കടുവ, പുലി, ആന, തെരുവുനായ – മറക്കുന്ന മൃഗാവകാശങ്ങളും

കേരളത്തില്‍ ഇന്ന് സജീവചര്‍ച്ചാവിഷയങ്ങളാണല്ലോ കടുവ, പുലി, തെരുവുനായ, ആന തുടങ്ങിയവ. ഇവ മനുഷ്യന്റെ സ്വെരജീവിതത്തിനുണ്ടാക്കുന്ന വിഷയങ്ങളാണല്ലോ ചര്‍ച്ചാവിഷയം. എന്നാല്‍ താല്‍ക്കാലികമായ പരിഹാരം എന്നതിനപ്പുറം യുനസ്‌കോ പോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള മൃഗാവകാശങ്ങള്‍ അംഗീകരിച്ചുള്ള ദീര്‍ഘകാല പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ കാണുന്നില്ല എന്നതാണ് വസ്തുത. മനുഷ്യന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള താല്‍ക്കാലിക പരിഹാരങ്ങളാണ് നടപ്പാക്കുന്നത്. ഭൂമിയുടെ അവകാശികള്‍ നമ്മളാണെന്ന ആ ധാരണ എന്നേ കാലഹരണപ്പെട്ടതാണ്. ചുരുങ്ങിയത് വൈക്കം മുഹമ്മദ് ബഷീറെങ്കിലും മലയാളിക്കത് പറഞ്ഞുതന്നിട്ടുണ്ടല്ലോ. സംസ്ഥാനത്ത് ആദ്യമായി കടുവകളുടെ കടിയേറ്റ് മനുഷ്യര്‍ മരിച്ച സംഭവമുണ്ടായല്ലോ. […]

kaduvaകേരളത്തില്‍ ഇന്ന് സജീവചര്‍ച്ചാവിഷയങ്ങളാണല്ലോ കടുവ, പുലി, തെരുവുനായ, ആന തുടങ്ങിയവ. ഇവ മനുഷ്യന്റെ സ്വെരജീവിതത്തിനുണ്ടാക്കുന്ന വിഷയങ്ങളാണല്ലോ ചര്‍ച്ചാവിഷയം. എന്നാല്‍ താല്‍ക്കാലികമായ പരിഹാരം എന്നതിനപ്പുറം യുനസ്‌കോ പോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള മൃഗാവകാശങ്ങള്‍ അംഗീകരിച്ചുള്ള ദീര്‍ഘകാല പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ കാണുന്നില്ല എന്നതാണ് വസ്തുത. മനുഷ്യന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള താല്‍ക്കാലിക പരിഹാരങ്ങളാണ് നടപ്പാക്കുന്നത്. ഭൂമിയുടെ അവകാശികള്‍ നമ്മളാണെന്ന ആ ധാരണ എന്നേ കാലഹരണപ്പെട്ടതാണ്. ചുരുങ്ങിയത് വൈക്കം മുഹമ്മദ് ബഷീറെങ്കിലും മലയാളിക്കത് പറഞ്ഞുതന്നിട്ടുണ്ടല്ലോ.
സംസ്ഥാനത്ത് ആദ്യമായി കടുവകളുടെ കടിയേറ്റ് മനുഷ്യര്‍ മരിച്ച സംഭവമുണ്ടായല്ലോ. സ്വാഭാവികമായും കടുവകളെ കൊല്ലാനാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം നടന്നത്.
കേരളത്തിലെ വനപ്രദേശങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെയും പരിമിതിയുടെയും പ്രതിഫലനമാണ് കടുവ ജനവാസകേന്ദ്രങ്ങളിലെത്തി മനുഷ്യനെ ആക്രമിച്ച് തുടങ്ങി എന്നത്. ഒരേ സമയം വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുകയും, കാട് കൂടുതല്‍ ശോഷിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവിക പ്രത്യാഘാതം തന്നെയാണ് ഇത്. ഒപ്പം കാട്ടിനരികിലെ മനുഷ്യ ജനസംഖ്യയും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണല്ലോ.
കാടും നാടും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സംതുലിതാവസ്ഥ തകിടംമറിഞ്ഞതാണ് പ്രശ്‌നം.
എന്തായാലും കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇപ്പോഴിതാ കടുവ സംരക്ഷണ അതോറിറ്റി പുതിയ മാര്‍ഗ്ഗരേഖയുമായി രംഗത്തുവന്നിരിക്കുന്നു. ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധവും അക്രമവും തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് മാര്‍ഗരേഖ പറയുന്നു. ആള്‍ക്കൂട്ടവും പ്രതിഷേധവും ഉണ്ടായാല്‍ കടുവക്ക് വനത്തിലേക്ക് തിരിച്ചുപോകുന്നതിന് തടസമുണ്ടാവും. ഇതുണ്ടാവാതിരിക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. നാട്ടിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് പിടികൂടിയാല്‍ അവയെ ഭക്ഷിക്കാന്‍ അനുവദിക്കണം. അല്ലെങ്കിലവ വീണ്ടും വരും. ബാക്കിവരുന്നത് അവിടെ തന്നെയിടണം. വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. വളര്‍ത്തുമൃഗങ്ങളെ കാട്ടിലേക്ക് മേയാന്‍ വിടരുത്.  കടുവകള്‍ സ്ഥിരമായി നാട്ടില്‍ ഇറങ്ങുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത്തരം സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. എന്തുകൊണ്ടാണ് ഒരു പ്രത്യേക മേഖലയില്‍ മാത്രം കടുവ ഇറങ്ങുന്നു എന്നത് സംബന്ധിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തണമെന്നെല്ലാം മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് നമ്മുടെ ദേശീയമൃഗമായ കടുവ. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന അതിന്റെ ചുവപ്പുപട്ടികയിലാണ് കടുവകള്‍ക്ക് ഇടംനല്‍കിയിരിക്കുന്നത്. അവയുടെ സംരക്ഷണത്തിന് അത്രമാത്രം പ്രാധാന്യമാണ് നല്‍കുന്നത്. കാടുവെളുക്കപ്പെട്ടതോടെയാണ് അവ ഭക്ഷണം  തേടി നാട്ടിലേക്ക് വരുന്നതെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. വനവത്ക്കരണത്തിന്റെ പേരില്‍ വനംവകുപ്പ് വനത്തില്‍ തേക്കുതോട്ടങ്ങളുണ്ടാക്കുന്നതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കംകൂട്ടിയ സംഗതിയാണ്. വേനലില്‍ വരള്‍ച്ചക്ക് ഇത് ശക്തി വര്‍ധിപ്പിച്ചു. കടുവത്താരകളൊക്കെ അപ്രത്യക്ഷമായി. അടിക്കാടും പുല്ലുമെല്ലാം കരിഞ്ഞുണങ്ങാന്‍ തുടങ്ങുന്നതോടെ തീറ്റ തേടി മാന്‍കൂട്ടങ്ങള്‍ നാടിറങ്ങി.. കാട്ടില്‍ ഇര നഷ്ടപ്പെടുന്ന  കടുവകള്‍ അവയ്ക്ക് പിന്നാലെ നാട്ടിലേക്കെത്തുന്നു.  ഇതിന് എളുപ്പത്തിലുള്ള പരിഹാരം സാധ്യമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവയുടെ ആവാസകേന്ദ്രങ്ങള്‍ വിട്ടുകൊടുക്കുകയേ മാര്‍ഗ്ഗമുള്ളു. വെച്ചതേക്കെല്ലാം വെട്ടി സ്വാഭാവികവനം വളരാനവസരം ഉണ്ടാക്കണം. നാടും കാടും വേര്‍തിരിക്കപ്പെടുകവേണം. അല്ലെങ്കില്‍ ഭീകരമായ ദുരന്തങ്ങളായിരിക്കും അഭിമുഖീകരിക്കാന്‍ പോകുന്നത്. പുലികളുടെ കാര്യവും വ്യത്യസ്ഥമല്ല. എല്ലാ മൃഗങ്ങളേയും വെടിവച്ചുകൊല്ലാന്‍ ഭൂമി നമുക്ക് സ്ത്രീധനമോ പുരുഷധനമോ കിട്ടിയതല്ലല്ലോ.
മറ്റൊന്ന് ആനയാണ്. കാട്ടാനകളുടെ കാര്യം കടുവകളുടേതിനു സമാനം തന്നെ. കാട്ടാനകളുടെ ആക്രമണത്തില്‍ വര്‍ഷം തോറും മരണപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നു. കാട്ടില്‍ ഭക്ഷണവും വെള്ളവും കിട്ടാതാകുമ്പോള്‍, ആനത്താര പോലും നഷ്ടപ്പെട്ട ആനകള്‍ കാടുകയ്യേറി മനുഷ്യന്‍ കൃഷിചെയ്യുന്ന മേഖലകളിലേക്ക് വരുക സ്വാഭാവികമല്ലേ? അതിനിയും വര്‍ദ്ധിക്കും. കടുവയെപോലെ ഒരു മാര്‍ഗ്ഗരേഖ അവക്കും ആവശ്യമാണ്.
മറുവശത്ത് മുഖ്യപ്രശ്‌നം തെരുവുനായ്ക്കളാണ്. തെരുവുതെണ്ടികള്‍ എന്ന് നാം ആക്ഷേപിച്ചിരുന്ന ഇവയാണ് ഇപ്പോള്‍ ചാനലുകളിലെ ഹീറോകളും വി്ല്ലന്മാരും. നിയമസഭയിലും നായ്ക്കള്‍ ചര്‍ച്ചാവിഷയം. സ്വാഭാവികമായും നായ്ക്കളെ കൊല്ലുക എന്ന ആവശ്യമാണ് ഉയരുന്നത്. പലരും അതു ചെയ്യുന്നുമുണ്ട്. എന്നാല്‍ നിയമമംഗീകരിക്കാത്തതിനാല്‍ കൂട്ടവന്ധ്യംകരണമാണ് നടക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അതും അശാസ്ത്രീയമാണെന്ന് പറയേണ്ടിവരും. നമ്മുടെ നാടന്‍നായ്ക്കള്‍ വംശനാശം നേരിടുകയായിരിക്കും അതിന്റെ അവസാനഫലം. പിന്നീട് വിദേശ ഇനങ്ങള്‍ മാത്രമായി നായ്‌വര്‍ഗം ചുരുങ്ങും. ഇതോടെ നാടന്‍തനിമ ഇല്ലാതാകുന്ന അവസ്ഥയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. നാടന്‍ വിത്തുകള്‍ ഇല്ലാതായപോലെ തന്നെ.
തെരുവുനായ്ക്കള്‍ പലപ്പോഴും അക്രമാസക്തരാകുന്നത് അവയ്ക്ക് ഭക്ഷണം കിട്ടാത്തതിനാലാണ്. വീടുകളില്‍ വളര്‍ത്തുന്ന വിദേശ നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. എവിടേയും അങ്ങനെയാണല്ലോ. അതിന്റെ പകുതി പരിഗണന നാടന്‍ നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്‌നം മിക്കവാറും പരിഹരിക്കപ്പെടും. നാടന്‍നായ്ക്കളെ പരിപാലിക്കാന്‍ ചെലവിടുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിദേശനായ്ക്കളെ തീറ്റിപ്പോറ്റാന്‍ വേണ്ടിവരുന്നത്. സത്യത്തില്‍ അവക്കുള്ള കഴിവുകളെല്ലാം നാടന്‍ നായ്ക്കള്‍ക്കുമുണ്ട്. എന്നാല്‍ പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുകയാണ്.
വീണ്ടും ആനയിലേക്ക് വരാം. നാട്ടാന എന്നു വിളിക്കുന്ന ആനയിലേക്ക്. സത്യത്തില്‍ അങ്ങനെയൊന്നില്ല. എല്ലാം കാട്ടാനതന്നെ. മനുഷ്യന്‍ കച്ചവടത്തിനായി അങ്ങനെ പേരിടുന്നു. ഇതുമായി ബന്ധപ്പെട്ട് നമ്മുടെ ഇരട്ടത്താപ്പുകാണാം. ഓരോ ഉത്സവസീസണിലും എത്രയോ പേരെയാണ് ആനകള്‍ കൊല്ലുന്നത്. എന്നാല്‍ അവയെ കൊല്ലാന്‍ എന്തേ ആവശ്യപ്പെടുന്നില്ല? സംഗതി വ്യക്തം. ഉത്സവങ്ങളുടെ മറവില്‍ നടക്കുന്ന വന്‍ബിസിനസ്സും അതുമായി ബന്ധപ്പെട്ട മാഫിയയും. നമ്മുടെ പൊതുമനസ്സുപോലും അതിനോട് ഐക്യപ്പെട്ടിരിക്കുന്നു. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ആനകളെ കൈകാര്യം ചെയ്യുന്നത്. അവി നേരിടുന്ന പീഡനങ്ങള്‍ക്കുള്ള പ്രതികരണങ്ങളാണ് ഉത്സവപറമ്പുകളിലെ ചോരപ്പുഴകള്‍.
പോയ വര്‍ഷം സംസ്ഥാനത്ത് ആനകള്‍ ഇടഞ്ഞോടിയ സംഭവങ്ങളുടെ കണക്കുകള്‍ ഇങ്ങനെ. 2014ല്‍ സംസ്ഥാനത്ത് 310 ആനകള്‍ ഇടഞ്ഞോടി. ആകെ ഇടഞ്ഞത് 2011 പ്രാവശ്യം. ആനയിടഞ്ഞതിനെ തുടര്‍ന്ന് അഞ്ച് പാപ്പാന്മാരും ഒരു ടൂറിസ്റ്റ് വനിതയും ഒരു വിദ്യാര്‍ഥിയും മരണമടഞ്ഞു. 24 ആനകളും ഈവര്‍ഷം ചരിഞ്ഞു. അമിതമായ ജോലിഭാരവും പീഡനങ്ങളും മദമുള്ളപ്പോള്‍ പോലും എഴുന്നള്ളിക്കുന്നതും മറ്റുമാണ് ആനകളിടയാന്‍ കാരണമാകുന്നത്. ഉത്സവങ്ങള്‍ക്ക് ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനകത്ത് മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുക, പകല്‍ 11 മുതല്‍ മൂന്നുമണിവരെ ആനയെഴുന്നള്ളത്തുകള്‍ നടത്തുക, മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിക്കുക തുടങ്ങിയ നിയമവിരുദ്ധമായ നടപടികള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന വനംസെക്രട്ടറിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം, മൂന്ന് ആനകളെയാണെങ്കില്‍ ജില്ലാകലക്ടറുടെ പക്കല്‍നിന്നും 72 മണിക്കൂറിനു മുന്നേ അനുമതിപത്രം വാങ്ങണം. ആനകള്‍ക്ക് മദമില്ലെന്നും പരുക്കുകള്‍ ഇല്ലെന്നും വ്യക്തമാക്കി എഴുന്നള്ളിപ്പു ദിവസം എഴുന്നള്ളിപ്പ് സ്ഥലത്തെ വെറ്ററിനറി സര്‍ജന്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എഴുന്നള്ളിക്കാവൂ, പകല്‍ എഴുന്നള്ളിച്ച ആനകളെ രാത്രി എഴുന്നള്ളിക്കരുത്, എഴുന്നള്ളിപ്പുകഴിഞ്ഞ് 12 മണിക്കൂര്‍നേരം വിശ്രമം നല്‍കിയ ശേഷമേ ആനകളെ പിന്നീട് എഴുന്നള്ളിക്കാവൂ, എഴുന്നള്ളിപ്പ് സ്ഥലത്ത് 12 മണിക്കൂര്‍ മുന്നേ ആനകളെ എത്തിച്ചിരിക്കണം തുടങ്ങിയ 2008 മാര്‍ച്ച് 16 ലെ കേരള ഹൈക്കോടതി വിധികളെല്ലാം ലംഘിക്കപ്പെടുകയാണ്. 14 ദിവസം മുന്നേ ലഭ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനകളെ തുടര്‍ച്ചയായി എല്ലാദിവസവും രാവുംപകലും എഴുന്നള്ളിക്കുകയാണ്.
അടിസ്ഥാനപരമായി ആന കാട്ടുമൃഗമാണ്. കാട്ടില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ജീവി. ചൂടുകൂടിയാല്‍ മണിക്കൂറുകളോളം കാട്ടരുവികളില്‍ കുളിച്ചുതിമര്‍ക്കുന്ന ജീവി.   ഇടയുന്ന ആനകള്‍ മിക്കപ്പോഴും ജലാശയങ്ങളിലിറങ്ങിയാണല്ലോ നീരാടുന്നത്. വൃക്ഷലതാതികളുടെ തണല്‍പറ്റി ഗര്‍വ്വോടെ തലയുയര്‍ത്തി നടക്കുന്ന കാട്ടിലെ രാജാവ്.. അവനെയാണ് മണിക്കൂറുകളോളം പൊരി വെയിലത്ത് അനങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്തി നാം പൊരിക്കുന്നത്.. ദൈവമാകട്ടെ അവന് നല്കിയത് കറുത്ത ശരീരം. കറുപ്പ് താപവികിരണങ്ങളെ ഒന്നടങ്കം ആഗിരണം ചെയ്യുമെന്ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. പോരെങ്കില്‍ ഇത് ആഗോളതാപനത്തിന്റെ കാലവും. മദപ്പാടുപോലും മറച്ചുവെച്ച് ആനകളെ എഴുന്നള്ളിക്കാന്‍ മടിക്കാത്ത ആന ഉടമകളും ഏജന്റുമാരും പാപ്പാന്മാരും. അതിനെതിരെ നമുക്കൊന്നും പറയാനില്ല എന്നതാണ് ഏറ്റവും ദുഖകരം.

അനുബന്ധം :
യുനസ്‌കോയുടെ പാരീസിലെ ആസ്ഥാനത്തുവച്ച് 1978 ഒക്ടോബര്‍ 15ന് വിളംബരം ചെയ്യപ്പെട്ട സാര്‍വ്വദേശീയ മൃഗാവകാശ പ്രഖ്യാപനം

ആമുഖം
സമസ്ത ജീവനും ഒന്നാണെന്നും എല്ലാ ജീവജാലങ്ങള്‍ക്കും പൊതു ഉല്‍പ്പത്തിയാണെന്നും പരിണാമത്തിലുണ്ടായ വൈവിദ്ധ്യങ്ങളുടെ ഫലമായി വിവിധ ജീവജാതികളായി രൂപംകൊണ്ടവയാണെന്നും പരിഗണിച്ചുകൊണ്ട്, എല്ലാ ജീവികള്‍ക്കും സ്വാഭാവികാവകാശങ്ങളുണ്ടെന്നും നാഡീവ്യൂഹമുള്ള മൃഗങ്ങള്‍ക്ക് സവിശേഷാവകാശങ്ങളുണ്ടെന്നും ഉള്‍ക്കൊണ്ടുകൊണ്ട്, ഈ നൈസര്‍ഗ്ഗികാവകാശങ്ങളുടെ നേര്‍ക്കുള്ള അവജ്ഞയും അവയെക്കുറിച്ചുള്ള അജ്ഞത മൂലം മനുഷ്യര്‍ പ്രകൃതിക്കുമേല്‍ ഗുരുതരമായ നാശങ്ങളേല്‍പ്പിക്കുന്നതിനും മൃഗങ്ങള്‍ക്കു നേരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും ഇടയാകുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ടും ജീവികളുടെ സഹവര്‍ത്തിത്വമെന്നാല്‍ മനുഷ്യന്‍ എന്ന സ്പീഷിസ് മറ്റു സ്പീഷീസുകളില്‍പ്പെട്ട മൃഗങ്ങളുടെ ജീവിക്കാനുള്ള അവകാശം അംഗീകരിക്കലാണ് എന്ന് നിരൂപിച്ചുകൊണ്ടും മനുഷ്യരുടെ പരസ്പര ബഹുമാനം പോലെ തന്നെയാണ് മനുഷ്യര്‍ക്ക് മൃഗങ്ങളോടുള്ള ആദരവ് എന്ന് ഉള്‍ക്കൊണ്ടുകൊണ്ടും ഇതിങ്കല്‍ വിളംബരം ചെയ്യുന്നത് എന്തെന്നാല്‍:

അനുച്ഛേദം 1
ജീവശാസ്ത്രപരമായ സന്തുലിതാവമസ്ഥയുടെ പശ്ചാത്തലം പരിഗണിച്ച് എല്ലാ മൃഗങ്ങള്‍ക്കും നിലനില്‍പ്പിനും വളരാനും തുല്യമായ അവകാശങ്ങളുണ്ട്. ഈ സമത്വം ഏതു ജീവികുലത്തിലെ ജീവികളുടെയും വൈവിദ്ധ്യത്തെ കൂടി ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

അനുച്ഛേദം 2
ചേതനയുള്ള എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഇതര ജീവികളാലും മനുഷ്യരാലും ആദരിക്കപ്പെടാന്‍ അവകാശമുണ്ട്.

അനുച്ഛേദം 3
(എ) മൃഗങ്ങളെ മോശം പെരുമാറ്റങ്ങള്‍ക്കോ ക്രൂരകൃത്യങ്ങള്‍ക്കോ വിധേയരാക്കരുത്.
(ബി) ഒരു മൃഗത്തെ കൊല്ലേണ്ട അത്യാവശ്യമുണ്ടായാല്‍ തന്നെ അത് മൃഗത്തെ ഭയാശങ്കപ്പെടുത്താതെ, വേദനാരഹിതമായി തല്‍ക്ഷണം നടപ്പാക്കേണ്ടതാണ്.
(സി) മൃഗത്തിന്റെ ജഡം കൈകാര്യം ചെയ്യേണ്ടത് അന്തഃസ്സുറ്റ രീതിയിലായിരിക്കണം.

അനുച്ഛേദം 4
(എ) വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ട്.
(ബി) നേരംപോക്കിനും വിനോദത്തിനുമായുള്ള മൃഗവേട്ടയും മത്സ്യബന്ധനവും ദീര്‍ഘകാലത്തേയ്ക്കുള്ള വന്യമൃഗങ്ങളുടെ തടവും ജീവരക്ഷാപരമായ കൈകാര്യങ്ങള്‍ക്കല്ലാതെ വന്യമൃഗങ്ങളെ ഉപയോഗിക്കവും ഈ മൗലികാവകാശത്തിന് എതിരാണ്.

അനുച്ഛേദം 5
(എ) മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷയ്ക്കും അവകാശമുണ്ട്.
(ബി) യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുത്.
(സി) മൃഗ പ്രജനന രീതി ഏതും അതാത് ജീവിവര്‍ഗ്ഗത്തിന്റെ ശരീരശാസ്ത്രം, പെരുമാറ്റം എന്നിവയെ ബഹുമാനിച്ചുകൊണ്ടായിരിക്കണം.
(ഡി) മൃഗങ്ങളെ സംബന്ധിച്ച പ്രദര്‍ശനങ്ങള്‍, സിനിമ മുതലായവ അവയുടെ അന്തസ്സിനെ മാനിക്കുന്നതും യാതൊരു തരത്തിലുള്ള അക്രമങ്ങള്‍ ഇല്ലാത്തവയുമായിരിക്കണം.

