാ സുരയ്യ ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്നത് കൃതികളുടെ പേരിലാണെന്നും മതംമാറ്റത്തിന്റഎ പേരിലല്ല എന്നും ആര്‍ക്കാണറിയാത്തത്. എന്നാല്‍ ഒഅവരുടെ ജീവിതത്തെ പ്രമേയമാക്കുന്ന സിനിമക്കെതിരെ, അതുവഴി കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ചന്ദ്രഹാസമിളക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് കേരളം മാറിയെന്നതാണ് കഷ്ടം. കമലിനെതിരായ കടന്നാക്രമണത്തിനും പ്രതേകിച്ചൊരു കാരണവുമില്ല. ചലചിത്രോത്സവം നടക്കുമ്പോള്‍ ദേശീയഗാനവിവാദത്തെ കുറിച്ച് മ്പോള്‍ ഉത്തരവാദപ്പെട്ട ആരും പറയുന്ന കാര്യമേ കമലും പറഞ്ഞുള്ളു. എന്നാല്‍ അവരുടെ പ്രശ്‌നം കമാലുദ്ദീനായിരുന്നു. നിര്‍ഭാഗ്യവശാല്‍ കമലിനെ പ്രതിരോധിച്ചവരും കമാലുദ്ദിനെ പരോക്ഷമായി തള്ളുകയായിരുന്നു എന്നതാണ് മറ്റൊരു വൈരുദ്ധ്യം. കമലായാലും കമാലുദ്ദീനായാലും തുല്ല്യമാണെന്നു മറക്കുന്നു.
മൗലികവാദങ്ങളെല്ലാം പരസ്പരം കൊടുത്തും വാങ്ങിയും വളരുന്നവയാണ്. ഇപ്പോള്‍ കേരളത്തില്‍ കാണുന്നതും മറ്റൊന്നല്ല. ഈ മൗലികവാദങ്ങളുടെയെല്ലാം പൊതുസ്വഭാവം സ്ത്രീവിരുദ്ധതയും സദാചാര പോലീസിങ്ങുമാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. സ്ത്രീയും പുരുഷനും മറ്റും ലിംഗവിഭാഗങ്ങളും തുല്ല്യരാണെന്ന ആധുനിക അവബോധമോ നിയമമോ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കിന്നുമാകുന്നില്ല. ആണും പെണ്ണും അടുത്തിടപഴുകുന്നതു കാണുമ്പോഴാണ് ഇവരുട സദാചാരം പൊട്ടിയൊലിക്കുന്നത്. കൂടാതെ സ്ത്രീകളും പെണ്‍കുട്ടികളും എങ്ങനെ നടക്കണം, എന്തു വേഷം ധരിക്കണം, എപ്പോള്‍ പുറത്തിറങ്ങണം എന്നെല്ലാം ഇവര്‍ ഉത്തരവിറക്കുന്നു. അത്തരം സംഭവങ്ങളുമായി ബന്ധപ്പെ്ട്ട റിപ്പോര്‍ട്ടുകള്‍ അനുദിനം പുറത്തുവരുന്നു. മറുവശത്ത് സ്ത്രീകള്‍ക്ക് പരിശുദ്ധിയില്ല എന്നുമിവര്‍ വിശ്വസിക്കുന്നു. ആരാധനാകേന്ദ്രങ്ങളില്‍ പോലും അവര്‍ക്കു പ്രവേശനം നിഷേധിക്കുന്നു. വാസ്തവത്തില്‍ എല്ലാവര്‍ക്കും കയറാവുന്ന ആരാധനാലയങ്ങള്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇന്ന് കേരളം.
മതശക്തികളില്‍ നിന്നു ഇതു സ്വാഭാവികം എന്നു കരുതുന്നവരുണ്ടാകാം. എന്നാല്‍ കേരളത്തില്‍ വിപ്ലവകാരികള്‍ എന്നു വിശ്വസിക്കപ്പെടുന്നവര്‍ പോലും വ്യത്യസ്ഥരല്ല എന്നതാണ് കൗതുകകരം. വാലന്റൈന്‍ ഡേക്ക് അടുത്തിരുന്നു സംസാരിക്കുന്നവരെ ഉപദേശിക്കാന്‍ പോയ പോലീസിനേക്കാള്‍ മോശമാണവര്‍. നമ്മുടെ കലാലയങ്ങളിലെ പ്രബുദ്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ പോലും സദാചാരപോലീസിന്റെ കുപ്പായമണിയുന്ന കാഴ്ചയാണ് ഏറ്റവും അവിശ്വസനീയം. തീര്‍ച്ചയായും അതിനു പുറകില്‍ കൃത്യമായ രാഷ്ട്രീയ കാരണമുണ്ട്. അതന്വേഷിച്ചുപോയാല്‍ നമ്മളെത്തുക നവോത്ഥാന കാലത്തേക്കു തന്നെയാണ്. നമ്മുടെ ദേശീയപ്രസ്ഥനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപ്രസ്ഥാനങ്ങളുമാണ് ഇവിടെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക. ഇവരുടെയെല്ലാം പോരാട്ടം മുഖ്യമായും പുരുഷകേന്ദ്രീകൃതം തന്നെയായിരുന്നു. സ്ത്രീകളുടെ പാരതന്ത്യത്തേയോ സ്ത്രീപുരുഷ ബന്ധത്തേയോ ഒന്നും ഒരു ഗൗരവമായ വിഷയമായി കാണാന്‍ ഇവര്‍ക്കായില്ല. മാറുമറക്കല്‍ പ്രക്ഷോഭവും നങ്ങേലിയും കുറിയേടത്തുതാത്രിയും വിടിയും മറ്റും നടത്തിയ ഒറ്റപ്പെട്ട പ്രക്ഷോഭങ്ങളുമാണ് അപവാദമായിട്ടുള്ളത്. ഐക്യകേരള രൂപീകരണത്തിനുശേഷവും നാമീ വിഷയത്തെ അഭിമുഖീകരിച്ചില്ല എന്നു മാത്രമല്ല, ഇവിട വേരോടിയ കൃസ്തീയ വിദ്യാഭ്യാസം കപടമായ സദാചാരബോധത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു. 1980കള്‍ക്കുശേഷം പതുക്കെ പതുക്കെ രംഗത്തുവന്ന ഫെമിനിസ്റ്റുകള്‍ ഈ വിഷയം ഉന്നയിക്കാനാരംഭിച്ചെങ്കിലും ഇപ്പോഴുമത് ശൈശവാവസ്ഥയില്‍ തന്നെ. വിദ്യാഭ്യാസം നേടിയിട്ടുപോലും കേരളത്തില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നതും ഏറ്റവുമധികം സ്വര്‍ണ്ണം ഉപയോഗിക്കുന്നവരാകുന്നതും സ്ത്രീകള്‍ തന്നെ അടിമത്തത്തെ ആന്തരവല്‍ക്കരിക്കുന്നതും. അതേ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീപീഢനങ്ങളും നടക്കുന്നു എന്നത് വേറെ കാര്യം.
മതത്തേക്കാള്‍ ഭീകരമാണ് കേരളത്തിലെ ജാതിപ്രശ്‌നം. നമുക്ക് ജാതിയില്ല എന്ന അന്ധവിശ്വാസമാണ് സത്യത്തില്‍ ഈ അവസ്ഥക്ക് പ്രധാന കാരണം. നമ്മുടെ സാമൂഹ്യജീവിതം മുതല്‍ വ്യക്തിജീവിതം വരെയുള്ള എല്ലാ മേഖലകളിലും ജാതി ഒരു ഗൗരവപ്രശ്‌നമായി തന്നെ നിലനില്‍ക്കുന്നു എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. സിപിഐ നേതാവ് പ്രതിശ്രുതവധുവുമായി നടത്തിയ സംഭാഷണം ഏറഎ വിമര്‍ശിക്കപ്പെടുന്നു എങ്കിലും സത്യത്തില്‍ അതിലൊരല്‍ഭുതവുമില്ല. അയാള്‍ പിടിക്കപ്പെട്ടു എന്നു മാത്രം. പിടിക്കപ്പെടുന്നതുവരെ നാമെല്ലാം ജാതി രഹിതരും മതരഹിതരും തന്നെ. വിവാഹപരസ്യം താനല്ല നല്‍കിയതെന്ന ചിന്ത ജെറോമിന്റെ വാക്കുകളെ വിശ്വസിക്കുക. എന്നാലിനി ജാതി രഹിത – മത രഹിത വിവാഹം നടത്താമെന്നുവെച്ചാല്‍ തന്നെ അതിനുള്ള പങ്കാളിയെ കിട്ടാത്ത അവസ്ഥയാണ് കേരളത്തില്‍. അക്കാര്യത്തില്‍ നമ്മുടെ യാത്ര പുറകോട്ടാണ്. സിനിമയില്‍ ജയഭാരതിക്കും ഷീലക്കും മറ്റും പകരും മഞ്ജുവാര്യരും ശാലുമേനോനുമൊക്കെ വരുന്നതിനു സമാനമാണ് ജീവിതത്തിന്റഎ സമസ്തമേഖലയിലും കാണുന്നത്. ദളിതരും ആദിവാസികളുമൊക്കെ എവിടേയും അപമാനിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു. ജാതിയില്ല എന്ന അന്ധവിശ്വാസം നിലനില്‍്ക്കുന്നതിനാല്‍ അതൊരു ഗൗരവപ്രശ്‌നമായി കാണാന്‍ മലയാളി സമൂഹം തയ്യാറല്ല താനും. അതാണ് ഏറ്റവും വലിയ കാപട്യവും ദുരന്തവും. ദളിത് പോരാട്ടങ്ങളെ പോലും സ്വത്വരാഷ്ട്രീയമായി ആരോപിച്ച് നാം വര്‍ഗ്ഗരാഷ്ട്രീയക്കാരും പുരോഗമനവാദികളുമാകുന്നു. പരോക്ഷമായി വിവേകാനന്ദന്‍ പറഞ്ഞ കാലത്തേക്കാള്‍ ശക്തമായി ജാതിചിന്തകളും വിവേചനവും കൊടുകുത്തി വാഴുകയും ചെയ്യുന്നു.
എന്താണ് ഇന്നു നാം കേരളത്തെ വിളിക്കുക. ഭ്രാന്താലയമെന്നു വിളിക്കുന്നത് ശരിയല്ല. കാരണം ഭ്രാന്ത് കാപട്യമല്ല. നമ്മുടെ രോഗം കാപട്യമാണ്. ഒന്നു പറയുകയും മറ്റൊന്നു ചെയ്യുകയും ചെയ്യുന്ന കാപട്യം… അതെ, കേരളം കാപട്യത്തിന്റെ സ്വന്തം നാട്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply