കളിയെഴുത്തോ ഗുമസ്തപ്പണിയോ?

സി.കെ ഹസന്‍കോയ സ്‌പോട്‌സ് ജേണലിസം എന്നാല്‍ വരേണ്യമായ ചില കായിക വിനോദങ്ങളെക്കുറിച്ചുള്ള ഈതിവീര്‍പ്പിച്ച റിപ്പോര്‍ട്ടുകളും സ്ഥിതി വിവരക്കണക്കുകളും ആണെന്ന ഒരു ധാരണ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ പ്രചരിച്ചിട്ടുണ്ട്. ഫുട്‌ബോള്‍, വോളിബോള്‍, ഹോക്കി തുടങ്ങിയ മത്സരങ്ങളുടെ അന്തരാഷ്ട്ര വാര്‍ത്തകള്‍ പോലും തമസ്‌കരിക്കപ്പെടുന്നു. പത്രങ്ങളുടേയും ചാനലുകളുടേയും ഡസ്‌കില്‍ പണിയെടുക്കുന്ന പുത്തന്‍കൂറ്റുകാര്‍ വാര്‍ത്താ ഏജന്‍സികള്‍ തുപ്പുന്ന നെടുങ്കന്‍ ക്രിക്കറ്റ് സ്തവങ്ങള്‍ക്കു നല്‍കുന്ന സ്ഥലം ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള ഫുട്‌ബോളിനു പോലും നല്‍കുന്നില്ല എന്നത് നഗ്നമായ യാഥാര്‍ഥ്യമാണ്. കോട്ടയം മഹാത്മാഗാന്ധി […]

download (1)

സി.കെ ഹസന്‍കോയ

സ്‌പോട്‌സ് ജേണലിസം എന്നാല്‍ വരേണ്യമായ ചില കായിക വിനോദങ്ങളെക്കുറിച്ചുള്ള ഈതിവീര്‍പ്പിച്ച റിപ്പോര്‍ട്ടുകളും സ്ഥിതി വിവരക്കണക്കുകളും ആണെന്ന ഒരു ധാരണ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ പ്രചരിച്ചിട്ടുണ്ട്. ഫുട്‌ബോള്‍, വോളിബോള്‍, ഹോക്കി തുടങ്ങിയ മത്സരങ്ങളുടെ അന്തരാഷ്ട്ര വാര്‍ത്തകള്‍ പോലും തമസ്‌കരിക്കപ്പെടുന്നു. പത്രങ്ങളുടേയും ചാനലുകളുടേയും ഡസ്‌കില്‍ പണിയെടുക്കുന്ന പുത്തന്‍കൂറ്റുകാര്‍ വാര്‍ത്താ ഏജന്‍സികള്‍ തുപ്പുന്ന നെടുങ്കന്‍ ക്രിക്കറ്റ് സ്തവങ്ങള്‍ക്കു നല്‍കുന്ന സ്ഥലം ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള ഫുട്‌ബോളിനു പോലും നല്‍കുന്നില്ല എന്നത് നഗ്നമായ യാഥാര്‍ഥ്യമാണ്. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഈയിടെ നടന്ന ദക്ഷിണ മേഖലാ ഇന്റര്‍വാഴ്‌സിറ്റി ഫുട്‌ബോളും തുടര്‍ന്നു നടന്ന അഖിലേന്ത്യാ ചാംപ്യന്‍ഷിപ്പും ചാനലുകള്‍ കണ്ടില്ലെന്നു നടിച്ചു. പത്രങ്ങളാണെങ്കില്‍ വാര്‍ത്ത കൊടുക്കാന്‍ ഫൈനല്‍ വരെ കാത്തു നിന്നു. സ്‌പോട്‌സിനായി പ്രതിവാര പരിപാടി നടത്തുന്ന ഒരു ചാനലിന്റെ റിപ്പോര്‍ട്ടര്‍ അതു വഴി വന്നപ്പോഴാകട്ടെ അസത്യങ്ങളുടെ കൂമ്പാരമാണ് കെട്ടഴിച്ചത്. ദക്ഷിണ മേഖലാ ചാപ്യന്‍ഷിപ്പിലും അഖിലേന്ത്യാ ചാംപ്യന്‍ഷിപ്പിലും ഒരു മത്സരവും തോല്‍ക്കാതെ ഫൈനലിലെത്തിയ ടീം ചുളുവില്‍ ദക്ഷിണ മേഖലാ ചാംപ്യന്‍ഷിപ്പ് ജയിച്ചു വന്നു എന്നും സ്‌കൂള്‍ നിലവാരത്തിലാണ് കളിക്കുന്നതെന്നുമൊക്കെ പറയാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം. കളികാണാന്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ഫ്‌ളഡ്‌ലിറ്റ് ഗ്രൗണ്ടിലെത്തിയ വന്‍ ജനാവലിക്ക് കണ്‍മുമ്പില്‍ കണ്ട സത്യവും ചാനല്‍ ലേഖകന്‍ കാച്ചിയ നിറം പിടിപ്പിച്ച നുണകളും നെല്ലും പതിരും പോലെ വ്യക്തമായി എന്നതാണ് ഇതുകൊണ്ടുണ്ടായ ഒരു നേട്ടം.
ഉജ്ജ്വലമായ ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ എം.ജി വാഴ്‌സിറ്റിയെ മൂന്നിനെതിരെ നാലു ഗോളിനു തോല്‍പ്പിച്ചു അഖിലേന്ത്യാ ചാംപ്യന്‍മാര്‍ക്കുള്ള സര്‍ അഷുതോഷ്മുഖര്‍ജി ഷീല്‍ഡു നേടിയ നേടിയ കാലിക്കറ്റ് ടീമിനു ചാനല്‍ ലേഖകന്‍ നല്‍കിയ സമ്മാനം അവിസ്മണീയമായി. അമ്പത്തിനാലു ഗോള്‍ സ്‌കോര്‍ ചെയ്യുകയും എഴെണ്ണം മാത്രം തിരിച്ചു വാങ്ങുകയും ഒരു മത്സരം പോലും തോല്‍ക്കാതെ ചാംപ്യന്‍ഷിപ്പില്‍ മുത്തമിടുകയും ചെയ്ത ടീമിനെക്കുറിച്ച് വസ്തുതാവിരുദ്ധമായ നെഗറ്റീവ് റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്യുക വഴി ചാനലുകളുടെ വിശ്വാസതയില്ലായ്മക്ക് അടിവരയിടുകയാണ് ഈ റീപ്പോര്‍ട്ടര്‍ ചെയ്തത്. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് ആരുടെയെങ്കിലും പ്രേരണക്കു വഴങ്ങി തയാറാക്കുന്ന ഏതു റിപ്പോര്‍ട്ടും ഇങ്ങിനെ ആയില്ലെങ്കിലേ അത്ഭുതമുള്ളു. പത്രങ്ങളില്‍ ചിലതു അവസാന റൗണ്ടില്‍ സിങ്കിള്‍ കോളം വാര്‍ത്ത നല്‍കാനുള്ള സൗമനസ്യം കാട്ടി. കാലിക്കറ്റ് കിരീടം നേടിയപ്പോഴാകട്ടെ ചിലര്‍ വലിയ പടങ്ങളും തട്ടിക്കൂട്ട് വാര്‍ത്തയും നല്‍കി. ചില മുഖ്യധാരാ പത്രങ്ങള്‍പോലും ഈ നിലപാടാണു സ്വീകരിച്ചത്. ഒന്നോ രണ്ടോ പത്രങ്ങളില്‍ മാത്രമാണ് കളിയുടെ വിശദാംശങ്ങള്‍ വന്നത്. കാലിക്കറ്റ് ദക്ഷിണ മേഖലാ ചാംപ്യന്‍മാര്‍ക്കുള്ള മാതൃഭൂമി ട്രോഫി നേടിയപ്പോള്‍ ജേതാക്കളായ കാലിക്കറ്റ് ടീം എന്ന അടിക്കുറിപ്പോടെ പ്രമുഖ പത്രങ്ങള്‍ നല്‍കിയത് രണ്ടാം സ്ഥാനക്കാരയ എം.ജി യൂനിവേഴ്‌സിറ്റി ടീമിന്റെ പടവും. എത്രമാത്രം ശ്രദ്ധയോടെയാണ് പത്രങ്ങള്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നത് എന്നതിന്റെ കൂടി ഉദാഹരണമായിത്തീര്‍ന്നു ഈ നടപടി. പിറ്റേന്നെങ്കിലും ഈ തെറ്റു തിരുത്താന്‍ ആരും തന്നെ തയാറായില്ല. അപ്രമാദിത്തമുള്ളവരാണല്ലോ മാധ്യമങ്ങള്‍. ചാനലുകളാകട്ടെ തീര്‍ത്തും നിസംഗത പാലിച്ചു.
മലയോര ടൗണായ മൂവാറ്റുപുഴ ഒരിക്കലും മറക്കാത്ത പോരാട്ടമായിരുന്നു ഫൈനലില്‍ നടന്നതെന്ന് അതിനു സാക്ഷ്യം വഹിച്ച കായിക പ്രേമികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. ഇത്രയും നാള്‍ ഈ ടൂര്‍ണമെന്റ് നമ്മുടെ മുറ്റത്തു നടന്നിട്ട് എന്തേ മാധ്യമങ്ങള്‍ കണ്ടില്ല എന്ന ചോദ്യം വായനക്കാരില്‍ നിന്ന് സ്വാഭാവികമായും ഉയര്‍ന്നു. നിലവിലുള്ള ജേതാക്കളായ പശ്ചിമബങ്കാളിലെ ബര്‍ദാന്‍ യൂനിവേഴ്‌സിറ്റിയെ തോല്‍പിച്ച എം.ജിയൂനിവേഴ്‌സിറ്റിയുടെ ഉജ്വല വിജയം പോലും വന്‍ അട്ടിമറിയായിരുന്നു. അതും വാര്‍ത്തയായില്ല. മാധ്യമങ്ങളുടെ അലംബാവം കാരണം കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി കേരള വാഴ്‌സിറ്റി അഖിലേന്ത്യാ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍കാണാതെ പുറത്തായ വിവരവും മലയാളികള്‍ അറിഞ്ഞതേയില്ല.
കൊടും തണുപ്പില്‍ പാട്യാലയില്‍ നടന്ന അന്തര്‍സര്‍വകലാശാലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സാമാന്യം നന്നായി റിപ്പോര്‍ട്ടു ചെയ്ത മുഖ്യ ധാരാ ചാനലിനുപോലും മൂവാറ്റുപുഴയില്‍ വന്‍ ജന പങ്കാളിത്തത്തോടെ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളെങ്കിലും റിപ്പോര്‍ട്ടു ചെയ്യേണ്ടതാണെന്നു തോന്നിയില്ല. ചാനലുകള്‍ ഭരിക്കുന്നവര്‍ കായിക പ്രേമം തൊട്ടു തീണ്ടാത്തവരാവാം. പക്ഷേ ന്യൂസ് എഡിറ്റര്‍മാരോ സ്‌പോട്‌സ് എഡിറ്റര്‍മാരോ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ? കായിക രംഗത്ത് നാം പിന്നോട്ടു കുതിക്കുന്നു എന്നു ഇടക്കിടെ ആര്‍ത്തു വിളിക്കുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് യുവ തലമുറയുടെ ഏറ്റവും പ്രധാനപ്പെട്ട കായിക മേളകള്‍ കണ്ടില്ലെന്നു നടിക്കുന്നത്? രാജ്യത്തെ യുവ ഫുട്‌ബോളര്‍മാരുടെ ഏറ്റവും വലിയ മത്സരമായിരുന്നില്ലേ എറണാകുളം ജില്ലയില്‍ നടന്നത്? വാര്‍ത്താ ഏജന്‍സിക്കാര്‍ അടിച്ചു വിടുന്ന ഗീര്‍വാണങ്ങള്‍ ചാരുകസേരയിലിരുന്ന് പരിഭാഷപ്പെടുത്തി വിടുന്നതുപോലെയല്ല കളിക്കളത്തിനരികെ പോയി അതു റിപ്പോര്‍ട്ടു ചെയ്യുന്നത്. കായിക രംഗത്തെ നമ്മുടെ മുന്നേറ്റം തടയുന്നതില്‍ അനങ്ങാപ്പിണ്ഡങ്ങളുടെ ഇത്തരം മാധ്യമപ്രവര്‍ത്തനത്തിനു കൂടി പങ്കുണ്ടെന്ന സത്യം ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ മനസിലാക്കിയാല്‍ കൊള്ളാം.
തുര്‍ക്കിയിലെ അങ്കാറയില്‍ രണ്ടുമാസം മുമ്പു നടന്ന ലോക യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനും (21 വയസില്‍ താഴെ)ഇതേ അനുഭവമുണ്ടായി. ആദ്യറൗണ്ടിലെ മികച്ച പ്രകടനത്തടെ പ്രീക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യന്‍ ടീം ജപ്പാനെതിരെ നേടിയ തകര്‍പ്പന്‍ ജയം ചരിത്രസംഭവമായിരുന്നു. ക്വാര്‍ട്ടറില്‍ റഷ്യയോടു തോറ്റു പുറത്തുപോയെങ്കിലും ഇന്ത്യന്‍ യുവനിര നമ്മുടെ വോളിബോള്‍ ചരിത്രത്തില്‍ സമാനതയില്ലാത്ത നേട്ടമാണ് കൈവരിച്ചത്. മലയാളിയായ ടി.പി നായരുടെ നേതൃത്വത്തില്‍ 1962ല്‍ ജകാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്ഥാനത്തിനും 58ല്‍ ടോക്കിയോവില്‍ നേടിയ വെങ്കല മെഡലിനും ശേഷം വോളിബോള്‍ പ്രേമികള്‍ എന്നുമോര്‍ക്കേണ്ടിയിരുന്ന ഈ സംഭവം നാട്ടില്‍ ഒരു കുഞ്ഞും അറിഞ്ഞില്ല. കാരണം ചാനലുകളോ പത്രങ്ങളോ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തില്ല. മലയാളിയായ മുന്‍ ഇന്റര്‍ നാഷനല്‍ ജോതിഷ് പരിശീലിപ്പിച്ച ടീം തുര്‍ക്കിയില്‍ ലോക ചാംപ്യന്‍ഷിപ്പുകളിക്കുന്ന കാര്യം പോലും എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഇതേക്കുറിച്ചന്വേഷിച്ചപ്പോള്‍ ഒരു ചാനല്‍ കാര്യദര്‍ശി ഡസ്‌കിലെ ഉത്തരവാദപ്പെട്ടവരെ ഉദ്ധരിച്ചു പറഞ്ഞത് ഏജന്‍സികള്‍ അങ്ങിനെ ഒരു വാര്‍ത്ത തന്നില്ലെന്നാണ്. എഫ്.ഐ.വി.ബി (ഫെഡറേഷന്‍ ഓഫ് ഇന്‍ര്‍നാഷനല്‍ വോളിബോള്‍)യുടെ സൈറ്റില്‍ ഓരോ മത്സത്തിന്റേയും വിശദ വിവരങ്ങളും ചിത്രങ്ങളും സ്‌കോര്‍ നിലയും ഉണ്ടായിരുന്നു. ആര്‍ക്കും തുറക്കാവുന്ന സൈറ്റാണിത്. പക്ഷേ ഇങ്ങിനെയൊരു ലോക ചാംപ്യന്‍ഷിപ്പ് നടക്കുന്നു എന്ന പ്രാഥമികമായ അറിവ് ബന്ധപ്പെട്ട സ്‌പോട്‌സ് എഡിറ്റര്‍ക്കുണ്ടാവണം എന്നു മാത്രം. സരിതയും ശാലുവും പി.സി ജോര്‍ജും അഴുകിയ രാഷ്ട്രീയ വിടുവായത്തങ്ങളും ചേര്‍ന്ന് മാധ്യമ സ്ഥലവും സമയവും പൂര്‍ണമായി കൈയടക്കുമ്പോള്‍ ബാക്കിയാവുന്ന സ്ഥലം മുഴുവന്‍ ക്രിക്കറ്റിനു പതിച്ചുനല്‍കിയാല്‍ പണി എളുപ്പം കഴിഞ്ഞു. മുഖ്യ കായിക വിനോദങ്ങളുടെയെങ്കിലും അന്തര്‍ദേശീയ സ്‌പോട്‌സ് കലണ്ടറിനെക്കുറിച്ച് സ്‌പോട്‌സ് എഡിറ്റര്‍മാര്‍ അറിയണം. എന്തും വിരല്‍തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് അറിയാതെ പോകുന്നു എന്നത് ഒരു ഒഴികഴിവല്ല.
വിംസിയും മുഷ്താഖും അബുവും രാജഗോപാലും യുദകുല കുമാറും ഗോപീകൃഷ്ണനും രവീന്ദ്രദാസും ഭാസി മലാപ്പറമ്പും വിനോദ് കുന്നരുവത്തും രവിമേനോനും ഒ.ഉസ്മാനുമൊക്കെ സ്‌പോട്‌സ് കൈകാര്യം ചെയ്തിരുന്ന കാലത്ത് ഇന്റര്‍നെറ്റ് പോയിട്ട് ഏജന്‍സി സൗകര്യം പോലും വേണ്ടതുപോലെ ഇല്ലായിരുന്നു. പക്ഷേ പ്രധാന മത്സരങ്ങള്‍ വിട്ടുപോവാതിരിക്കാനും ചുറ്റുവട്ടത്തുള്ളവ സത്യസന്ധമായി റിപ്പോര്‍ട്ടു ചെയ്യാനും അവര്‍ ശ്രദ്ധിച്ചു. ഈ പ്രതിബദ്ധത അവര്‍ക്ക് ജോലിയുടെ ഭാഗമായിരുന്നു. കായിക രംഗത്തോടും വായനക്കാരോടുമുള്ള കൂറാണ് പ്രധാനമായും അവരെ നയിച്ചിരുന്നത്. കളിയെഴുത്തിലൂടെ പേരും പ്രശസ്തിയും ലക്ഷ്യമാക്കുന്ന ഗിമ്മിക്കുകള്‍ക്ക് അവര്‍ തയാറായിരുന്നില്ല. ഇക്കാലത്ത് രണ്ടു ലേഖനം തികച്ചും എഴുതുന്നതിനു മുമ്പേ സ്വന്തം പടം കയറ്റി വിടാനാണ് എഴുത്തുകാരുടെ ശ്രമം. അവര്‍ പേജുകൂടി കൈകാര്യം ചെയ്യുന്നവരാണെങ്കില്‍ പറയുകയും വേണ്ട. നമ്മെ ഏല്‍പ്പിച്ച ജോലി സത്യസന്ധമായി ചെയ്യുന്നതിനു പകരം അത് മൈലേജിനായി ഉപയോഗിക്കുന്നത് വഞ്ചനയാണ്. അവനവനെ നിര്‍ലജ്ജം മുന്നോട്ടുന്തുന്നത് രാഷ്ട്രീയത്തിലും മറ്റും സര്‍വ സാധാരണമാണെങ്കിലും മാധ്യമരംഗത്ത് അത്ര സാധാരണമായിരുന്നില്ല. ഇപ്പോള്‍ പ്രയോജനവാദികളുടെ തള്ളിക്കയറ്റം ഈ രംഗത്തും സംഭവിച്ചിരിക്കുന്നു എന്നു പറയേണ്ടി വരുന്നു. വായനക്കാരോട് അഥവാ ദൃഷ്ടാവിനോടുള്ള പ്രാഥമികമായ ഉത്തരവാദിത്തം മറക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറ്റു മേഖലകളിലെ അനീതിയെക്കുറിച്ചു സംസാരിക്കാനുള്ള അര്‍ഹതയില്ല. ഞങ്ങള്‍ എന്തു തെമ്മാടിത്തവും ചെയ്യും നിങ്ങള്‍ അതിനെക്കുറിച്ചു പറയേണ്ടതില്ല എന്നു വായനക്കാരോട് പറയുന്നതിനു തുല്യമാണിത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇല്ലാതാകുന്നത് നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തന ശൈലി കൂടിയാണെന്ന് ബന്ധപ്പെട്ട ഓരോരുത്തരും മനസിലാക്കേണ്ട സമയം വൈകിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply