കാനം നേതൃത്വമേല്‍ക്കുമ്പോള്‍

ട്രേഡ് യൂണിയന്‍ നേതാവും ദേശീയ നിര്‍വാഹക സമിതിയംഗവുമായ കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സ്വാഭാവികം മാത്രം. ഒരു ഘട്ടത്തില്‍ കെ ഇ ഇസ്‌മെയില്‍ രംഗത്തുവന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. നിലവില്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയാണ് കാനം രാജേന്ദ്രന്‍. സി.കെ ചന്ദ്രപ്പന്റെ മരണശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായി കാനം രാജേന്ദ്രനും സി. ദിവാകരനും മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍, കാനം പിന്മാറുകയും സമവായ സ്ഥാനാര്‍ഥിയായി പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുകയുമായിരുന്നു. അതിനാല്‍ ഇത്തവണ സെക്രട്ടറി പദവിയില്‍ കാനത്തിന് മുന്‍ഗണന […]

Kanam-Rajendran-(1)

ട്രേഡ് യൂണിയന്‍ നേതാവും ദേശീയ നിര്‍വാഹക സമിതിയംഗവുമായ കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സ്വാഭാവികം മാത്രം. ഒരു ഘട്ടത്തില്‍ കെ ഇ ഇസ്‌മെയില്‍ രംഗത്തുവന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. നിലവില്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയാണ് കാനം രാജേന്ദ്രന്‍.
സി.കെ ചന്ദ്രപ്പന്റെ മരണശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായി കാനം രാജേന്ദ്രനും സി. ദിവാകരനും മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍, കാനം പിന്മാറുകയും സമവായ സ്ഥാനാര്‍ഥിയായി പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുകയുമായിരുന്നു. അതിനാല്‍ ഇത്തവണ സെക്രട്ടറി പദവിയില്‍ കാനത്തിന് മുന്‍ഗണന നല്‍കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. അതംഗീകരിക്കപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്നത് ലോകത്തെ ഏറ്റവും വലിയ പാപമായി കാണുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലല്ലോ. ജനാധിപത്യപരമായ തെരഞ്ഞെടുപ്പെന്നാല്‍ വിഭാഗീയത എന്നാണല്ലോ അവര്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥം. കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷ അങ്ങനെ തകര്‍ന്നു.
എന്തായാലും കാനത്തിന്റെ വരവിനെ ആകാംക്ഷയോടെയാണ് കേരള രാഷ്ട്രീയം നോക്കികാണുന്നത്. സി.പി.ഐ.യുടെ ആഭ്യന്തരരാഷ്ട്രീയത്തിലും ഇടതുമുന്നണിയിലും കേരള രാഷ്ട്രീയത്തിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉറപ്പാണ്.
ഏറെ കാലമായി സിപിഐയുടെ നിലനില്‍പ്പ് സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുമാത്രമാണ്. അസംതൃപ്തരായ അണികളെ പിടിച്ചുനിര്‍ത്താന്‍ നേതൃത്വം കണ്ട മാര്‍ഗ്ഗമാണത്. അതിനുള്ള അവസരങ്ങള്‍ സിപിഎം സൃഷ്ടിക്കുന്നു എന്നത് വേറെ കാര്യം. അഡ്ജസ്റ്റ്‌മെന്റ് സമരവും മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും സിപിഐ ഇപ്പോഴും പറയുന്നത് അവസാനത്തെ ഉദാഹരണങ്ങള്‍ മാത്രം. ആ സംഭവങ്ങളുടെ രാഷ്ട്രീയ നേട്ടം ഉണ്ടായത് സിപിഐക്കുതന്നെയാണ്. പ്രത്യകിച്ച് മാണി ബാര്‍കോഴ ആരോപണത്തില്‍ പെട്ടതോടെ തങ്ങളാണ് ശരിയെന്ന് സ്ഥാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പക്ഷെ കേരളത്തില്‍ വലിയ വലിയ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്ന സിപിഎമ്മിനു അത്തരം പല അഡ്ജസ്റ്റ്‌മെന്റുകളും വേണ്ടിവരും. ആകെയുള്ള പ്രതീക്ഷ കേരളമാണല്ലോ. മാത്രമല്ല എത്രയോ കാലമായി വിഎസ് എന്ന ഒറ്റമനുഷ്യനെ കേന്ദ്രീകരിച്ചാണല്ലോ അവരുടെ രാഷ്ട്രീയം. ഓരോ പരിപാടിയേയും വിഎസ് എങ്ങനെ നോക്കികാണുമെന്നാണ് അവരുടെ ആശങ്ക. സുധീരനേക്കാള്‍, ഉമ്മന്‍ ചാണ്ടിയേക്കാള്‍, ചെന്നിത്തലയേക്കാള്‍ ഭയം അവര്‍ക്ക് വിഎസിനെയാണ്. സിപിഐയാകട്ടെ വിഎസിനെ എന്നും പിന്തുണച്ചുവന്നു. വിഎസ് എന്ന ഒറ്റവിഷയത്തില്‍ സിപിഎം സംസ്ഥനസമ്മേളനം കെട്ടിയിടപ്പെട്ടശേഷവും തങ്ങളുടെ സമ്മേളനത്തിലേക്ക് അവര്‍ വിഎസിനെ ക്ഷണിച്ചു. അദ്ദേഹം പങ്കെടുത്തു. വിഎസിന്റെ പിന്തുണയോടെ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്നതിനേക്കാള്‍ രൂക്ഷമായാണ് സിപിഐ, സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ഇതൊക്കെയാണല്ലോ എത്രമാത്രം മോശപ്പെട്ട അവസ്ഥയിലെത്തിയിട്ടും കൊടിവെച്ച കാറില്‍ ഒട്ടും ഉളുപ്പില്ലാതെ പറക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കരുത്ത് നല്‍കുന്നത്.
എല്‍.ഡി.എഫിലെ പാളിച്ചകളുെടയും പ്രശ്‌നങ്ങളുെടയും മൊത്തം ഉത്തരവാദിത്വം സി.പി.എമ്മിനുമേല്‍ ചാരുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട് തന്നെയാണ് സി.പി.ഐ. സംസ്ഥാനസമ്മേളനം അംഗീകരിച്ചത്. മറുവശത്ത് സിപിഎം അങ്ങനെയാണെങ്കില്‍ അതിനെ മറികടക്കാന്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് കഴിയുന്നില്ല എന്ന പരിശോധന പോലുമില്ല. പരിശോധിച്ചിട്ട് കാര്യവുമില്ല. കാരണം അതിനുളള ആള്‍ബലമില്ല എന്നതുതന്നെ. മാണിക്കെതിരെ ആത്മാര്‍ത്ഥമായി സിപിഎം രംഗത്തിറങ്ങുന്നില്ലെങ്കില്‍ സിപിഐക്കാകാമല്ലോ. എന്നാല്‍ അതിനുള്ള കരുത്തില്ല എന്ന് സ്വയം നേതൃത്വത്തിനറിയാം. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയനിലപാടുകളുടെയും സമീപനങ്ങളുടെയും കാര്യത്തില്‍ സി.കെ. ചന്ദ്രപ്പന്റെ അനുയായിയായ കാനം നേതൃത്വത്തിലെത്തുന്നത്. ചന്ദ്രപ്പനായിരുന്നു സിപിഎമ്മിനെതിരായ ശക്തമായ കടന്നാക്രമണങ്ങള്‍ക്ക് തുടക്കും കുറിച്ചത്. കാനം അതിനെ കൂടുതല്‍ ശക്തമാക്കുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. മിതവാദിയായ ഇസ്‌മെയില്‍ രംഗത്തുവന്നതുതന്നെ സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരമായിരുന്നു എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന് സ്വാഭാവികമായും താല്‍പ്പര്യം കാനത്തോടുമായിരുന്നു.
ഇടതുമുന്നണിയില്‍ രണ്ടാംകക്ഷിയാണെങ്കിലും ആശയപരമായി സി.പി.എമ്മിന്റെ മേധാവിത്വം അംഗീകരിച്ചുനല്‍കാന്‍ സിപിഐ തയ്യാറല്ല. ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായാണ് സി.പി.ഐ. സ്വയം വിലയിരുത്തുന്നത്. സ്വയം ശക്തിയാകാന്‍ സാധ്യതയുമില്ലല്ലോ. രസകരമായ വസ്തുത എന്താണെന്നുവെച്ചാല്‍ ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഐക്കു താല്‍പ്പര്യമില്ല എന്നതാണ്. പ്രതേകിച്ച് ലീഗിനേയോ കേരള കോണ്‍ഗ്രസ്സിനേയോ കൊണ്ടുവരാന്‍. കാരണം വ്യക്തം. രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്നതുതന്നെ. മാണിക്കെതിരായ വികാരത്തിന്റേയും അടിത്തറ അതുതന്നെ. സിപിഎമ്മിനാകട്ടെ ജനതാദള്‍, ആര്‍എസ്പി തുടങ്ങിയ ചെറുകക്ഷികള്‍ പോയാലും ലീഗിനേയോ കേരളകോണ്‍ഗ്രസ്സിനേയോ ആണ് താല്‍പ്പര്യം. സംസ്ഥാന സെക്രട്ടറി സ്ഥാനമേല്‍ക്കുന്നതോടെ ഇടതുമുന്നണി യോഗങ്ങളില്‍ സി.പി.ഐ.യെ നയിക്കുക കാനം രാജേന്ദ്രനായിരിക്കും. അത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തെ വഷളാക്കും.
ഗുരുതരമായ മറ്റൊരു സാഹചര്യവും ഉയരാനിടയുണ്ട്. കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തിന്റെ വിഷയത്തിലാണത്. കോണ്‍ഗ്രസ്സിനോട് മൃദുസമീപനം തന്നൊണ് കാനത്തിന്റെതെന്നതില്‍ സംശയമില്ല. കാനം സെക്രട്ടറിയായതോടെ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ് താനും. അഖിലേന്ത്യാതലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി ഐക്യപ്പെടണമെന്ന നയമാണ് കാനത്തിന്റേത്. പൊതുവില്‍ സിപിഐക്കും ആ നയമുണ്ട്. സിപിഎം തല്‍ക്കാലം ആ ദിശയില്‍ ചിന്തിക്കുന്നില്ല. ഈ വിഷയവും വരും ദിവസങ്ങളില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചയാകും. പ്രത്യകിച്ച് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സിപിഐ ഭരിച്ച 1970 മുതല്‍ 77 വരെയുള്ള കാലത്തെ കുറിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം ഇടക്കിടെ ആവര്‍ത്തിക്കുമ്പോള്‍. ആ കാലത്തെ കമ്യൂണിസ്റ്റ് ഭരണകാലമായി ഒരിക്കലും സിപിഎം അംഗീകരിച്ചിട്ടില്ല. അത്തരമൊരു സമീപനത്തിന്റെ ഭാഗമായി കേരളത്തിലും കോണ്‍ഗ്രസ്സിനെതിരെ അതിശക്തമായ നിലപാട് സിപിഐ സ്വീകരിക്കാനിടയില്ല. പക്ഷെ കേരളത്തില്‍ കോണ്‍ഗ്രസ്സിനോട് മൃദുസമീപനം സ്വീകരിച്ചാല്‍ വളരുക ബിജെപിയായിരിക്കും എന്ന് സിപിഎം മാത്രമല്ല, സിപിഐയിലെ തന്നെ ഒരു വിഭാഗവും ചൂണ്ടാകാട്ടുന്നു. കാനവും ആ നിലപാടിനു കീഴടങ്ങുമായിരിക്കാം. അപ്പോഴും ഇരുപാര്‍ട്ടികളിലേയും നേതൃമാറ്റവും തെരഞ്ഞെടുപ്പുകള്‍ ആസന്നമാകുന്നതുമെല്ലാം എല്‍ഡിഎഫിലും കേരള രാഷ്ടീയത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply