ഒരു ക്യൂ നല്‍കുന്ന പാഠം.

വേണമെങ്കില്‍ ചക്ക വേരിലും കാക്കും എന്നു പറയാറില്ലേ? അതാണ് കോഴിക്കോട് നടവണ്ണൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നില്‍ കാണുന്നത്. തിങ്കളാഴ്ച നടക്കുന്ന ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായി രക്ഷാകര്‍ത്താക്കള്‍ രണ്ടുദിവസമായി സ്‌കൂളിനുമുന്നില്‍ ക്യൂ നില്‍ക്കുകയാണ്. കുടുംബാംഗങ്ങള്‍ മാറിമാറിയാണ് ക്യൂവില്‍ നില്‍ക്കുന്നത്. ആരെങ്കിലും ക്യൂവിട്ടുപോയാല്‍ പുറകിലാകും. കാരണം മറ്റൊന്നുമല്ല. അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടെയുമെല്ലാം അക്ഷീണപരിശ്രമത്തിലൂടെ സ്‌കൂളിന് ഉന്നതനിലവാരത്തിലെത്താന്‍ കഴിഞ്ഞതുതന്നെ. അവിടെ തങ്ങളുടെ കുട്ടികളെ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കുന്നു. ഇത് ഈ സ്‌കൂളിന്റെ മാത്രം കഥയല്ല. കേരളത്തില്‍ നിരവധി […]

qവേണമെങ്കില്‍ ചക്ക വേരിലും കാക്കും എന്നു പറയാറില്ലേ? അതാണ് കോഴിക്കോട് നടവണ്ണൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നില്‍ കാണുന്നത്. തിങ്കളാഴ്ച നടക്കുന്ന ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായി രക്ഷാകര്‍ത്താക്കള്‍ രണ്ടുദിവസമായി സ്‌കൂളിനുമുന്നില്‍ ക്യൂ നില്‍ക്കുകയാണ്. കുടുംബാംഗങ്ങള്‍ മാറിമാറിയാണ് ക്യൂവില്‍ നില്‍ക്കുന്നത്. ആരെങ്കിലും ക്യൂവിട്ടുപോയാല്‍ പുറകിലാകും. കാരണം മറ്റൊന്നുമല്ല. അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടെയുമെല്ലാം അക്ഷീണപരിശ്രമത്തിലൂടെ സ്‌കൂളിന് ഉന്നതനിലവാരത്തിലെത്താന്‍ കഴിഞ്ഞതുതന്നെ. അവിടെ തങ്ങളുടെ കുട്ടികളെ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കുന്നു.
ഇത് ഈ സ്‌കൂളിന്റെ മാത്രം കഥയല്ല. കേരളത്തില്‍ നിരവധി സര്‍ക്കാര്‍ സ്‌കൂളുകള്‍ അടുത്തയിടെ ഉന്നത നിലവാരത്തിലെത്തിയിട്ടുണ്ട്. കാരണം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം, സ്‌കൂളുകള്‍ പൂട്ടിപോകുമെന്ന അവസ്ഥ സംജാതമായതുതന്നെ. എന്തായാലും അതിന്റെ ഗുണം കഴിഞ്ഞ വര്‍ഷവും കണ്ടു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 7000 വര്‍ദ്ധിച്ചു. എല്ലാവര്‍ഷവും ഈ എണ്ണം കുറഞ്ഞു വരുകയായിരുന്നു. ഇക്കുറിയും എണ്ണം വര്‍ദ്ധിക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്.
വിദ്യാഭ്യാസരംഗത്ത് കേരളം വലിയ നേട്ടങ്ങള്‍ നേടിയെന്നൊക്കെ നാം ഊറ്റം കൊള്ളാറുണ്ട്. സത്യമെന്താണ്? പ്രാഥമിക വിദ്യാഭ്യാസരംഗത്തുമാത്രമേ നാം നേട്ടങ്ങള്‍ നേടിയുള്ളു. ഉന്നത വിദ്യാഭ്യാസരംഗത്ത് എത്രയോ പുറകില്‍. കുറച്ചുകാലമായി പ്രാഥമികരംഗത്തും നാം പുറകോട്ടു പോകുകയാണ് എന്നതാണ് സത്യം. എസ് എസ് എല്‍ സി ഫലം ഒരിക്കലും നമ്മുടെ മികവിന്റെ പ്രതിഫലനമല്ല എന്നത് വ്യക്തം. വാസ്തവത്തില്‍ ഇന്ന് അടിസ്ഥാനയോഗ്യത ഏറെക്കുറെ പ്ലസ് ടു ആയ സ്ഥിതിക്ക് എസ് എസ് എല്‍ സി പൊതു പരീക്ഷയുടെ ആവശ്യം തന്നെയുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. അത് മറ്റൊരു വിഷയം.
പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയെ കുറിച്ചാണല്ലോ ഇന്നത്തെ പ്രധാന രോദനം. രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപകമായി വിടാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞു. ഇപ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍ പോലും കുട്ടികള്‍ കുറവാണ്. മൊത്തത്തില്‍ കുട്ടികളുടെ എണ്ണത്തിലുള്ള കുറവുമായതോടെ പ്രശ്‌നം രൂക്ഷമായി. അതോടെയാണ് കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നതു കണ്ട് സര്‍ക്കാര്‍ സ്‌കൂളുകളെ രക്ഷിക്കാനുള്ള നെട്ടോട്ടം ആരംഭിച്ചത്.
ആരാണ് ഇതിനു യഥാര്‍ത്ഥ ഉത്തരവാദികള്‍ എന്നു ചോദിച്ചാല്‍ പലരും പഴിക്കുക സര്‍ക്കാരിനെ. സത്യമെന്താണ്? അധ്യാപകരും രക്ഷാകര്‍ത്തക്കളുമാണ് കാരണക്കാര്‍. ഒരു പത്രം പോലും വായിക്കാതെ, അധ്യാപനത്തിന് ഒരു പ്രാധാന്യവും കൊടുക്കാതെ, ശബളവര്‍ദ്ധനവ് മാത്രം ജീവിതലക്ഷ്യമാക്കിയ അധ്യാപകരും അവരുടെ യൂണിയനുകളും എന്നും ആ കാലം തുടരുമെന്ന് കരുതി. എന്നാല്‍ സംഭവിച്ചതെന്താണ്? രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ ആദ്യം എയ്ഡഡ് സ്‌കൂളുകളിലും പിന്നീട് അണ്‍ എയ്ഡഡ്് സ്‌കൂളുകളിലും ചേര്‍ക്കാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ അധ്യാപകരും ബുദ്ധിജീവികളും പൊതുവിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്നവരും മലയാളത്തിന്റെ വിശുദ്ധി പ്രഖ്യാപിക്കുന്നവരുമെല്ലാം ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സമരകാലത്ത് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തു വന്നിരുന്നു. അന്നത്തെ സമരത്തിലെ ഒരാവശ്യം സര്‍ക്കാര്‍ സ്‌കൂളുകള്‍ സംരക്ഷിക്കുക, അതായത് അധ്യാപകരെ സംരക്ഷിക്കുക എന്നതായിരുന്നു. എന്നാല്‍ സമരം ചെയ്തവരുടേയും പിന്തുണച്ചവരുടേയും ഭൂരിപക്ഷം പേരുടേയും മക്കള്‍ പഠിച്ചിരുന്നത് അണ്‍ എയ്ഡഡ് സ്‌കൂളുകളിലായിരുന്നു. അവര്‍ക്കുപോലും സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ അവസ്ഥ അറിയാമായിരുന്നു എന്നര്‍ത്ഥം. കൂടെക്കിടക്കുന്നവര്‍ക്ക് രാപ്പനി നന്നായി അറിയാമല്ലോ. സ്വന്തം മനസ്സാക്ഷിയെ പോലും വഞ്ചിച്ചായിരുന്നു അവരന്ന് സമരം ചെയ്തത്. അവര്‍, അവര്‍ മാത്രമല്ല പ്രബുദ്ധരെന്നഹങ്കരിക്കുന്ന മലയാളികളില്‍ ഭൂരിപക്ഷവും, കുട്ടികളെ പഠിക്കാനയക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന  അധ്യാപകരുടെ അവസ്ഥ ഒരു യൂണിയന്റേയും അജണ്ടയില്‍ ഒരിക്കലും വന്നിട്ടില്ല. അവരെ അധ്യാപകരായി ഇവരംഗീകരിക്കുന്നില്ല എന്നതാണ് സത്യം.
ഇത്തരമൊരു സാഹചര്യം വര്‍ഷങ്ങളോളും തുടര്‍ന്നതിനെ തുടര്‍ന്നാണ് മിക്ക സര്‍ക്കാര്‍ സ്‌കൂളുകളും പല എയ്ഡഡ് സ്‌കൂളുകളും പഠിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥയിലെത്തിയത്. അപ്പോഴും പ്രബുദ്ധ മലയാളിയില്‍ നിന്ന് ആവശ്യമുയര്‍ന്നു. കുട്ടികളില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടരുത്. കാരണമെന്താ? പ്രത്യയശാസ്ത്രകാപട്യം. ഗൃഹാതുരത്വം. പൊതുമേഖലയെന്നാല്‍ സോഷ്യലിസമെന്നാണല്ലോ നാം ധരിച്ചുവെച്ചിരിക്കുന്നത്. ആ ധാരണക്കായി ഖജനാവ് കാലിയാക്കണമത്രെ.
മറുവശത്ത് ഇതെല്ലാം തിരിച്ചറിഞ്ഞ് തീരുമാനമെടുക്കേണ്ട സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി കൊണ്ടിരുന്നു. കുട്ടികളേക്കാള്‍ സീറ്റുകള്‍ കൂടുതലാകുകയാണ് പ്ലസ് ടുവിനനുവദിച്ച സീറ്റുകളിലേക്ക് കുട്ടികളെ ഉണ്ടാക്കാാണല്ലോ വര്‍ഷാ വര്‍ഷം എസ് എല്‍ എല്‍ സി വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നത്..
ഒരു കാര്യം ശരിയാണ്. ഭരണഘടനാപരമായി സ്വകാര്യമേഖല നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യം. വിദ്യാഭ്യാസരംഗവും അതില്‍ നിന്ന് വ്യത്യസ്ഥമല്ല. തല്‍ക്കാലം കേരളത്തിന് അതൊഴിവാക്കാനാകില്ല. അഴിമതി, കോഴ തുടങ്ങി എല്ലാവിധ ജീര്‍ണ്ണതകളും സ്വകാര്യമേഖലകളുടെ കൂടപ്പിറപ്പാണ്. പൊതുമേഖലയുടെ കാര്യവും വ്യത്യസ്ഥമല്ലല്ലോ. അതേസമയം പൊതുമേഖല മാത്രമേ പാടൂ എന്ന വാദത്തില്‍ കഴമ്പില്ല. അപ്പോളെന്താണുണ്ടാവുക എന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. അതാണല്ലോ നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സംഭവിച്ചത്. സ്വകാര്യമേഖലയും പൊതുമേഖലയും ആരോഗ്യകരമായ രീതിയില്‍ മത്സരിക്കുകയാണ് വേണ്ടത്. ഈ മത്സരത്തില്‍ പൊതുവായ നിയന്ത്രണം സര്‍ക്കാരിനുണ്ടാകണം. ഇത്തരം മത്സരം ജനങ്ങള്‍ക്ക് എത്രയോ ഗുണകരമായിരിക്കുമെന്നതിന് മൊബൈല്‍ ഫോണും മറ്റും ഉദാഹരണമാണല്ലോ. വിദ്യാഭ്യാസമേഖലക്കു സമാനമായ ചരിത്രമുള്ള ഖഎ എസ് ആര്‍ ടി സിയും സര്‍ക്കാര്‍ ആശുപത്രികളും മെച്ചപ്പെടാന്‍ ആരംഭിച്ചിരിക്കുന്നു. ഇപ്പോഴിതാ പല സര്‍ക്കാര്‍ സ്‌കൂളുകളും മെച്ചപ്പെടാന്‍ കാരണവും മറ്റൊന്നല്ല. അത്തരത്തില്‍ മെച്ചപ്പെട്ടാല്‍ കുട്ടികളുമായി മാതാപിതാക്കള്‍ എത്രദിവസം വേണമെങ്കിലും ക്യൂ നില്‍ക്കുമെന്നതിന് ഉദാഹരണമാണ് നടുവണ്ണൂരില്‍ കാണുന്നത്. ഈ സ്‌കൂളിനു സമീപം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇല്ലാതല്ല ഈ തിരക്ക്. അതില്‍ നിന്ന് പാഠം പഠിക്കാനാണ് നാം തകയ്യാറാവേണ്ടത്. അല്ലാതെ തികച്ചും കപടമായി സ്വകാര്യമേഖല അടച്ചുപൂട്ടാനാവശ്യപ്പെട്ടല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply