ഐ ഒ സി : മനുഷ്യാവകാശ കമ്മീഷനു പരാതി

ബഹുമാനപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷണര്‍ മുന്‍പാകെ ഐ ഓ സി എല്‍ പി ജി വിരുദ്ധ സമര സഹായ സമിതി പ്രവര്‍ത്തകര്‍ ഐ ഓ സി എല്‍ പി ജി വിരുദ്ധ സമരവുമായി ബന്ധപ്പെട്ടും അവിടെ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന പോലീസ് അതിക്രമവുമായി ബന്ധപ്പെട്ടും സമര്‍പ്പിക്കുന്ന പരാതി. സര്‍/ മാഡം കഴിഞ്ഞ 124 ദിവസമായി പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന എല്‍ പി ജി സംഭരണിക്കെതിരെ ജനകീയ സമരം നടക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. പുതുവൈപ്പില്‍ ഐ ഓ […]

Protest in Kochi

ബഹുമാനപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷണര്‍ മുന്‍പാകെ ഐ ഓ സി എല്‍ പി ജി വിരുദ്ധ സമര സഹായ സമിതി പ്രവര്‍ത്തകര്‍ ഐ ഓ സി എല്‍ പി ജി വിരുദ്ധ സമരവുമായി ബന്ധപ്പെട്ടും അവിടെ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന പോലീസ് അതിക്രമവുമായി ബന്ധപ്പെട്ടും സമര്‍പ്പിക്കുന്ന പരാതി.

സര്‍/ മാഡം
കഴിഞ്ഞ 124 ദിവസമായി പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന എല്‍ പി ജി സംഭരണിക്കെതിരെ ജനകീയ സമരം നടക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. പുതുവൈപ്പില്‍ ഐ ഓ സി എല്‍ പി ജി പ്ലാന്റിനെതിരായ ജനകീയ സമരത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി പോലീസ് അക്ഷരാര്‍ത്ഥത്തില്‍ നരനായാട്ട് നടത്തുകയാണ്. 1000 ലധികം ആളുകള്‍ (ഇതില്‍ ഇരുനൂറിലധികം കുട്ടികളും 500സ്ത്രീകളും ഉള്‍പ്പെടുന്നു) ആണ് കഴിഞ്ഞ 9 വര്‍ഷമായി ഈ പദ്ധതിക്കെതിരെ സമരം നടത്തികൊണ്ടിരിക്കുന്നത്. ഇതില്‍ കഴിഞ്ഞ 5 ദിവസങ്ങളായി പോലീസ് നടത്തിയ നിയമവിരുദ്ധമായ ലാത്തിചാര്‍ജ്ജിലും മര്‍ദ്ദനത്തിലും ഏകദേശം 300ലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ എറണാകുളം ജില്ലാ ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും മാലിപ്പുറം പ്രാഥമികആരോഗ്യ കേന്ദ്രത്തിലും മറ്റുമായി ചികിത്സയിലാണ്.

ഇന്ന് രാവിലെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി സമര പ്രവര്‍ത്തകര്‍ ഈ മാസം 16നു നടത്തിയ ചര്‍ച്ചയില്‍ പോലീസിനെ പൂര്‍ണ്ണമായും പുതുവൈപ്പിനില്‍ നിന്ന് പിന് വലിക്കാമെന്നും ഹരിത ട്രിബ്യുണല്‍ അന്തിമ വാദം കേള്‍ക്കും വരെ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് (18 ജൂണ്‍ 2017) രാവിലെ മുതല്‍ വന്‍ പൊലീസ് സന്നാഹത്തില്‍ പ്ലാന്റ് തുറക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പ്ലാന്റ് അധികൃതര്‍ ശ്രമം നടത്തിയ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് സമര പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതിനെ എതിര്‍ത്തുകൊണ്ട് സമാധാനപരമായി പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ പ്ലാന്റിനകത്ത് നിന്നും കല്ലുകള്‍ വലിച്ചെറിയുകയും ഇതിനെ തുടര്‍ന്ന് ചിതറിയോടിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമര പ്രവര്‍ത്തകരെ ഞാറയ്ക്കല്‍ സിഐയുടെ നേതൃത്വത്തില്‍ ഭീകരമായി മര്‍ദ്ധിക്കുകയും പ്രധാന സമരപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു എ ആര്‍ ക്യാംപില്‍ തടവിലാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം 50ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പലരുടെയും തലയിലും കൈകാലുകളിലും വളരെ ഗുരുതരമായ പരിക്കുകള്‍ ഉണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നും മന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നും പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുവാന്‍ പോകുന്നുവെന്നും മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെ അറിയിച്ചപ്പോള്‍ താന്‍ നിസ്സഹായയാണ് എന്നാണ് മറുപടി ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ സമര പ്രവര്‍ത്തകര്‍ എറണാകുളം ജില്ലാ ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും മാലിപ്പുറം പ്രാഥമികആരോഗ്യ കേന്ദ്രത്തിലും മറ്റുമായി ചികിത്സയിലാണ്.

പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഞങ്ങളുടെ വിയോജിപ്പ്/ വിശദീകരണം അങ്ങയുടെ ശ്രദ്ധയിലേക്കായി ഞങ്ങള്‍ ഇതിനോടൊപ്പം ചേര്‍ക്കുന്നു. എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തില്‍ കടല്‍ക്കരയില്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയില്‍ കടല്‍തത്തിരമാലയില്‍ നിന്ന് 500മീറ്റര്‍ അകലെയാണ് ജി പി എസ സംവിധാനം വഴി കണ്ടെത്തിയ നിര്‍ദ്ധിഷ്ട പദ്ധതി സ്ഥലം നിലനില്‍ക്കുന്നത്. കപ്പല്‍ വഴി വരുന്ന എല്‍ പി ജി ജെട്ടിയില്‍ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയില്‍ പൂര്‍ണ്ണമായി കുഴിച്ചിടുന്ന വന്‍ ടാങ്കറുകളില്‍ സ്റ്റോര്‍ ചെയ്ത് അത് ടാങ്കറുകളില്‍ നിറച്ച് വിതരണം നടത്തുക എന്നതാണ് ഐഒസിയുടെ പദ്ധതി. IOC യുടെ തന്നെ അഭിപ്രായത്തില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സംഭരണിയാണ് പുതുവൈപ്പിനില്‍ അവര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഏതൊരു പദ്ധതിയും നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമികമായ മര്യാദകളൊന്നും തന്നെ ഐ ഓ സി ഇവിടെ പാലിച്ചിട്ടില്ല എന്നത് ആദ്യമേ തന്നെ ഞങ്ങള്‍ അങ്ങയുടെ ശ്രദ്ധയിപ്പെടുത്തട്ടെ. അതിന്റെ ആദ്യ ഉദാഹരണം പഞ്ചായത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടാണ്. നിര്‍ദ്ധിഷ്ട പദ്ധതിയുമായി ബന്ധപ്പെട്ടു എളങ്കുന്നപ്പുഴ പഞ്ചായത്ത് ഒരനുമതിയും നല്‍കിയിട്ടില്ല എന്നുമാത്രമല്ല ജനങ്ങളുടെ അഭിപ്രായവും ശക്തമായ പ്രതിഷേധവും മാനിച്ച് പഞ്ചായത്ത് നിര്‍ദ്ധിഷ്ട പദ്ധതിക്ക് പൂര്‍ണ്ണമായും എതിരാണ്. കേരളത്തിലെ SEZ നയത്തില്‍ പഞ്ചായത്തി രാജ് നിയമം ബാധകമാണെന്നും, കേരളത്തില്‍ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടമെന്നും, ഈ പ്രദേശം ഭൂകമ്പ സാദ്ധ്യത വളരെയേറെയുള്ള പ്രദേശമാണെന്നും വ്യവസ്ഥകള്‍ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നും എളങ്കുന്നപുഴ പഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത പദ്ധതിക്ക് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്നതാണ് ഈ വിഷയത്തില്‍ ഐ ഓ സിയുടെ നിലപാട്. എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ അനുമതിയില്ലാതെ എങ്ങിനെയാണ് ഇത്രയും വലിയ ഒരു പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കുന്നത് എന്ന് ഞങ്ങള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

ഇനി പദ്ധതി ഇപ്പോള്‍ നില നില്‍ക്കുന്ന സ്ഥലത്തെക്കുറിച്ച് പറയാം. ഹൈടൈഡ് ലൈനില്‍ നിന്ന് 200 മീറ്റര്‍ വിട്ട് നിര്‍മ്മാണം നടത്താനാണു തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും ഐ ഓ സിക്ക് അംഗീകാരം നല്‍കി യത്. എന്നാല്‍ കടല്‍ത്തിര വന്നടിക്കുന്ന ഇന്റര്‍ ടൈഡല്‍ സോണില്‍ ആണ് ഇപ്പോള്‍ നിര്‍ദ്ധിഷ്ട പദ്ധതി നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. ഓരോ വര്‍ഷവും 23 മീറ്റര്‍ വീതം കടല്‍ എടുത്തുപോകുന്ന ഇറോഷന്‍ സോണ്‍ ആണ് ഇതെന്നു നാട്ടുകാരും പഞ്ചായത്തും പറയുന്നുണ്ട്. പ്രതിവര്‍ഷം ഒരു മീറ്റര്‍ എങ്കിലും കടല്‍ എടുക്കുന്നുണ്ടെന്ന് കമ്പനിയും പറയുന്ന ഈ സ്ഥലത്തു നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മതിലില്‍നിന്ന് 10മീറ്റര്‍ ലധികം ഉണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചു കയറി സുരക്ഷ മതില്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികള്‍ മുടക്കി ഭൂമിക്കടിയില്‍ ഇത്രവലിയ ടാങ്ക് നിര്‍മ്മാണം നടക്കുന്നത്. ഇപ്പോള്‍ നിര്‍മ്മാണം 80% ഉം കടലിന്റെ 200മീറ്ററിന് ഉള്ളിലുള്ള No development Zone ലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്റര്‍ വിട്ടുള്ള ഒരു സര്‍വ്വേ നമ്പറില്‍ മാത്രമേ നിര്‍മ്മാണം നടത്താന്‍ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്കിയിട്ടുള്ളൂ. എന്നാല്‍ 200 മീറ്റര്‍ വിട്ട് പദ്ധതി ആ പ്ലോട്ടില്‍ നടക്കില്ല എന്നാണു IOCയുടെ വാദം.

IIT പഠനം അനുസരിച്ച് സുരക്ഷാ മതില്‍ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടല്‍ക്ഷോഭത്താല്‍ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പുതുവൈപ്പിന് പോലുള്ള ഒരു സ്ഥലത്തു ഓയില്‍ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങള്‍ പോലും മല്‍സ്യസമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്രയും ശക്തമായ സാങ്കേതിക കാരണങ്ങളും പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുപോലും പ്ലാന്റ് ഈ സ്ഥലത്തു നിന്നും മാറ്റില്ലെന്നു തന്നെയാണ് IOC യുടെ പിടിവാശി. അനുമതികളിലെ വ്യവസ്ഥകള്‍ പാലിച്ച് നിയമപരമായി നിര്‍മ്മാണം നടത്താന്‍ IOC ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ മറവിലാണ് 200മീറ്ററിനുള്ളില്‍ നിയമവിരുദ്ധമായി ഐ ഓ സി ഈ പ്ലാന്റ് നിര്‍മ്മിക്കുന്നത്. നിയമവിരുദ്ധവും അശാസ്ത്രീയവുമായ ഈ നിര്‍മ്മാണ പ്രവര്‍ത്തനം തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ തിരുത്തല്‍ ഹരജിയില്‍ കോടതി വാദം കേള്‍ക്കാന്‍ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയില്‍ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ ഐ ഓ സി നടത്തുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പോലീസ് സംരക്ഷണത്തോടെ നിര്‍മ്മാണം ഇക്കഴിഞ്ഞ ജൂണ്‍ 14 നു വീണ്ടും ആരംഭിച്ചു. തീരദേശ പരിപാലന നിയമലംഘനത്തിന് എതിരെ പ്രദേശവാസികള്‍ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയഹരിതട്രിബ്യുണലിനെ സമീപിച്ചു. ആദ്യം നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാനും പിന്നീട് HTL നിന്ന് 200 മീറ്റര്‍ വിടണം എന്ന പാരിസ്ഥിതികാനുമതി വ്യവസ്ഥ കര്‍ശനമായി പാലിച്ചുമാത്രമേ നിര്‍മ്മാണം നടത്താവൂ എന്നും NGTഉത്തരവിട്ടു. കോടതി നിയോഗിച്ച കേന്ദ്രസംസ്ഥാനപഞ്ചായത്ത് പ്രതിനിധികള്‍ അടങ്ങിയ സംഘം സ്ഥലം സന്ദര്‍ശിച്ചു. പാരിസ്ഥിതികാനുമതി വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് 5 വര്‍ഷം മുന്‍പ് നല്‍കിയ അനുമതിയില്‍ തിരുത്തല്‍ വേണമെന്നു NGTആവശ്യപ്പെട്ടു. എന്നാല്‍ നാളിതുവരെ ഐ ഓ സി അത് തിരുത്തിയിട്ടില്ല. കോടതിവിധി ലംഘിച്ചു നടക്കുന്ന നിര്‍മ്മാണത്തിന് എതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പരാതിക്കാര്‍ നല്‍കിയ കേസ് ജൂലൈ 4 നു വാദം കേള്‍ക്കാന്‍ ഇരിക്കെയാണ് (ജൂണ്‍ മാസം ട്രിബ്യുണല്‍ അവധിയാണ്) സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ ഈ പോലീസ് അതിക്രമം നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. ജൂലൈ 4 വരെ കാക്കാതെ പോലീസിന്റെ സഹായത്തോടെ പ്ലാന്റ് നിര്‍മ്മാണം മുന്നോട്ടുകൊണ്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 300ഓളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാരെ അനാവശ്യമായി തല്ലിച്ചതച്ചും വലിച്ചിഴച്ചും വൃഷണം തകര്‍ത്തും ഒക്കെ ആണ് പോലീസ് മുഖ്യമന്തിയുടെ ആജ്ഞ നടപ്പാക്കിയത്. കോടതിവിധികള്‍ മാനിക്കാനും സത്യം ബോദ്ധ്യപ്പെടുത്താനും ജനങ്ങളുടെ ആശങ്ക അകറ്റാനും ഉള്ള പ്രാഥമിക ജനാധിപത്യ മര്യാദപോലും സര്‍ക്കാര്‍ IOCവിഷയത്തില്‍ കാണിക്കുന്നില്ല എന്ന് മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാധാരണ ജനങ്ങള്‍ക്കെതിരെ അതിക്രമം അഴിച്ചുവിടുന്നത് മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘന അവകാശത്തിനു മേലുള്ള കടന്നു കയറ്റവുമാണ്.

ആയതിനാല്‍ മേല്‍പ്പറഞ്ഞ വസ്തുതകള്‍ പരിശോധിച്ച് കുറ്റക്കാരായ ഐ ഓ സി പ്ലാന്റ് അധികൃതര്‍ക്കെതിരെയും സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഞങ്ങള്‍ക്ക് നീതി നേടി തരണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ഞങ്ങളുടെ കൈവശം ഉള്ള രേഖകളും തെളിവുകളും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കാനും മൊഴി നല്‍കാനും ഞങ്ങള്‍ തയ്യാറാണ്. വേണ്ട മേല്‍നടപടികള്‍ സ്വീകരിക്കണമെന്നപേക്ഷ.
വിശ്വസ്തതയോടെ

ഐ ഓ സി എല്‍ പി ജി വിരുദ്ധ സമര സഹായ സമിതിക്കു വേണ്ടി

കുസുമം ജോസഫ്
ചെയര്‍പേഴ്‌സണ്‍

യേശുദാസ് വരാപ്പുഴ
കണ്‍വീനര്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply