കമല്‍ സി : കേരളത്തിലും പെരുമാള്‍ മുരുകന്‍…!!
തന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ ഏതാനും ഹിന്ദുത്വസംഘടനകളും ഭരണകൂടവും നടത്തിയ കടന്നാക്രമണത്തെ തുടര്‍ന്ന് 2014ല്‍ എഴുത്തുനിര്‍ത്തുന്നു എന്നു പ്രഖ്യാപിച്ച പ്രശസ്ത തമിഴ് എഴുത്തുകാരനിതാ മലയാളത്തില്‍ ഒരു പിന്‍ഗാമി. കമല്‍ സി ചവറ. പെരുമാള്‍ മുരുകനെതിരെയെന്നപോലെ കമല്‍ സിക്കെതിരേയും ആദ്യം രംഗത്തുവന്നത് ഹിന്ദുത്വസംഘടനകള്‍ തന്നെ. പിന്നാലെ ഭരണകൂടവും. തനിക്കിനി എഴുത്തുകാരനാവണ്ട എന്നു പ്രഖ്യാപിച്ച് തന്റെ നോവല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് കത്തിക്കാനാണ് കമല്‍ സിയുടെ തീരുമാനം. സുഹൃത്തുക്കളുടെ സ്‌നേഹത്തോടെയുള്ള സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ തീരുമാനത്തില്‍ ഉറച്ചു നില്‍്ക്കുകയാണ് കമല്‍ സി. എഴുത്തുനിര്‍ത്തി രണ്ടുവര്‍ഷത്തിനിടയില്‍ […]
തന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ ഏതാനും ഹിന്ദുത്വസംഘടനകളും ഭരണകൂടവും നടത്തിയ കടന്നാക്രമണത്തെ തുടര്‍ന്ന് 2014ല്‍ എഴുത്തുനിര്‍ത്തുന്നു എന്നു പ്രഖ്യാപിച്ച പ്രശസ്ത തമിഴ് എഴുത്തുകാരനിതാ മലയാളത്തില്‍ ഒരു പിന്‍ഗാമി. കമല്‍ സി ചവറ. പെരുമാള്‍ മുരുകനെതിരെയെന്നപോലെ കമല്‍ സിക്കെതിരേയും ആദ്യം രംഗത്തുവന്നത് ഹിന്ദുത്വസംഘടനകള്‍ തന്നെ. പിന്നാലെ ഭരണകൂടവും. തനിക്കിനി എഴുത്തുകാരനാവണ്ട എന്നു പ്രഖ്യാപിച്ച് തന്റെ നോവല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് കത്തിക്കാനാണ് കമല്‍ സിയുടെ തീരുമാനം. സുഹൃത്തുക്കളുടെ സ്‌നേഹത്തോടെയുള്ള സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ തീരുമാനത്തില്‍ ഉറച്ചു നില്‍്ക്കുകയാണ് കമല്‍ സി. എഴുത്തുനിര്‍ത്തി രണ്ടുവര്‍ഷത്തിനിടയില്‍ കോടതിവിധിയുടെ പിന്‍ബലത്തില്‍ താന്‍ ഉയര്‍ത്തെണീറ്റിരിക്കുന്നു എന്ന പെരുമാളിന്റെ പ്രഖ്യാപനത്തിനുശേഷമാണ് ഈ സംഭവമെന്നതു ശ്രദ്ധേയമാണ്. അതാകട്ടെ സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ സാംസ്‌കാരികകേരളത്തിന്റെ പ്രതിഷേധം കുത്തിയൊഴുകുന്ന സമയത്തും.
‘പെരുമാള്‍ മുരുകന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ക്ക് പുനരവതാരങ്ങള്‍ ഉണ്ടാവില്ല. പുനര്‍ജ്ജന്മത്തില്‍ അയാള്‍ വിശ്വസിക്കുന്നില്ല. ഒരു സാധാരണ അദ്ധ്യാപകനായി, പി. മുരുകനായി അയാള്‍ ജീവിക്കും. അയാളെ വെറുതെ വിടുക.’ ഇതായിരുന്നു രണ്ടുവര്‍ഷം മുമ്പത്തെ പെരുമാള്‍ മുരുകന്റെ ഫേസ് ബുക്ക് പോസ്റ്റ്. ‘മാതോരുഭാഗന്‍’ (അര്‍ധനാരീശ്വരന്‍) എന്ന നോവലിലെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില ഹിന്ദുത്വ സംഘടനകളാണ് പ്രതിഷേധമുയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പുസ്തകം പിന്‍വലിച്ച് പെരുമാള്‍ മുരുകന്‍ മാപ്പ് പറയണമെന്ന് നാമക്കല്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു. 2015 ജനുവരി 12നു നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് മാതോരുഭാഗനെതിരായ പ്രതിഷേധം അവസാനിച്ചിരുന്നത്. ഇതിനു പിന്നാലെ തന്റെ എല്ലാ പുസ്തകങ്ങളും പിന്‍വലിക്കുകയാണെന്നും സാഹിത്യജീവിതം അവസാനിപ്പിക്കുകയാണെന്നും പെരുമാള്‍ മുരുകന്‍ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ കടുത്ത അസഹിഷ്ണുതയുടെ പശ്ചാത്തലത്തില്‍ എഴുത്തു നിര്‍ത്തുന്നതായ പെരുമാള്‍ മുരുകന്റെ തീരുമാനം ആവിഷ്‌കാര സ്വാതന്ത്യത്തെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.
എന്നാല്‍ ‘മാതോരുഭാഗന്‍’ പിന്‍വലിക്കേണ്ടതില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പെരുമാള്‍ മുരുകന്‍ അടുത്തയിടെ പ്രസ്താവിച്ചു. പുസ്തകം പിന്‍വലിച്ച് മാപ്പു പറയണമെന്ന നാമക്കല്‍ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് തമിഴ് എഴുത്തുകാരുടെ സംഘടന പ്രസിഡന്റ് തമിഴ് സെല്‍വന്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. പെരുമാള്‍ മുരുകനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹരജിയും ഹൈക്കോടതി തള്ളുകയായിരുന്നു. തന്നിലെ എഴുത്തുകാരന്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ച മുരുകന്‍ എഴുത്തു പുനരാരംഭിക്കുമെന്ന സൂചനയാണ് നല്‍കിയത്.
ഇപ്പോഴിതാ പെരുമാള്‍ മുരുകന്റെ ഫേസ് ബുക്ക് പോസ്റ്റിനു സമാനമാണ് കമല്‍ സിയുടേയും പോസ്റ്റ്. ‘ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തി വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് . ജനിച്ച അന്നു മുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍ . എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ്. ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റെലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു . വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരം കൊന്ന് കളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍ , ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം, ഇറങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശവിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്ക്കുന്നു. അതൂ കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സിനോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെ ന്നാള്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കുകയാണ്. എഴുത്തുകാരനാവണ്ട എനിക്ക്. മറ്റെന്നാള്‍ വൈകിട്ട് നാലു മണിക്ക് കിഡ്‌സന്‍ കോര്‍ണറില്‍ വച്ചാവും’ ഞാനത് ചെയ്യുക . ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു.’
ഒരു എഴുത്തുകാരന് ഇത്തരത്തില്‍ പ്രഖ്യാപിക്കേണ്ട അവസ്ഥ കേരളത്തില്‍ സംജാതമായിരിക്കുന്നു എന്നതാണ് അവിശ്വസനീയം. പന്‍സാരയുടേയും കല്‍ബുര്‍ഗ്ഗിയുടേയും ധബോല്‍ക്കറുടേയും കൊലപാതകങ്ങളും പെരുമാള്‍ മുരുകന്‍ സംഭവവുമുണ്ടായപ്പോള്‍, ഇതു കേരളമാണ്, ഇവിടെയിതൊന്നും സംഭവിക്കില്ല എന്ന് അഹങ്കരിച്ചവരാണ് നാം. ഈ കേരളത്തിലാണ് എം ടിക്കും കമലിനും കമല്‍ സിക്കുമെതിരായ ഭീഷണികള്‍ അരങ്ങേറുന്നത്. എംടിക്കും കമലിനുമെതിരായ ഭീഷണികള്‍ക്കെതിരെ സാംസ്‌കാരിക – രാഷ്ട്രീയ കേരളം ഏറെക്കുറെ രംഗത്തിറങ്ങി. എന്നാല്‍ കമല്‍ സി സംഭവം നല്‍കുന്ന ചിത്രം വ്യത്യസ്ഥവും കൂടുതല്‍ ആശങ്കാജനകവുമാണ്. അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ടാണ് പ്രശ്ങ്ങള്‍ രൂക്ഷമായത്. കമല്‍ സിയുടെ നോവലില്‍ ദേശീയപതാകയെ അപമാനിക്കുന്നു എന്ന യുവമോര്‍ച്ച പരാതി നല്‍കുകയായിരുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ എല്ലാ വെല്ലുവിളികളേയും അതിശക്തമായി നേരിടുമെന്ന് പ്രഖ്യാപിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി നിയന്ത്രിക്കുന്ന പോലീസിന്റെ നടപടി യുവമോര്‍ച്ചയെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കമല്‍ സി ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്താനാണ് ശ്രമം നടന്നത്. ഈ വകുപ്പ് പിന്‍വലിക്കണമെന്ന് കഴിഞ്ഞ വര്‍ഷം പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ ലേഖനമെഴുതിയതെങ്കിലും പിണറായി ഓര്‍ക്കണമായിരുന്നു. അതിശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കമല്‍ സിക്കെതിരായി നടപടികളില്ല എന്ന് ഡിജിപി ബഹ്‌റ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും നടക്കുന്ന സംഭവങ്ങളാണ് തന്റെ പോസ്റ്റിലൂടെ കമല്‍ സി വിവരിക്കുന്നത്.
കമല്‍ സി സംഭവം ഒറ്റപ്പെട്ടതുമല്ല. ഒരുവശത്ത് തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് സിപിഎമ്മും സിപിഐയുമെല്ലാം നിരന്തരം പ്രഖ്യാപിക്കുന്ന യുഎപിഎ ചുമത്തല്‍ വ്യാപകമാകുകയാണ്. ഹൈക്കോടതിപോലും അത് ചോദ്യം ചെയ്തു കഴിഞ്ഞു. കമല്‍ സിക്കു കൂട്ടായി ആശുപത്രിയിലുണ്ടായിരുന്നു സാമൂഹ്യപ്രവര്‍ത്തകന്‍ നദിയെ മാവോയിസ്റ്റാക്കാനും യുഎപിഎ ചുമത്തി അകത്തിടാനുമുള്ള ശ്രമങ്ങളും അന്നു നടന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്‍വാങ്ങിയ പോലീസ് ഇപ്പോഴിതാ വീണ്ടും അതിനുള്ള കരുക്കള്‍ നീക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതുമായി ബന്ധപ്പെട്ട നദിയുടെ പോസ്റ്റും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഇതാണാ പോസ്റ്റ്. ‘2017 ജനുവരി 4 നു ഇരിട്ടി ഡി വൈ എസ് പി ഓഫീസില്‍ ഹാജരാകണം എന്ന് നോട്ടീസ് നല്‍കിയാണു അന്നെന്നെ വിട്ടയച്ചത്. എന്നാല്‍ അതേ ദിവസം ഹാജരാകാന്‍ കഴിയില്ലെന്നും 10 ദിവസം നീട്ടിനല്‍കണമെന്ന് ഡി വൈ എസ് പി, കണ്ണൂര്‍ എസ് പി, ഡി ജി പി എന്നീവര്‍ക്കു രജിസ്രേട് അയക്കുകയും പ്രതിപ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് ഹൈക്കോടതിയില്‍ ഇരിട്ടി ഡി വൈ എസ് പി നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ പ്രതിപ്പട്ടികയില്‍ ആറാം പ്രതിയായി എന്നെയും ഉള്‍പ്പെടുത്തിയതായി അറിയുന്നു. പോലീസ് മേധാവികള്‍ തെളിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഞാന്‍ പ്രതിയല്ലെന്ന് മധ്യമങ്ങളിലൂടെ പ്രസ്താവിച്ചിരുന്നു. ആറളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 148/16 എന്ന െ്രെകമുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നും ആറളം എന്ന സ്ഥലത്ത് ഇതുവരെ ഞാന്‍ പോയിട്ടില്ലെന്നും പലയാവര്‍ത്തി പോലീസിനെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇനിയും എത്രനാള്‍ ഇതിനു പുറകെ അലയേണ്ടിവരുമെന്ന് അറിയില്ല. വിദേശത്തുള്ള എന്റെ ജോലി വൈകാതെ പോകും.’
വാല്‍ക്കഷ്ണം : ഇതെല്ലാം സംഭവിക്കുമ്പോഴും കഴിഞ്ഞ ദിവസം കമലിന് ഐക്യദാര്‍ഢ്ം പ്രകടിപ്പിച്ച് കൊടുങ്ങല്ലൂരില്‍ നടന്ന മഹാസമ്മേളനത്തില്‍ കമല്‍ സിയുടേയും നദിയുടേയും പേരുകള്‍ ഉച്ചരിച്ചത് സാറാ ജോസഫ് മാത്രമായിരുന്നു…. !!!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in