അനുച്ഛേദം 6
(എ) മൃഗങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കോ മാനസികാവസ്ഥയ്‌ക്കോ പീഢനമേല്‍പ്പിക്കുന്ന തരം പരീക്ഷണങ്ങള്‍ മൃഗങ്ങളുടെ അവകാശത്തിന്റെ ലംഘനമായി കണക്കാക്കപ്പെടണം.
(ബി) മൃഗങ്ങളുടെ മേലുള്ള പരീക്ഷണങ്ങള്‍ക്ക് വിരാമമിടാന്‍ പകരം വയ്ക്കാവുന്ന നടപടിക്രമങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ക്രമാനുഗതമായി നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്.

അനുച്ഛേദം 7
(എ) ഒരു മൃഗത്തിന്റെ മരണത്തിലേയ്ക്കു നയിക്കുന്ന അനാവശ്യമായ ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്കു നയിക്കുന്ന ഏതൊരു തീരുമാനവും ജീവനുനേരെയുള്ള കുറ്റകൃത്യമാണ്.

അനുച്ഛേദം 8
(എ) പ്രകൃതിയിലെ ഒരു പ്രത്യേക സ്പീഷീസിന്റെ നിലനില്‍പ്പു തന്നെ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിക്കുന്ന ഏതൊരു തീരുമാനങ്ങളും ആ ജീവജാതിയുടെ വംശഹത്യയ്ക്ക് സമാനമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടേണ്ടതാണ്.
(ബി) വന്യമൃഗങ്ങളുടെ കൂട്ടക്കൊല, അവയുടെ സ്വാഭാവിക ആവാസസ്ഥലം നശിപ്പിക്കല്‍, മലിനീകരണം എന്നിവ വംശഹത്യാ പ്രവര്‍ത്തനങ്ങളാണ്.

അനുച്ഛേദം 9
(എ) ജീവശൃംഖലയില്‍ മൃഗങ്ങളുടെ സവിശേഷ സ്ഥാനവും പദവിയും അവകാശങ്ങളും നിയമം വഴി അംഗീകരിക്കപ്പെടണം.
(ബി) മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണം.

അനുച്ഛേദം 10
കുട്ടിക്കാലം മുതലേ മൃഗങ്ങളെ നിരീക്ഷിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കാനും ഇടപഴകാനും ഉതകുന്ന വിദ്യാഭ്യാസപഠനരീതികളും പൗരന്/പൗരിക്ക് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഉറപ്പു വരുത്തണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കടുവ, പുലി, ആന, തെരുവുനായ – മറക്കുന്ന മൃഗാവകാശങ്ങളും

  1. Avatar for Critic Editor

    ബാലചന്ദ്രന്‍

    ///////(ബി) യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുത്.////////.
    മനുഷ്യക്കുരുന്നുകളെ കടിച്ചു കീറി കൊല്ലുന്ന തെരുവ് നായ്ക്കള്‍ക്ക് നല്‍കുന്ന അവകാശം മനുഷ്യനു തിന്നാനായി കൊല്ലപ്പെടുന്ന ആടുകള്‍ക്കും, മാടുകള്‍ക്കും ഇല്ലേ? ‘മനുഷ്യനു തിന്നാന്‍’ എന്നതാവും വകുപ്പില്‍ പറയുന്ന ‘നീതി’ അല്ലേ? കടികൊണ്ടും വിഷം കയറിയും മനുഷ്യന്‍ മരിക്കുന്നതു അനീതിയല്ല?!.

    .ഇപ്പറഞ്ഞതിന് തലയില്‍ ആള്‍താമസമില്ലാത്തവന്‍ എന്നു വിളിച്ചാലും മൃദു/തീവ്ര ഹിന്ദു എന്നു മാത്രം ദയവായി വിളിക്കരുത്.

Leave a Reply