കന്നുകാലി ഒരു തീന്‍മേശ പ്രശ്‌നമല്ല

സണ്ണി എം കപിക്കാട് കന്നുകാലി വില്‍പ്പന നിയന്ത്രണവുമായി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍, പശുവിനെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് നടന്നുവരുന്ന രാഷ്ട്രീയ നീക്കങ്ങളുണ്ട്. അത് സംഘപരിവാര്‍ ശക്തികളൊക്കെ ഉണ്ടാവുന്നതിനും വളരെ മുമ്പുതന്നെ അതിവിടെ തുടങ്ങിവച്ചിട്ടുണ്ട്. ദയാനന്ദ സരസ്വതി ഗോരക്ഷതി സഭ ഉണ്ടാക്കുന്ന കാലം മുതല്‍ക്കേ ഇത് തുടങ്ങിയിട്ടുണ്ട്. സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തിപ്പെടുകയും അവര്‍ ഭരണാധികാരത്തിലേക്ക് വരികയും ചെയ്തതോടെ ഇതൊരു തുറന്ന യുദ്ധമായി മാറി. ഇപ്പോള്‍ ഇന്ത്യ നേരിടുന്ന […]

BBB

സണ്ണി എം കപിക്കാട്

കന്നുകാലി വില്‍പ്പന നിയന്ത്രണവുമായി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍, പശുവിനെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് നടന്നുവരുന്ന രാഷ്ട്രീയ നീക്കങ്ങളുണ്ട്. അത് സംഘപരിവാര്‍ ശക്തികളൊക്കെ ഉണ്ടാവുന്നതിനും വളരെ മുമ്പുതന്നെ അതിവിടെ തുടങ്ങിവച്ചിട്ടുണ്ട്. ദയാനന്ദ സരസ്വതി ഗോരക്ഷതി സഭ ഉണ്ടാക്കുന്ന കാലം മുതല്‍ക്കേ ഇത് തുടങ്ങിയിട്ടുണ്ട്. സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തിപ്പെടുകയും അവര്‍ ഭരണാധികാരത്തിലേക്ക് വരികയും ചെയ്തതോടെ ഇതൊരു തുറന്ന യുദ്ധമായി മാറി. ഇപ്പോള്‍ ഇന്ത്യ നേരിടുന്ന മര്‍മ്മ പ്രധാനമായ കാര്യം, ഒരു തുറന്ന യുദ്ധം പ്രഖ്യാപിക്കപ്പെട്ടിട്ടും അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു പ്രതിപക്ഷ നിര ഇല്ല എന്നതാണ്.
എന്താണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച രാഷ്ട്രീയം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കാളച്ചന്തകളില്‍ നിന്ന് ചില പ്രത്യേക മൃഗങ്ങളെ അറക്കുന്നതിനായി വാങ്ങാന്‍ പാടില്ല എന്ന കൃത്യമായ നിബന്ധനയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷം ബീഫ് ഫെസ്റ്റ് നടത്തിയാണ് ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ ഒരു ഭക്ഷണ പ്രശ്‌നമായിട്ടാണ് അവര്‍ മനസ്സിലാക്കുന്നത്. നമ്മുടെ തീന്‍മേശയിലേക്ക് ബീഫ് വരുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇതിലെ പ്രശ്‌നം. മാത്രവുമല്ല, ഈ സര്‍ക്കുലറിന്റെ പിന്നില്‍ ഇന്ത്യയിലാരും ബീഫ് കഴിക്കരുതെന്നൊരു ഉദ്ദേശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
ഇത് വളരെ കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടയാണ്. ഹിന്ദുത്വം അഥവാ ബ്രാഹ്മണിസമാണ് അതിന്റെ അടിസ്ഥാനമായി നില്‍ക്കുന്നത്. ഇന്ത്യന്‍ ഫാസിസത്തിന്റെ രൂപം ബ്രാഹ്മണിസമാണെന്ന് അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ഇതിന്റെ യഥാര്‍ഥ മെക്കാനിസം പിടികിട്ടൂ. ബ്രാഹ്മണിസത്തിന്റെ സഹജവാസനയെന്ന് പറയുന്നത് അതിനകത്ത് വരുന്ന ഇതര മനുഷ്യരോട് ഹിംസാത്മകമായി ഇടപെടാന്‍ പഠിപ്പിക്കുക എന്നതാണ്. അന്യ മതസ്ഥരോടല്ല, സ്വന്തം മതത്തിലുണ്ടെന്ന് അവന്‍ തന്നെ വിചാരിക്കുന്ന വിഭാഗങ്ങള്‍ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്ന മൂല്യ മണ്ഡലമാണ് ബ്രാഹ്മണിസം.
അതുകൊണ്ട് രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യയിലെ ദളിതരും ആദിവാസികളും പിന്നോക്കക്കാരും സവര്‍ണരുമെല്ലാം ഹിന്ദുക്കളാണെന്ന് പറയുമെങ്കിലും സാമൂഹികമായോ ധാര്‍മ്മികമായോ ദളിതരെ, ആദിവാസിയെ, പിന്നോക്ക ജനവിഭാഗത്തെ ഉള്‍ക്കൊളളാനായിട്ട് സവര്‍ണന് കഴിയില്ല എന്നതാണ് ബ്രാഹ്മണിസം നേരിടുന്ന വലിയ പ്രതിസന്ധി. വോട്ടെണ്ണുമ്പോള്‍ ദളിത് വോട്ടുകൂടി അവര്‍ക്ക് വന്നു എന്ന് അവകാശപ്പെടുമ്പോള്‍ തന്നെ അവരെ അനുസരിക്കാത്ത, അവര്‍ക്ക് വിധേയപ്പെടാത്ത ദളിതര്‍ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്നതിന് യാതൊരു മടിയുമില്ല. ആ സാഹചര്യത്തില്‍ ഇത്തരമൊരു ഉത്തരവ് വരുമ്പോള്‍, അതിനെ ഭക്ഷണ പ്രശ്‌നമായി ചുരുക്കി കാണാതെ അതിന്റെ സാമൂഹിക-രാഷ്ട്രീയ കുഴപ്പങ്ങള്‍ എന്തൊക്കെയാണെന്നാണ് ആലോചിക്കേണ്ടത്. അതാലോചിക്കുമ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെയാണ് പ്രതിരോധിക്കേണ്ടത് എന്ന് മനസ്സിലാവും.
സംഘപരിവാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ സമൂഹത്തില്‍ രൂപപ്പെട്ട പ്രതിരോധ സ്വഭാവം എന്തെന്ന് നമ്മള്‍ അറിയണം. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘം ചേര്‍ന്ന് പ്രതിരോധിക്കുന്നു എന്ന് പറയുന്നത് അത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല. മോദി അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കകത്ത് മോദിക്കെതിരെ, സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ, സമര്‍ഥമായ, സാര്‍ഥകമായ മുന്നേറ്റം നടന്നിട്ടുണ്ടെങ്കില്‍, രണ്ടേ രണ്ട് സന്ദര്‍ഭങ്ങള്‍ മാത്രമാണ് അങ്ങനെയായി എനിക്ക് തോന്നുന്നത്. ഒന്ന്, ഉന പ്രക്ഷോഭമാണ്. പശുവിന്റെ തോലുരിച്ചു എന്ന കാരണത്താല്‍ യുവാക്കളെ ആക്രമിക്കുന്ന ഘട്ടത്തില്‍, പശുവിനെ നിങ്ങള്‍ എടുത്തുകൊള്ളൂ, ഭൂമി ഞങ്ങള്‍ക്ക് തരൂ എന്ന പറഞ്ഞുകൊണ്ട് സംഘപരിവാര്‍ രാഷ്ട്രീയത്തെ അക്ഷരാര്‍ഥത്തില്‍ അട്ടിമറിക്കുന്ന പുതിയൊരു ഒരു മുദ്രാവാക്യം വച്ചുകൊണ്ടാണ് ഏഴ് ശതമാനം മാത്രം വരുന്ന ദളിതര്‍ മോദിക്ക് മുഖാമുഖം നിന്നത്.
അതിന് ശേഷം പിന്നീട് സംഭവിച്ച മറ്റൊന്ന്, ഇപ്പോള്‍ രൂപപ്പെട്ട ഭീം ആര്‍മിയുടെ മുന്നേറ്റമാണ്. സംഘപരിവാര്‍ ശക്തികള്‍ വളരെ കൃത്യമായി ദളിതരേയും കൂടി കൂടെ നിര്‍ത്തിക്കൊണ്ട് അംബേദ്കര്‍ ജയന്തിയുടെ സന്ദര്‍ഭത്തില്‍ മുസ്ലീം വിരുദ്ധ കലാപത്തിന് നീക്കം നടത്തിയപ്പോള്‍ അതില്‍നിന്ന് ദളിതര്‍ ഏകപക്ഷീയമായി പിന്‍വാങ്ങുകയും അവര്‍ സ്വതന്ത്രമായി അംബേദ്കര്‍ ജയന്തി ആഘോഷിക്കുകയും ചെയ്തു എന്നതാണ് അവിടെ നടന്ന കലാപത്തിന്റെ യഥാര്‍ഥ കാരണം. ഠാക്കൂര്‍മാരോട് അനുസരണയില്ലാത്തവരായി ഇവര്‍ മാറിയെന്നതാണ് ഠാക്കൂര്‍മാരെ പ്രകോപിപ്പിച്ച ഘടകം. അതോടൊപ്പം അവിടെ ഇപ്പോള്‍ തന്നെ നൂറ്റിയമ്പതോളം കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. ഹിന്ദു ദൈവങ്ങളെ മുഴുവന്‍ ആറ്റിലൊഴുക്കി എന്നാണ് അവിടെ നിന്ന് ലഭിച്ച വിവരങ്ങള്‍.
ദളിതരുടെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഇപ്പോഴും ഇന്ത്യ മനസ്സിലാക്കിയിട്ടില്ല. കാലിയറക്കല്‍ അവസാനിക്കാന്‍ പോവുന്നു, നാളെ മുതല്‍ ബീഫ് ഇല്ലാതെ വരുന്നു എന്നുതുടങ്ങിയ സെന്‍സേഷണല്‍ സംഭവത്തിനപ്പുറം അതിന് പിന്നിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങളെ തിരിച്ചറിയാനും, അതിനെതിരെ വളരെ ഓര്‍ഗാനിക് ആയി ഇന്ത്യന്‍ സമൂഹത്തില്‍ രൂപപ്പെട്ടുവരുന്ന പ്രതിരോധത്തിന്റെ സ്വഭാവം മനസ്സിലാക്കാനും കഴിയണം. മുസ്ലീങ്ങള്‍ ഇത്രയുമധികം രാജ്യവ്യാപകമായി ആക്രമിക്കപ്പെട്ടിട്ട്, മറ്റൊരു പ്രതിരോധം രൂപപ്പെടുന്നില്ല എന്നതുകൂടി കൂട്ടിച്ചേര്‍ത്ത് വായിക്കണം. എന്തുകൊണ്ട് അത് നടക്കാതെ പോവുന്നു? പക്ഷെ ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ വലിയ പ്രതിരോധമുണ്ടായി വരുന്നുണ്ട്. മാത്രവുമല്ല ആ പ്രതിരോധങ്ങളെല്ലാം തന്നെ ദളിത്-മുസ്ലീം ഐക്യത്തെക്കുറിച്ചും സാര്‍ഥകമായി പറയുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ ഇന്ത്യന്‍ ദേശരാഷ്ട്രീയത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യാന്‍ കഴിയുന്ന, ചരിത്രപരമായി ശേഷിയുള്ള വിഭാഗമായി ദളിതര്‍ മാറ്റപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നതാണ് ബാക്കിയുള്ള വിഭാഗങ്ങളും രാഷ്ട്രീയ സമൂഹവും മനസ്സിലാക്കേണ്ട കാര്യം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലേതാണ്ട് എണ്‍പത് ശതമാനമാളുകളും ബീഫുള്‍പ്പെടെയുള്ള മാംസാഹാരം കഴിക്കുന്നവരാണ്. വളരെ ചെറിയ ന്യൂനപക്ഷമാണ് വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത്. ബ്രാഹ്മണിസത്തിന്റെ സൂക്ഷ്മത തിരിച്ചറിയേണ്ടത് ഈ സന്ദര്‍ഭത്തിലാണ്. ഇന്ത്യയിലെ മൈക്രോസ്‌കോപ്പിക് മൈനോരിറ്റി കൊണ്ടുനടന്ന ഒരു ഭക്ഷണ ശീലം ഇന്ത്യയുടെ ഭക്ഷണ ശീലമാണെന്ന് നമ്മള്‍ എന്തുകൊണ്ടാണ് തെറ്റിദ്ധരിക്കുന്നത്? ഇത് ദളിതരുടേയോ ക്രിസ്ത്യാനികളുടേയോ മുസ്ലീങ്ങളുടേയോ മാത്രം പ്രശ്‌നമല്ല. ഇന്ത്യയിലെ പൊതുസമൂഹത്തില്‍ ഏതാണ്ട് എണ്‍പത് ശതമാനം പേരും മിശ്രഭുക്കുകള്‍ ആയിരിക്കെ, സസ്യാഹാരമെന്ന് പറയുന്നതിനെ പ്രത്യയശാസ്ത്രവല്‍ക്കരിക്കുന്നതിന്റെ യുക്തി എവിടെ നിന്നാണ് വരുന്നത്? ഇത് ബ്രാഹ്മണിക്കലായ ഒന്നാണ്. പ്രധാന ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ മാംസാഹാരം കിട്ടില്ല. അവിടെ പഠിക്കുന്നവര്‍ മാംസാഹാരികളല്ലാത്തതിനാലാണോ? കഴിക്കുന്നവരായിട്ടു കൂടി ആരും അതാവശ്യപ്പെടുന്നില്ല. സ്വാഭാവികമായ പ്രക്രിയ പോലെ ഇന്ത്യയിലെ അക്കാദമിക സമൂഹം ഇതംഗീകരിച്ച് കൊടുത്തിരിക്കുകയാണ്. കേരളത്തില്‍ നടക്കുന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍, അവിടെയെല്ലാം വെജിറ്റേറിയന്‍ ഭക്ഷണമാണ് വിളമ്പുന്നത്. ഇത് കേവലമൊരു ആര്‍എസ്എസ്. അജണ്ട എന്ന നിലയ്ക്ക് എടുക്കാനാവില്ല. ഇന്ത്യന്‍ സമൂഹം കൊണ്ടുനടക്കുന്ന ബോധമാണത്. സവര്‍ണ്ണത്വം എന്ന് പറയുന്നത് ആര്‍എസ്എസിന് മാത്രം ബാധകമാണെന്ന് കരുതുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പോലും അത് ബാധകമാണ്. അത് ഒളിച്ചു കടത്തുന്നതിന് വേണ്ടിയാണ് ഇതൊരു ഭക്ഷണ പ്രശ്‌നം മാത്രമാക്കി ഇവര്‍ മുന്നോട്ട് വരുന്നത്. ബ്രാഹ്മണിക്കല്‍ ഘടനയ്‌ക്കെതിരെ മുഖാമുഖം നില്‍ക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇവര്‍ ഇക്കാര്യത്തെ തീന്‍മേശയുടെ പ്രശ്‌നമായി മാത്രം ചുരുക്കിക്കാണുന്നത്.
അതേപോലെ തന്നെ ദളിതരും ആദിവാസികളും കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം റദ്ദ് ചെയ്യപ്പെടുന്നു എന്നതും വളരെ പ്രധാനമായിത്തന്നെ കാണേണ്ടതുണ്ട്. ഒരു വലിയ തൊഴില്‍ മേഖലയെക്കൂടി അതില്ലാതാക്കുമെന്ന കാര്യങ്ങളും ഇതിനോടനുബന്ധമായി കാണണം. പശുവിന്റെ തോലുരിക്കുന്ന ദളിതര്‍ ആക്രമിക്കപ്പെടുന്നത് കേവലം പശു സ്‌നേഹത്തിന്റെ മാത്രം പ്രശ്‌നമല്ല. ആഗോളവല്‍ക്കരണത്തിന് ശേഷം തുകല്‍ വ്യവസായത്തിനുണ്ടായിട്ടുള്ള ആഭ്യന്തര മുന്നേറ്റമുണ്ട്. ഈ ആഭ്യന്തര മുന്നേറ്റത്തില്‍ പ്രാഥമിക ജോലി ചെയ്യുന്നത് ദളിതരാണ്. തോലുരിച്ച് ഒന്നാംഘട്ട പ്രോസസിംഗ് കഴിഞ്ഞ് അത് മാര്‍ക്കറ്റിലെത്തിക്കുന്നത് ദളിത് വിഭാഗക്കാരാണ്. ഇതിലൂടെ ഇവര്‍ക്ക് സാമ്പത്തികമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ഗെയില്‍ ഓവേദിനെപ്പോലുള്ളവര്‍ വളരെ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വളര്‍ച്ച പലപ്പോഴും അനുസരണക്കേടായാണ് ബ്രാഹ്മണിക്കല്‍ ക്രമം മനസ്സിലാക്കുക. ഇവര്‍ പഴയതുപോലെ മറ്റുള്ളവരെ ആശ്രയിക്കാതെ വരുമ്പോള്‍ ഇവരെന്തോ കുഴപ്പക്കാരായി മാറിയിരിക്കുന്നു, അതുകൊണ്ട് ആക്രമിക്കപ്പെടേണ്ടതുണ്ട് എന്ന ഒരു പൊതുബോധം ഈ ബ്രാഹ്മണക്കല്‍ ക്രമത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഈ നിലയ്ക്ക് അത്തരമൊരു തൊഴില്‍ മേഖലയെ നശിപ്പിക്കുക എന്നതും ഇതിന്റെ പ്രധാന സ്വഭാവമായി കണക്കാക്കേണ്ടതുണ്ട്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു അജണ്ടയായിത്തന്നെ ഇതിനെ മനസ്സിലാക്കുകയും അതിനെതിരെ ജനാധിപത്യപരമായ മുന്നേറ്റങ്ങള്‍ ഉണ്ടാവുകയും വേണം. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പ്രതികരിച്ചത് ഇത് നാസിസമാണെന്നാണ്. നാസിസം, ഫാസിസം എന്നൊക്കെ പറഞ്ഞ് ഇക്കാര്യത്തെ ദുരൂഹമാക്കേണ്ടതില്ല. വളരെ വ്യക്തമായി, നേരിട്ടുതന്നെ ഇത് ബ്രാഹ്മണിസമാണ് എന്ന് പറയേണ്ടതുണ്ട്. നൂറ്റാണ്ടുകളായി ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്ന, ഇന്ത്യന്‍ ജനങ്ങളെ വിഭജിച്ചും പരസ്പരം ആക്രമിച്ചും കൊന്നും നിലനിര്‍ത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ബ്രാഹ്മണിക് മൂല്യബോധമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ മുഖമെന്ന് പറയുന്നത്. അത് സവര്‍ണാധികാരത്തിന്റെ മുഖമാണ്. അപ്പോള്‍ അതിനോട് മുഖാമുഖം നില്‍ക്കാന്‍ കഴിയാത്ത ശക്തികള്‍ക്കൊന്നും ഇതിന് ബദലാവാന്‍ പറ്റില്ല. അത്തരക്കാര്‍ കാലിടറി വീഴും.
ബീഫ് ഫെസ്റ്റ് നടത്തിയതുകൊണ്ട് എന്ത് ഗുണം? ഇവര്‍ ബീഫ് ഫെസ്റ്റ് നടത്തിയാല്‍ അപ്പുറത്ത് ഹിന്ദു സേനക്കാര്‍ പോര്‍ക്ക് ഫെസ്റ്റ് നടത്തും. ഇവര്‍ രണ്ടുകൂട്ടര്‍ക്കും തിന്നുതീര്‍ക്കാവുന്ന എന്തെങ്കിലും ഇതിലുണ്ടോ? പശുവിന്റെ മുകളില്‍ അവകാശമുന്നയിക്കുകയല്ല, മറിച്ച് പശുവിനെ തന്നെ ഉപേക്ഷിച്ച് കളയുന്ന ജിഗ്‌നേഷ് മേവാനിയൊക്കെയുയര്‍ത്തിയ രാഷ്ട്രീയത്തിലേക്കാണ് ഇന്ത്യ പ്രവേശിക്കേണ്ടത്.

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply