കണ്ണൂര്‍ പുകയുക തന്നെയാണ്
കണ്ണൂര്‍ വാര്‍ത്തകളില്‍ തുടരുകയാണല്ലോ. ഗവര്‍ണ്ണര്‍ രാജിവെച്ച് ഇറങ്ങിപോകണമെന്നും കണ്ണൂരില്‍ അഫ്‌സപ നടപ്പാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്ന ്അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഗവര്‍ണരാകട്ടെ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. കേരളം ഭരിക്കുന്ന പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമാണ് മത്സരിച്ച് കൊലകള്‍ നടത്തുന്നതും പരസ്പരം കുറ്റപ്പെടുത്തുന്നതും കണ്ണൂരിലെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതുമെന്നതാണ് ഈ സംഭവത്തിലെ ഏറ്റവും ഭീതിദമായ വസ്തുത. വെള്ളിയാഴ്ചയാണ് ആര്‍എസ്എസ് പ്രകവര്‍ത്തകനായ ചൂരക്കാട്ട് ബിജു വെട്ടേറ്റ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു മടങ്ങവെയാണ് ആക്രമണമുണ്ടായത്. പഴയങ്ങാടി ഭാഗത്തു […]
കണ്ണൂര്‍ വാര്‍ത്തകളില്‍ തുടരുകയാണല്ലോ. ഗവര്‍ണ്ണര്‍ രാജിവെച്ച് ഇറങ്ങിപോകണമെന്നും കണ്ണൂരില്‍ അഫ്‌സപ നടപ്പാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്ന ്അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഗവര്‍ണരാകട്ടെ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. കേരളം ഭരിക്കുന്ന പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമാണ് മത്സരിച്ച് കൊലകള്‍ നടത്തുന്നതും പരസ്പരം കുറ്റപ്പെടുത്തുന്നതും കണ്ണൂരിലെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതുമെന്നതാണ് ഈ സംഭവത്തിലെ ഏറ്റവും ഭീതിദമായ വസ്തുത.
വെള്ളിയാഴ്ചയാണ് ആര്‍എസ്എസ് പ്രകവര്‍ത്തകനായ ചൂരക്കാട്ട് ബിജു വെട്ടേറ്റ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു മടങ്ങവെയാണ് ആക്രമണമുണ്ടായത്. പഴയങ്ങാടി ഭാഗത്തു നിന്നു ബൈക്കില്‍ വരുമ്പോള്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആളൊഴിഞ്ഞ സ്ഥലത്തു വച്ചു യുവാവിനെ വെട്ടിവീഴ്ത്തുകയായിരുന്നു. പതിവുപോലെ കുടിപ്പകതന്നെയാണ് കൊലക്ക് കാരണമായത്. സിപിഎം പ്രവര്‍ത്തകനായിരുന്ന പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ പ്രതികാരത്തിന്റെ ഭാഗമായിട്ടാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് സൂചനകള്‍. ധന്‍രാജ് വധക്കേസുമായി ബന്ധമുള്ള ആളാണ് ബിജു. നേരത്തെ ധന്‍രാജിനെ കൊലപ്പെടുത്തിയതിനു പിന്നാലെ മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അയാള്‍ക്ക് ധന്‍രാജ് വധവുമായി ബന്ധമുണ്ടായിരുന്നില്ല.
സംഭവത്തില്‍ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു. രാമന്തളി സ്വദേശി റിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. ഇയാള്‍ ധന്‍രാജിന്റെ ഡ്രൈവറായിരുന്നു. അക്രമത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നു പറഞ്ഞ സിപിഎം നേതൃത്വം ഇപ്പോള്‍ പറയുന്നത് പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. കൊലപാതകത്തിനുശേഷം നടന്ന ആഹ്ലാദപ്രകടനം എന്ന പേരില്‍ കുമ്മനം ഫേസ് ബുക്കിലിട്ട വീഡിയോ വ്യാജമാണെന്നാരോപിച്ച് അന്വഷണവുമാരംഭിച്ചു.
കണ്ണൂര്‍ ഒരു കാലത്തും ശാന്തമാകില്ല എന്നുതന്നെ ഉറപ്പിക്കാം. മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് അടുത്തയിടെ നടന്ന സമാധാനശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സൗഹൃദം വളര്‍ത്താന്‍ ഒന്നിച്ചുള്ള പന്തുകി മുതല്‍ ഗാനമേള വരെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. എന്തു കാര്യം? കണ്ണൂര്‍ ഇതുപോലെതന്നെ തുടരുമെന്നു കരുതാം. കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണപാര്‍ട്ടികള്‍തന്നെ അക്രമകാരികളാകുമ്പോള്‍ ആര്‍ക്കാണ് തടയാന്‍ കഴിയുക? പരസ്പരം ആരോപണമുന്നയിക്കാന്‍ ഇരുവരുടേയും കൈവശം കുറെ കണക്കുകളുണ്ട്. അതു പരസ്പരം ഉന്നയിച്ച് നടത്തുന്ന അന്തിചര്‍ച്ചകളിലൂടെ ഇവര്‍ വീണ്ടും കോരിയിടുന്നത് പകയുടെ തീക്കനലുകളാണ്. ദൃശ്യമാധ്യങ്ങള്‍ അതിനുള്ള അവസരമാണ് ഒരുക്കി കൊടുക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ കാര്യം പറയാനുമില്ല.
ഇന്ത്യയില്‍തന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന ജില്ലയാണ് ഇന്ന് കണ്ണൂര്‍. ഒരാള്‍ കൊല്ലപ്പെട്ടാല്‍ ഉടനെ പകരം വീട്ടുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവിടെ അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. പ്രത്യകിച്ച് തലശ്ശേരിയില്‍. ഇപ്പോഴിതാ താരതമ്യേന ഭേദമായിരുന്ന പയ്യന്നൂര്‍ മേഖലയും സംഘര്‍ഷഭരിതമാണ്. ഭയാനകമായ രീതിയിലുള്ള രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ ആരംഭിച്ച് ദശകങ്ങളായി. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. ഇലയനങ്ങണമെങ്കില്‍ അതാത് പാര്‍ട്ടിയുടെ അനുമതി വേണം. പാര്‍ട്ടിഗ്രാമങ്ങളിലെ വിവാഹങ്ങള്‍ പോലും തീരുമാനിക്കുന്നത് നേതാക്കളാണ്. അടുത്തയിടെ കണ്ണൂരില്‍ നിന്ന് ഐഎസ് ബന്ധമാരംഭിച്ച് ഏതാനും പേരെ അരസ്റ്റ് ചെയ്തപ്പോള്‍ ഒരു സീനിയര്‍ നേതാവ് പറഞ്ഞത് അത് പാര്‍ട്ടി ഗ്രാമങ്ങള്‍ തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും എതിരാളികളെ ഇല്ലാതാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ്. മാത്രമല്ല തലേദിവസം വരെ എതിരാളികളായിരുന്നവര്‍ പിറ്റേന്നുമുതല്‍ സഹപ്രവര്‍ത്തകരായി മാറുന്നു. ഇത്രവ്യത്യാസമേ ഇവര്‍ തമ്മിലുള്ളു എന്നോര്‍ത്ത് ആരും മൂക്കത്തുവിരല്‍വെച്ചുപോകും.
കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ രാഷ്ട്രീയപ്രശ്‌നമാണ് ഇന്നിത്. തങ്ങള്‍ നിസ്സഹായരാണെന്ന് പോലീസ് മേധാവി പോലും പറഞ്ഞിരുന്നു. വെറും ഗുണ്ടകളാണെങ്കില്‍ പോലീസിനിത് തടയാനാകും. എന്നാല്‍ ഒരു വശത്ത് ഹൈന്ദവഫാസിസവും മറുവശത്ത് രാഷ്ട്രീയഫാസിസവും ഉയര്‍ത്തിപിടിക്കുന്ന ജനാധിപത്യവിരുദ്ധശക്തികളാണ് ഏറ്റുമുട്ടുന്നത്. മാത്രമല്ല ഒരു കൊല ശരിയും മറ്റെ കൊല തെറ്റുമാണെന്നു പറയുന്ന, അടിമത്തം ആന്തരവല്‍ക്കരിച്ചവരുടെ എണ്ണം കൂടുന്നതും ഈ കൊലകള്‍ക്ക് ശക്തിയേകുന്നു. അവരില്‍ ബുദ്ധിജീവികളും പുരോഗമവാദികളുമായി നടിക്കുന്നവരും നിരവധിയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അണികള്‍ക്കെതിരെ ഉണ്ടാകാറുള്ള അക്രമങ്ങള്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് കണ്ണൂരില്‍ ചെറിയ ഒരു ശാന്തതയുണ്ടായത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധവും ജയരാജന്‍മാര്‍ക്കെതിരായ അക്രമവും മറ്റും നടന്നപ്പോഴായിരുന്നു അത്. ടിപി വധത്തെ തുടര്‍ന്നും രാഷ്ട്രീയകൊലകള്‍ക്കറുതി വരുമെന്നു കരുതിയവര്‍ക്കുതെറ്റി. അക്രമങ്ങള്‍ വീണ്ടും തുടര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍തന്നെ ഗൂഢോലോചനകളില്‍ പ്രതികളായി. കണ്ണൂര്‍ ഒരിക്കലും ശാന്തമാകുന്നില്ല എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഇപ്പോഴത്തെ കൊല. മാത്രമല്ല, കൊലപാതകരാഷ്ട്രീയം ശക്തമാകുമ്പോള്‍ ഇരുകൂട്ടര്‍ക്കും വളര്‍ച്ചയാണത്രെ ഉണ്ടാകുന്നത്. ജനങ്ങള്‍ ഇരുപക്ഷത്തുമായി ധ്രുവീകരിക്കപ്പെടുന്നു. അതിനാല്‍തന്നെ സംഘര്‍ഷമില്ലാതാക്കാന്‍ നേതാക്കള്‍ക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അതിനിടെ കേരളത്തില്‍ ബിജെപി മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയമിക്കാന്‍ പോകുന്നതായി വാര്‍ത്ത കണ്ടു. ലോകസഭാ വരുന്ന തെരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകള്‍ നേടുക എന്ന സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. അതിന്റെ ഭാഗമായാണ് പുതിയ നീക്കം. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ഉറപ്പായും വേതനവും മറ്റും കൊടുക്കാതെ പറ്റില്ലല്ലോ. അതായത് വേതനം വാങ്ങിയുള്ള തൊഴിലായി പാര്‍ട്ടി പ്രവര്‍ത്തനം മാറുന്നു എന്നര്‍ത്ഥം. കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരെ വേതനം നല്‍കി നിയമിക്കാറുള്ളത്. വിപ്ലവം തൊഴിലാക്കിയവര്‍ എന്ന പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തിന്റെ ഭാഗമായാണത്. വിപ്ലവകാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനം തൊഴിലാക്കിയവര്‍ എന്ന ചോദ്യമാണ് പ്രസക്തം. കുറെപേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുന്നതല്ലല്ലോ ജനാധിപത്യം. എല്ലാവരും രാഷ്ട്രീയപ്രവര്‍ത്തകരാകുകയാണ് വേണ്ടത്. തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. അതുവഴി ഇവരില്‍ വളരുന്നത് ഫാസിസ്റ്റ് പ്രവണതകളും അഴിമതിയുമാണ്. ഒപ്പം മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോള്‍ തങ്ങള്‍ക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ.
പരസ്പരം കൊന്നൊടുക്കുന്ന ഇരുവിഭാഗങ്ങളാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നത്. ഇരുവിഭാഗങ്ങളും തികച്ചും വ്യത്യസ്ഥമായ രാഷ്ട്രീയത്തിനുടമകളാണ്. ഒരു കൂട്ടര്‍ ഹൈന്ദവരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നവകാശപ്പെടുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനായി നിലകൊള്ളുകയും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതായത് സത്യസന്ധമായി പറഞ്ഞാല്‍ ഇരുകൂട്ടരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നത് സര്‍വ്വാധിപത്യത്തിലാണ്. തല്‍ക്കാലം അതിനു കഴിയാത്തതിനാല്‍ ജനാധിപത്യത്തില്‍ പങ്കെടുക്കുന്നു എന്നു മാത്രം. അതിനാല്‍ തന്നെയാണ് ഇരു കൂട്ടരും പരസ്പരം കൊന്നൊടുക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറയായ പ്രതിപക്ഷബഹുമാനം എന്നത് ഇരുകൂട്ടര്‍ക്കും ഇല്ലാതിരിക്കുന്നത് സ്വാഭാവികം മാത്രം. കണ്ണൂര്‍ പുകഞ്ഞുകൊണ്ടേയിരിക്കുമെന്ന് സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in