കീഴാറ്റൂര്‍: കേന്ദ്രത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയസമീപനം

വി എം സുധീരന്‍ കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി, കീഴാറ്റൂര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സമര സമിതിയുമായി ചര്‍ച്ച നടത്തിയത് ഫെഡറലിസത്തിന് എതിരാണെന്നും ആര്‍ എസ് എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇത്തരമൊരു ചര്‍ച്ച കേന്ദ്രമന്ത്രി നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ ക്ഷണിക്കേണ്ടതായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതായിരുന്നു അതിന്റെ ഔചിത്യവും. അത്തരത്തിലൊരു നടപടിയിലേക്ക് കേന്ദ്രമന്ത്രി പോകാതിരുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരെന്ന മുഖ്യമന്ത്രിയുടെ വാദം സാങ്കേതികമായി ശരിയാണ്. […]

kkk

വി എം സുധീരന്‍

കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി, കീഴാറ്റൂര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സമര സമിതിയുമായി ചര്‍ച്ച നടത്തിയത് ഫെഡറലിസത്തിന് എതിരാണെന്നും ആര്‍ എസ് എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.

ഇത്തരമൊരു ചര്‍ച്ച കേന്ദ്രമന്ത്രി നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ ക്ഷണിക്കേണ്ടതായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതായിരുന്നു അതിന്റെ ഔചിത്യവും. അത്തരത്തിലൊരു നടപടിയിലേക്ക് കേന്ദ്രമന്ത്രി പോകാതിരുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരെന്ന മുഖ്യമന്ത്രിയുടെ വാദം സാങ്കേതികമായി ശരിയാണ്.

എന്നാല്‍ ബി.ജെ.പി. രാഷ്ട്രീയമായി മുതലെടുക്കുന്ന ഇതുപോലൊരു സാഹചര്യം ഒരുക്കിയതിനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനു തന്നെയാണെന്നത് മറക്കരുത്.

സ്വന്തം ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും പരാതികളും പരിഹരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സംസ്ഥാനസര്‍ക്കാരിന്റെ പിടിവാശിയും ജനഹിതത്തിന് എതിരായ നിലപാടുമാണ് കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാരില്‍ ഇപ്പോള്‍ എത്തിച്ചത്.

എല്ലാം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരും ദേശീയപാത അതോറിറ്റിയുമാണെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പറഞ്ഞ് നേരത്തെ നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കാതെ കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരെ അടച്ചാക്ഷേപിച്ചു വരുന്ന സംസ്ഥാന ഭരണാധികാരികളാണ് ബി ജെ പിക്ക് രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുക്കിയത്.

കീഴാറ്റൂരില്‍ ആദ്യം സമരം തുടങ്ങിയത് തന്നെ സി.പി.എമ്മാണ്. പാര്‍ട്ടി പിന്‍വാങ്ങിയപ്പോഴാണ് വയല്‍കിളികള്‍ സമരം ഏറ്റെടുത്തത്. ജനങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് കുറഞ്ഞ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന അവരുടെ ആവശ്യത്തിന് പൊതു സമൂഹത്തിന്റെ പിന്തുണയും ആര്‍ജ്ജിക്കാനായി. എന്തിനേറെ സംസ്ഥാന സര്‍ക്കാരിനോട് രാഷ്ട്രീയമായി യാതൊരു വിയോജിപ്പുമില്ലാത്ത ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പോലും വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല.

യഥാര്‍ത്ഥത്തില്‍ വയല്‍കിളികള്‍ സമരം തുടങ്ങിയത് തന്നെ ദേശീയപാത അതോറിറ്റിക്ക് എതിരായിട്ടാണ്. അത് ന്യായമാണ് താനും.

ദേശീയപാത അതോറിറ്റിയും അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ട സംസ്ഥാന സര്‍ക്കാരും സ്ഥലം ഏറ്റെടുക്കുന്നതിന് നിയമപ്രകാരം ചെയ്യേണ്ട നടപടികളൊന്നും വേണ്ടപോലെ പാലിക്കാത്തതാണ് കീഴാറ്റൂര്‍ ഉള്‍പ്പടെ പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നുവരാന്‍ ഇടവരുത്തിയത്. നിയമപ്രകാരം പ്രാഥമികമായി ചെയ്യേണ്ട പാരിസ്ഥിതിക പരിശോധനയോ സാമൂഹിക ആഘാത പഠനമോ നടത്താതെ, ഇരകളുമായി ഹിയറിംഗ് നടത്തി അവരുടെ കഷ്ടനഷ്ടങ്ങളെ കുറിച്ച് കൃത്യമായി കാര്യങ്ങള്‍ വിലയിരുത്താതെ, വീടും സ്ഥലവും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ യഥാര്‍ത്ഥ നഷ്ടപരിഹാരവും പുനരധിവാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ചെയ്യുന്നത് സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കാതെ, ഉചിതമായ നഷ്ടപരിഹാര നിര്‍ണയവും നടത്താതെ ഏകപക്ഷീയമായി ജനങ്ങളെ ജീവിതത്തില്‍ നിന്നും പറിച്ചെറിയുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളാണ് വന്‍ ജനപ്രതിഷേധത്തിന് ഇടവരുത്തിയതും വരുത്തിക്കൊണ്ടിരിക്കുന്നതും.

കണ്ണൂരിലെ പാപ്പിനിശ്ശേരിയില്‍ തുരുത്തി പ്രദേശത്ത് ദളിത് കുടുംബങ്ങളെ കുടിയിറക്കി ആ സ്ഥലവുമായി ബന്ധപ്പെട്ട പ്രദേശം കൈയടക്കുന്നതിന് ഭൂമാഫിയ തയ്യാറാക്കിയ അജണ്ടയ്ക്കനുസരിച്ച് 500 മീറ്ററിനുള്ളില്‍ തന്നെ നാല് വളവുകള്‍ക്ക് വഴിവയ്ക്കുന്ന പുതിയ അലൈന്‍മെന്റ് കൊണ്ടുവന്ന ദേശീയപാത അതോറിറ്റിയുടേയും അതിനിടവരുത്തിയ സംസ്ഥാന സര്‍ക്കാരിന്റേയും നിലപാടിന് എന്ത് ന്യായീകരണമാണുള്ളത്.

വി.ഐ.പി ഇടപെടല്‍ ഉണ്ടായതിന്റെ ഫലമാണിതെല്ലാം എന്ന ദേശീയപാത അധികൃതരുടെ വിശദീകരണം എത്രയോ പരിഹാസ്യമാണ്.

മലപ്പുറം ജില്ലയില്‍ നടന്ന സമരങ്ങളും തൃശ്ശൂര്‍ ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ പലഭാഗത്തും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ വികസന നയത്തിന്റെ ഫലമാണ്.

കീഴാറ്റൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവരികയും വയല്‍ക്കിളികളുടെ സമരത്തെ ആദ്യഘട്ടത്തില്‍ ശക്തമായി ന്യായീകരിക്കുകയും ചെയ്തതിന് ശേഷം പിന്നീട് കീഴാറ്റൂര്‍ പ്രശ്‌നത്തെ കുറിച്ച് പഠിച്ചിട്ട് തുടര്‍പിന്തുണ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞ് ഒരു ഇടവേളയില്‍ നിഷ്‌ക്രിയത പാലിച്ച പ്രതിപക്ഷത്തിന്റെ നിലപാടും കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ ബിജെപിയുടെ തള്ളിക്കയറ്റത്തിന് ആക്കംകൂട്ടി എന്നത് യാഥാര്‍ത്ഥ്യമാണ്.

അതുകൊണ്ട് ഫെഡറലിസത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഇരകളോട് നീതി പുലര്‍ത്തുന്ന സമീപനം സ്വീകരിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. സത്യസന്ധമായ ആത്മപരിശോധന നടത്തി തെറ്റ് തിരുത്തുകയും വേണം. അതല്ലാതെ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കളത്തിലേക്ക് സ്വന്തം ജനങ്ങളെ തള്ളി വിട്ടതിനുശേഷം ഇപ്പോള്‍ പരിതപിക്കുന്നത് അര്‍ത്ഥശൂന്യമാണ്.

സമരം ചെയ്യുന്നവര്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരാരായാലും അവരുടെ സഹായം സ്വീകരിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ചനടത്തിയ കീഴാറ്റൂര്‍ സമരസമിതി പ്രതിനിധികളെ വിമര്‍ശിക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്.

ബി.ജെ.പി നേതാക്കളുടെ സഹായം സ്വീകരിക്കാന്‍ സ്വന്തം ആളുകളെ നിര്‍ബന്ധിതരാക്കിയ ഇപ്പോഴത്തെ ഭരണശൈലിയില്‍ നിന്നും മുഖ്യമന്ത്രിയും കൂട്ടരും പിന്തിരിയാന്‍ തയ്യാറാവുകയാണ് വേണ്ടത്. അതിന് അവര്‍ക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

അതേസമയം തന്നെ വിശദപഠനത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ച കേന്ദ്രമന്ത്രി മേല്‍പ്പാലമെന്ന നിര്‍ദ്ദേശത്തെ ആദ്യമേ തള്ളിക്കളഞ്ഞത് ശരിയായില്ല. ആ നിര്‍ദ്ദേശം കൂടി പരിശോധിക്കുന്ന തുറന്ന സമീപനമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഇനിയെങ്കിലും ഇക്കാര്യം കൂടി വിദഗ്ധസംഘത്തിന്റെ പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രമന്ത്രി തയ്യാറാകണം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply