കേന്ദ്രസഹായം രാഷ്ട്രീയ പ്രശ്‌നം.

പ്രളയബാധിതകേരളത്തെ ഉദാരമായി സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് ഗുണാത്മകമായി പ്രധാനമന്ത്രി പ്രതികരിച്ചു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി തന്നെ പറയുന്നു. പ്രളയത്തിനു ശേഷമുളള സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹാപ്രളയത്തിനുശേഷം ഏകദേശം ഒന്നര മാസമായിട്ടും ഏതു രീതിയിലാണ് തങ്ങള്‍ സഹായിക്കുക എന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. അതേസമയം വിദേശ സര്‍ക്കാരുകളുടെ സഹായം സ്വീകരിക്കാനിവില്ല എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ നിര്‍ലോപമായ പിന്തുണക്ക് […]

mmmപ്രളയബാധിതകേരളത്തെ ഉദാരമായി സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് ഗുണാത്മകമായി പ്രധാനമന്ത്രി പ്രതികരിച്ചു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി തന്നെ പറയുന്നു. പ്രളയത്തിനു ശേഷമുളള സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹാപ്രളയത്തിനുശേഷം ഏകദേശം ഒന്നര മാസമായിട്ടും ഏതു രീതിയിലാണ് തങ്ങള്‍ സഹായിക്കുക എന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. അതേസമയം വിദേശ സര്‍ക്കാരുകളുടെ സഹായം സ്വീകരിക്കാനിവില്ല എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ നിര്‍ലോപമായ പിന്തുണക്ക് താന്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു എന്നു മുഖ്യമന്ത്രി പറയുമ്പോള്‍ എന്തായിരുന്നു ആ നിര്‍ലോഭമായ പിന്തുണയെന്നു മനസ്സിലാകുന്നില്ല.

പ്രളയക്കെടുതികളുടെ ഏകദേശ ചിത്രം പ്രധാനമന്ത്രിക്ക് അറിയാവുന്നതാണെന്നു മുഖ്യമന്ത്രി പറയുന്നു. 481 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 13 ജില്ലകളെയും പ്രളയം ബാധിച്ചു. 14,50,707 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചത്. 15,000 വീടുകള്‍ പൂര്‍ണ്ണമായും 4,000 ത്തോളം വീടുകള്‍ ഭാഗികമായും നശിച്ചു. ആയിരക്കണക്കിന് ഹെക്ടറില്‍ കൃഷി നശിച്ചു. ഉരുള്‍പൊട്ടലില്‍ ഭൂമി തന്നെ ഇല്ലാതായി. 10,000 ത്തോളം കിലോമീറ്റര്‍ റോഡുകള്‍ തകരുകയോ ഗതാഗത യോഗ്യമല്ലാതാവുകയോ ചെയ്തു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധി നഷ്ടപ്പെട്ടു. 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നു. 80%ത്തോളം ജനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുക്കാനുള്ള സാമ്പത്തികസ്ഥിതി കേരളത്തിനില്ല എന്നും നിര്‍ലോപമായ കേന്ദ്ര സഹായം ഉണ്ടെങ്കില്‍ മാത്രമേ വിവിധ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ സമാനതകളില്ലാത്ത ഈ ദുരന്തത്തോട് ഇതുവരേയും ഉത്തരവാദിത്തപരമായ സമീപനം കേന്ദ്രം സ്വീകരിച്ചു എന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. കേന്ദ്രത്തെ അതിനു നിര്‍ബന്ധിതമാക്കുന്ന കര്‍ക്കശമായ ഭാഷ നമുക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രത്തിനു മുന്നില്‍ മമതയോ മായാവതിയോ ജയലളിതയോ പോലുള്ള സ്ത്രീമുഖ്യമന്ത്രിമാര്‍ പ്രകടമാക്കാറുള്ള ചങ്കൂറ്റവും ആര്‍ജ്ജവവും കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയും പ്രകടമാക്കിയിട്ടില്ല എന്നതാണ് ചരിത്രം. അതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഒരംശമെങ്കിലും കേന്ദ്രത്തോട് ചുമത്താന്‍ പറ്റുന്നില്ല എന്നതാണ് വസ്തുത. കരയാത്ത കുഞ്ഞിനു പാലുകിട്ടുമെന്ന പ്രതീക്ഷ വേണ്ട. മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ അവകാശങ്ങള്‍ പിടിച്ചു വാങ്ങുന്നതിനുപകരം തേങ്ങി വാങ്ങാന്‍ ശ്രമിക്കുന്നതാണല്ലോ നമ്മുടെ പാരമ്പര്യം.
ലോകബാങ്ക്, എഡിബി, ഐഎഫ്സി, യുഎന്‍ഡി.പി എന്നീ സ്ഥാപനങ്ങളുടെ സംയുക്തസംഘം ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി 5,000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിവരുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ജി.എസ്.ഡി.പി യുടെ 3% എന്നതില്‍ നിന്നും 4.5% മായി നടപ്പുസാമ്പത്തിക വര്‍ഷം വര്‍ധിപ്പിച്ചു നല്‍കുക, അടുത്ത വര്‍ഷം മുതല്‍ അത് 3.5% മായി നിജപ്പെടുത്തുക എന്നൊരാവശ്യവും കേരളം കേന്ദ്ര ധനവകുപ്പിന്റെ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം കൊണ്ട് 16,000 കോടി രൂപയുടെയെങ്കിലും അധികം വായ്പ ലഭ്യമാക്കാനാണ് ഈ അഭ്യര്‍ത്ഥന. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രകാരമുള്ള ധനസഹായത്തില്‍ 10% വര്‍ദ്ധനയെങ്കിലും വരുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര റോഡു ഫണ്ട് ഇനത്തിലും 201819 ലെ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നല്‍കണമെന്നും. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. നബാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ കാര്യത്തിലുള്ള വായ്പാപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള വായ്പക്ക് അനുസൃതമായ ധനവിഭവം പ്രദാനം ചെയ്യാന്‍ കേന്ദ്രം 5,000 കോടി രൂപയുടെ സ്പെഷ്യല്‍ ഗ്രാന്റ് സംസ്ഥാനത്തിന് നല്‍കണം. ഇവയില്‍ ഏതെല്ലാം അംഗീകരിക്കപ്പെടുമെന്ന് കാത്തിരുന്നുകാണാം.
മറുശത്ത് വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ ഇനിയും നിലപാടു മാറ്റാന്‍ കേന്ദ്രം തയ്യാറായിട്ടില്ല എന്നാണ് വിവരം. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കേരളത്തെ ഉദാരമായി സഹായിക്കാന്‍ സന്നദ്ധമാണ്. കേരളം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ വിദേശ ധനസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ സഹായകരമായ നിലപാട് കേന്ദ്രം സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥന കേന്ദ്രം തള്ളിയിരിക്കുകയാണ്. അതേസമയം അനൗദ്യോഗികമായ സഹായങ്ങള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ലോകബാങ്ക് ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 1 ന് സംസ്ഥാന ഗവണ്‍മെന്റിനും കേന്ദ്ര ധനമന്ത്രാലയത്തിനും നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന്, അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യത്തിന് സംസ്ഥാന ഗവണ്‍മെന്റ് സമഗ്രമായ മെമ്മോറാണ്ടം സമര്‍പ്പിക്കും. അതെ തുടര്‍ന്നാകും കേന്ദ്രത്തിന്റെ അന്തിമതീരുമാനം. എന്തായാലും കേന്ദ്രസഹായത്തില്‍ പ്രതീക്ഷയുണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പക്ഷെ 1957 മുതലുള്ള നമ്മുടെ അനുഭവം അതല്ല. കേരളത്തില്‍ നിന്ന് പുറത്തേക്കുപോകുന്നതിനു ആനുപാതികമായി തിരിച്ചു നമുക്കു കിട്ടിയിട്ടുള്ള ചരിത്രമില്ല. കേന്ദ്രീകൃതമായ ഇന്നത്തെ രാഷ്ട്രീയസംവിധാനത്തില്‍ നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് നമ്മുടേത്. മുമ്പൊക്കെ കേന്ദ്ര അവഗണന എന്നൊക്കെ പറഞ്ഞ് ചില സമരപ്രഹസനങ്ങളെങ്കിലും നമ്മള്‍ നടത്താറുണ്ട്. എന്നാല്‍ ഏറെ കാലമായി അതുമില്ല. ഈ സാഹചര്യത്തില്‍ ഈ നിര്‍ണ്ണായകവേളയില്‍ എന്തായിരിക്കും കേന്ദ്രനിലപാട് എന്നത് ഒരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply