കണക്കിന്റെ ഭാരത്തില്‍ സത്യം നിഷേധിക്കാം..!!!!

കേരളത്തിലെ ഇടതുപക്ഷവും ദളിത് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്. ദളിത് വിഭാഗത്തിന്റെ വോട്ടുകള്‍ കൂടുതലും തങ്ങള്‍ക്കാണെന്ന കണക്കിന്റെ അവകാശവാദത്തില്‍ തങ്ങളല്ലാതെ മറ്റാരാണ് ദളിതരെ പ്രതിനിധീകരിക്കാന്‍ എന്ന വെറും ശരാശരി ചോദ്യമാണ് മിക്കപ്പോഴും ഇടതുപക്ഷക്കാര്‍ ഉന്നയിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യ മുഴുവനെടുത്താല്‍ ദളിതരെ പ്രതിനിധീകരിക്കാനുള്ള അവകാശം ബിജെപിക്കായിരിക്കുമല്ലോ. കേരളത്തിലെ ദളിത് രാഷ്ട്രീയക്കാര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമെതിരായ ഇടതുപക്ഷ ബുദ്ധിജീവികളുടെ കടന്നാക്രമണം ശക്തമായിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണണാണ് ദേശാഭിമാനിയില്‍ വന്ന ദീപക് ശങ്കരനാരായണന്റെ ‘കണക്കിന്റെ ഭാരമില്ലാതെ കണകുണ […]

sss

കേരളത്തിലെ ഇടതുപക്ഷവും ദളിത് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്. ദളിത് വിഭാഗത്തിന്റെ വോട്ടുകള്‍ കൂടുതലും തങ്ങള്‍ക്കാണെന്ന കണക്കിന്റെ അവകാശവാദത്തില്‍ തങ്ങളല്ലാതെ മറ്റാരാണ് ദളിതരെ പ്രതിനിധീകരിക്കാന്‍ എന്ന വെറും ശരാശരി ചോദ്യമാണ് മിക്കപ്പോഴും ഇടതുപക്ഷക്കാര്‍ ഉന്നയിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യ മുഴുവനെടുത്താല്‍ ദളിതരെ പ്രതിനിധീകരിക്കാനുള്ള അവകാശം ബിജെപിക്കായിരിക്കുമല്ലോ.
കേരളത്തിലെ ദളിത് രാഷ്ട്രീയക്കാര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമെതിരായ ഇടതുപക്ഷ ബുദ്ധിജീവികളുടെ കടന്നാക്രമണം ശക്തമായിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണണാണ് ദേശാഭിമാനിയില്‍ വന്ന ദീപക് ശങ്കരനാരായണന്റെ ‘കണക്കിന്റെ ഭാരമില്ലാതെ കണകുണ പറയുന്നവരോട്’ എന്ന ലേഖനം. സിപിഎമ്മിന്റെ പോഷകസംഘടനയായ പട്ടിക ജാതി ക്ഷേമസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാമെന്നാദ്യം സമ്മതിച്ച ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി പിന്നീടതില്‍ നിന്നു പിന്മാറിയതും 15, 16നു തൃശൂരില്‍ നടക്കുന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതുമാണ് ദീപകിനെ ചൊടിപ്പിച്ചത്. വോട്ടിംഗ് കണക്കിന്റെ ഭാരമില്ലാതെ കണകുണ പറയുന്നവര്‍ മേവാനിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ദീപകിന്റെ പരാതി. അത്തരത്തില്‍ എളുപ്പം തെറ്റിദ്ധരിപ്പിക്കാവുന്ന വ്യക്തിയാണോ മേവാനി.? സത്യത്തില്‍ പി കെ എസ് നേതൃത്വമാണ് മേവാനിയെ തെറ്റിദ്ധരിപ്പിച്ചത്. തങ്ങള്‍ സ്വതന്ത്ര ദളിത് സംഘടനയാണ് എന്നായിരുന്നു അവര്‍ മേവാനിയെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ ദളിത് എന്ന വാക്കുപോലും പേരിലില്ലാത്ത ഈ സംഘടന സിപിഎമ്മിന്റെ പോഷകസംഘടന മാത്രമാണെന്നും കേരളത്തില്‍ നടക്കുന്ന നിരവധി ദളിത് – ആദിവാസി സമരങ്ങള്‍ക്കെതിരെ നിലപാടെടുത്തവരാണ് അവരെന്നുമുള്ള ശരിയായ ധാരണ ലഭിച്ചപ്പോഴാണ് ജിഗനേഷ് പിന്മാറിയത്. മാത്രമല്ല, ചിത്രലേഖ പോലുള്ള ദളിത് യുവതിയോട് വര്‍ഷങ്ങളായി കണ്ണൂരിലെ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടും ജിഗ്നേഷിനറിയാം. പിന്നെങ്ങനെ അതേ കണ്ണൂരില്‍ ആത്മാഭിമാനമുള്ള ഒരു ദളിത് നേതാവിന് സിപിഎം പോഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനാകും? രോഹിത് വെമുല എസ് എഫ് ഐയില്‍ നിന്നു രാജിവെച്ചപ്പോള്‍ ഫെയ്‌സ് ബുക്കിലിട്ട കുറിപ്പും സ്മരിക്കുന്നത് നന്ന്.
കേരളത്തിലെ ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും തോട്ടംതൊഴിലാളികളും ഇതര പിന്നോക്ക പാര്‍ശ്വവല്‍കൃതരും ഉള്‍പ്പെടുന്ന ഭൂരഹിതരുടെയും കോളനിവാസികളുടെയും ഭൂരാഹിത്യമെന്ന പിന്നോക്ക അവസ്ഥയെ അഡ്രസ്സ് ചെയ്തു കൊണ്ട് ഒക്ടോബര്‍ 15,16 തീയതികളില്‍ തൃശൂരില്‍ സംസ്ഥാന കണ്‍വെന്‍ഷനിലാണ് മേവാനി പങ്കെടുന്നത്. ഈ പരിപാടിയുടെ മുദ്രാവാക്യം ‘മൂന്ന് സെന്റ് കോളനിവല്‍ക്കരണമല്ല, ഭൂരഹിതര്‍ക്ക് ഭൂഉടമസ്ഥതയും വിഭാവധികാരവും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷി ഭൂമിയും’ എന്നതാണ്. സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മൂന്നു സെന്റ് ഭൂമി വീതം നല്‍കി ഭൂപ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഗുജറാത്തില്‍ മേവാനിയും കൂട്ടരും ആവശ്യപ്പെടുന്നത് 5 ഏക്കര്‍ വരെ ഭൂമിയാണെന്നും മറക്കരുത്. കേരളത്തിലെ ദളിത് ജനസംഖ്യയുടെ 47.5 ശതമാനവും കഴിയുന്നത് 26,193 കോളനികളിലായാണ്. 29.9 ശതമാനം ദളിതര്‍ കഴിയുന്നതാകട്ടെ സമാനമായ സാഹചര്യത്തിലും. തങ്ങളുടെ ഭരണനേട്ടം എന്നു ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌കരണമാണ് ദളിതരെ കോളനികളില്‍ തളച്ചിടാന്‍ പ്രധാന കാരണം. വീണ്ടും അതേ തെറ്റു തന്നെയാണ് പിണറായി സര്‍ക്കാരും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ കണക്കുപ്രകാരമുള്ള 2,44,124 ഭൂരഹിത കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കാന്‍ സര്‍ക്കാരിനു 7324 ഏക്കര്‍ ഭൂമി മതിയാകും! നിലവില്‍ ലാന്റ് ബാങ്കില്‍ മാത്രം 1,80,787 ഏക്കര്‍ ഭൂമിയുണ്ട്. ഏറ്റെടുക്കേണ്ടതും കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി 8 ലക്ഷത്തിനു മുകളില്‍ വരും. അതൊക്കെ മറച്ചുവെച്ച് മൂന്നു സെന്റ് വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്ന സിപിഎമ്മിന്റെ പരിപാടിയില്‍ ഒരു കുടുംബത്തിനു അഞ്ചേക്കര്‍ ഭൂമി ആവശ്യപ്പെടുന്നേ മേവാനി പങ്കെടുക്കണമെന്നു പറയുന്നത് ഏതു കണക്കിന്റെ ബലത്തിലാണാവോ? മുത്തങ്ങയില്‍ നിന്നും ചങ്ങറയില്‍ നിന്നുമാരംഭിച്ച ആദിവാസി – ദളിത് ഭൂസമരങ്ങളോട് സിപിഎം സ്വീകരിച്ച നിലപാടും മേവാനി അറിയാതിരക്കുമോ? അത്തരത്തിലെ സമരങ്ങളെ തകര്‍ക്കാനാണ് എകെ എസും പികെഎസും രൂപീകരിച്ചതെന്നു മേവാനിയോട് ആരും പറയാതിരിക്കില്ലല്ലോ. രാഷ്ട്രീയപൊതുമണ്ഡലത്തില്‍ ദൃശ്യമാദ്ധ്യമങ്ങളിലായാലും പ്രസിദ്ധീകരണങ്ങളിലായാലും അകാഡമിക് ഇടങ്ങളിലായാലും രാഷ്ട്രീയ കീഴാളതയുടെ ഇടങ്ങള്‍ മൊത്തമായി കയ്യടക്കിവച്ചിട്ടുള്ളവരാണ് മേവാനിയെ തെറ്റിദ്ധരിപ്പിച്ചതെന്നു പറയുന്ന ദീപകിനോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍? കീഴാളതയുടെ അടിസ്ഥാനം സാമ്പത്തികയുക്തിയാണെന്ന് ആവര്‍ത്തിക്കുന്ന ഒരു വിഷണറി ലീഡറാണ് ജിഗ്നേഷ് എന്നും ദീപക് പറയുന്നു. ശരിയാണ്. അതാണല്ലോ അതേ വിഷയമുന്നയിച്ച് നടക്കുന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കുന്നത്.
ഇടതിനകത്ത് ദളിത് വിരുദ്ധത ഇല്ലെന്നൊക്കെ സ്വീപ്പിങ് സ്റ്റേയ്റ്റ്മ്മെന്റ് അടിക്കാന്‍ തനിക്ക് തലക്ക് ഓളമായിരിക്കണം എന്നും ദീപക് അടിച്ചു വിടുന്നു. ദളിത് വിരുദ്ധതയൊന്നുമല്ല പ്രശ്‌നം. രാഷ്ട്രീയം തന്നെയാണ്. ശക്തിയില്ലാത്തയിടങ്ങളില്‍ ദളിത് രാഷ്ട്രീയത്തോട് ഐക്യപ്പെടാന്‍ ശ്രമിക്കുന്ന സിപിഎമ്മിനു കേരളത്തില്‍ ദളിത് രാഷ്ട്രീയം വെറും സ്വത്വവാദം മാത്രമാണല്ലോ.
മറ്റൊന്നു കൂടി ചൂണ്ടികാട്ടട്ടെ. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളിലുണ്ടായ ദളിത് മുന്നേറ്റം ഇപ്പോഴും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണല്ലോ. സിപിഎമ്മിന്റെ മറ്റൊരു പോഷകസംഘടനയായ എസ് എഫ് ഐ ഈ മുന്നേറ്റങ്ങളോട് ഐക്യപ്പെട്ടു എന്നാണല്ലോ കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാല്‍ അവസാനം സംഭവിച്ചതെന്താണ്? എച്ച് സി യുവില്‍ രോഹിതിനൊപ്പം പുറത്താക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമായിരുന്നത് ഇല്ലാതായത് എങ്ങനെയാണ്? ജെ എന്‍ യുവിലാകട്ടെ ചരിത്രത്തിലാദ്യമായി ഒരു ദളിത് ചെയര്‍മാന്‍ ഉണ്ടാകുമായിരുന്ന ചരിത്രസന്ദര്‍ഭവും ഇല്ലാതായി. വിജയം മാത്രം ലക്ഷ്യം വെച്ച് എസ് എഫ് ഐ ഉണ്ടാക്കിയ സഖ്യങ്ങളായിരുന്നു സംഘപരിവാര്‍ ശക്തികള്‍ക്ക് ഞെട്ടലും കാഴാള രാഷ്ട്രീയത്തിന് ഊര്‍ജ്ജവും സൃഷ്ടിക്കുമായിരുന്ന വിജയങ്ങള്‍ ഇല്ലാതാക്കിയത്. അതും കണക്കുകള്‍ തന്നെയാണ്. ഭാവനകളല്ല എന്ന് ദീപക്കും കൂട്ടരും മനസ്സിലാക്കിയാല്‍ നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply