കാലടി സര്‍വ്വകലാശാലയും എസ് എഫ് ഐയുടെ ‘സ്ത്രീപക്ഷ’ നിലപാടും

കെ എസ് നിസാര്‍ എറണാകുളത്ത് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ യുടെ സമ്പൂര്‍ണ്ണ വിദ്യാര്‍ത്ഥിനി പാനലുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉന്നയിക്കുന്ന അവകാശ വാദങ്ങളിങ്ങനെയൊക്കെയാണ്: ‘ആണധികാര’ത്തിന്റെ പ്രസ്ഥാനം അല്ലെന്ന് ആരെയും ബോധിപ്പിക്കാനല്ല. വിമര്‍ശനം മാത്രം തൊഴിലാക്കിയവര്‍ക്ക് മറുപടി നല്‍കാനുമല്ല. കാലടി സംസ്‌കൃത സര്‍വകലാശാല ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ-വിദ്യാര്‍ഥിനി പാനല്‍ എസ്. എഫ്. ഐ. അവതരിപ്പിക്കുമ്പോള്‍ അതൊരു പ്രഖ്യാപനം കൂടിയാണ്. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കുന്നവരില്‍ നിന്ന്, […]

ddd

കെ എസ് നിസാര്‍

എറണാകുളത്ത് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ യുടെ സമ്പൂര്‍ണ്ണ വിദ്യാര്‍ത്ഥിനി പാനലുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉന്നയിക്കുന്ന അവകാശ വാദങ്ങളിങ്ങനെയൊക്കെയാണ്:

‘ആണധികാര’ത്തിന്റെ പ്രസ്ഥാനം അല്ലെന്ന് ആരെയും ബോധിപ്പിക്കാനല്ല. വിമര്‍ശനം മാത്രം തൊഴിലാക്കിയവര്‍ക്ക് മറുപടി നല്‍കാനുമല്ല. കാലടി സംസ്‌കൃത സര്‍വകലാശാല ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ-വിദ്യാര്‍ഥിനി പാനല്‍ എസ്. എഫ്. ഐ. അവതരിപ്പിക്കുമ്പോള്‍ അതൊരു പ്രഖ്യാപനം കൂടിയാണ്. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കുന്നവരില്‍ നിന്ന്, സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അവകാശം പെണ്‍കുട്ടികള്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്നവരില്‍ നിന്ന്, പെണ്‍കുട്ടികള്‍ തെരുവില്‍ നൃത്തം ചവിട്ടിയാല്‍ ലോകാവസാനമാകുമെന്ന് കരുതുന്നവരില്‍ നിന്ന്, ഏറെ ദൂരെയാണ് എസ്.എഫ്.ഐ.യുടെ രാഷ്ട്രീയം എന്ന പ്രഖ്യാപനം.’

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ദീപാഞ്ജലി എന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയെ സാനുവിന് പരിചയമില്ലാതിരിക്കാന്‍ വഴിയില്ല. ഡിസംബര്‍ 18 മുതല്‍ സര്‍വകലാശാല കാമ്പസിലെ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ് ദീപാഞ്ജലി. കൂടെ ഏതാനും സഹപാഠികളുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്കെതിരില്‍ ജാതിയധിക്ഷേപത്തിനും തെറിയഭിഷേകങ്ങള്‍ക്കും നേതൃത്വം കൊടുത്ത എസ് എഫ് ഐ നിയന്ത്രണത്തിലുള്ള AKRSA ( ഓള്‍ കേരള റിസര്‍ച് സ്‌കോളേഴ്സ് അസ്സോസിയേഷന്‍) പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരില്‍ പരാതി കൊടുത്തിട്ടും യൂണിവേഴ്സിറ്റി അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാരില്‍ നിന്നും സ്‌റ്റൈപ്പന്‍ഡ് വാങ്ങി പഠിക്കുന്ന പട്ടികള്‍ എന്നാണു ഈ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനികളുടെ മുഖത്ത് നോക്കി എസ് എഫ് ഐ സഖാക്കള്‍ തെറി വിളിച്ചത്. തീര്‍ന്നില്ല, അവരുടെ ആര്‍ത്തവത്തെ സംബന്ധിച്ചാണ് അടുത്ത പരാമര്‍ശം. തെറി വിളികള്‍ക്കും ജാതിയധിക്ഷേപങ്ങള്‍ക്കും നേതൃത്വം കൊടുത്തതാവട്ടെ, മുന്‍ യൂണിയന്‍ ഭാരവാഹിയും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളുമൊക്കെയാണ്. യൂണിവേഴ്സിറ്റി അധികൃതരോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് അവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലയളവ് മുതലായ കാര്യങ്ങളില്‍ വ്യക്തതയില്ലാത്ത അഴകൊഴമ്പന്‍ സസ്‌പെന്‍ഷനാണെന്ന് മാത്രം. അതു കൊണ്ട് തന്നെ വെര്‍ബല്‍ അബ്യുസിംഗിന് നേതൃത്വം കൊടുത്ത എസ് എഫ് ഐ ക്കാര്‍ ഇന്നും കാമ്പസില്‍ നിര്‍ബാധം വിഹരിക്കുകയാണ്.

എസ് എഫ് ഐ യുടെ ദലിത് – സ്ത്രീ വിരുദ്ധതയെ സംബന്ധിച്ചു മുന്‍പും കേരളത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ സല്‍വ അബ്ദുല്‍ഖാദര്‍ തനിക്ക് കോളേജിലെ എസ് എഫ് ഐയില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളെ സംബന്ധിച്ച് സംസാരിച്ചിരുന്നു. തലശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് കാമ്പസിലെ സോഫി എന്ന വിദ്യാര്‍ത്ഥിനിയുടെ പല്ലിടിച്ചിളക്കിയാണ് അവിടെ എസ് എഫ് ഐ അവരുടെ ആണധികാരം നടപ്പിലാക്കിയത്. സോഫി ഇന്ന് പോലീസ് സംരക്ഷണത്തിലാണ് കോളേജിലേക്ക് പോകുന്നത്. കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ ആതിരയും ആത്മജയും സമീപകാലത്തു എസ് എഫ് ഐയുടെ പൊളിറ്റിക്കല്‍ പൊലീസിംഗിന് വിധേയരായ വിദ്യാര്‍ത്ഥിനികളാണ്. നാട്ടകം സംഭവത്തെ തുടര്‍ന്ന് എസ് എഫ് ഐയില്‍ നിന്നുള്ള തന്റെ അനുഭവങ്ങളെ മുന്‍ നിര്‍ത്തി ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക പ്രവീണ താളി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ‘എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍ ആവശ്യമുണ്ടെന്ന് ഈ സാഹചര്യത്തില്‍ തോന്നുന്നു. ഒന്നുകില്‍ എസ് എഫ് ഐ നിര്‍മ്മിച്ച് വച്ചിരിക്കുന്ന , പുരുഷാധിപത്യ സ്വഭാവവും ഭാഷാരീതികളും പിന്‍പറ്റി ഒപ്പം ഭാരതീയമൂല്യ്ങ്ങള്‍ പേറുന്ന സ്ത്രീ ശരീരങ്ങള്‍ ആവേണ്ടി വരിക, അല്ലെങ്കില്‍ അതിനു പുറത്തു കടന്നു ”പോക്ക് കേസുകള്‍” ആവുക എന്ന രണ്ട് ഓപ്ഷനാണ് സ്ത്രീകള്‍ക്ക് മുന്‍പില്‍ ഇവര്‍ തുറന്നിടുന്നത്.’

ഒരു ഭാഗത്തു മഹാരാജാസില്‍ ആര്‍ത്തവത്തെയും സ്ത്രീത്വത്തെയും കുറിച്ച് പോസ്റ്ററൊട്ടിക്കുകയും മറുഭാഗത്തു ആര്‍ത്തവം പറഞ്ഞു പരസ്യമായി സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്ന എസ് എഫ് ഐ യുടെ കാപട്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. മഹാരാജാസില്‍ തന്നെ രോഹിത് വെമുല പരിപാടി നടത്തിയ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു നീല്‍സലാമിനു രാഷ്ട്രീയ വ്യാഖ്യാനം നല്കിയവരാണ് എസ് എഫ് ഐ. സല്‍വയ്ക്കും സോഫിക്കും ആതിരയ്ക്കും ആത്മജക്കും ദീപാഞ്ജലിക്കും വേണ്ടി ഒരു ഫ്ളാഷ്‌മോബും ഇവിടെ നടത്തപ്പെടില്ല. സമ്പൂര്‍ണ്ണ വിദ്യാര്‍ത്ഥിനി പാനലൊക്കെ വെച്ച് ഇലക്ഷനില്‍ മത്സരിക്കുന്നവരുടെ വാചാടോപങ്ങള്‍ വളരെ സെലക്ടീവ് ആണെന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ്.

വാട്‌സ് ആപ് കുറിപ്പില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply