കാപട്യമേ, നിന്റെ പേരോ മലയാളിയെന്ന്……..
ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധരാണ് മലയാളികള്‍ എന്ന് നാം അഹങ്കരിക്കുന്നു. എന്നാല്‍ സത്യമതല്ല എന്ന് നാം അനുദിനം തെളിയിക്കുന്നു. അതിന് ഉപോല്‍ഫലകമായി ഇതാ ഒരു ലേഖനം. കഴിഞ്ഞ ദേശാഭിമാനി വാരികയില്‍ ഡോക്ടര്‍ എം ഷാജഹാന്‍ എഴുതിയ ‘കേരളം വിദേശത്തേക്ക്, ഇന്ത്യ കേരളത്തിലേക്ക്’ എന്ന ലേഖനമാണ് വിവക്ഷിക്കുന്നത്. കേരളത്തിലേക്കു വരുന്ന അന്യസംസ്ഥാന തൊഴിലാളികളും അവരുടെ കുടിയേറ്റം ഇവിടെയുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് ലേഖനത്തിന്റെ ചര്‍ച്ചാവിഷയം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം വന്‍തോതില്‍ കുടിയേറി വസിക്കുന്നവരാണ് മലയാളികള്‍ എന്നത് ലേഖനത്തില്‍ […]
ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധരാണ് മലയാളികള്‍ എന്ന് നാം അഹങ്കരിക്കുന്നു. എന്നാല്‍ സത്യമതല്ല എന്ന് നാം അനുദിനം തെളിയിക്കുന്നു. അതിന് ഉപോല്‍ഫലകമായി ഇതാ ഒരു ലേഖനം. കഴിഞ്ഞ ദേശാഭിമാനി വാരികയില്‍ ഡോക്ടര്‍ എം ഷാജഹാന്‍ എഴുതിയ ‘കേരളം വിദേശത്തേക്ക്, ഇന്ത്യ കേരളത്തിലേക്ക്’ എന്ന ലേഖനമാണ് വിവക്ഷിക്കുന്നത്.
കേരളത്തിലേക്കു വരുന്ന അന്യസംസ്ഥാന തൊഴിലാളികളും അവരുടെ കുടിയേറ്റം ഇവിടെയുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് ലേഖനത്തിന്റെ ചര്‍ച്ചാവിഷയം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം വന്‍തോതില്‍ കുടിയേറി വസിക്കുന്നവരാണ് മലയാളികള്‍ എന്നത് ലേഖനത്തില്‍ പരാമര്‍ശിക്കുമ്പോഴും അതെല്ലാം സൗകര്യപൂര്‍വ്വം മറന്നാണ് ഇദ്ദേഹം അന്യസംസ്ഥാനതൊവിലാളികളെ ആക്ഷേപിക്കുന്നത്.
മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിക്കുന്നവരാണ് അന്യസംസ്ഥാനക്കാര്‍ എന്ന വിശേഷണം ഇദ്ദേഹം ആരംഭത്തിലേ നല്‍കുന്നുണ്ട്. ഒന്നിലും പ്രതീക്ഷയര്‍പ്പിക്കാനില്ലാതെ, കിട്ടുന്നത് ഭക്ഷിച്ച് വെറുതെ കറങ്ങിനടക്കുന്നതു മാത്രമാണ് ജീവിതം എന്നു ധരിച്ചുവശായ ഒരു വലിയ ജനതതി തുല്യത, അഭിമാനം, ന്യായമായ കൂലി, മനുഷ്യനെന്ന പരിഗണന തുടങ്ങി രാത്രിയിലെ സ്വസ്ഥമായ ഉറക്കം പോലും ആദ്യമായി അനുഭവിക്കുകയാണത്രെ. ഇക്കാര്യത്തില്‍ പല സംസ്ഥാനത്തേക്കാള്‍ ഭേദമാണെങ്കിലും അവരെ നാം തുല്ല്യരായി കാണുന്നുണ്ടോ എന്നത് സ്വയം പരിശോധിക്കേണ്ടതാണ്. ലേഖനത്തില്‍ തന്നെ മറ്റൊരിടത്ത് അദ്ദേഹം തന്നെ ഇങ്ങനെ പറയുന്നു. ‘അന്യസംസ്ഥാനക്കാര്‍ കേരളത്തില്‍ സുഖമായൊന്നുമല്ല കഴിയുന്നത്. അവരുടെ ജീവിതസാഹചര്യങ്ങള്‍ ഏറ്റവും പരിതാപകരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ പോലും സേവനങ്ങളും ആനുകൂല്യങ്ങളും പലതും അവര്‍ക്ക് ലഭിക്കുന്നില്ല. റേഷന്‍ കാര്‍ഡ്, രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന തുടങ്ങിയ പദ്ധതികള്‍ അവര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കെട്ടിട ഉടമകള്‍ വലിയ വാടക വാങ്ങി അവരെ ചൂഷണം ചെയ്തിട്ട് ഷെഡുകളില്‍ കിടത്തിയുറക്കുന്നു. പൊതുസമൂഹം അവരെ പരിഗണിക്കുന്നില്ല. അന്യസംസ്ഥാനക്കാര്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ അവരെ വിശേഷിപ്പിക്കുന്നതിനെ തദ്ദേശസമൂഹം ചൂഷണത്തിന് ഒരു മറയാക്കുന്നു. കൂലിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ജോലിക്കിടയിലുള്ള അപകടങ്ങളെ ഇടനിലക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളിലും അതുവഴി നിയമസംവിധാനത്തിനു കീഴിലും കൊണ്ടുവരാതെ െ്രെപവറ്റ് ആശുപത്രികളില്‍ നാമമാത്രമായ ചികിത്സ നടത്തി ‘അഡ്ജസ്റ്റ്’ ചെയ്യുന്നു. അല്ലെങ്കില്‍ നാട്ടിലേക്ക് പറഞ്ഞയയ്ക്കുന്നു.’ ഇതൊക്കെയാണോ തുല്ല്യത.
അതുപോട്ടെ. അന്യസംസ്ഥാനക്കാരുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുമ്പോഴാണ് ലേഖകന്റെ ഉള്ളിലിരുപ്പ് പുറത്തുവരുന്നത്. കേരളത്തില്‍ സമീപഭാവിയില്‍ ഇവരൊരു കലാപം ഉണ്ടാക്കുമെന്ന് ഇദ്ദേഹം ഉറപ്പിക്കുന്നു. അതിനു ഉപോല്‍ഫലകമായി കാണിക്കുന്നതോ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം മൂലം ചില രാജ്യങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍. സൗദി, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുണ്ടായ പ്രശ്‌നങ്ങളാണ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറാന്‍ പോകുന്നവര്‍ സൃഷ്ടിക്കുക എന്ന് ഷാജഹാന്‍ പറയുന്നു. ഹാ കഷ്ടം. എന്നാല്‍ മലയാളികള്‍ മുംബൈയിലും ചെന്നൈയിലും ബാഗ്ലൂരിലും എന്നേ കലാപമുണ്ടാക്കിയേനെ.
‘അവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ സംഘബലം വര്‍ധിക്കുന്നതിനനുസരിച്ച് അവരില്‍ സംഘബോധവും അവകാശബോധവും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ട വാഞ്ഛയും വര്‍ധിച്ചുവരും. പരിതാപകരമായ ജീവിതസൗകര്യങ്ങള്‍, ചൂഷണാത്മകമായ കൂലിസമ്പ്രദായം, സാമൂഹ്യമായ അവഹേളനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ ചിതറിയ സമൂഹത്തെ ഏകീകരിപ്പിച്ചേക്കാം. പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ ആദ്യം ഒന്നിച്ച് ശബ്ദമുയര്‍ത്തുകയും പിന്നീട് പ്രക്ഷോഭം നടത്തുകയും ഒരു പരിധി കടന്നാല്‍ തദ്ദേശീയരുമായി ഏറ്റുമുട്ടുകയും ചെയ്‌തേക്കാം’. എന്നാണ് ലേഖകന്‍ ഭയപ്പെടുന്നത്. ആണെങ്കില്‍ തന്നെ അതിനുപരിഹാരം എന്താണ്?
‘അസം കലാപസമയത്ത് മലപ്പുറത്തുനിന്നും ബംഗളൂരുവില്‍നിന്നും ഉണ്ടായ ഭീഷണികളില്‍ ഭയന്ന് ആസ്സാമികള്‍ കൂട്ടത്തോടെ നാടുവിട്ടത് വരാനിരിക്കുന്ന ദുര്‍ദിനങ്ങളുടെ ഒരു സൂചനയായേക്കാം. ഹൈദരാബാദ്, പുണെ, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും ആ സമയത്ത് ആസാമികള്‍ കൂട്ടത്തോടെ പലായനം ചെയ്തു.’ ഇതു ശരിയാണെങ്കില്‍ അത്തരം പ്രവണതകളല്ലേ തടയടേണ്ടത്? പകരം ഇവിടെ ആരും വരരുതെന്നാണോ പറയേണ്ടത്?
ഷാജഹാന്റെ അടുത്ത ചിന്തകള്‍ നോക്കുക. ‘തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് െ്രെപമറി സ്‌കൂളില്‍ പത്ത് ഉത്തരേന്ത്യന്‍ കുട്ടികള്‍ ഇപ്പോഴേ പഠിക്കുന്നുണ്ട്. (പാടില്ലേ……?) സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മാതാപിതാക്കള്‍ അവരുടെ വിവാഹപ്രായമായ പെണ്‍കുട്ടികളെ അന്യസംസ്ഥാനക്കാര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ ഒട്ടും മടിക്കില്ല. (അതും പാടില്ലേ…?) പണം മാത്രം ലക്ഷ്യമിടുന്ന ഭൂമാഫിയ കേരളഭൂമിയുടെ കഷണങ്ങള്‍ അന്യസംസ്ഥാനക്കാര്‍ക്ക് വില്‍ക്കാനും തയ്യാറാകും. (അതില്‍ തെറ്റുണ്ടോ? മലയാളികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ ഭൂമിയില്ലേ?)
അന്യസംസ്ഥാനക്കാര്‍ കുറ്റവാളികളാണെന്നു സ്ഥാപിക്കാന്‍ കുറ ഉദാഹരണങ്ങള്‍ ഷാജഹാന്‍ പറയുന്നുണ്ട്. ഇന്ന് എവിടേയും നടക്കുന്ന ചില കാര്യങ്ങള്‍. മലയാളികളും പുറത്തുപോയി ചെയ്യുന്നവ തന്നെ. ഷാജഹാന്റെ ഭാഷ നോക്കുക. ‘ഇറക്കുമതി ചെയ്യപ്പെടുന്ന ക്രിമിനല്‍ സ്വഭാവങ്ങള്‍ കടയടച്ച് വീട്ടില്‍ പോവുകയായിരുന്ന വ്യാപാരിയെ മഞ്ചേരി പാണ്ടിക്കാട്ടുവച്ച് കഴുത്തറുത്തുകൊന്ന കല്‍ക്കത്താ സഹോദരന്മാരും സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ട്രെയിനില്‍ ഗൃഹനാഥന്റെ കഴുത്തറുത്ത ഒറീസക്കാരനും പരസ്പരം കഴുത്തറുക്കുന്ന ബീഹാറികളും ഇവിടെ അരാജകത്വത്തിന്റെയും ചോരക്കളിയുടെയും പുത്തന്‍ ആശയങ്ങള്‍ വിതയ്ക്കുകയാണ്. പാന്‍, ഹാന്‍സ്, കഞ്ചാവ്, ചരസ്, മരിജുവാന തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ പറ്റിയ സ്ഥലമായി അവര്‍ കേരളത്തെ കണക്കാക്കുന്നു. കേരളത്തില്‍നിന്ന് പടികടന്ന ബീഡിവലിയും ബീഡി തെറുപ്പും ബംഗാളികള്‍ ഇവിടെ പുനഃസ്ഥാപിച്ചുകഴിഞ്ഞു. റൗഡി വേഷങ്ങളും മുറുക്കിത്തുപ്പലും ലോറിയില്‍ മനുഷ്യരെ അട്ടിയിട്ട് കൊണ്ടുപോവലും ഒരു കലയാക്കി ഇവിടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ മലയാളി എല്ലാം കണ്ടുപഠിക്കുകയാണ്. പീടികത്തിണ്ണയില്‍ സൊറ പറഞ്ഞും മൊബൈലില്‍ ഞെക്കിയും ഇരിക്കുന്ന അലസമലയാളി യുവാവ് ഇതിലെല്ലാം പെട്ടെന്ന് ആകൃഷ്ടനാവുന്നു.’ കഴിഞ്ഞില്ല ഡോക്ടറുടെ വിഷമം. ‘അന്യസംസ്ഥാനങ്ങളിലെ താഴേക്കിടയിലുള്ളവരും ആദിവാസികളും വനവാസികളുമെല്ലാമാണല്ലോ ഇങ്ങോട്ടു കടക്കുന്നത്. ഇവിടുത്തെ സാംസ്‌കാരികാന്തരീക്ഷത്തില്‍ കലര്‍ത്താന്‍ അവര്‍ കൊണ്ടുവന്നിരിക്കുന്ന മസാലക്കൂട്ടുകള്‍ അത്ര നല്ലതൊന്നുമല്ല. സാംസ്‌കാരിക സങ്കലനത്തിന്റെ ഗുണഫലങ്ങളല്ല സൃഷ്ടിക്കപ്പെടുന്നതെന്നര്‍ഥം. ഉദ്യോഗസ്ഥരായ മലയാളി യുവതികള്‍ക്ക് നിര്‍ഭയരായി പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത സ്ഥിതിപോലും സംജാതമാവും’ ഇദ്ദേഹം എവിടെയാണാവോ ജീവിക്കുന്നത്?
ചിക്കുന്‍ഗുനിയ, ഡെങ്കി, മലമ്പനി, കൈകാല്‍ നാവു രോഗം, തക്കാളിപ്പനി തുടങ്ങി കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാതിരുന്ന രോഗങ്ങള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അന്യസംസ്ഥാനക്കാരുടെ വരവിനു ശേഷമാണെന്നും എംബിബിഎസ് പഠിക്കാത്ത ഈ ഡോക്ടര്‍ കണ്ടെത്തുന്നു. . ‘ആരോഗ്യവകുപ്പ് പണിപ്പെട്ട് നേടിയെടുത്ത കേരള മോഡല്‍ ആരോഗ്യം എന്നത് കേരളത്തിനു നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇനി ആരോഗ്യ പ്രവര്‍ത്തകര്‍ തലകുത്തിനിന്ന് ശ്രമിച്ചാലും രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ നിലവിലുള്ള ഒരു ശക്തമായ സ്‌ക്രീനിംഗ് സംവിധാനം പോലും ഇവിടെ വിജയിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കേരളം മാത്രം അങ്ങനെ സുഖിക്കേണ്ട എന്ന രീതിയിലാണ് രോഗങ്ങളുടെ ഈ കടന്നുകയറ്റം.’ ഇനി ഇദ്ദേഹത്തിന്റെ സദാചാരബോധം. ‘വിദേശ രാജ്യങ്ങളിലെ മലയാളിയെ പോലെത്തന്നെ ഏകാന്തതയും വിഷാദവും അകറ്റാന്‍ അന്യസംസ്ഥാനക്കാരനും ലൈംഗിക തൊഴിലാളികളെ സമീപിക്കാന്‍ സാധ്യതയുണ്ട്. മലയാളി ലൈംഗിക തൊഴിലാളികളെ സമീപിക്കാനുള്ള വിമുഖത മൂലവും ഇവിടുത്തെ സദാചാര കടുംപിടുത്തം മൂലവും അവരവരുടെ സംസ്ഥാനങ്ങളില്‍നിന്നുള്ള ലൈംഗിക തൊഴിലാളികളെയും അവര്‍ കേരളത്തിലെത്തിക്കും.’
സംസ്ഥാനത്തിന്റെ പുരോഗമനത്തിന് ഉപയുക്തമാവേണ്ട ഇരുപതിനായിരം കോടിയോളം രൂപ ഓരോ വര്‍ഷവും നഷ്ടപ്പെടുന്നതായും ഷാജഹാന്‍ വിലപിക്കുന്നു. ഗള്‍ഫ് പണം കുറയുമ്പോള്‍ സ്വന്തം ജനതയെക്കൂടാതെ മറ്റൊരു വലിയ സമൂഹത്തെക്കൂടി തീറ്റിപ്പോറ്റേണ്ട ഭാരം കൂടി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ വന്നുകൂടുമെന്നും ഇദ്ദേം ആശങ്കപ്പെടുന്നു. ഇവിടെ തൊഴിലവസരം കുറഞ്ഞാല്‍ അവര്‍ മടങ്ങുമെന്ന് ആര്‍ക്കാണറിയാത്തത്?
ഇനി ലേഖകന്റെ നിര്‍ദേശങ്ങള്‍ നോക്കുക. പുറത്തുപോകുന്ന മലയാളികള്‍ക്കുമുന്നില്‍ ഈ ആവശ്യങ്ങള്‍ വന്നാല്‍ എങ്ങനെ നാം പ്രതികരിക്കും എന്നുകൂടി ആലോചിച്ച് ഇത് വായിക്കുക.
1). ഐഡന്റിറ്റി കാര്‍ഡ്: ഓരോ പഞ്ചായത്തിലും എത്തിച്ചേരുന്ന അന്യസംസ്ഥാനക്കാര്‍ അതതു പഞ്ചായത്തില്‍ എല്ലാ വിവരങ്ങളും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യണം എന്ന നിബന്ധന വയ്ക്കുക. ഐഡന്റിറ്റി കാര്‍ഡ് നല്‍കുകയുമാവാം. നിയമാനുസൃത ഐഡന്റിറ്റി കാര്‍ഡുള്ളവരെ മാത്രമേ ജോലിക്ക് നിയമിക്കാനും കെട്ടിടങ്ങളില്‍ താമസിക്കാനും അനുവദിക്കാവൂ. എല്ലാ വര്‍ഷവും കാര്‍ഡ് പുതുക്കണം.
2). ഹെല്‍ത്ത് കാര്‍ഡ്: ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചെക്കപ്പ് ചെയ്തശേഷം ഹെല്‍ത്ത് കാര്‍ഡ് നല്‍കാം. ഇത് ആറുമാസം കൂടുമ്പോള്‍ പുതുക്കണം.
3). ഗ്രീന്‍ കാര്‍ഡ്: ഒരു നിശ്ചിത കാലപരിധിക്കുള്ളില്‍ 510 വര്‍ഷം നിയമാനുസൃത ജീവിതം നയിക്കുകയും പൊലീസ് കേസുകളില്‍ പെടാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് പൊലീസ് അധികാരികള്‍ ഗ്രീന്‍ കാര്‍ഡ് നല്‍കാം. ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കു മാത്രം വിവാഹം, ഭൂമി ക്രയവിക്രയം, സ്വന്തം സ്ഥാപനം തുടങ്ങല്‍ എന്നിവ അനുവദിക്കാവുന്നതാണ്.
4). അന്തര്‍ സംസ്ഥാന രജിസ്റ്റര്‍ സൂക്ഷിക്കല്‍: ഓരോ സംസ്ഥാനത്തുനിന്നും പുറത്തുപോയവരുടെയും വന്നവരുടെയും രജിസ്റ്റര്‍ സംസ്ഥാനങ്ങള്‍ സൂക്ഷിക്കേണ്ടതാണെന്ന ഒരു കേന്ദ്ര നിയമം നടപ്പില്‍ വരുത്തുക.
5). തദ്ദേശീയരായ ചെറുപ്പക്കാരെ തൊഴില്‍ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കുക.
ഒരു പിഎച്ച്ഡിക്കാരന്‍ എഴുതിയ ലേഖനം എന്ന് കരുതി നമുക്കിത് തള്ളിക്കളയാമായിരുന്നു. ഷാജഹാന്‍ ഇതൊക്കെ പറയുന്നത് ദേശാഭിമാനിയിലാണെന്നതാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. പലപ്പോഴും നമ്മുടെ തെരുവുകളില്‍ കേള്‍ക്കുന്ന വാദങ്ങളുമാണിവ. അതാണ് പ്രബുദ്ധനും സാക്ഷരനുമായ മലയാളി……..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in