ഒരിക്കല്‍ കൂടി മദനി

നീതിനിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമായ അബ്ദുള്‍ നാസര്‍ മദനി ഒരിക്കല്‍ കൂടി ജാമ്യത്തില്‍ നാട്ടിലെത്തിയിരിക്കുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോലും മദനിക്ക് വലിയ നിയമയുദ്ധം നടത്തേണ്ടി വന്നു. ആദ്യം 10 വര്‍ഷവും ഇപ്പോള്‍ 7 വര്‍ഷവും നീണ്ട കാരാഗൃഹവാസത്തിനു ശേഷവും മദനി ചെയത് തെറ്റെന്താണെന്ന് ആര്‍ക്കുമറിയില്ല എന്നതാണ് ദയനീയം. കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാരോ കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരോ മദനിയുടെ വിഷയത്തില്‍ ഒരു താല്‍പ്പര്യവുമെടുക്കുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. എന്തിന് സംഘപരിവാറിനെ വിമര്‍ശിക്കണമെന്നു തോന്നുന്നവരോട് മറുപടി പറയാനാവാത്ത […]

mm

നീതിനിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമായ അബ്ദുള്‍ നാസര്‍ മദനി ഒരിക്കല്‍ കൂടി ജാമ്യത്തില്‍ നാട്ടിലെത്തിയിരിക്കുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോലും മദനിക്ക് വലിയ നിയമയുദ്ധം നടത്തേണ്ടി വന്നു. ആദ്യം 10 വര്‍ഷവും ഇപ്പോള്‍ 7 വര്‍ഷവും നീണ്ട കാരാഗൃഹവാസത്തിനു ശേഷവും മദനി ചെയത് തെറ്റെന്താണെന്ന് ആര്‍ക്കുമറിയില്ല എന്നതാണ് ദയനീയം. കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാരോ കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരോ മദനിയുടെ വിഷയത്തില്‍ ഒരു താല്‍പ്പര്യവുമെടുക്കുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. എന്തിന് സംഘപരിവാറിനെ വിമര്‍ശിക്കണമെന്നു തോന്നുന്നവരോട് മറുപടി പറയാനാവാത്ത അവസ്ഥ.
2008ല്‍ ബംഗളുരുവില്‍ നടന്ന ഏഴ് സ്‌ഫോടനങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. ഇതിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ രണ്ട് തവണയും മഅദനിയുടെ പേരില്ലായിരുന്നു. മൂന്നാമത്തെ കുറ്റപത്രത്തില്‍ പക്ഷെ അത് ഇടം പിടിച്ചു. അത് ഗൂഢാലോചനയല്ലാതെ മറ്റെന്ത്? കുടകില്‍ പോയി സ്‌ഫോടനത്തിനായി മദനി ക്യാമ്പ് നടത്തിയത്രെ. അക്കാലയളവിലെല്ലാം മദനി 24 മണിക്കൂറും പോലീസ് വലയത്തിലായിരുന്നു എന്നതുപോലും സൗകര്യപൂര്‍വ്വം വിസ്മരിച്ചാണ് ഈ പ്രതി ചേര്‍ക്കല്‍ നടന്നത്. നീതിനിഷേധത്തിന്റെ, ഭരണകൂട ഭീകരതയുടെ, ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിനാളുകളുടെ പ്രതീകമാണ് ഇന്ന് മദനി. അക്രമത്തില്‍ മദനിക്കാണ് കാല്‍ നഷ്ടപ്പെട്ടത് എന്നതും ഇന്നെല്ലാവരും മറന്നു. ഗുജറാത്ത്, മുബൈ, മുസാഫര്‍ നഗര്‍ പോലുള്ളയിടങ്ങളില്‍ നടന്ന ഭയാനകമായ വംശീയകൊലകള്‍ക്കു കാരണക്കാരെന്നു തെളിഞ്ഞവര്‍ പോലും അനുഭവിക്കാത്ത ശിക്ഷയാണ് ഒരു രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചതിന്റഎ പേരില്‍ ഇപ്പോഴും മദനി അനുഭവിക്കുന്നത്. മുസ്ലിം സമൂഹത്തിലെ അടിത്തട്ടില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളുടെ പൊരുതുന്ന പ്രസ്ഥാനമായി പിഡിപി മാറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മദനിക്കെതിരായ ഗൂഢാലോചന നടന്നതെന്നു വേണം കരുതാന്‍. അത്രമൊരു പ്രസ്്ഥാനം ലീഗടക്കം എല്ലാ പാര്‍ട്ടികള്‍ക്കും ഭീഷണിയായിരുന്നു. അങ്ങനെയാണ് മദനിക്കൊപ്പം പിഡിപിയും തകരുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്ന് പിന്നീട് രൂപം കൊണ്ട എസ് ഡി പി ഐക്കോ വെല്‍ഫെയര്‍ പാര്‍ട്ടിക്കോ പിഡിപിയുടെ രാഷ്ട്രീയത്തിലേക്ക് ഉയരാനായില്ല എന്നതും കൂട്ടി വായിക്കണം.
നേരത്തെ മദനിയുടെ കേസിന്റെ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അതേകുറിച്ചൊന്നും കേള്‍ക്കുന്നില്ല. കേസ് പതിവുപോലെ ഇഴയുകയാണ്. കോയമ്പത്തൂരിലുണ്ടായപോലെ 10 വര്‍ഷത്തിനു ശേഷം നിരപരാധിയെന്നു കണ്ട് വിട്ടയക്കുമായിരിക്കും. അപ്പോഴും നമ്മുടെ മതേതര മനസ്സ് പറയും – ആ താടിക്കാരന് അങ്ങനെ വേണം. സംഘിയും മതേതരക്കാരനും യുക്തിവാദിയുമെല്ലാം അവിടെ ഒന്നിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും നല്ലകാലമാണ് മദനിക്ക് നഷ്ടപ്പെട്ടത്. ആര്‍ക്കൊക്കെയോ വേണ്ടി മദനിയെ രക്തസാക്ഷിയാക്കുകയാണെന്നു വ്യക്തം. ഒപ്പം പലര്‍ക്കുമുള്ള രാഷ്ട്രീയഭീഷണി ഒഴിവാക്കുകയും. കേരളത്തിലെ ഇരുമുന്നണികളും ബിജെപിയും ഈ മനുഷ്യാവകാശലംഘനത്തില്‍ പങ്കാളികളാണ്. കേസില്‍ മഅദനിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ വാദം. ലഷ്‌കര്‍ ഭീകരന്‍ തടയന്റെവിട നസീറിന്റെ മൊഴി, കുടകിലെ തൊഴിലാളികളുടെ മൊഴി, തീവ്രവാദബന്ധം എന്നിങ്ങനെ നീളുന്നു അത്. എന്നാല്‍ ഇത്രയേറെ തെളിവുകളും സാക്ഷികളുമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാതിരുന്നത് എന്ന ചോദ്യം ബാക്കിയാണ്.
ബാംഗ്ലൂര്‍ സ്‌ഫോടനത്തിനായി കുടകിലെ ഇഞ്ചിത്തോട്ടത്തിലെ ക്യാമ്പില്‍ നടന്ന ഗൂഢാലോചനയില്‍ മഅദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന വാദം. എന്നാല്‍ ആ കേസുമായി മഅദനിയെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിങ്ങിയ മഅദനിക്ക് ബി കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തിയിരുന്നുവെന്നതാണ്. കടുത്ത നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രണ്ട് ഗണ്‍മാന്‍മാര്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. മഅദനി താമസിക്കുന്ന സ്ഥലത്ത് സായുധരായ അഞ്ച് പോലീസുകാരുണ്ടാവും. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും തലേന്ന് തന്നെ വിവരം നല്‍കണം. ഇത് തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅദനി സഞ്ചരിക്കുന്ന വാഹനത്തില്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവണം. ഇത്രയും കനത്ത സുരക്ഷയ്ക്കിടയില്‍ മഅദനി എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത് എന്ന ചോദ്യത്തിന് ഇതുവരേയും മറുപടി ലഭിച്ചിട്ടില്ല. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുകളില്‍ കുറ്റാരോപിതനായി വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന മദനി കേരളത്തിലെത്തിയശേഷം തന്റെ മുന്‍കാല പ്രസംഗങ്ങളില്‍ സമൂഹത്തോട് ക്ഷമ ചോദിച്ചിരുന്നു. കര്‍ണ്ണാടകത്തിലെ ഭരണം മാറിയാല്‍ നിലപാടില്‍ മാറ്റം വരുമെന്ന പ്രതീക്ഷ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരും ബിജെപി സര്‍ക്കാരിന്റെ പാതയിലാണ്. പഴയ ഒരു പ്രസംഗത്തിന്റഎ പേരില്‍ മദനിയെ കുടുക്കി തമിഴ് നാട് പോലീസിനു കൈമാറുകും അത് ഭരണനേട്ടമായി ആഘോഷിക്കുകയും ചെയ്ത നായനാരുടെ പിന്‍ഗാമിയായ പിണറായിയും ഇക്കാര്യത്തില്‍ മൗനമാണ്. ഒപ്പം മുഴുവന്‍ മലയാളികളും കുറ്റകരമായ മൗനത്തിലാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply