കാണേണ്ടത് ഞങ്ങളുടെ കണ്ണീര്‍, ബാറുടമകളുടേതല്ല
സ്‌ത്രീ കൂട്ടായ്‌മ, കൊടുങ്ങല്ലൂര്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവര്‍കള്‍ക്ക്, ഇത് ഞങ്ങള്‍ സ്‌ത്രീകളുടേയും കുട്ടികളുടേയും കണ്ണീരാണ്. ഇതങ്ങ് കാണാതെ പോകരുത്. മദ്യം നാട്ടില്‍ വിതയ്‌ക്കുന്ന ദുരന്തങ്ങളും, കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന വിഷമതകളും അറിയാത്ത ആളല്ല അങ്ങ്. ഇതിനൊരു പരിഹാരം അധികാരപ്പെട്ടവരില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിപ്പോകുകയാണ് നാളിതുവരെ ഉണ്ടായത്. ഓരോ തെരഞ്ഞെടുപ്പുവേളയിലും, പ്രകടനപത്രികകളിലൂടെ ഞങ്ങളെ വ്യാമോഹിപ്പിച്ച് അധികാരത്തിലേറുകയും തുടര്‍ന്ന് നിരാശപ്പെടുത്തും വിധം പിന്‍തിരിഞ്ഞ് നടക്കുകയും ചെയ്യുന്ന സമീപനം ദയവുചെയ്‌ത് ഇനിയും […]
സ്‌ത്രീ കൂട്ടായ്‌മ, കൊടുങ്ങല്ലൂര്‍
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവര്‍കള്‍ക്ക്,
ഇത് ഞങ്ങള്‍ സ്‌ത്രീകളുടേയും കുട്ടികളുടേയും കണ്ണീരാണ്. ഇതങ്ങ് കാണാതെ പോകരുത്.
മദ്യം നാട്ടില്‍ വിതയ്‌ക്കുന്ന ദുരന്തങ്ങളും, കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന വിഷമതകളും അറിയാത്ത ആളല്ല അങ്ങ്. ഇതിനൊരു പരിഹാരം അധികാരപ്പെട്ടവരില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിപ്പോകുകയാണ് നാളിതുവരെ ഉണ്ടായത്. ഓരോ തെരഞ്ഞെടുപ്പുവേളയിലും, പ്രകടനപത്രികകളിലൂടെ ഞങ്ങളെ വ്യാമോഹിപ്പിച്ച് അധികാരത്തിലേറുകയും തുടര്‍ന്ന് നിരാശപ്പെടുത്തും വിധം പിന്‍തിരിഞ്ഞ് നടക്കുകയും ചെയ്യുന്ന സമീപനം ദയവുചെയ്‌ത് ഇനിയും ആവര്‍ത്തിക്കരുത്.
കേരളത്തിലെ 418 ബാറുകള്‍ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവാരമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തുകയും, വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പരമോന്നത നീതിപീഠം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തിരിക്കുന്നു ഈ അവസരത്തില്‍, ഘട്ടം ഘട്ടമായ മദ്യനിരോധനത്തിലൂടെ മദ്യമുക്ത കേരളം എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഇതൊരു സുവര്‍ണ്ണാവസരമായി കാണേണ്ടതല്ലേ? ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകാതെ, എന്തിനുവേണ്ടിയാണ് ഈ വാദപ്രതിവാദങ്ങളും, കോലാഹലങ്ങളും ഉണ്ടാക്കുന്നതെന്ന് ഞങ്ങള്‍ക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. മദ്യത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ശക്തമായ ഈ ജനവികാരം താങ്കള്‍ കണ്ടില്ലെന്ന് നടിക്കരുത്. ഞങ്ങള്‍ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാന്‍ കൈവന്നിരിക്കുന്ന അവസരമാണ്. ദയവുചെയ്‌ത് ഇത് അങ്ങ് പാഴാക്കിക്കളയരുത്.
ഞങ്ങളുടെ വീടുകളിലെ പുരുഷന്മാരുടേയും, വളര്‍ന്നു വരുന്ന ചെറുപ്പക്കാരായ മക്കളുടേയും മദ്യപാനവും അതിനോടുള്ള ആസക്തിയും അനുദിനം ഭയാനകമാം വിധം വര്‍ദ്ധിക്കുകയാണ്. പകലന്തിയോളം പണിയെടുത്തു കിട്ടുന്നതു മുഴുവന്‍ അവര്‍ ബാറുകളില്‍ കളഞ്ഞു കുളിക്കുന്നു. പലപ്പോഴും കുടുംബാവശ്യങ്ങള്‍ക്കായി ഞങ്ങള്‍ക്ക് കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ടി വരികയും അവസാനം കടവും പലിശയും പെരുകി ഞങ്ങള്‍ ആ കടക്കെണിയില്‍ ആണ്ടുപോവുകയും ചെയ്യുന്നു. ഞങ്ങളില്‍ പലരും തൊഴിലുറപ്പു പദ്ധതിയില്‍ പണിക്കു പോകാന്‍ തുടങ്ങിയതോടെ കുടുംബത്തില്‍ തന്നിരുന്ന ‘നക്കാപ്പിച്ച’ പോലും ഇപ്പോള്‍ തരാതായിരിക്കുന്നു. പലപ്പോഴും ഇവര്‍ ഞങ്ങള്‍ക്ക് ഒരു തീരാബാദ്ധ്യതയായി മാറുകയാണ്. ബുദ്ധിമുട്ടി വളര്‍ത്തിക്കൊണ്ടു വരുന്ന മക്കള്‍ കുടുംബത്തിനു താങ്ങാകേണ്ട പ്രായത്തില്‍ അച്ഛന്റെ വഴി തെരഞ്ഞെടുക്കുന്നു. ആരോടാണ് ഞങ്ങള്‍ ഈ സങ്കടങ്ങള്‍ പറയേണ്ടത്?
കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ വീടുകളില്‍ ചെറിയ തോതില്‍ സമാധാനം കൈവന്നിട്ടുണ്ട്. ഇവരുടെ വലുതല്ലാത്ത സ്‌നേഹവും പരിലാളനയും ഞങ്ങളും മക്കളും തൊട്ടറിയുന്നു. നേരത്തിനു വീട്ടിലെത്തുകയും പണിയെടുത്തു കിട്ടുന്നതിന്റെ ഒരോഹരി വീട്ടിലെത്തിക്കുകയും ചെയ്യുന്നു. തിരിച്ചു പിടിക്കാനാവാത്ത വിധം നഷ്ടപ്പെട്ടുവെന്ന് കരുതിയത് അല്‍പ്പാല്‍പ്പമായി തിരിച്ചുകിട്ടിക്കൊണ്ടിരിക്കുന്നു എന്ന സന്തോഷത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ കുടുംബങ്ങളിലേക്ക് വന്നണയുന്ന ഈ സന്തോഷവും സമാധാനവും ദയവുചെയ്‌ത് മറ്റു പല കാരണങ്ങളും പറഞ്ഞ് അങ്ങ് ഊതിക്കെടുത്തരുത്. ജനങ്ങളാണ് എന്റെ ഊര്‍ജ്ജം എന്നു പറയുകയും അവര്‍ക്കു വേണ്ടി അഹോരാത്രം പണിയെടുക്കുകയും ചെയ്യുന്ന അങ്ങ് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കണം.
സ്‌ത്രീകളേയും, കുഞ്ഞുമക്കളേയും കണ്ണീരിലാഴ്‌ത്തിയിട്ട് ഒരു സര്‍ക്കാരിന് എത്ര നാള്‍ പിടിച്ചു നില്‍ക്കാനാവും? കുടിയന്മാരുടേയും മദ്യശാലകളുടേയും എണ്ണം വര്‍ദ്ധിപ്പിച്ചിട്ട് ഏതു നാടാണ് അഭിവൃദ്ധിപ്പെട്ടിട്ടുള്ളത്? ഏതു മുന്നണി കേരളം ഭരിച്ചാലും യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് മദ്യലോബിയാണ് എന്ന അവസ്ഥ വരരുത്. മദ്യ മുതലാളിമാര്‍ക്ക് നാട് തീറെഴുതി കൊടുക്കരുത്.
മദ്യം നാട്ടില്‍ നിര്‍ലോഭം ഒഴുകുകയാണ്. കിട്ടാനുള്ള എളുപ്പമാണ് ഇതിനു കാരണം. ജനനത്തിനും, മരണത്തിനും, കല്യാണത്തിനും, ചോറൂണിനും, പേരുവിളിക്കും വീടുവാര്‍ക്കലിനും, പാര്‍ക്കലിനും എല്ലാറ്റിനും മദ്യസേവ പ്രധാന ഘടകമായിക്കഴിഞ്ഞു. ഇതു കണ്ടു വളരുന്ന ഭാവി തലമുറയുടെ അവസ്ഥ എന്തായിരിക്കും? ഇപ്പോള്‍ സ്‌ത്രീകളും മദ്യപിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ആശങ്കയോടും പരിഹാസത്തോടും കൂടി സമൂഹം പറയുമ്പോള്‍ ഈ പോക്കു പോയാല്‍ അത് സാര്‍വ്വത്രികമാകാന്‍ അധികസമയം വേണ്ടി വരില്ലെന്ന് ഞങ്ങള്‍ അമ്മമാര്‍ ഭയപ്പെടുന്നു.
വീടും, നാടും, സംസ്‌കാരവും തകര്‍ക്കുന്ന ഈ മാരകവിഷം നിരോധിക്കുന്നതിന് മദ്യവിരോധം ജീവിതവ്രതമാക്കിയ ഗാന്ധിജിയുടെ ആളുകള്‍ അമാന്തിക്കുന്നത് എന്തിന്? അകാലത്തില്‍ വിധവകളാകുന്ന സ്‌ത്രീകളുടെ കണ്ണീരു കാണാതെ, വാഹനാപകടത്തില്‍ ജീവിതം പൊലിയുന്ന മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ വേദനയറിയാതെ, അത് കുടുംബങ്ങളില്‍ വിതയ്‌ക്കുന്ന ശൈഥില്യം, രോഗം, ദാരിദ്ര്യം എന്നിവ കാണാതെ, സമൂഹത്തില്‍ മൊത്തം വരുത്തുന്ന സാമ്പത്തികത്തകര്‍ച്ചയും സാംസ്‌കാരിക അപചയവും, ലൈംഗിക അരാജകത്വവും കാണാതെ നിങ്ങള്‍ക്ക് എത്ര നാള്‍ കൂടി പിടിച്ചു നില്‍ക്കാനാവും?
മദ്യത്തിനടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട്, അമ്മയേത്, സഹോദരിയേത്, ഭാര്യയേത്, മക്കളേത്, എന്ന് തിരിച്ചറിയാനാകാത്തവിധം മൃഗതുല്യനായി മാറിയ മനുഷ്യന്‍, അവന്‍ അവനറിയാതെ ചെയ്‌തുകൂട്ടുന്ന പറയാനും, കേള്‍ക്കാനും അറയ്‌ക്കുന്ന കഥകള്‍ ചിലതെങ്കിലും സാര്‍ കേട്ടേ മതിയാവൂ. മുഴുകുടിയനായ പോലീസുകാരനായ അച്ഛനില്‍ നിന്നും പെണ്‍മക്കളുടെ മാനം കാക്കാന്‍ അവരെ അയല്‍പക്കക്കാരെ ഏല്‍പിക്കുന്ന ടീച്ചറായ അമ്മ, കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഭര്‍ത്താവ് വീടെത്തിയാല്‍ അയാളുറങ്ങും വരെ പ്രായമായ മക്കളേയും കൊണ്ട് വീടിനു പുറത്ത് ഇരുളില്‍ അഭയം തേടുന്ന നിസ്സഹായയായ മാതാവ്. ഒറ്റമുറിയില്‍ മുതിര്‍ന്ന മക്കള്‍ കിടുറങ്ങുന്നതുപോലും പരിഗണിക്കാതെ സ്വബോധമില്ലാത്ത ഭര്‍ത്താവിനാല്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുന്ന ഭാര്യ, മകള്‍ ഗര്‍ഭിണിയായത് മകനില്‍ നിന്നാണെന്നറിഞ്ഞ് മനോനില തെറ്റിയ അമ്മ. ബുദ്ധിമാന്ദ്യമുള്ള തന്റെ പെണ്‍മക്കളെ നിരന്തരം പീഢിപ്പിക്കുന്ന അച്ഛന്‍. മകളുടെ വിവാഹത്തിന് ബുദ്ധിമുട്ടി സ്വരുക്കൂട്ടിയ സ്വര്‍ണ്ണവും പണവുമായി കടന്നുകളഞ്ഞ അച്ഛന്‍. മകളുടെ വിവാഹദിനത്തില്‍ ഭര്‍ത്താവിനെ മുറിയിലിട്ട് പൂട്ടിയ ഭാര്യ. ഇങ്ങനെ എത്രയെത്ര അനുഭവസാക്ഷ്യങ്ങള്‍.
ഞങ്ങള്‍ കൊടുങ്ങല്ലൂരിലെ അമ്മമാരെ സംബന്ധിച്ച് വേറെയും കഥകള്‍ പറയാനുണ്ട്. കാലങ്ങളായി ഇവിടെ നടമാടിയിരുന്ന അക്രമരാഷ്ട്രീയത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ ശ്രമിച്ച ഞങ്ങള്‍ എത്തിച്ചേര്‍ന്നത് യുവാക്കളില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യ ഉപയോഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലാണ്. അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാക്കപ്പെട്ട ചെറുപ്പക്കാരെല്ലാവരും തന്നെ ലഹരിക്കടിമപ്പെട്ടവരാണ്. അവസാനം നടന്ന പെരിഞ്ഞനം നവാസ് കൊലപാതകത്തിലെ പ്രതികളടക്കം ഈ പട്ടികയില്‍ പെടുന്നു. ഇതു കൊടുങ്ങല്ലൂരിന്റെ മാത്രം അവസ്ഥയല്ലെന്നും ഞങ്ങള്‍ക്കറിയാം.
ഇതിനേക്കാള്‍ നൊമ്പരപ്പെടുത്തുന്ന കഥകള്‍ കൃത്യമായ രേഖകളും കണക്കുകളും അടക്കം കൈവശമുള്ളവരാണ് നിങ്ങള്‍. എല്ലാം കണ്ടും കേട്ടുമറിഞ്ഞിട്ടും, ഈ മൗനം അല്ലെങ്കില്‍ ഈ നിസ്സംഗത ആര്‍ക്കു വേണ്ടിയാണ്? ഈ ജനാധിപത്യ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? ഭരണകൂടം മുന്നില്‍ കാണുന്നത് ആരെയാണ്? ഞങ്ങള്‍ക്കൊട്ടും മനസ്സിലാകുന്നില്ല.
മദ്യത്തില്‍ നിന്നു കിട്ടുന്ന വരുമാനം എത് ജനാധിപത്യത്തിനും സംസ്‌കാരത്തിനും നിരക്കാത്തതാണ്. ഈ വിഷം വിറ്റു കിട്ടുന്ന ലാഭത്തേക്കാള്‍ അതു സമൂഹത്തിനുണ്ടാക്കുന്ന ദുരന്തങ്ങള്‍ കൂടി കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത് എന്ന പ്രചരണം ശരിയല്ലെന്നും അതിനേക്കാള്‍ എത്രയോ ഇരട്ടി പണം മദ്യം വിതയ്‌ക്കുന്ന ദുരന്തങ്ങള്‍ക്ക് ചെലവാക്കുന്നുണ്ട് എന്നും കഴിഞ്ഞ ദിവസം അങ്ങ് പറഞ്ഞിരുന്നു. ഞങ്ങള്‍ അത് അവിശ്വസിക്കുന്നില്ല. പിന്നെന്തിനാണ് സാമൂഹ്യജീര്‍ണ്ണത സൃഷ്ടിക്കുന്ന, വരുമാനം നല്‍കാത്ത ഒരു വ്യവസായത്തെ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ പാടുപെടുന്നത്?
നെഞ്ചില്‍ നെരിപ്പോടുമായി ജീവിതം എണ്ണിത്തീര്‍ക്കുന്ന സ്‌ത്രീകളെ ഓര്‍ത്ത്, അവരുടെ സുരക്ഷിതത്ത്വത്തിനും സമാധാനത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് പതറാതെ മുന്നോട്ട് പോകാന്‍ താങ്കള്‍ തയ്യാറാകണം. അതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ അടഞ്ഞു കിടക്കുന്ന ഈ 418 ബാറുകള്‍ മേലില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. ബാറുകളില്‍ ഭക്ഷണത്തോടൊപ്പം മാത്രം മദ്യം വിളമ്പാന്‍ നിയമം അനുവദിക്കുമ്പോള്‍ നിലവാരമില്ലാത്ത മദ്യം കൗണ്ടറുകളിലൂടെ വില്‍പ്പന നടത്തി പാവങ്ങളെ പറ്റിക്കുന്ന ബാറുടമകളുടെ നടപടിയും അവസാനിപ്പിക്കണം. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ബിവറേജ് ഔട്ട് ലെറ്റുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തിക്കൊണ്ടു വരണം. വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നു എന്നതിനാല്‍ ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്നും, പുതിയതിന് ലൈസന്‍സ് നല്‍കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് നടപടിയെടുക്കാന്‍ തയ്യാറാകണം. ഓര്‍മ്മ വെച്ച നാള്‍മുതല്‍ ഞങ്ങള്‍ കേട്ടുതുടങ്ങിയ ഘട്ടം ഘട്ട’മായ മദ്യനിരോധനം എന്നത് പ്രാവര്‍ത്തികമാക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. മദ്യം നിരോധിച്ചാല്‍ വ്യാജനൊഴുകും എന്ന വാദഗതി ശരിയല്ല. എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെ കീഴില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ എന്തിനുള്ളവരാണ്? നിരോധനം പ്രയോഗികമല്ലന്നാകില്‍ കഞ്ചാവുപോലുള്ള മയക്കു മരുന്നുകള്‍ നിരോധിച്ചിരിക്കുന്നതെന്തിന്? അറിയാത്തതിനാല്‍ ചോദിച്ചു പോകുന്നതാണ്.
സദാചാര സീമകള്‍ ലംഘിക്കുന്ന, സമൂഹത്തിലെ എല്ലാ ദുരവസ്ഥകള്‍ക്കും അപചയങ്ങള്‍ക്കും കാരണം വര്‍ദ്ധിച്ചു വരുന്ന ഈ മദ്യാസക്തിയാണ്. ഇതിനു കടിഞ്ഞാണിടണമെങ്കില്‍ മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കണം. നാടു മുഴുവന്‍ ബാറുകളും ബിവറേജുകളും കള്ളുഷാപ്പുകളും അനുവദിച്ചുകൊണ്ട് മദ്യത്തിനെതിരെ ബോധവല്‍ക്കരണം നടത്തിയിട്ട് യാതൊരു കാര്യവുമില്ല. ഒരുവശത്ത് സര്‍ക്കാര്‍ തന്നെ കൊടുത്ത് കുടിപ്പിച്ചു കിടത്തിയിട്ട് മറുവശത്ത് ലഹരിമോചനകേന്ദ്രങ്ങളിലൂടെ ചികിത്സ നടത്തുതിന്റെ യുക്തി എന്താണ്? സര്‍ക്കാരിന്റെ ഇത്തരം ഭരണാഭാസങ്ങള്‍ ഞങ്ങളില്‍ ചിരിയാണുണര്‍ത്തുന്നത്. ഇതൊന്നും ഞങ്ങള്‍ പറഞ്ഞു തരേണ്ടതല്ലെന്ന് നന്നായി അറിയാം. എന്നാലും ഇനിയും നിശ്ശബ്ദരായിരിക്കാന്‍ ഞങ്ങള്‍ക്കെന്തവകാശമാണുള്ളത്?
സര്‍, നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ നാടിനെ, നശിച്ചുപോകുന്ന കുടുംബങ്ങളെ, വരും തലമുറയെ രക്ഷിക്കാന്‍ ഈ സമയത്ത് അങ്ങ് മാത്രം വിചാരിച്ചാല്‍ ആകും. കള്ളുകുടിയന്മാരേക്കാള്‍, ബാറിലെ തോഴിലാളികളേക്കാള്‍, ബാറുടമകളേക്കാള്‍ അങ്ങ് പരിഗണിക്കേണ്ടത് ഞങ്ങള്‍ സ്‌ത്രീകളേയും ഞങ്ങളുടെ കുട്ടികളേയുമാണ്. ഞങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളും തീരാത്ത നൊമ്പരങ്ങളുമാണ്.
കേരളത്തിലെ സ്‌ത്രീകളുടെ കണ്ണിലെ കത്തുന്ന പ്രതീക്ഷ അങ്ങു കാണാതിരിക്കില്ലെന്ന ഉറച്ച വിശ്വാസത്തോടെ നിര്‍ത്തുന്നു.
ആദരവോടെ,
കെ.എ. ആനന്ദവല്ലി ടീച്ചര്‍, നെജു ഇസ്‌മായില്‍, പുഷ്‌കല വേണുരാജ്, മിനി ശശികുമാര്‍, അനിത ടീച്ചര്‍, അംബുജം കെ.എസ്, അസ്‌മാബി റഹ്മത്തലി, പങ്കജം സഹജന്‍, ഐഷ ഫ്രാന്‍സിസ്, നെഫീസാ സഗീര്‍, കൊച്ചുമ്മാനി അബൂബക്കര്‍, നീനാ സൈമണ്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in