കര്‍ദ്ദിനാളിന്റെ ഖേദപ്രകടനത്തോടെ അവസാനിപ്പിക്കേണ്ടതാണോ പ്രശ്‌നം?
പി ജെ ജെയിംസ് 59 ബിഷപ്പുമാര്‍ പങ്കെടുത്ത സീറോ മലബാര്‍ സിനഡ് യോഗത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഖേദപ്രകടനം നടത്തിയതോടെ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ തമസ്‌കരിക്കപ്പെടുമെന്ന സൂചനയാണു പുറത്തു വരുന്നത്. ഇപ്പോള്‍ വിവാദ വിഷയമായിട്ടുള്ളതും കേരള സഭയുടെ തലവന്റെ തന്നെ കാര്‍മ്മികത്വത്തില്‍ നടന്നിട്ടുള്ളതുമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമാഫിയ ഇടപാടുകള്‍ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം മഞ്ഞുമലയുടെ മുകളറ്റം മാത്രമാണെന്നും ഏതെങ്കിലും ഒരു രൂപതയുടെ പ്രശ്‌നം മാത്രമല്ല എന്നും അറിയാവുന്നതിനാലാണ് വിഷയം ഒറ്റപ്പെട്ട പ്രാദേശിക പ്രശ്‌നമായി ഒതുക്കപ്പെടുന്നതെന്നു […]
പി ജെ ജെയിംസ്
59 ബിഷപ്പുമാര്‍ പങ്കെടുത്ത സീറോ മലബാര്‍ സിനഡ് യോഗത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഖേദപ്രകടനം നടത്തിയതോടെ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ തമസ്‌കരിക്കപ്പെടുമെന്ന സൂചനയാണു പുറത്തു വരുന്നത്.
ഇപ്പോള്‍ വിവാദ വിഷയമായിട്ടുള്ളതും കേരള സഭയുടെ തലവന്റെ തന്നെ കാര്‍മ്മികത്വത്തില്‍ നടന്നിട്ടുള്ളതുമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമാഫിയ ഇടപാടുകള്‍ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം മഞ്ഞുമലയുടെ മുകളറ്റം മാത്രമാണെന്നും ഏതെങ്കിലും ഒരു രൂപതയുടെ പ്രശ്‌നം മാത്രമല്ല എന്നും അറിയാവുന്നതിനാലാണ് വിഷയം ഒറ്റപ്പെട്ട പ്രാദേശിക പ്രശ്‌നമായി ഒതുക്കപ്പെടുന്നതെന്നു വ്യക്തമാണ്. കേരളത്തിലെ ഭൂമി കച്ചവടത്തിലും വിദ്യാഭ്യാസകച്ചവടത്തിലും പ്രഥമസ്ഥാനത്ത് സഭ തന്നെയാണെന്നത് പുതിയ അറിവൊന്നുമല്ല. സഭ നിയന്ത്രിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട പതിനായിരക്കണക്കിനു തസ്തികകള്‍ അവര്‍ക്കു നിഷേധിക്കുന്ന ഭരണഘടനാ ലംഘനം സ്ഥിരം പതിവാക്കിയിരിക്കുകയാണല്ലോ സഭ. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ അവരുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കോ ഇതൊരു വിഷയവുമല്ല.
ഇപ്പോഴാകട്ടെ, പൊതു ഖജനാവിന് കോടിക്കണക്കിനു രൂപ നികുതി – സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ നഷ്ടം വരുത്തിയ ഭൂമാഫിയ ഇടപാട് പുറത്തു നിരന്തരം ചര്‍ച്ചയായിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും സര്‍ക്കാരുമൊന്നും അറിഞ്ഞതായി പോലും നടിക്കുന്നില്ല.
മറ്റാര്‍ക്കുമില്ലാത്ത കത്തോലിക്കാ സഭയുടെ ഈ ‘വിശുദ്ധ പശു’ പദവി ഒരു വേള കേരളത്തിലും ഇന്ത്യയിലും മാത്രം അതിനു ലഭിക്കുന്നതാണെന്നു കാണാം. യൂറോപ്പില്‍ ആയിരത്താണ്ടുകളോളം നീണ്ട ‘ഇരുണ്ട യുഗ’ ത്തില്‍ ഭൂമിയും രാഷ്ട്രീയാധികാരവും കൈപ്പിടിയിലൊതുക്കിയിരുന്ന കത്തോലിക്കാ പൗരോഹിത്യം നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും ഫ്രഞ്ചു വിപ്ലവത്തിന്റെയും അതിലൂടെ സ്ഥാപിതമായ, ‘സിവില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ദി ക്ലര്‍ജി ‘ യിലൂടെയുമെല്ലാം പള്ളികളില്‍ മാത്രമായൊതുങ്ങുകയും മതേതര ഭരണത്തിനു വിധേയമാകുകയും ചെയ്തു. എന്തിനധികം, പുരോഹിതരുടെ ബാലപീഡനത്തിനു നഷ്ടപരിഹാരം കൊടുത്തു തുലയുന്ന അവസ്ഥയിലായി ഇന്നു യൂറോപ്പിലെ പല പള്ളികളും. ‘ബനാന റിപ്പബ്ലിക്കു ‘കളും സൈനിക സ്വേച്ഛാധിപത്യങ്ങളുമാ യിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പോലും അവിടുത്തെ നിയമ വ്യവസ്ഥക്കു വിധേയമാകേണ്ട അവസ്ഥയിലായിരുന്നു സഭ. നിലവിലെ പോപ്പു വരുന്ന അര്‍ജന്റീന ഉദാഹരണം.
ചുരുക്കത്തില്‍, കേരളം കത്തോലിക്കാ സഭയുടെ ‘പറുദീസ’ തന്നെ. ഇതര മതങ്ങളുടെ സ്വത്തു കൈകാര്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡും വഖഫ് ബോര്‍ഡും മറ്റുമുള്ളപ്പോള്‍, കേരളത്തിലെ സമ്പത്തു സമാഹരണത്തിലും കേന്ദ്രീകരണത്തിലും മുന്നിട്ടു നില്‍ക്കുന്ന കത്തോലിക്ക സഭ നിയന്ത്രിക്കുന്ന ജനങ്ങള്‍ക്കവകാശപ്പെട്ടഅളവറ്റ സമ്പത്ത് ഒരു പിടി ബിഷപ്പുമാരും അവരുടെ സില്‍ബന്തികളുമാണ് വെച്ചനുഭവിക്കുന്നത്.
ഇക്കാര്യത്തില്‍, കൊളോണിയല്‍ കാലത്തും തുടര്‍ന്നും ആഗോള മൂലധനത്തിന്റെ ആത്മീയ ശക്തിയെന്ന നിലയില്‍ ഭരണഘടനാപരമായും അല്ലാതെയും ലിഖിതവും അലിഖിതവുമായ ഒട്ടേറെ പരിരക്ഷകള്‍ കേന്ദ്ര സംസ്ഥാന ഭരണങ്ങളില്‍ നിന്നും നീതിന്യായ നിര്‍വഹണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതു കൊണ്ടാണു് ഇത്ര ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടന്നിട്ടും പരിക്കൊന്നുമില്ലാതെ പിടിച്ചു നില്‍ക്കാന്‍ ആലഞ്ചേരിക്കും മറ്റും കഴിയുന്നത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലായിരുന്നില്ല, മറിച്ച് അവരെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ മറീനുകളുടെ സുരക്ഷിതത്വത്തെപ്പറ്റിയായിരുന്നു അന്നു റോമിലായിരുന്ന ആലഞ്ചേരി ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയതെന്ന് ഓര്‍ത്തു പോകുന്നു
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in