കന്യാസ്ത്രീയും യുവവനിതാനേതാവും ജനാധിപത്യസംവിധാനവും.
കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടു വന്‍സ്ഥാപനങ്ങളാണ് സഭയും പാര്‍ട്ടിയും. പലപ്പോഴും ബദ്ധശത്രുക്കളാണെന്നു ഭാവിക്കുന്ന ഇരുകൂട്ടരും നിര്‍ണ്ണായകമായ പല സന്ദര്‍ഭങ്ങളിലും കൈകോര്‍ക്കുന്നത് കാണാറുണ്ട്. പല വിഷയങ്ങളിലും ഏവരേയും അമ്പരപ്പിച്ച് സമാനനിലപാടുകള്‍ സ്വീകരിക്കുന്നതായും കാണാം. അത്തരമൊരു സന്ദര്‍ഭത്തിലൂടെയാണ് കേരളമിപ്പോള്‍ കടന്നു പോകുന്നത്. പ്രളയക്കെടുതികള്‍ക്കിടയിലും സംസ്ഥാനത്തെ സമരഭൂമിയാക്കിയ രണ്ടു സമാനവിഷയങ്ങളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഇവരിരുവരുമാണ് എന്നത് യാദൃശ്ചികമെന്നു പറയാനാവില്ല. യുവവനിതാനേതാവും കന്യാസ്ത്രീയുമായി ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ടുപേരുടേയും പരാതി തങ്ങള്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളിലെ ഉന്നതര്‍ക്കെതിരെയാണ്. കന്യാസ്ത്രീ സഭയുടെ അധികാരികള്‍ക്കെല്ലാം പരാതി നല്‍കി […]
കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടു വന്‍സ്ഥാപനങ്ങളാണ് സഭയും പാര്‍ട്ടിയും. പലപ്പോഴും ബദ്ധശത്രുക്കളാണെന്നു ഭാവിക്കുന്ന ഇരുകൂട്ടരും നിര്‍ണ്ണായകമായ പല സന്ദര്‍ഭങ്ങളിലും കൈകോര്‍ക്കുന്നത് കാണാറുണ്ട്. പല വിഷയങ്ങളിലും ഏവരേയും അമ്പരപ്പിച്ച് സമാനനിലപാടുകള്‍ സ്വീകരിക്കുന്നതായും കാണാം. അത്തരമൊരു സന്ദര്‍ഭത്തിലൂടെയാണ് കേരളമിപ്പോള്‍ കടന്നു പോകുന്നത്. പ്രളയക്കെടുതികള്‍ക്കിടയിലും സംസ്ഥാനത്തെ സമരഭൂമിയാക്കിയ രണ്ടു സമാനവിഷയങ്ങളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഇവരിരുവരുമാണ് എന്നത് യാദൃശ്ചികമെന്നു പറയാനാവില്ല.
യുവവനിതാനേതാവും കന്യാസ്ത്രീയുമായി ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ടുപേരുടേയും പരാതി തങ്ങള്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളിലെ ഉന്നതര്‍ക്കെതിരെയാണ്. കന്യാസ്ത്രീ സഭയുടെ അധികാരികള്‍ക്കെല്ലാം പരാതി നല്‍കി ഏറെ കാലം കാത്തിരുന്നു. ബന്ധുക്കളായ വൈദികരോട് പറഞ്ഞു. രണ്ടു മെത്രാന്മാരോട് പറഞ്ഞു. പോപ്പിന്റെ പ്രതിനിധിയായ മെത്രാപ്പോലീത്തായോയോട് പറഞ്ഞു. സഭയുടെ രാജകുമാരനും സീറോ മലബാര്‍ സഭയുടെ അധിപനുമായ കര്‍ദ്ദിനാളിനോട് പറഞ്ഞു. ഫലമില്ലാതായപ്പോള്‍ പോലീസില്‍ പാരാതി നല്‍കി. എന്നിട്ടും ഫലം കാണാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. യുവവനിതാനേതാവ് പാര്‍ട്ടിയിലെ അഖിലേന്ത്യാസെക്രട്ടറിയും പോളിറ്റ് ബ്യൂറോ വനിതാ സഖാവുമടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കി നടപടി പ്രതീക്ഷിച്ച് കാത്തിരിക്കുന്നു. നടപടിയില്ലെങ്കില്‍ അവരും പോലീസിനെ സമീപിക്കുമെന്നാണ് സൂചന. ഇരുപ്രസ്ഥാനങ്ങളും ഇത്തരം വിഷയങ്ങള്‍ തങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാവുന്നവയാണെന്നാണ് ആത്മാര്‍ത്ഥമായി കരുതുന്നത്. സംസ്ഥാനസര്‍ക്കാരാകട്ടെ ഇരു കുറ്റാരോപിതരേയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തതായി തോന്നുന്നു. പലപ്പോഴും പരാതി എന്നതിനു പകരം ‘പ’ എന്നു കേള്‍ക്കുമ്പോള്‍തന്നെ ചാടിവീ്ണ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നമ്മുടെ പോലീസാകട്ടെ നീതിന്യായസംവിധാനത്തിനു തന്നെ അപമാനമായിരിക്കുന്നു. ഡി.ജി.പിക്കു നാണമില്ലേയെന്നു റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ തന്നെ ചോദിക്കുന്ന അവസ്ഥയിലായി കാര്യങ്ങള്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യമുണ്ടാക്കുന്നുവെന്നും ബിഷപ്പും പോലീസും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ചോദ്യംചെയ്യല്‍ നാടകമാണ്. കേസ് അവസാനഘട്ടത്തിലാണെന്ന ഡി.ജി.പിയുടെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. പ്രധാന പ്രതിയെ പേരിനുപോലും ചോദ്യംചെയ്യാതെ എങ്ങനെ കേസ് അവസാനഘട്ടത്തിലെത്തിയെന്നും അദ്ദേഹം ചോദിച്ചു.
ഇരയായ കന്യാസ്ത്രീയെ തന്നെയാണ് പോലീസ് നിരന്തരമായി ചോദ്യം ചെയ്യുന്നത്. കൃത്യമായ പരാതിയുള്ള കേസില്‍ ഇതാണു ചെയ്യുന്നതെങ്കില്‍ പരാതി കിട്ടിയിട്ടില്ല എന്നു പറയുന്ന എം എല്‍ എയുടെ കേസില്‍ പോലീസില്‍ നിന്ന് എന്തു പ്രതീക്ഷിക്കാന്‍? കേസ് അട്ടിമറിക്കാന്‍ ഡി.ജി.പിയും കൊച്ചി റേഞ്ച് ഐ.ജിയും ശ്രമിക്കുന്നെന്നു പരാതി നല്‍കിയ കന്യാസ്ത്രീക്കൊപ്പമുള്ള കന്യാസ്ത്രീകള്‍ പറയുന്നു. പോലീസ് പോകട്ടെ, വനിതാ കമ്മീഷന്‍ പോലും വ്യത്യസ്ഥമല്ലല്ലോ. മറ്റൊരു കൗതുകകരമായ കാര്യം എം എല്‍ എയുടെ വിഷയം മൂലം ബിഷപ്പിന്റെ വിഷയത്തില്‍ മിണ്ടാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടിക്കാര്‍ എന്നതാണ്. എം എ ബേബിമാത്രം മൃദുവായ ഭാഷയില്‍ എന്തോ കുറിച്ചു എന്നു മാത്രം. പരാതി നല്കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ, പൊലീസിന് പരാതി നല്കാന്‍ സഖാവ് തീരുമാനിച്ചാല്‍ സഖാവ് ബാലന്‍ പറഞ്ഞ പോലെ പാര്‍ടിയും സര്‍ക്കാരും എല്ലാ പിന്തുണയും ആ സഖാവിന് നല്കും. പൊലീസ് കൈകാര്യം ചെയ്യേണ്ട പ്രശ്നമാണെന്ന് പാര്‍ടിക്ക് ബോധ്യമായാല്‍, യുവസഖാവ് സമ്മതിച്ചാല്‍, പരാതി പൊലീസിന് കൈമാറുകയും ചെയ്യും. സ്ത്രീപീഡകര്‍ക്ക് സിപിഐഎമ്മില്‍ സ്ഥാനമുണ്ടാകില്ല എന്നത് ഉറപ്പ് എന്നെല്ലാം ബേബി പറഞ്ഞുവെക്കുന്നു. എന്നാല്‍ മതമേധാവികള്‍ ഉള്‍പ്പെട്ട ബലാത്സംഗകേസുകളില്‍ സഭാ കോടതികള്‍ തീര്‍പ്പു കല്പിച്ചാല്‍ മതിയെന്ന കത്തോലിക്കാ സഭക്കുള്ള അതേ സമീപനമാണ് പാര്‍ട്ടിക്കും പൊതുവിലുള്ളതെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധ സമീപനവും ഫ്രാങ്കോയെ സഹായിക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ചരിത്രപ്രധാനമായ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ ആദ്യദിവസം ഉള്‍പ്പേജില്‍ ഒരു കുഞ്ഞുവാര്‍ത്തയായി ഒതുക്കിയ ദേശാഭിമാനി നടപടി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ഇനി ഒരുപക്ഷെ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കാം, എം എല്‍ എക്കെതിരെ പാര്‍ട്ടി തലത്തില്‍ ചെറിയ നടപടി എടുത്തേക്കാം. എന്നാല്‍ കന്യാസ്ത്രീകളടക്കമുള്ളവരുടെ അസാധാരണസമരം പോലുള്ള സംഭവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു ഊഹിക്കാവുന്നതേയുള്ളു. മറുവശത്ത് പുരോഹിതരുടെ ലൈംഗിക അക്രമങ്ങളുടെ പേരില്‍ മാര്‍പാപ്പ പരസ്യമാപ്പ് പറഞ്ഞുവെങ്കിലും കേരള സഭ ഒരിക്കലും അതിന് തയ്യാറായിട്ടില്ല. ഒരു പുരോഹിതനെപ്പോലും പുറത്താക്കിയിട്ടില്ല. സിസ്റ്റര്‍ അഭയ കേസിലടക്കം എല്ലായ്പ്പോഴും പുരോഹിതരെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനാണ് സഭകള്‍ തയ്യാറായിട്ടുള്ളത്. പാര്‍്ട്ടിയിലാകട്ടെ മുമ്പ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടവരില്‍ മിക്കവരും ചെറിയ ഇടവേളക്ക് ശേഷം തിരിച്ചുവരുന്നതായും കാണാം.
വാസ്തവത്തില്‍ ഈ രണ്ടുസംഭവങ്ങളിലും അവയോടുള്ള നിലപാടുകളിലുമുള്ള സമാനതയില്‍ അത്ഭുതപ്പെടാനില്ല. ആഗോളതലത്തില്‍ തന്നെ സഭയും പാര്‍ട്ടിയുമുള്ള സാമ്യങ്ങള്‍ എത്രയോ നിരീക്ഷകര്‍ എന്നേ ചൂണ്ടികാട്ടിയിട്ടുണ്ട്. ഒന്ന് ആത്മീയതയിലും മറ്റൊന്ന് ഭൗതികതയിലും കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളാണെങ്കിലും ഭിന്നതകളേക്കാള്‍ കൂടുതലുള്ളത് സമാനതകളാണല്ലോ. രണ്ടിന്റേയും കേഡര്‍ സ്വഭാവവും സംഘടനാപരമായ ലംബമാതൃകയിലുള്ള സംവിധാനങ്ങളും അധികാര കേന്ദ്രങ്ങളും സമാനമാണ്. പേരുകളിലേ വ്യത്യസ്ഥതയുള്ളു. പോപ്പിനുപകരം ജനറല്‍ സെക്രട്ടറിയും കര്‍ദ്ദിനാള്‍, ബിഷപ്പ്, പിതാവ് തുടങ്ങിയവക്കെല്ലാം പകരം സംസ്ഥാന, ജില്ലാ, ഏരിയാ സെക്രട്ടറിമാര്‍ എന്നാകാം. ഒന്നിലെ കുഞ്ഞാടുകളാണ് മറ്റേതിലെ അണികള്‍. ബൈബിളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വിശുദ്ധ ഗ്ര്ഥങ്ങളാണ്. സ്വര്‍ഗ്ഗരാജ്യവും വര്‍ഗ്ഗരഹിതസമൂഹവുമാണ് ലക്ഷ്യങ്ങള്‍. ആ ലക്ഷ്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിതരാകണം പൂര്‍ണ്ണസമയപ്രവര്‍ത്തകര്‍. അതു തീരുമാനിക്കുന്നത് ഉന്നതങ്ങളിലിരിക്കുന്നവരായിരിക്കും. അതില്‍ തെറ്റു പറ്റിയാല്‍ കുമ്പസാരത്തിനും സ്വയംവിമര്‍ശനത്തിനും സാധ്യതയുണ്ട്. അതിലൊതുങ്ങുന്നില്ലെങ്കില്‍ പാപിയോ കൂലംകുത്തിയോ ആക്കും. തെമ്മാടിക്കുിയോ മരണമോ വരെ ലഭിക്കാം. അതേസമയം ക്രിമിനല്‍ തെറ്റുചെയ്താല്‍പോലും പരമാവധി നീതിന്യായവ്യവസ്ഥക്കുമുന്നില്‍ കൊണ്ടുവരാതെ സ്വന്തം നിയമസംവിധാനങ്ങളുപയോഗിച്ച് നടപടിയെടുക്കാമെന്നു പറയും. ഭരണസംവിധാനത്തെ വെല്ലുവിളിക്കും. ഈ സമാനതകളെല്ലാമാണ് ഇപ്പോള്‍ സജീവമായ ഈ വിഷയങ്ങളിലും കാണുന്നത്. എന്നലതംഗീകരിക്കാന്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ പറ്റില്ല എന്നതാണ് വിഷയം. അതാണ് ഇപ്പോള്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രഖ്യാപിക്കുന്നത്. ഭാവിയില്‍ സമരം ചെയ്യാന്‍ പോകുന്ന പാര്‍ട്ടി അണികളും പ്രഖ്യാപിക്കാന്‍ പോകുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in