കീഴാറ്റൂര്‍ എക്‌സ്പ്രസ് : മാര്‍ച്ച് 25ന് കേരളം കിഴാറ്റൂരിലേക്ക്

കീഴാറ്റൂരില്‍ ദേശീയപാത ബിഒടി ടോള്‍ പദ്ധതിക്കെതിരെ പോരാടുന്ന വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളം കീഴാറ്റൂരിലേക്ക്. മാര്‍ച്ച് 25ന്റെ എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിനു കീഴാറ്റൂര്‍ എക്‌സ്പ്രസ്സ് എന്ന് നാമകരണം ചെയ്താണ് സാമൂഹ്യപ്രവര്‍ത്തകര്‍ കീഴാറ്റൂരിലെത്തുന്നത്. പുറത്തുനിന്നുള്ളവരെ കീഴാറ്റൂരിലേക്ക് പ്രവേശിപ്പിക്കില്ല എന്ന സിപിഎം വെല്ലുവിളി നിലനില്‍ക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ അങ്ങോട്ടുനീങ്ങുന്നത്. മുഖ്യമന്ത്രിതന്നെ അത്തരത്തിലുള്ള പ്രസ്താവനയാണ് നിയമസഭയില്‍ നടത്തിയത്. കര്‍ഷകര്‍ മാത്രമല്ല സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. കീഴാറ്റൂരിലേത് വയല്‍കിളികളല്ല, കഴുകന്മാരാണെന്നാണ് മന്ത്രി ജി സുധാകരന്റെ വ്യാഖ്യാനം. സാര്‍വ്വദേശീയതയെ കുറിച്ച് സംസാരിച്ചിരുന്ന […]

trainകീഴാറ്റൂരില്‍ ദേശീയപാത ബിഒടി ടോള്‍ പദ്ധതിക്കെതിരെ പോരാടുന്ന വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളം കീഴാറ്റൂരിലേക്ക്. മാര്‍ച്ച് 25ന്റെ എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിനു കീഴാറ്റൂര്‍ എക്‌സ്പ്രസ്സ് എന്ന് നാമകരണം ചെയ്താണ് സാമൂഹ്യപ്രവര്‍ത്തകര്‍ കീഴാറ്റൂരിലെത്തുന്നത്. പുറത്തുനിന്നുള്ളവരെ കീഴാറ്റൂരിലേക്ക് പ്രവേശിപ്പിക്കില്ല എന്ന സിപിഎം വെല്ലുവിളി നിലനില്‍ക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ അങ്ങോട്ടുനീങ്ങുന്നത്. മുഖ്യമന്ത്രിതന്നെ അത്തരത്തിലുള്ള പ്രസ്താവനയാണ് നിയമസഭയില്‍ നടത്തിയത്. കര്‍ഷകര്‍ മാത്രമല്ല സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. കീഴാറ്റൂരിലേത് വയല്‍കിളികളല്ല, കഴുകന്മാരാണെന്നാണ് മന്ത്രി ജി സുധാകരന്റെ വ്യാഖ്യാനം. സാര്‍വ്വദേശീയതയെ കുറിച്ച് സംസാരിച്ചിരുന്ന മാര്‍ക്‌സിന്റേയും ക്യൂബക്കുശേഷം ബൊളീവിയയിലെത്തി രക്തസാക്ഷിയായ ചെയുടേയും എവിടെ പോരാട്ടമുണ്ടോ  അവിടെ പാഞ്ഞെത്തിയിരുന്ന എകെജിയുടേയും പിന്‍ഗാമികളാണ് കീഴാറ്റൂര്‍കാരല്ല, കര്‍ഷകരല്ല സമരം ചെയ്യുന്നതെന്ന പ്രചരണം നടത്തുന്നത്. അടുത്തയിടെ മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തില്‍ പങ്കെടുത്ത മലയാളിയായ ഡോക്ടറെ പൊക്കിപിടിച്ചു നടക്കുന്നവര്‍..!! തങ്ങള്‍ മാത്രമാണ് സമരങ്ങള്‍ ചെയ്യാനവകാശമുള്ളവരെന്നും ഏതുസമരവും ശരിയോ തെറ്റോ എന്നു തീരുമാനിക്കാനുള്ള അവകാശമുളളവരെന്നും കരുതുന്ന ഒരു പ്രസ്ഥാനത്തെ അതര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഉചിതം. ഇപ്പോഴിതാ പുറമെനിന്നുള്ളവര്‍ക്കെതിരെ നാടുകാവല്‍ സമരം നടത്താന്‍ പോകുകയാണത്രെ സിപിഎം…!!
തങ്ങളുടെ കുടിവെള്ള സ്രോതസ്സായ, പരിസ്ഥിതി സന്തുലനത്തിന്റെ കലവറയായ നെല്‍വയലുകള്‍ നികത്തി ഇടതുപക്ഷം ശക്തിയായ എതിര്‍ക്കുന്ന നവലിബറല്‍ പദ്ധതിയായ ബിഓടി റോഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം ചെയ്യുന്നത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്. അതാകട്ടെ പൂര്‍ണ്ണമായും ഒരു പാര്‍ട്ടി ഗ്രാമത്തില്‍. കീഴാറ്റൂര്‍ എക്‌സ്പ്രസ്സ് വരുന്നതുപോലും മുമ്പു പാടം നികത്തി നിര്‍മ്മിച്ച പാളങ്ങളിലൂടെയാണെന്നാണ് ഇവരുടെ മറ്റൊരു ആക്ഷേപം. ശരിയാണ് ഇന്നലെകളില്‍ റോഡിനും റെയ്‌ലിനും വിമാനത്താവളങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമൊക്കെയായി ഒരുപാട് വയലുകള്‍ നികത്തപ്പെട്ടിട്ടുണ്ട്. പലതും നിയന്ത്രിക്കേണ്ടതായിരുന്നു. അപ്പോഴും അന്ന് നോക്കെത്താ ദൂരത്തോളം  വയലുകളുണ്ടായിരുന്നു. ഇന്നലെ ഭൂഗര്‍ഭ ജലം ഇത്രമാത്രം ശോഷിച്ചിരുന്നില്ല. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കണ്ടെത്തിയിരുന്നില്ല. 40 ഡിഗ്രി പകല്‍ താപനിലയും സൂര്യാഘാതവുമുണ്ടായിരുന്നില്ല. പുഴകളിത്രയും വരണ്ടിരുന്നില്ല.  തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥ അതല്ലല്ലോ. ചരിത്രത്തില്‍ നിന്നും അനുഭവങ്ങൡ നിന്നും പാഠം പഠിക്കുന്നതാണ വിവേകം എന്നുപോലും മാര്‍ക്‌സിന്റെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് കഴിയാത്തതെന്താണാവോ? പണ്ട് മലവിസര്‍ജനം പറമ്പിലാണെന്ന ന്യായീകരണം നിരത്തി ഇന്നും അത് ആവര്‍ത്തിക്കാറില്ലല്ലോ. വാസ്തവത്തില്‍ കീഴാറ്റൂര്‍ ഒറ്റയല്ല. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്ന രീതിയിലുള്ള ഭേദഗതി ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള സമ്മതപത്രം കീഴാറ്റൂരിലെ കര്‍ഷകര്‍ നല്‍കിയെന്ന പ്രചാരണമാണ് സമരത്തെ തകര്‍ക്കാന്‍ നടത്തുന്നത്. അതാകട്ടെ വയല്‍കിളികള്‍ നിഷേധിക്കുന്നു. വിഷയം കേവലം ഭൂഉടമകളുടെ സമ്മതത്തിന്റെയോ വിസമ്മതത്തിന്റെയോ മാത്രം പ്രശ്‌നമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് തന്നെ തെറ്റാണ്. ഭൂഉടമയ്ക്ക് സമ്മതമാണെങ്കില്‍ ആ ഭൂമിയില്‍ എന്ത് പരിസ്ഥിതി വിരുദ്ധ പദ്ധതിയും നടപ്പിലാക്കാമോ? എങ്കില്‍ തണ്ണീര്‍ത്തട -നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെയൊന്നും ആവശ്യമില്ലല്ലോ. എല്‍ഡിഎഫിന്റെ പ്രകടനപത്രികക്കും ഒരു വിലയുമില്ലെന്നോ.  വെറും 11 .5 ഏക്കര്‍ ഭൂമി മാത്രമാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്, ഇതില്‍ അഞ്ചേക്കറില്‍ താഴെ മാത്രമാണ് വയല്‍ എന്ന പ്രചരണവും വ്യാപകമാണ്. അതിനും വയല്‍കിളികള്‍ക്ക് മറുപടിയുണ്ട്. കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ 5.7 കി മീ നീളത്തിലാണ് സ്ഥലമേറ്റെടുക്കേണ്ടത്. അടിയില്‍ നിന്നും മണ്ണിട്ട് കെട്ടിപ്പൊക്കി മുകളില്‍ 45 മീ വീതി വരുത്തണമെങ്കില്‍ 60 മീറ്ററോളം വീതിയില്‍ സ്ഥലമേറ്റെടുക്കേണ്ടി വരും.അതായത് 86 ഏക്കര്‍ ഏറ്റെടുക്കേണ്ടി വരും. ശേഷിക്കുന്ന ചെറിയ വീതി മാത്രമുള്ള വയലില്‍ ലക്ഷക്കണക്കിനു ടണ്‍ മണ്ണു വന്നു വീഴുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക വിനാശം ശേഷിക്കുന്ന ചെറിയ സ്ട്രിപ്പിലെ വയലിലെ കൃഷിയും അസാധ്യമാക്കും. ഈ നിലയിലാണ് 250 ഏക്കറോളം വയല്‍ നഷ്ടപ്പെടുമെന്ന് സമരസമിതി പറയുന്നത്. അതിന്റെ ഫലമായി നീരൊഴുക്ക് നിലക്കുകയും വിളവ് കുറയുകയും ചെയ്യും. നിലവിലുള്ള നാഷണല്‍ ഹൈവേയില്‍ ചിറവക്ക് മുതല്‍ ഏഴാംമൈല്‍ വരെ ഒരു elevated പാത പണിയുകയാണെങ്കില്‍ ആരെയും കടിയൊഴിപ്പിക്കാതെ സ്ഥലമേറ്റെടുക്കാതെ വയലും തോടും തണ്ണീര്‍തടങ്ങളുമൊന്നും നശിപ്പിക്കാത്ത റോഡ് പണിയാമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പോലും ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.  ‘വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. ആ കുന്നുകളില്‍നിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റിക്കോല്‍ നീര്‍ത്തടത്തിലെ പ്രധാന ഭാഗമാണിത്. വര്‍ഷകാലത്ത് ഒരുമീറ്ററോളമെങ്കിലുമുയരത്തില്‍ മിക്കഭാഗത്തും വെള്ളം കെട്ടിനില്‍ക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജിങ് ആണ് ഇരുകരകളിലും കിണറുകളില്‍ വെള്ളമെത്തിക്കുന്നത്. സവിശേഷമായ ഭൂപ്രകൃതിമൂലം ജലസസ്യങ്ങളാലും ജലജീവികളാലും സമൃദ്ധമായ ഒരു ആവാസവ്യവസ്ഥയാണിവിടെയുള്ളത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റുവിധത്തിലോ ഉള്ള നിര്‍മിതികള്‍ വരുന്നത് ഈ വയല്‍പ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും.’ എന്നിങ്ങനെ പോകുന്നു പരിഷത്തിന്റെ പഠനം. അതുപോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. 10 വര്‍ഷത്തിനുശേഷമുണ്ടാകുമെന്ന വാഹനപെരുപ്പത്തിന്റെ പേരിലാണ് നെയല്‍വയലുകള്‍ക്കും ഭൂമിക്കും ചരമഗീതമൊരുക്കുന്നത്. വാസ്തവത്തില്‍ ഇക്കാലയളവിനുള്ളില്‍ കുടിവെള്ളസ്രോതസ്സുകളും വയലേലകളും സംരക്ഷിച്ചും വാഹനപ്പെരുപ്പമടക്കമുള്ള ‘വികസന’ പദ്ധതികളെല്ലാം അതിനനുസരിച്ച് തയ്യാരാക്കാനുമാണ് വിവേകമുള്ള സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ വിനാശമാണ് നമ്മുടെ വികസന അജണ്ട എന്ന യാഥാര്‍ത്ഥ്യമാണ് വീണ്ടും വീണ്ടും പുറത്തുവരുന്നത്. ്‌സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ഇടതുസര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ തനിയാവര്‍ത്തനമാണ് കീഴാറ്റൂരിലും കാണുന്നത്. അതിനെ പ്രതിരോധിക്കലാണ് കേരളം കീഴാറ്റൂരിലേക്ക് എന്ന മാര്‍ച്ചിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലുടനീളം നടക്കുന്ന പാരിസ്ഥിതിക സമരങ്ങലോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരിക്കും കീഴാറ്റൂര്‍ എക്‌സ്പ്രസ്സ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply