കാശ്മീരിനെ അശാന്തമാക്കാന്‍ പുതിയ നീക്കങ്ങള്‍

കുറച്ചു ദിവസം സമാധാനം, പിന്നെ അരക്ഷിതത്വവും സംഘര്‍ഷങ്ങളും. കുറെ കാലമായി ജമ്മുകാശ്മീരില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. അതിനാല്‍ തന്നെ ഇതിന്റെ അന്തിമഫലം വര്‍ഗ്ഗീയവികാരങ്ങളും പരസ്പരവിശ്വാസമില്ലായ്മയും ഭീകരതയും ഭരണകൂടത്തിന്റെ ബദല്‍ ഭീകരതയുമൊക്കെയാണ്. ഒപ്പം പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങളും രൂക്ഷമാകുന്നു. സ്വാതന്ത്ര്യനന്തര ഇന്ത്യ നേരിടുന്ന ഈ ഗുരുതരമായ വിഷയത്തിനു എന്നെങ്കിലും അവസാനമുണ്ടാകുമോ എന്നു ചോദിച്ചാല്‍ ആര്‍ക്കും മറുപടി പറയാനാകാത്ത അവസ്ഥയാണ്. ജമ്മു കശ്മീര്‍ പൗരന്മാര്‍ക്കു പ്രത്യേക അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 35എ ഭരണഘടനാ അനുഛേദം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന സുപ്രിം കോടതിയിലെത്തിയ ഹര്‍ജിയാണ് പുതിയ […]

kkk

കുറച്ചു ദിവസം സമാധാനം, പിന്നെ അരക്ഷിതത്വവും സംഘര്‍ഷങ്ങളും. കുറെ കാലമായി ജമ്മുകാശ്മീരില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. അതിനാല്‍ തന്നെ ഇതിന്റെ അന്തിമഫലം വര്‍ഗ്ഗീയവികാരങ്ങളും പരസ്പരവിശ്വാസമില്ലായ്മയും ഭീകരതയും ഭരണകൂടത്തിന്റെ ബദല്‍ ഭീകരതയുമൊക്കെയാണ്. ഒപ്പം പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങളും രൂക്ഷമാകുന്നു. സ്വാതന്ത്ര്യനന്തര ഇന്ത്യ നേരിടുന്ന ഈ ഗുരുതരമായ വിഷയത്തിനു എന്നെങ്കിലും അവസാനമുണ്ടാകുമോ എന്നു ചോദിച്ചാല്‍ ആര്‍ക്കും മറുപടി പറയാനാകാത്ത അവസ്ഥയാണ്.
ജമ്മു കശ്മീര്‍ പൗരന്മാര്‍ക്കു പ്രത്യേക അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 35എ ഭരണഘടനാ അനുഛേദം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന സുപ്രിം കോടതിയിലെത്തിയ ഹര്‍ജിയാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ഹര്‍ജ്ജി സുപ്രീം കോടതി ഓഗസ്റ്റ് 27-നു പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഹര്‍ജി മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. കഴിഞ്ഞ ദിവസം ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, സംസ്ഥാനത്തു വിഘടനവാദി സംഘടനകള്‍ സമ്പൂര്‍ണ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് ഏറെ വിവാദമാണല്ലോ. ഈ വകുപ്പിനോട് 1954-ല്‍ പ്രസിഡന്റിന്റെ ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തതാണ് 35എ അനുഛേദം. അതു താല്‍ക്കാലികം മാത്രമായിരുന്നെന്നും പാര്‍ലമെന്റിന്റെ അംഗീകാരം നേടാതിരുന്നതിനാല്‍ ഭേദഗതിക്കു നിയമസാധുതയില്ലെന്നുമാണു ഹര്‍ജിയിലെ വാദം. 35എ അനുഛേദം ഭേദഗതിയായി ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും അനുബന്ധമായാണു ചേര്‍ത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതര സംസ്ഥാനക്കാര്‍ ജമ്മു കശ്മീരില്‍ സ്ഥാവര സ്വത്ത് വാങ്ങുന്നതും സ്ഥിരതാമസമാക്കുന്നതും സ്‌കോളര്‍ഷിപ്പും ജോലിയും നേടുന്നതും വിലക്കുന്നതാണ് 35എ അനുഛേദം. ഇതര സംസ്ഥാനക്കാരനെ വിവാഹം കഴിക്കുന്ന കശ്മീരി വനിതയ്ക്കു സ്വത്തവകാശം നഷ്ടമാകുകയും ചെയ്യും. തദ്ദേശവാസികള്‍ ആരെന്നു നിശ്ചയിക്കാനുള്ള അവകാശവും സംസ്ഥാന സര്‍ക്കാരിനാണ്.
രാജ്യത്തെവിടെയും താമസിക്കാനും ഭൂമി വാങ്ങാനും ഇന്ത്യന്‍ പൗരന് ഭരണഘടനാദത്തമായ അവകാശമുണ്ടെന്നും അതിനാല്‍ ഈ അനുഛേദം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ഈ വകുപ്പു റദ്ദാക്കുന്നതു കശ്മീരിന്റെ ജനസംഖ്യാ സ്വഭാവം മാറ്റിമറിക്കാനാെന്നാണ് വിവിധ കശ്മീരി സംഘടനകളുടെ നിലപാട്. അവരില്‍ വിഷടനവാദികളല്ലാത്തവരും ഉണ്ട്. 370-ാം വകുപ്പ് എടുത്തുമാറ്റാനാകും അടുത്ത നീക്കമെന്നും അവര്‍ ആരോപിക്കുന്നു. ഹര്‍ജിക്ക് എതിരായി ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഇടപെടല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്തായാലും കാശ്മീരിപ്പോള്‍ പുതിയൊരു ബോംബിന്റെ മുന്നിലാണ്.
കാശ്മീരിനു പ്രതേക പദവി ലഭിച്ചതിനൊരു ചരിത്രമുണ്ട്. ഓരോ പ്രശ്‌നമുണ്ടാകുമ്പോഴും ആരെങ്കിലുമൊക്കെ അതോര്‍മ്മിപ്പിക്കാറുമുണ്ട്. കാശ്മീരിലെ അസ്വസ്ഥതകളും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷവും നിലനില്‍ക്കുന്ന കാലത്തോളം അതെടുത്തുകളയുക എളുപ്പമല്ല. അതിനുള്ള ഓരോ ശ്രമവും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളു എന്നു യാഥാര്‍ത്ഥ്യംബോധമുള്ള ആര്‍ക്കും എളുപ്പം തിരിച്ചറിയാവുന്നതാണ്. 1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കാശ്മീര്‍, ജുനാഗദ് തുടങ്ങിയ നാട്ടുരാജ്യങ്ങള്‍ 2 രാജ്യത്തോടും ചേരാതെ നിന്നു. ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളായിരുന്നു. രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍. ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാന്‍ജി മുസ്ലീം. 1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യില്‍ അദ്ദേഹം ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്താനായിരുന്നു ഇന്ത്യയുടെ ആവശ്യം. പാകിസ്ഥാന്‍ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ സ്വന്തമാക്കി. ജനഹിതപരിശോധനയും അതിനനുകൂലമായിരുന്നു.
സ്വാഭാവികമായും ഇതേ മാതൃകയില്‍ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ ശ്രമം നടന്നു. നൂറുകണക്കിനുപേരുടെ ചോരയൊഴുകി. അങ്ങോട്ടുമിങ്ങോട്ടും വന്‍പാലായനങ്ങള്‍ നടന്നു. പുഞ്ചില്‍ ‘ആസാദ് കാശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് ആയുധധാരികളായ ആയിരക്കണക്കിന് പഠാന്‍ ഗോത്രവര്‍ക്കാര്‍ കാശ്മീരിനെ ആക്രമിച്ചു. ആക്രമണത്തെ തടയാന്‍ ജമ്മു-കാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരിസിംഗും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവക്കുകയായിരുന്നു. അത് താല്‍ക്കാലിക ഏര്‍പ്പാടായിരുന്നു. അതനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. കാശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു – ഇതൊക്കെയായിരുന്നു നിബന്ധനകള്‍. എന്നാലതൊന്നുമല്ല നടന്നത്. പകരം കാശ്മീരിനു പ്രതേക പദവി ല്‍കുകയായിരുന്നു. അന്നുമുതലെ കാശ്മീര്‍ മേഖല സംഘര്‍ഷഭരിതമായി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ ഉണങ്ങാത്ത മുറിവായി. ഈ മുറിവ് ഉണക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 35 എ അനുച്ഛേദവും രൂപം കൊണ്ടത്. ഇന്നും ഈ മേഖല സംഘര്‍ഭരിതമായി തുടരുന്ന സാഹചര്യത്തില്‍ നിലവിലെ ഇത്തരം പദവികള്‍ പോലും എടുത്തു കളയുന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കാനേ സഹായിക്കൂ എന്ന് യാഥാര്‍ത്ഥ്യബോധമുള്ള ആര്‍ക്കും എളുപ്പം മനസ്സിലാക്കും. ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളോടൊപ്പം ഇന്ത്യന്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളും അതിരൂക്ഷമായതായി ഐക്യരാഷ്ട്രസഭ തന്നെ വിലയിരുത്തിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനും അതില്‍ നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താനും ശ്രമിക്കുന്നവരാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പുറകിലെന്നത് പകല്‍ പോലെ വ്യക്തമാണ്. ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഇത്തരം ശ്രമങ്ങള്‍ രൂക്ഷമാകാനും സാധ്യതയുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply