കയ്യടിപ്പിക്കാന്‍ സ്ത്രീ വിരുദ്ധത വേണോ?

വി പി റജീന മനോരമ ന്യൂസില്‍ ‘പറയാതെ വയ്യ’ പരിപാടിയില്‍ പങ്കെടുത്ത് ഞാന്‍ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിരുന്നു.  പ്രോഗ്രാം നിശ്ചിത സമയവട്ടത്തിലേക്ക് ചുരുക്കേണ്ടിവരുമെന്നതിനാല്‍ പങ്കുവെച്ച കാര്യങ്ങള്‍ എല്ലാം വരാതിരിക്കുക എന്നത് സ്വാഭാവികമാണല്‌ളോ. മൂന്ന് തലക്കെട്ടുകളിലായി ആ കാര്യങ്ങള്‍ ഇവിടെ വിവരിക്കാം. 1. സ്ത്രീ വിരുദ്ധത പ്രതിഭാധനനായ ഒരു നടന്‍ ഒരു സിനിമയില്‍ അത്യധികം സ്ത്രീവിരുദ്ധമായ രംഗം അഭിനയിച്ചുവെന്നതിനേക്കാള്‍, സ്ത്രീ വിരുദ്ധമായ ഡയലോഗ് പറഞ്ഞുവെന്നതിനേക്കാള്‍ ഇപ്പോള്‍ നമ്മെ ഭയപ്പെടുത്തുന്നത് അതിനെതിരെ പാര്‍വതി എന്ന അഭിനേത്രി പങ്കുവെച്ച അഭിപ്രായത്തിനെതിരായ ആള്‍ക്കൂട്ട […]

WWWവി പി റജീന

മനോരമ ന്യൂസില്‍ ‘പറയാതെ വയ്യ’ പരിപാടിയില്‍ പങ്കെടുത്ത് ഞാന്‍ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിരുന്നു.  പ്രോഗ്രാം നിശ്ചിത സമയവട്ടത്തിലേക്ക് ചുരുക്കേണ്ടിവരുമെന്നതിനാല്‍ പങ്കുവെച്ച കാര്യങ്ങള്‍ എല്ലാം വരാതിരിക്കുക എന്നത് സ്വാഭാവികമാണല്‌ളോ. മൂന്ന് തലക്കെട്ടുകളിലായി ആ കാര്യങ്ങള്‍ ഇവിടെ വിവരിക്കാം.

1. സ്ത്രീ വിരുദ്ധത

പ്രതിഭാധനനായ ഒരു നടന്‍ ഒരു സിനിമയില്‍ അത്യധികം സ്ത്രീവിരുദ്ധമായ രംഗം അഭിനയിച്ചുവെന്നതിനേക്കാള്‍, സ്ത്രീ വിരുദ്ധമായ ഡയലോഗ് പറഞ്ഞുവെന്നതിനേക്കാള്‍ ഇപ്പോള്‍ നമ്മെ ഭയപ്പെടുത്തുന്നത് അതിനെതിരെ പാര്‍വതി എന്ന അഭിനേത്രി പങ്കുവെച്ച അഭിപ്രായത്തിനെതിരായ ആള്‍ക്കൂട്ട ആക്രോശങ്ങള്‍ ആണ്. സത്യത്തില്‍ കാലാകാലങ്ങളായി കലയിലൂടെയും സാഹിത്യത്തിലൂടെയുമൊക്കെ ഇവിടെ ആഴത്തില്‍ വേരോട്ടം കിട്ടിയിട്ടുള്ള സ്ത്രീവിരുദ്ധതയുടെ പ്രതിഫലനങ്ങളാണിവയെല്ലാം. ഇതിന് ഏകമുഖമല്ല ഉള്ളതെന്നും അതെക്കുറിച്ച് താഴെ അല്‍പം വിശദീകരിക്കുമെന്നും ആദ്യമേ പറയട്ടെ.

‘ആദിപാപം’ തൊട്ടിങ്ങോട്ട് നൂറ്റാണ്ടുകളായി രൂപംകൊണ്ട് അട്ടിപ്പേറുകണക്കെ കിടക്കുന്ന ഈ സ്ത്രീവിരുദ്ധതയെ  പാര്‍വതി ആഴത്തില്‍ തോണ്ടുകയല്ല, മറിച്ച് അതിന്‍മേല്‍ ഒരു പോറല്‍ ഏല്‍പിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ടു പോലും  അതിനെതിരെയുള്ള നിലവിട്ട പ്രതികരണങ്ങള്‍ ഭയാനകമായിരുന്നു. പാര്‍വതി ഇതു പറയാനുണ്ടായ പശ്ചാത്തലം കൂടി പരിശോധിക്കാതെ ഈ സ്ത്രീവിരുദ്ധതയുടെ സമകാലീന തീവ്രതയെ നമുക്ക് വായിച്ചെടുക്കാനാവില്ല.

ഹോളിവുഡിലെ അതികായനായ ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരായി ആഗോളതലത്തില്‍ തന്നെ സ്വാധീനശേഷിയുണ്ടെന്ന് കരുതുന്ന ഒരു പറ്റംനടിമാര്‍ ഗുരുതരമായ ലൈംഗിക പീഡനാരോപണങ്ങളുമായി രംഗത്തുവന്നത് ഏതാനും മാസം മുമ്പാണ്. അവര്‍ക്ക് അത് തുറന്നു പറയാന്‍ കാത്തിരിക്കേണ്ടിവന്നത് ചില്ലറ വര്‍ഷങ്ങള്‍ ആയിരുന്നില്ല.  മൂന്നു പതിറ്റാണ്ടുകള്‍ ആണ്. ജീവഭയവും തൊഴിലില്‍ നിന്ന് പുറംതള്ളപ്പെടുമോ എന്ന  ഭീതിയും മൂലം കൊടിയ അപമാനവും ക്രൂരമായ പീഡനങ്ങളും അവര്‍ അത്രയുംകാലം മൂടിവെച്ചു. (ലോകത്തില്‍ എല്ലാവര്‍ക്കും മുമ്പേ സ്ത്രീ ശാക്തീകരണം നടന്നുവെന്നു പറയുന്ന അമേരിക്കയിലാണിതെന്നുകൂടിയോര്‍ക്കണം). എന്നാല്‍, 30 വര്‍ഷത്തിനുശേഷം അതു കേട്ടപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ ഇത്രനാളും പറഞ്ഞില്ല എന്ന് നമ്മെപ്പോലെ ആക്രോശിക്കാന്‍ ആ സമൂഹം മിനക്കെടുകയുണ്ടായില്ല. മാത്രമല്ല, വെയ്ന്‍സ്‌റ്റൈനെതിരെ ആദ്യം നടപടിയെടുത്തത് അയാളുടെ കമ്പനി തന്നെയായിരുന്നു. അതവിടെ നില്‍ക്കട്ടെ.

ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ലോകത്തുടനീളം അലയടിച്ച ‘മീ റ്റൂ’ കാമ്പയ്ന്‍ കേരളക്കരയിലുമത്തെി.  ഈ കാമ്പയ്ന്‍ തുടങ്ങുന്നതിനും മുമ്പെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന് പറഞ്ഞ്  നടന്നുതുടങ്ങിയവരായിരുന്നു നമ്മള്‍. ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ് ‘ എന്ന പേരില്‍ ഒരു പറ്റം അഭിനേത്രികളുടെ ചുവടുവെപ്പ് ആ അര്‍ഥത്തില്‍ സമാനതകളില്ലാത്തതായിരുന്നു. അനുകൂലമെന്ന് തോന്നുന്ന ഈ പശ്ചാത്തലത്തിലായിരിക്കണം പാര്‍വതി കുറച്ചുകൂടി കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യപ്പെട്ടത്.

എന്നാല്‍, നമ്മള്‍ നേടിയെടുത്തുവെന്ന് അവകാശപ്പെടുന്ന പലതിന്റെയും വ്യാജ മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നതാണ് അപ്പോള്‍ കാണാനായത്.
നേരത്തെ മരിയ ഷറപോവയെന്ന റഷ്യന്‍ ടെന്നീസ് താരം സച്ചിനെ അറിയില്‌ളെന്ന് പറഞ്ഞത് അവരുടെ ഫേസ്ബുക്ക് വാളില്‍ പച്ചമലയാളത്തില്‍ തെറികള്‍ കൊണ്ട് അഭിഷേകം ചെയ്തത് ഇന്ത്യയിലെ മറ്റൊരു ജനതയും ആയിരുന്നില്ല, നമ്മള്‍ ആയിരുന്നുവല്‌ളോ  ഇങ്ങനെ സ്ത്രീകളെ തെറി പറയാനും അധിക്ഷേപിക്കാനും പൊതുമധ്യത്തില്‍ അപമാനിക്കാനും ഉള്ള സവിശേഷമായ അധികാരം ഉള്ളവരാണ് തങ്ങള്‍ എന്ന തോന്നല്‍ മലയാളി പുരുഷന്‍ കൊണ്ടുനടക്കുന്നതിന്റെ ഉദാഹരണങ്ങള്‍ സമീപ ഭൂതകാലത്തില്‍ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്ന് എത്രയും കണ്ടെടുക്കാനാവും.

2. ഫെമിനിസം

ആധുനിക സമൂഹത്തില്‍ സ്ത്രീയുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ സ്ത്രീവിമോചന പ്രത്യയ ശാസ്ത്രങ്ങളുടെ സ്വാധീനം അത്ര ചെറുതല്ല എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അദൃശ്യരും നിശബ്ദരുമായിക്കഴിഞ്ഞുപോന്ന സമൂഹത്തിന്റ നിര്‍ണായകപാതിയെ ദൃശ്യവല്‍ക്കരിച്ചതിലും അതിന്റെ പങ്ക് ചെറുതല്ല. (ഫെമിനിസത്തിന്റ ഉള്‍പിരിവുകളില്‍ വിവേചനപരവും പ്രശ്‌നഭരിതവുമായ നിരവധി ഘടകങ്ങള്‍ ഉണ്ട് എങ്കില്‍കൂടി)
എന്നാല്‍, ഫെമിനിസത്തിന്റെ വികാസ പരിണാമങ്ങളില്‍ എന്തിനെതിരെയാണോ അത് പൊരുതിത്തുടങ്ങിയത് അതിന്റെ തന്റ നിഴലിലേക്ക് അറിഞ്ഞോ അറിയാതെയോ ചായുന്നതാണ് സൂക്ഷ്മാര്‍ഥത്തില്‍ കാണാന്‍ കഴിയുക. വ്യക്തമായിപ്പറഞ്ഞാല്‍ ഇന്ന് മുതലാളിത്തത്തിന്റെ കയ്യിലെ ഏറ്റവും നല്ല പണിയായുധമാണ് സ്ത്രീവിമോചന ആശയങ്ങള്‍. എതിരിടുന്ന എന്തിനെയും സമര്‍ഥമായി തങ്ങളുടെ ചേരിയില്‍ നിര്‍ത്താന്‍ പ്രാപ്തിയുള്ളതുകൊണ്ടാണല്‌ളോ മുതലാളിത്തം എല്ലാ പ്രത്യയ ശാസ്ത്രങ്ങള്‍ക്കുംമേല്‍ അധീശത്വം നേടിയത്. അതില്‍ കേന്ദ്രസ്ഥാണ് ഇന്ന് ഫെമിനിസം. സ്ത്രീയുടെ ശരീരം, ശരീര ഭാഷ, വികാര വിചാരങ്ങള്‍, ആവിഷ്‌കാരങ്ങള്‍ എന്നുവേണ്ട സകലതിന്‍മേലും ‘വിമോചനം’ എന്ന സാധ്യത മുതലെടുത്ത് മുതലാളിത്തം പടര്‍ന്നുകയറിയിട്ടുണ്ട്. അതിനവരെ സഹായിച്ചതാവട്ടെ, മതാധിഷ്ഠിതമായ ആണ്‍കോയ്മാ ബോധം റദ്ദു ചെയ്ത സ്ത്രീയുടെ സ്വാതന്ത്ര്യ, അവകാശ, അധികാരങ്ങള്‍ ആയിരുന്നു.

ഒരുവശത്ത് നൂറ്റാണ്ടുകളായി പുരോഹിതമതങ്ങളിലൂടെ ഇവിടെ സ്ഥാപിച്ചെടുക്കപ്പെട്ട ആണ്‍കോയ്മാ അധികാര ബോധത്തിന്റെയും മറുവശത്ത് മേല്‍പറഞ്ഞ ആണധികാര മുതലാളിത്തത്തിന്റയും തടവറയില്‍ ആണ് യാഥാര്‍ഥത്തില്‍ ഇന്നത്തെ പെണ്‍ലോകം. (വെന്‍സ്‌റ്റൈനെതിരെ ആഞ്ജലീന  ജോളിക്ക് ഇത്രകാലവും മിണ്ടാനാവാതെ പോയതിന്റെ പിന്നിലെ ഘടകം മതമല്ല ഈ മുതലാളിത്തം ഉല്‍പാദിപ്പിച്ച യുക്തിയാണ്).  നിര്‍ഭാഗ്യവശാല്‍ അവ രണ്ടിനെയും ഒരുപോലെ തിരിച്ചറിയാന്‍ പഴയതും പുതിയതുമായ തലമുറയില്‍പ്പെട്ട സ്ത്രീകള്‍ക്ക് കഴിയാതെ പോവുന്നു എന്നിടത്താണ് പെണ്‍പ്രതിരോധങ്ങളും രാഷ്ട്രീയവും വലിയൊരു പ്രതിസന്ധിയില്‍ അകപ്പെടുന്നത്.

പാര്‍വതിയുടെയും അവരെ പിന്തുണച്ചവരുടെയും രണ്ടാംഘട്ട പ്രതികരണങ്ങളില്‍ ഈ പ്രതിസന്ധി ദൃശ്യമാവുന്നുണ്ട്. കുറച്ചുകൂടി സൂക്ഷമാര്‍ഥത്തില്‍ വിഷയത്തെ അഭിസംബോധന ചെയ്യേണ്ടിടത്ത് ഒരടി പിന്നിലേക്ക് മാറിയെന്നവണ്ണം ഒ.എം.കെ.വി എന്ന ട്രോള്‍ സമാനമായ പോസ്റ്റുമായാണ് അവര്‍ പിന്നെ കടന്നുവന്നത്. പാര്‍വതി നേരത്തെ തുറന്നിട്ട ചര്‍ച്ചയിലൂടെ സാധ്യമാവേണ്ടിയിരുന്ന സൂക്ഷ്മ പ്രതിരോധമാണ് പാതിവഴിയില്‍ നിലച്ചത്. പിന്നെ ചര്‍ച്ചകള്‍ എല്ലാംതന്നെ ഒ.എം.കെ.വിയുടെ നിര്‍വചനത്തിലേക്കും  അനുബന്ധമായ സറ്റയറുകളിലേക്കും വഴിമാറി.

ട്രോളിലും രാഷ്ട്രീയം ഉണ്ടാവാം. എന്നാല്‍, അത് നൈമിഷികമായ ബോധതലത്തെ മാത്രമാണ് ഉണര്‍ത്തുക. നേരത്തെ സൂചിപ്പിച്ചപോലെ ആ അര്‍ഥത്തില്‍ അട്ടിപ്പേറായിക്കിടക്കുന്ന സ്ത്രീവിരുദ്ധതക്കുമേല്‍ ഒരു പോറല്‍ മാത്രമാണ് പാര്‍വതിക്ക് ഏല്‍പിക്കാനായത്. എങ്കില്‍ പോലും ഇക്കാലമത്രെയും ആരും കാണിക്കാത്ത  ധൈര്യം കാണിച്ച അവര്‍ക്കും അവരെ പിന്തുണച്ച കലാ സാംസ്‌കാരിക ലോകത്തിനും  ഇനിയുള്ള വഴിയിലും പതറാതെ മുന്നേറണമെന്നുണ്ടെങ്കില്‍ ഈ സൂക്ഷ്മ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാതെ നിര്‍വാഹമുണ്ടാവുകയില്ല.

ഫെമിനിസത്തെ എല്ലാ കാലത്തും ബ്രാന്റു ചെയ്ത് ശത്രുപക്ഷത്തേ ഈ മതാധിഷ്ഠിത ആണ്‍കോയ്മാബോധം പ്രതിഷ്ഠിച്ചിട്ടുള്ളു. അതിനവര്‍  പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാവട്ടെ അവളുടെ ശാരീരികമായ ആവിഷ്‌കാരങ്ങളെയാണ്. ഈ ആവിഷ്‌കാരങ്ങളെയും ചിന്തകളെയും മനുഷ്യസഹജമായ തനതുതലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് എത്രമേല്‍ മുതലാളിത്തത്തിന്റെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താനാവും എന്ന സൂക്ഷ്മരാഷ്ട്രീയമാണ് കാലം ഇന്നാവശ്യപ്പെടുന്നത്.

3. സിനിമ, കല

മേല്‍പറഞ്ഞ മതാധിഷ്ഠിത ആണ്‍മേല്‍ക്കോയ്മാ ബോധത്തിന്റെയും മുതലാളിത്തത്തിന്റെയും മിശ്രണമായ ഒരു പ്‌ളാറ്റ്‌ഫോമില്‍ നിന്ന് പിറവിയെടുക്കുന്നവയാണ്  ഇന്നിവിടെ നിറഞ്ഞാടുന്ന സിനിമയടക്കമുള്ള കലാ -സാസ്‌കാരിക -സാഹിത്യ ആവിഷ്‌കാരങ്ങള്‍. സ്ത്രീകളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും അവര്‍ണനെയും കീഴാളനെയും മനുഷ്യനെന്ന നിലയില്‍ പരിഗണിക്കാതിരിക്കുക എന്നതും പ്രകൃതിയെ കേവലം കാഴ്ചവസ്തുവായി ഗണിക്കുക  എന്നതുമൊക്കെ അപ്പോള്‍ അതിന്റെ ഭാഗമായിത്തീരും.
ചിലപ്പോള്‍ അവ ഒരേസമയം സ്ത്രീ വിരുദ്ധവും സ്ത്രീപക്ഷവുമായെന്നിരിക്കും. ഇത് കാണുകയും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ ഈ വിരുദ്ധോക്തിയില്‍ വട്ടംകറങ്ങും. സ്ത്രീവിരുദ്ധതയെ കേവലാര്‍ഥത്തില്‍ ചര്‍ച്ച ചെയ്ത് മാറ്റിവെക്കും.  ജീവിതത്തിലെ മാന്യനായ മനുഷ്യന്‍  സിനിമയിലെ ആഭാസനായ നായകനായി മാറുന്നത് തിരിച്ചുംമറിച്ചും  ഉരച്ചും നോക്കിയും അലക്കിയും വെളുപ്പിക്കും. അതിലപ്പുറത്തേക്ക് ഒന്നും നടക്കാതെ അത് അവിടെയൊടുങ്ങും. എന്നാല്‍, ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ ആള്‍കൂട്ട ആക്രോശങ്ങള്‍ അതിനപ്പുറത്തേക്കുള്ള സൂക്ഷ്മമായ കാല്‍വെപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. താന്‍ മുന്നോട്ടുവെച്ച വിഷയത്തിന്റ ആഴം എത്രത്തോളം പാര്‍വതി തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്നറിയില്ല. ഒരുപക്ഷെ, അവര്‍ ഒരു നിമിത്തമായതായിരിക്കാം.

അതുകൊണ്ട് ആത്യന്തികമായി മാറേണ്ടത് സിനിമയോ അതിലെ നായികാ നായകന്‍മാരോ അണിയറ  പ്രവര്‍ത്തകരോ അവരുടെ ബോധമോ മാത്രമല്ല. അതിനു പുറത്തുള്ള മനുഷ്യര്‍ കൂടിയാണ്. എന്നല്ല, മനുഷ്യ വംശം തന്നെയാണ്. അതു മാത്രമാണ് കലയെ  ശുദ്ധീകരിക്കാനുള്ള  ക്രിയാത്മകമായ വഴി.

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply