ഐസക്കും സുധീരനും നയിക്കട്ടെ

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ പുതിയ നേതൃത്വത്തെ ചൊല്ലി സിപിഎമ്മിലും കോണ്‍ഗ്രസ്സിലും ഭിന്നത രൂക്ഷമാകുകയാണ്. ഈ പാര്‍ട്ടികളില്‍ മാത്രമല്ല, മുന്നണികളിലേക്കും ഈ ഭിന്നത വ്യാപിച്ചുകഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും സജീവമാകുമെന്നുറപ്പ്. സിപിഎമ്മിലെ തര്‍ക്കം പതിവുപോലെതന്നെ വി എസ് നയിക്കണോ പിണറായി നയിക്കണോ എന്നതുതന്നെ. തെരഞ്ഞെടുപ്പ് പ്രചരണം വി എസ് നയിക്കട്ടെ എന്നു തന്നെയാവും തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം തര്‍ക്കമാകുമെന്നുറപ്പ്. അതിനിടയിലാണ് ഐസക്കിനെ ഉയര്‍ത്തിപിടിച്ച് എം പി പരമേശ്വരന്‍ രംഗത്തുവന്നത്. അതും പാര്‍്ട്ടിക്കകത്തും അനുഭാവികള്‍ക്കുള്ളിലും ചര്‍ച്ചാവിഷയമാണ്. […]

vt

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ പുതിയ നേതൃത്വത്തെ ചൊല്ലി സിപിഎമ്മിലും കോണ്‍ഗ്രസ്സിലും ഭിന്നത രൂക്ഷമാകുകയാണ്. ഈ പാര്‍ട്ടികളില്‍ മാത്രമല്ല, മുന്നണികളിലേക്കും ഈ ഭിന്നത വ്യാപിച്ചുകഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും സജീവമാകുമെന്നുറപ്പ്.
സിപിഎമ്മിലെ തര്‍ക്കം പതിവുപോലെതന്നെ വി എസ് നയിക്കണോ പിണറായി നയിക്കണോ എന്നതുതന്നെ. തെരഞ്ഞെടുപ്പ് പ്രചരണം വി എസ് നയിക്കട്ടെ എന്നു തന്നെയാവും തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം തര്‍ക്കമാകുമെന്നുറപ്പ്. അതിനിടയിലാണ് ഐസക്കിനെ ഉയര്‍ത്തിപിടിച്ച് എം പി പരമേശ്വരന്‍ രംഗത്തുവന്നത്. അതും പാര്‍്ട്ടിക്കകത്തും അനുഭാവികള്‍ക്കുള്ളിലും ചര്‍ച്ചാവിഷയമാണ്. മറുവശത്ത് കോണ്‍ഗ്രസ്സിലാകട്ടെ മുഖ്യമന്ത്രിപദത്തിനായി രമേശ് ചെന്നിത്തല അരയും തലയും മുറുക്കുകയാണ്. കത്ത് വ്യാജമായാലും അല്ലെങ്കിലും നേതൃമാറ്റം വേണമെന്നും അതു തനിക്കാകമമെന്നും ചെന്നിത്തല ആവശ്യപ്പെട്ടുകഴിഞ്ഞു എന്നു കരുതാം. കുശാഗ്രബുദ്ധിമാനായ ഉമ്മന്‍ ചാണ്ടി അതിനെ നേരിടുന്ന തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അതിനിടയിലാണ് വി എം സുധീരന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നത്. സുധീരനെ മുന്നില്‍ നിര്‍ത്തിയാലെ വിജയിക്കാനാവൂ എന്ന പ്രചരണം ശക്തിപ്പെടുന്നുണ്ട.് ഹൈക്കമാന്റിലെ ഒരു വിബാഗവും സുധീരനൊപ്പമാണ്.
ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന് വ എസ് പരോക്ഷമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പാര്‍ട്ടിക്കകത്തുനിന്ന് കാര്യമായ പിന്തുണയില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ പിന്തുണയുണ്ടെന്ന് വി എസിന് അറിയാം. അതാണദ്ദേഹത്തിന്റെ പ്രധാനശക്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്ര ശക്തമായിലിലെങ്കിലും തനിക്കായി പൊതുസമൂഹം ശബ്ദമുയര്‍ത്തുമെന്ന് അദ്ദഹം കരുതുന്നു. ഒപ്പം യെച്ചൂരിയുടെ അനുഭാവം. സിപിഐ നേതൃത്വവും ഇപ്പോള്‍ തന്നെ വിഎസിനുവേണ്ടി ശബ്ദിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ജാഥനയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുമോ എന്നു പരസ്യമായിതന്നെ കാനം രാജേന്ദ്രന്‍ ചോദിച്ചു കഴിഞ്ഞു. ഇതെല്ലാം പിണറായിയും മനസ്സിലാക്കിയിട്ടുണ്ട്. വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളയാത്രയിലൂടെ പാര്‍ട്ടിക്കകത്തും പുറത്തും ആധിപത്യം നേടാനാകുമെന്നാണ് പിണറായിയുടെ വിശ്വാസം. അതിനിടെ ഭരണം ലഭിക്കുകയാണെങ്കില്‍ ആദ്യഘട്ടത്തില്‍ വി എസ് മുഖ്യമന്ത്രിയാകുകയും പിണറായി ആഭ്യന്തരം കൈകൈര്യം ചെയ്യുകയുമാകട്ടെ എന്ന അഭിപ്രായവും ഉയരുന്നു. പിന്നീട് വി എസിനെ ഭംഗിയായി രാജിവെപ്പിക്കാമെന്നും ഈ അഭിപ്രായമുയര്‍ത്തിപിടിക്കുന്നവര്‍ പറയുന്നു.
അതിനിടയിലാണ് ഐസക്കിനായി പാര്‍ട്ടിയില്‍ നിന്ന് വര്‍ഷങ്ങളായി പുറത്താക്കപ്പെട്ട എം പി പരമേശ്വരന്‍ രംഗത്തുവന്നത്. ശാസ്ത്രസാഹിത്യപരിഷത്തുകാര്‍ക്കു മാത്രമല്ല, കേരളത്തില നിരവധി എഴുത്തുകാര്‍ക്കും രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവര്‍ക്കും ഈ അഭിപ്രായമുണ്ട്. പറയാ്# ധൈര്യമില്ലാത്തതിനാലാണ് പലരും നിശബ്ദരായിരിക്കുന്നത്. എന്നാല്‍ ഐസക്കിന്റെ നാടായ ആലപ്പുഴയില്‍ പാര്‍ട്ടിക്കകത്ത് ഇത് രൂക്ഷമായ ഭിന്നതക്കു കാരണമായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഐസക്കിനെ അനുകൂലിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് വിഭാഗവും ജി.സുധാകരന് ആധിപത്യമുള്ള ഔദ്യോഗികപക്ഷവുമാണ് പോരടിക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ ജി.സുധാകരന്‍ എം.പി. പരമേശ്വരനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എം പിക്ക് മാര്‍ക്‌സിസമറിയില്ലെന്നും അദ്ദേഹത്തിനുമേല്‍ മീന്‍ വെള്ളമൊഴിക്കുമെന്നു വരെ അദ്ദേഹം പറഞ്ഞു.
ഐസക്ക് പക്ഷക്കാരായ ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക നവമാധ്യമങ്ങളിലൂടെ രംഗത്തുവന്നു. ഇതോടെ പോര് രൂക്ഷമായി. ജി. സുധാകരനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ജോസഫിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ആലപ്പുഴ ഏരിയാകമ്മിറ്റി ജില്ലാക്കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്തിരിക്കുകയാണ്.
”ഇഷ്ടമില്ലാത്ത ആരെയും എന്തും വിളിച്ചു പറയാന്‍ സ്വയം ലൈസന്‍സെടുക്കുന്ന നേതാവ് ഒന്നറിയുക,
എം.പി.പരമേശ്വരന്‍ എഴുതിയ വൈരുധ്യാധിഷ്ഠിത ഭൗതികവാദം ഇന്നും അദ്ദേഹമടക്കമുള്ളവരെ പഠിപ്പിക്കാനുള്ള റഫറന്‍സ് ഗ്രന്ഥമാണ്” എന്നാണ് സുധാകരന്റെ പേരു പറയാത്ത പോസ്റ്റ്. ആരെയും എന്തും പറയുന്നതിനോട് നാട്ടുകാര്‍ പ്രതികരിക്കാതെ ചിരിച്ചും സഹതപിച്ചും തള്ളുന്നത് മാനസികാവസ്ഥയോടുള്ള സഹാനുഭൂതി കൊണ്ടാണ്. അല്ലാതെ മാടമ്പിത്തത്തോടുള്ള അംഗീകാരമല്ല. മീന്‍ വെള്ളവുമായി വരുക.
ആദ്യം ഞങ്ങള്‍ അതില്‍ കുളിക്കാം. അതിനു ശേഷമേ എം.പിയുടെ മേല്‍ അത് വീഴുകയുള്ളുവെന്നും പോസ്റ്റ് നീളുന്നു. ഇത്രമാത്രം പ്രകടമായിട്ടല്ലെങ്കിലും സംസ്ഥാനത്തു പല ഭാഗത്തും ഐസക്കിനനുകൂലമായ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. അതിനിടെ എം പിയുടെ എണ്‍പതാം പിറന്നാളിന്റെ ഭാഗമായി അദ്ദേഹത്തെ ആദരിക്കാന്‍ വേണ്ടി തൃശൂരില്‍ നടന്ന ചടങ്ങ് സിപിഎം നേതാക്കള്‍ ബഹിഷ്‌കരിച്ച സംഭവവുമുണ്ടായി. എന്നാല്‍ ഐസക്കിനനുകൂലമായ മാറ്റം ഇക്കുറി ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല.
കോണ്‍ഗ്രസ്സിലെ അവസ്ഥ ഇതിനേക്കാള്‍ കഷ്ടമാണ്. അരുവിക്കര തെരഞ്ഞെടുപ്പില്‍ നേടിയ മേധാവിത്വം ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം, ബാര്‍ – സോളാര്‍ വിഷയങ്ങള്‍ എന്നിവയാണ് ചാണ്ടിക്ക് മുഖ്യതിച്ചടിയായത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞഞെടുപ്പു ജയിക്കില്ല എന്ന പ്രചരണം കോണ്‍ഗ്രസ്സിലും യുഡിഎഫിലും ശക്തമാണ്. ലീഗ് ഒവികെയുള്ള ഘടകകക്ഷികളെല്ലാം പിണക്കത്തിലാണ്. ഈ അവസരം തിരിച്ചറിഞ്ഞാണ് സുധീരനെ കടത്തിവെട്ടുക എന്ന ലക്ഷ്യത്തോടെ നേതൃമാറ്റമെന്ന ആവശ്യവുമായി ചെന്നിത്തല ചാടിവീണിരിക്കുന്നത്. അതോടെ ഗ്രൂപ്പിസം വീണ്ടും ശക്തമായി. അവസാനം കെ കരുണാകരന്റെ ചരമദിനവുമായി ബന്ധപ്പെട്ട് മൂര്‍ച്ചയുള്ള ഒളിയമ്പാണ് ചെന്നിത്തല പേസ് ബുക്കിലൂടെ ചാണഅടിക്കുനേരെ അയച്ചിരിക്കുന്നത്. ”ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധം മല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ്.” രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കും ഈ വാക്കുകളുടെ അര്‍ത്ഥം വ്യക്തമാണ്. എന്നാല്‍ കെ പി സി സി പ്രസിഡന്റായ ശേഷം റേറ്റിംഗില്‍ സുധീരനാണ് മുന്നിസെന്ന് ചെന്നിത്തലക്കറിയാം. തനിക്കനുകൂലമായ സമയമാണിതെന്ന് സുധീരനുമറിയാം. ലീഡറുടെ കാലത്ത് വര്‍ഗ്ഗീയശക്തികളെ അടക്കിനിര്‍ത്തിയിരുന്നു എന്ന സുധീരന്റെ വാക്കുകളും ചാണ്ടിക്കെതിരായ അമ്പുതന്നെയാണ്. നെതൃമാറ്റം അംഗീകരിക്കപ്പെടുകയും ഇരുഗ്രൂപ്പുകളും ശക്തമായി ഏറ്റുമുട്ടുകയും ചെയ്താല്‍ ജനങ്ങളുടേയും ഹൈക്കമാന്റിന്റേയും പിന്തുണയോടെ തനിക്കു നറുക്കുവീഴുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. സി പി എമ്മിനും കോണ്‍ഗ്രസ്സിനും കേരളത്തിലെ വിജയും ഏറ്റവും അനിവാര്യമായ സാഹചര്യമായതിനാല്‍ വിജയസാധ്യത കൃത്യമായി വിലയിരുത്തിയിട്ടായിരിക്കും പോളിറ്റ് ബ്യൂറോയും ഹൈക്കമാന്റും തീരുമാനങ്ങള്‍ എടുക്കുക.
അതിനിടിയലാണ് വളരെ ശ്രദ്ധേയമായ നിരീക്ഷണം എം പി പരമേശ്വരന്‍ നടത്തിയിട്ടുള്ളത്. പലരും പറഞ്ഞ കാര്യമാണെങ്കിലും ഈ സാഹചര്യത്തില്‍ അതു വളരെ പ്രസക്തമാണ്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നില്‍ ജനങ്ങള്‍ക്കും പങ്കാളിത്തം വേണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ”സ്ഥിരം ഭരണക്കാരെ ജനങ്ങള്‍ പടിപടിയായി ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പകുതിയിലധികവും സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ക്ക് സ്വീകര്യനല്ലാത്തവരെയാണ് പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ഥിയായി നിയോഗിക്കുന്നത്. മുന്നണിക്കൂറ് പ്രകടിപ്പിക്കാന്‍ അവരെ വിജയിപ്പിക്കുകയെന്നത് വോട്ടര്‍മാരുടെ ബാധ്യതയാകുന്നു. മുന്നണിയുടെ അനുഭാവികളായവരില്‍ നിന്ന് ജനങ്ങള്‍ നിശ്ചയിക്കുന്ന ആള്‍ സ്ഥാനാര്‍ഥിയാകുന്ന അവസ്ഥയുണ്ടാകണം. രാഷ്ട്രീയത്തില്‍ ഓരോ പൗരനും തന്റെതായ കടമകള്‍ നിര്‍വഹിക്കാന്‍ സ്ഥിരം രാഷ്ട്രീയക്കാര്‍, സ്ഥിരം ഭരണക്കാര്‍ എന്നിവരെ പടിപടിയായി ഇല്ലാതാക്കണം. എല്ലാവരും അതില്‍ പങ്കാളികളാകണം . അതാണ് യഥാര്‍ഥ ജനാധിപത്യം. യഥാര്‍ഥ സ്വരാജ്, യഥാര്‍ഥ മാനവ സമൂഹം. അയല്‍ക്കൂട്ടം, വികസന സമിതികള്‍ , സബ്കമ്മിറ്റികള്‍ എന്നിവയിലൂടെ പൊതുജനങ്ങളെ ജനാധിപത്യത്തില്‍ പങ്കാളികളാക്കുകയാണ് വേണ്ടത്. രാഷ്ട്രീയത്തെ സാര്‍വജനീനമാക്കി പ്രത്യേക പ്രഫഷന്‍ എന്ന സ്വഭാവത്തില്‍ മാറ്റം വരുത്തണം. അയല്‍ക്കൂട്ടം, ഗ്രാമം, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്,മണ്ഡലം, താലൂക്ക്, ജില്ല, സംസ്ഥാനം പാര്‍ലമെന്റ് എല്ലാ തലങ്ങളിലും തിരിച്ചുവിളിക്കാന്‍ അധികാരവും സൗകര്യവും ഉണ്ടാകുകയാണ് വികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ വേണ്ടത്.അയല്‍ക്കൂട്ട പ്രതിനിധികള്‍ വേണം വാര്‍ഡ് അംഗത്തെയും പ്രസിഡന്റിനെയും തെരഞ്ഞെടുക്കേണ്ടത്. ഈ ദിശയില്‍ ജനാധിപത്യത്തെ കൂടുതല്‍ പരിപക്വമാക്കുകയാണ് ഇന്നത്തെ ആവശ്യം. അതിനു മുന്‍കൈ എടുക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളാണ്.” എന്നിങ്ങനെയാണ് എം പി പറയുന്നത്. അടുത്തൊന്നും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെങ്കിലും ഇത്തരമൊരു നിലപാട് ശക്തമായി ഉന്നയിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പുവേളയില്‍ യഥാര്‍ത്ഥ ജനാധിപത്യവാദികള്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply