കളിക്ക് രാഷ്ട്രീയമുണ്ട്
കളിയില്‍ രാഷ്ട്രീയം അരുതെന്ന് പറയാറുണ്ട്. ലോകകപ്പിന്റെ മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ ഇസ്രായേലുമായി കളിക്കാന്‍ തയ്യാറാകാതിരുന്ന അര്‍ജന്റീന ടീമിന്റെ നിലപാടോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. ഇന്ത്യയിലും പാക്കിസ്താനിലും ക്രിക്കറ്റുമായി ബന്ധപ്പെട്ടു നടക്കുന്ന അനാവശ്യ തര്‍ക്കങ്ങളെ സംബന്ധിച്ചും പകയുടെ രാഷ്ടീയത്തിനായി കളിയെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും കളിയില്‍ രഷ്ട്രീയം വേണ്ട എന്ന പ്രസ്താവന ശരിയാകാം. എന്നാല്‍ അതല്ലാതേയും കളിയുടെ രാഷ്ട്രീയത്തിനു വലിയ ചരിത്രങ്ങളുണ്ട്. പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടങ്ങളില്‍ കളി, പ്രതേകിച്ച് പന്തുകളി വലിയ പങ്കു വഹിച്ചിട്ടുണ്ട്. […]
കളിയില്‍ രാഷ്ട്രീയം അരുതെന്ന് പറയാറുണ്ട്. ലോകകപ്പിന്റെ മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ ഇസ്രായേലുമായി കളിക്കാന്‍ തയ്യാറാകാതിരുന്ന അര്‍ജന്റീന ടീമിന്റെ നിലപാടോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. ഇന്ത്യയിലും പാക്കിസ്താനിലും ക്രിക്കറ്റുമായി ബന്ധപ്പെട്ടു നടക്കുന്ന അനാവശ്യ തര്‍ക്കങ്ങളെ സംബന്ധിച്ചും പകയുടെ രാഷ്ടീയത്തിനായി കളിയെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും കളിയില്‍ രഷ്ട്രീയം വേണ്ട എന്ന പ്രസ്താവന ശരിയാകാം. എന്നാല്‍ അതല്ലാതേയും കളിയുടെ രാഷ്ട്രീയത്തിനു വലിയ ചരിത്രങ്ങളുണ്ട്. പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടങ്ങളില്‍ കളി, പ്രതേകിച്ച് പന്തുകളി വലിയ പങ്കു വഹിച്ചിട്ടുണ്ട്. കൂടാതെ തമ്മിലടിക്കുന്ന രാഷ്ട്രങ്ങളെ അടുപ്പിക്കുന്നതിലും. തീര്‍ച്ചയായും മറ്റെല്ലാ മേഖലയേയും പോലെ കളിയിലും രാഷട്രീയമുണ്ട്. പാലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന നടപടിക്കെതിരായ അര്‍ജന്റീന ടീമിന്റെ തീരുമാനം ശരിയുമാണ്.
ലോക ഫുട്ബോളില്‍ അതിരൂക്ഷമായ വര്‍ണ്ണസമരം നടന്നിട്ടുണ്ടെന്നത് ചരിത്രമാണ്. ആ പോരാട്ടത്തില്‍ കറുത്തവരുടെ എത്രയോ കണ്ണീര്‍ കളിക്കളത്തില്‍ വീണിരിക്കുന്നു. ആഫ്രിക്കയില്‍ കുടിയേറി പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച യൂറോപ്പ് പകരം അവര്‍ക്കു നല്‍കിയ ഏക അനുഗ്രഹമായിരുന്നല്ലോ ഫുട്ബോള്‍. എന്നാല്‍ ആഫ്രിക്കയും കറുത്തവര്‍ മുഴുവനും ഫുട്ബോളില്‍ കണ്ടത് അവരുടെ അതിജീവനത്തിന്റേയും തൃഷ്ണകളുടേയും ലോകമായിരുന്നു. ലോകത്തെമ്പാടുമുള്ള കറുത്ത കളിക്കാര്‍ക്ക് പൊതുകളിസ്ഥലം പോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. ഏറ്റവും രൂക്ഷമായ രീതിയില്‍ വര്‍ണ്ണവിവേചനവും അതിനെതിരായ പോരാട്ടവും നടന്ന കായിക മേഖല ഫുട്ബോള്‍തന്നെ. നിരന്തരമായ അപമാനം സഹിച്ച് ആഫ്രിക്കന്‍ താരങ്ങള്‍ കളിക്കളങ്ങളില്‍ അടരാടിയപ്പോള്‍ അവരോട് കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചതും ലാറ്റിനമേരിക്കന്‍ ടീമുകളായിരുന്നു. യൂറോപ്യന്‍ ടീമുകളില്‍ നിന്നും കാണികളില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടിവന്ന അപമാനത്തിന്റെ കഥകള്‍ മറക്കാറായിട്ടില്ല. ലാറ്റിനമേരിക്കക്ക് എന്നും ഫുട്ബോള്‍ ജീവവായുവായിരുന്നു. അങ്ങനെയാണ് ഉറൂഗ്വെക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തിപിടിച്ച ആദ്യ കറുത്ത കളിക്കാരനായി വരേല മാറിയത്. തുടര്‍ന്നാണ് പെലെ വരെയെത്തിയ കറുത്തവരുടെ ഫുട്ബോള്‍ മുന്നേറ്റം ലോകം കണ്ടത്.
പിന്നീട് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്മാര്‍ കൂട്ടത്തോടെ കുടിയേറി. പിന്നാലെ് കറുത്തവര്‍ ധാരാളം യൂറോപ്പിലുമെത്തി. ഫ്രാന്‍സും ജര്‍മനിയും ഹോളണ്ടും ബല്‍ജിയവുമൊക്കെ കറുത്ത കളിക്കാരെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറായി. ലോകഭൂപടത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാനുള്ള ഉപാധിയായിട്ടായിരുന്നു നാസി ജര്‍മ്മനിയില്‍ ഫുട്ബോള്‍ വളര്‍ന്നത്. ഹിറ്റ്ലര്‍ അതിനായി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. ആ അടിത്തറ ഇന്നും ജര്‍മ്മനിക്കുണ്ട്.
ഇത്രയൊക്കെയായിട്ടും ഗ്രൗണ്ടിലെ വര്‍ണ്ണവെറി അവസാനിച്ചില്ല എന്നത് വേറെ കാര്യം. 2006ലെ സ്പാനിഷ് ലീഗില്‍ റിയല്‍സരഗോസ ബാര്‍സലോണയും കാമറൂണും കളിക്കുമ്പോള്‍ ഉണ്ടായ സംഭവം മറക്കാറായിട്ടില്ലല്ലോ.. കളി തീരാന്‍ 15 മിനിട്ടുള്ളപ്പോള്‍ കാമറൂണ്‍ സ്ട്രൈക്കര്‍ സാമുവല്‍ ഏറ്റുവിനെ വര്‍ണവെറി പൂണ്ട കാണിക്കൂട്ടങ്ങള്‍ അധിക്ഷേപിക്കാന്‍ തുടങ്ങുകയായിരുന്നു. സഹികെട്ട ഏറ്റു ഗ്രൗണ്ടില്‍നിന്നു തിരിഞ്ഞുനടന്നു. കാണികള്‍ അക്രമിച്ചത് എന്റെ നിറത്തെയാണ്, എന്റെ അഭിമാനത്തെയാണ് എന്നായിരുന്നു പിന്നീട് പത്രസമ്മേളനത്തില്‍ ഏറ്റു പറഞ്ഞത്. കാണികളുടെ മനുഷ്യകുരങ്ങെന്ന അധിക്ഷേപങ്ങള്‍ക്കിടയില്‍ സരഗോസയുടെ വലയിലേക്ക് ഗോളടിച്ച് കുരങ്ങനെപോലെതന്നെ നൃത്തംചയ്ത് ഏറ്റു കളിക്കളം വിട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഇന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകകായികരംഗത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. എങ്കില്‍ കൂടി വര്‍ണ്ണവിവേചനത്തിനെതിരെ പ്രതിജ്ഞയെടുത്ത് ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഇന്നു ലോകത്തെ ഏകീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു എന്നതാണ് ഇന്നു പ്രധാനം.
ഇന്നു ലോകത്തെ എല്ലാ ടീമുകളും ഇന്നു സങ്കരടീമുകളാണ്. യൂറോപ്പിലെ എല്ലാ ലീഗ് ടീമുകളിലും കറുത്തവരുണ്ട്. 1500 ഓളം ആഫ്രിക്കക്കാര്‍ യൂറോപ്പില്‍ പന്തു കളിച്ചു ജീവിക്കുന്നണ്ട്. ആഫ്രിക്കയിലെ അക്രയിലെ തെരുവുകളില്‍ കുട്ടികളോട് പന്തുകളിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നു. എന്തിനാണെന്നോ.. അവരെ കണ്ടെത്തുന്ന ഏതെങ്കിലും ഏജന്റ് അവര്‍ക്ക് മികച്ച കളിക്കുള്ള അവസരം ഉണ്ടാക്കികൊടുക്കും. അതില്‍ നിന്ന് മികച്ചവര്‍ യൂറോപ്യന്‍ ലീഗുകളിലെത്തും. പട്ടിണി കിടക്കാതെ ജീവിക്കാനൊരു മാര്‍ഗ്ഗം. അപൂര്‍വ്വം ദ്രോഗ്ബെമാര്‍ ലോകകപ്പാകുമ്പോള്‍ സ്വന്തം നാടിനുവേണ്ടി കളിക്കാനെത്തും… ആഫ്രിക്കന്‍ ടീമുകള്‍ ഇപ്പോഴും കപ്പിനടുത്തെത്തുന്നില്ല എന്നതു സത്യം. വെള്ളക്കാരെപോലെ ആക്രമോത്സുകതയുടെ കുറവും ലക്ഷ്യത്തിലേക്കു പ്രഹരിക്കാനുള്ള കഴിവുകുറവുമാണ് ആഫ്രിക്കന്‍ ടീമുകളുടെ ദൗര്‍ബ്ബല്ല്യം. ഒരുപക്ഷെ അതിനുകാരണം സഹസ്രാബ്ദങ്ങളായുള്ള അവരുടെ ജീവിതത്തിന്റെ കരുപിടിപ്പിക്കലായിരിക്കാം. വെള്ളയുടെ അക്രമോത്സുകതയും കറുപ്പിന്റെ ശാന്തതയും പുതിയ ഒരു കാര്യമല്ലല്ലോ. അപ്പോഴും ജോര്‍ജ് വിയ എന്ന ലോക ഫുട്ബോളര്‍ ലൈബീരിയന്‍ പ്രസിഡന്റിന്റെ പദത്തിലേയ്ക്ക് എത്തിയ ചരിത്രവുമുണ്ട്. ഏഷ്യയിലാകട്ടെ ഫുട്‌ബോള്‍ വലിയ ശക്തിയാകാത്തതിനു കാരണവും രാഷ്ട്രീയം തന്നെ. ഇന്ത്യക്കും പാക്കിസ്ഥാനും ലങ്കക്കും ബംഗ്ലാദേശിനുമൊക്കെ ബ്രിട്ടന്‍ സമ്മാനിച്ച ക്രിക്കറ്റുമായി കാലം കഴിക്കാം. അതാകട്ടെ പലപ്പോഴും ഈ രാഷ്ട്രങ്ങളുടെ ഭരണാധികാരികള്‍ പകയുടെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു.
ഫുട്ബോള്‍ ശൈലിയിലെ വേര്‍ത്തിരിവുകള്‍ക്ക് ഇന്ന് കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരു കാലത്ത് യൂറോപ്പിന് കരുത്തിന്റെ കളിയായിരുന്നു ഫുട്ബോള്‍. ജയിക്കുക എന്നതിനപ്പുറം കളിയുടെ മനോഹാരിതയൊന്നും അവര്‍ക്കൊരു പ്രശ്നമല്ല. മറുവശത്ത് ലാറ്റിനമേരിക്കക്കാര്‍ക്ക് കളി ജീവിതമായിരുന്നു, കവിതയായിരുന്നു, എല്ലാമായിരുന്നു. ലോകം ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ സ്നേഹിക്കാനുള്ള പ്രധാന കാരണവും അതുതന്നെ. പെലെയും മറഡോണയും ഉണ്ടാകാനുള്ള കാരണവും മറ്റെവെടിയേും തിരയേണ്ട. ലാറ്റിനമേരിക്കന്‍ ഫുട്ബോളില്‍ അര്‍ജന്റീനയും ബ്രസീലും ശത്രുക്കളായിരിക്കാം. എന്നാല്‍ ലോകത്തിനു മുന്നില്‍ അങ്ങനെയല്ല. തങ്ങളെ തോല്‍പ്പിച്ച ജര്‍മ്മനിയെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പെടുക്കണമെന്നാണ് മെസിയോട് കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അപേക്ഷിച്ചത് മറക്കാറായിട്ടില്ലല്ലോ.. ക്രിക്കറ്റില്‍ എവിടേയും പാക്കിസ്ഥാന്‍ തോല്‍ക്കണമെന്നാഗ്രഹിക്കുന്ന നമുക്കൊരു സന്ദേശം കൂടിയാണ് നെയ്മറുടെ വാക്കുകള്‍.
ഇന്ന് ലോകത്തെ പ്രധാന ടീമുകളിലെല്ലാം എല്ലാ രാജ്യക്കാരും കളിക്കുന്നു. അതോടെ ശൈലിയിലെ വ്യത്യാസവും ഏറെക്കുറെ ഇല്ലാതായി. നിര്‍ഭാഗ്യവശാല്‍ കരുത്തിന്റെ യൂറോപ്യന്‍ ശൈലിക്കാണ് പ്രചാരം കൂടിയത്. എങ്ങനേയും ജയിക്കുക എന്നതുമാത്രമായി കളിയുടെ ലക്ഷ്യം. കളിക്കളത്തില്‍ ഫൗളുകള്‍ കൂടുന്നതിന്റേയും കാരണം മറ്റെവിടേയും തിരയേണ്ടതില്ലല്ലോ.
തീര്‍ച്ചയായും ലോകത്ത് അതിര്‍ത്തികള്‍ ഇല്ലാതാകുന്ന കാലം എളുപ്പമല്ല എങ്കിലും അതിര്‍ത്തികളെ മറികടന്ന് ജനതകളെ അടുപ്പിക്കാന്‍ ഫുട്ബോള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. കളിക്ക് രാഷ്ട്രീയമുണ്ട്. ലോകഫുട്‌ബോളിന് പ്രതേകിച്ചും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in