എന്തുകൊണ്ട് സിപിഎമ്മും എസ് എഫ് ഐയും വിമര്‍ശനാതീതരല്ല..?

സംഘപരിവാര്‍ ശക്തികളുടെ ഫാസിസവും വര്‍ഗ്ഗീയതയും മുഖ്യശത്രുവാണെന്ന ന്യായീകരണത്തില്‍ സിപിഎമ്മിനേയും പോഷകസഘടനകളേയും വിമര്‍ശിക്കുന്നവരേയും സംഘപരിവാറാക്കാനുള്ള ശ്രമമാണ് കേരളത്തില്‍ വ്യാപകമായി നടക്കുന്നത്. കേരളീയ സമൂഹത്തെ സംഘപരിവാര്‍ അനുകൂലികളും സിപിഎം അനുകൂലികളുമായി വിഭജിക്കുകയും മറ്റെല്ലാ ചിന്താധാരകളേയും അപ്രസക്തരാക്കുകയുമാണ് ഇതിന്റെ പുറകിലെ ലക്ഷ്യം. അക്കാര്യത്തില്‍ ഇരുകൂട്ടരും ഐക്യപ്പെടുന്ന രസാവഹമായ കാഴ്ചയും കാണാം. കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് വളര്‍ച്ചയാണ് ഉണ്ടിയിട്ടുള്ളതെന്നാണ് ഇരുവിഭാഗങ്ങളുടേയും വിലയിരുത്തല്‍. അത്തരമൊരവസ്ഥ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. വാസ്തവത്തില്‍ തങ്ങളെ വിമര്‍ശിക്കുന്നവരെല്ലാം സംഘികളാണെന്നാരോപിക്കുന്നവരാണ് സംഘികളുടെ വളര്‍ച്ചക്ക് കളമൊരുക്കുന്നത്. മാത്രമല്ല, രാഷ്ട്രീയമെന്ന ധാരണയില്‍ […]

cc

സംഘപരിവാര്‍ ശക്തികളുടെ ഫാസിസവും വര്‍ഗ്ഗീയതയും മുഖ്യശത്രുവാണെന്ന ന്യായീകരണത്തില്‍ സിപിഎമ്മിനേയും പോഷകസഘടനകളേയും വിമര്‍ശിക്കുന്നവരേയും സംഘപരിവാറാക്കാനുള്ള ശ്രമമാണ് കേരളത്തില്‍ വ്യാപകമായി നടക്കുന്നത്. കേരളീയ സമൂഹത്തെ സംഘപരിവാര്‍ അനുകൂലികളും സിപിഎം അനുകൂലികളുമായി വിഭജിക്കുകയും മറ്റെല്ലാ ചിന്താധാരകളേയും അപ്രസക്തരാക്കുകയുമാണ് ഇതിന്റെ പുറകിലെ ലക്ഷ്യം. അക്കാര്യത്തില്‍ ഇരുകൂട്ടരും ഐക്യപ്പെടുന്ന രസാവഹമായ കാഴ്ചയും കാണാം. കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് വളര്‍ച്ചയാണ് ഉണ്ടിയിട്ടുള്ളതെന്നാണ് ഇരുവിഭാഗങ്ങളുടേയും വിലയിരുത്തല്‍. അത്തരമൊരവസ്ഥ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. വാസ്തവത്തില്‍ തങ്ങളെ വിമര്‍ശിക്കുന്നവരെല്ലാം സംഘികളാണെന്നാരോപിക്കുന്നവരാണ് സംഘികളുടെ വളര്‍ച്ചക്ക് കളമൊരുക്കുന്നത്. മാത്രമല്ല, രാഷ്ട്രീയമെന്ന ധാരണയില്‍ ഇവര്‍ വളര്‍ത്തുന്നത് അരാഷ്ട്രീയതയുമാണ്.
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി സംഘപരിവാറില്‍ നിന്നാണെന്നതില്‍ സംശയമില്ല. എന്നാല്‍ സംഘപരിവാറിനെ അവരുടെ തന്നെ രീതിയില്‍ കായികമായി നേരിടുന്ന തങ്ങളുടേതാണ് ശരിയായ പ്രതിരോധമെന്നും അതിനെ പിന്തുണക്കുകയാണ് മറ്റെല്ലാവരും ചെയ്യേണ്ടതുമെന്നുമുള്ള ധാരണയാണ് സിപിഎമ്മിനുള്ളത്. അതേസമയം മറ്റു വിഭാഗങ്ങളെ കായികമായി നേരിടാനും സിപിഎം പരിവാറിനു മടിയില്ല. ഏറ്റവും ഭംഗിയായി അതു ചെയ്യുന്നത് എസ് എഫ് ഐയാണ്. എബിവിപിയുടെ അക്രമങ്ങള്‍ക്കെതിരെ ഐക്യനിരയുണ്ടാക്കണമെന്നു പറയുന്ന എസ് എഫ് ഐ തങ്ങളുടെ ചുമപ്പുകോട്ടകളില്‍ കെ എസ് യു, എ ഐ എസ് എഫ്, ഐസ, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഇന്‍ക്വിലാബ്, എസ് ഐ ഒ തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരെയെല്ലാം അക്രമിക്കുന്നതില്‍ ഒട്ടും പുറകിലല്ലോ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ജനാധിപത്യാവകാശം നിഷേധിക്കുന്നതു മുതല്‍ സദാചാരപോലീസിങ്ങിനും ഇവര്‍ മുന്നിലാണ്. എന്നിട്ടാണ് എബിവിപി അക്രമത്തിന് അതേഭാഷയില്‍ തിരിച്ചടി കൊടുക്കുന്നതിനെ പിന്തുണക്കാത്തവരെ സംഘികളായി ആരോപിക്കുന്നത്. കായികമായല്ല, ആശയപരമായി നേരിടലാണ് ജനാധിപത്യം എന്ന പ്രാഥമികധാരണ പോലും ഇവര്‍ക്കില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ആര്‍ ആദ്യം ചെയ്തു എന്ന ചോദ്യം പോലും പ്രസക്തമല്ല. അത് മാറി മാറി വരുന്നു. ജനാധിപത്യത്തെ കൂടുതല്‍ പരിപക്വമാക്കിയാണ് ഇന്ന്് ഫാസിസത്തെ ചെറുക്കേണ്ടത്. സമകാലിക വികസനത്തിന്റെ രക്തസാക്ഷികളായി മാറുന്ന പരിസ്ഥിതി, ദളിതുകളും ആദിവാസികളും മുസ്ലിമുകളും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തുടങ്ങിയ വൈവിധ്യമാര്‍ന്ന സാമൂഹ്യവിഭാഗങ്ങളോടൊപ്പം നില്‍ക്കുകയുമാണ് ജനാധിപത്യവാദികളുടെ കടമ. എന്നാല്‍ ഈ വിഷയങ്ങളിലെല്ലാം കേരളത്തിലെ സിപിഎം ഏതു പക്ഷത്താണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളിലെല്ലാം കാലങ്ങളായി സിപിഎം മറുപക്ഷത്താണ്. സൈലന്റ് വാലി, മാവൂര്‍, പ്ലാച്ചിമട, ലാലൂര്‍, കാതിക്കുടം, വിളപ്പില്‍ശാല, അതിരപ്പിള്ളി തുടങ്ങി കേരളത്തിലെ നിരവധി പരിസ്ഥിതി സമരങ്ങളില്‍ സിപിഎം എതിര്‍പക്ഷത്താണ്. പലയിടത്തും കായികമായിപോലും ഇത്തരം സമരങ്ങളെ നേരിട്ടു. ഫെമിനിസ്റ്റ് സംഘടനകളെ എത്രയോ മോശമായാണ് പാര്‍ട്ടി ചിത്രീകരിച്ചിട്ടുള്ളത്. ലൈംഗികത്തൊഴിലാളികല്‍ പ്രകടനത്തില്‍ വന്നപ്പോള്‍ ഈ തേവിടിശ്ശികള്‍ക്കൊപ്പം ഞങ്ങള്‍ പ്രകടനത്തില്‍ വരില്ല എന്നു പറഞ്ഞ് ലാലൂര്‍ മലിനീകരണ വിരുദ്ധ സമരത്തില്‍ നിന്ന് സഖാക്കള്‍ ഇറങ്ങിപോയിട്ടുണ്ട്. ചങ്ങറ സമരവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നില്‍ രാത്രിസമരം നടന്നപ്പോള്‍ പിറ്റേന്നവിടെ ചാണകം തളിച്ച് വൃത്തിയാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജടക്കം എത്രയോ സ്ഥലങ്ങളില്‍ ഇവര്‍ സദാചാരപോലീസ് ചമഞ്ഞു. മുത്തങ്ങ സമരക്കാരെ ഇറക്കിവിടാനാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ബന്ദ് നടത്തിയിട്ടുണ്ട്.. മദനിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാടിന് കൈമാറിയത് നായനാര്‍ ഭരിക്കുമ്പോഴായിരുന്നു. മൂന്നാര്‍ സമരത്തോടുള്ള നിലപാടെന്തായിരുന്നു? ഇപ്പോഴും യു എ പി എയെപോലുള്ള കരിനിയമങ്ങള്‍ നടപ്പാക്കുന്നു. കലാലയങ്ങളിലെ സംഘട്ടനങ്ങളിലെല്ലാം ഒരു വശത്ത് എസ് എഫ് ഐ ആണ്. മനുരാഷ്ട്രീയത്തെ നേരിടാന്‍ ഏറ്റവും ശക്തം ദളിത് രാഷ്ട്രീയമാണെന്നിരിക്കെ കേരളത്തില്‍ സ്വത്വവാദമെന്ന പേരിട്ട് അതിന് ശക്തമായ പ്രതിരോധം തീര്‍ക്കുന്നത് സിപി എമ്മാണ്. അതെല്ലാം മറന്ന് സംഘപരിവാറിനെ കായികമായി നേരിടുന്നതിന്റെ പേരില്‍ എല്ലാവരും സിപിഎമ്മിനെ പിന്തുണക്കണമെന്നു പറഞ്ഞാല്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. രാഷ്ട്രീയം കറുപ്പും വെളുപ്പും മാത്രമല്ല, വിബ്ജിയോര്‍ ആണ്. തങ്ങളുടെ കക്ഷിരാഷ്ട്രീയത്തെ ന്യായീകരിക്കാത്തവരൊക്കെ ഇവര്‍ക്ക് അരാഷ്ട്രീയവാദികളോ നിഷ്പക്ഷരോ ആണ്. വലുപ്പമല്ല, ആശയമാണ് മുഖ്യം. വലുപ്പമാണെങ്കില്‍ ഇന്ത്യയില്‍ സിപിഎമ്മിനും പ്രസക്തിയില്ലല്ലോ. ഈ മഴവില്‍ രാഷ്ട്രീയത്തെയാണ് സംഘപരിവാറിന്റെ പേരില്‍ തടയാന്‍ ശ്രമിക്കുന്നത്. അത് വളര്‍ത്തുക സംഘപരിവാറിനെയാണെന്ന യാഥാര്‍ത്ഥ്യം ഭംഗിയായി മറച്ചുവെക്കുന്നു.
വാസ്തവത്തില്‍ ജനാധിപത്യം എന്ന സംവിധാനത്തെ സംഘപരിവാറിനെ പോലെ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും അംഗീകരിക്കുന്നുണ്ടോ..? ബൂര്‍ഷ്വാജനാധിപത്യം എന്നാണല്ലോ അവരതിനെ വിശേഷിപ്പിക്കുന്നതു തന്നെ? സോഷ്യലിസവും കമ്യൂണിസവുമൊക്കെ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള മാര്‍ക്‌സിയന്‍ സിദ്ധാന്തത്തില്‍ തന്നെ ജനാധിപത്യവിരുദ്ധതയില്ലേ? വ്യവസായിക വിപ്ലവത്തിലൂടെ ഉയര്‍ന്നു വന്ന സംഘടിത തൊഴിലാളി വര്‍ഗ്ഗമാണ് സമൂഹത്തെ നയിക്കേണ്ടതെന്നു പ്രഖ്യാപിച്ച മാര്‍ക്‌സ് അവരുടെ രാഷ്ട്രീയപ്രതിനിധികളായി കമ്യൂണിസ്റ്റ് പാര്‍്ട്ടിയെ പ്രതിഷ്ഠിക്കുകയും അതിനാല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍്ട്ടിയുടെ ഏകകക്ഷിഭരണത്തിലൂടെ സോഷ്യലിസം സ്ഥാപിക്കാമെന്നും തുടര്‍ന്ന് ഭരണകൂടം കൊഴിഞ്ഞുവീഴുമെന്നുമൊക്കെയാണല്ലോ വാദിച്ചത്. കേന്ദ്രീകൃത സംഘടനാ ചട്ടക്കൂടിലൂടെ എല്ലാ അധികാരവും ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ട്രോട്‌സ്‌കി മുതല്‍ ടി പി വരെ പാര്‍്ട്ടിക്കകത്തുപോലും എത്രയോ രക്തസാക്ഷികള്‍. ലോകമെങ്ങും സംഭവിച്ചതെന്താണെന്ന് ഇന്ന് നമുക്കറിയാം. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണ് നടന്നത്. ചൈനയിലും മറ്റും വിദ്യാര്‍ത്ഥിസമരങ്ങളെ നേരിട്ടത് ടാങ്കറുകളായിരുന്നു.
ഈ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് ജനാധിപത്യത്തെ വിലയിരുത്താന്‍ നമ്മുടെ കമ്യൂണിസ്റ്റുകാര്‍ ഇനിയും തയ്യാറായിട്ടുണ്ടോ? ഇല്ല. മറിച്ച് അടവുപരമായും തന്ത്രപരമായുമൊക്കെ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നു എന്നു മാത്രം. അതിനാല്‍തന്നെ ജനാധിപത്യത്തില്‍ അനിവാര്യമായ പ്രതിപക്ഷബഹുമാനം അവരില്‍ തുലോം കുറവാണ്. അതിനാലാണ് തങ്ങള്‍ക്ക് ശക്തിയുള്ളയിടങ്ങളില്‍ അവരുടേത് ഫാസിസ്റ്റ് നയമാകുന്നത്. സംഘപരിവാറിന്റേതിനെ മതഫാസിസമെന്നു വിശേഷിപ്പിക്കാമെങ്കില്‍ ഇതിനെ രാഷ്ട്രീയ ഫാസിസമെന്നു വിശേഷിപ്പിക്കാം. അതോടൊപ്പം ഇരുപാര്‍ട്ടികളില്‍ നിന്നും പരസ്പരമുള്ള കാലുമാറ്റവും കുറവല്ല. അതുതന്നെ ഇരുകൂട്ടരുടേയും സമാനതക്കു തെളിവല്ലേ..?
സമീപകാലത്ത് ഈ നയങ്ങളില്‍ മാറ്റമുണ്ടെന്ന വാദം ചില സിപിഎം ബുദ്ധിജീവികള്‍ ഉന്നയിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്റേഴ്‌സിനെ അംഗീകരിക്കാന്‍ തയ്യാറായതും വധശിക്ഷക്കെതിരെ നിലപാടെടുത്തതുമൊക്കെ നല്ലതുതന്നെ. യെച്ചൂരി വന്നതിനുശേഷം ജാതി പ്രശ്‌നത്തേയും കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം പ്രധാനമായി കേരളത്തിനു പുറത്ത് പാര്‍ട്ടിക്ക് ശക്തി കുറഞ്ഞ മേഖലകളില്‍ മാത്രം. ഹൈദരബാദിലെ കൊട്ടിഘോഷിക്കപ്പെട്ട പൊതുയോഗത്തില്‍ സ്‌റ്റേജിനു പുറകിലെ ബോര്‍ഡില്‍ സുന്ദരയ്യക്കൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങള്‍ ഫൂലേയുടേയും അംബേദ്കറുടേതുമായിരുന്നു. സംസാരിച്ചവരില്‍ സവിപ്ലവകവി ഗദ്ദറും കാഞ്ചൈ ഐലയ്യയും. അധികാരത്തിന്റെ രുചിയറിഞ്ഞ കേരളത്തിലെ അവസ്ഥ അതല്ല. ഇവിടെ രോഹിത് വെമുലയുടെ ചിത്രം ഉപയോഗിക്കുന്നു, ഇറോമിനെ സ്വീകരിക്കുന്നു. എന്നാലവരുടെ ആശയങ്ങള്‍ പിന്തുടരുന്നവരെ കായികമായിപോലും അക്രമിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ എങ്ങനെയാണ് സിപിഎമ്മിനെ വിമര്‍ശിക്കാതിരിക്കാന്‍ കഴിയുക..? കോണ്‍ഗ്രസ്സിനെ താരതമ്യം ചെയ്ത് ന്യായീകരിക്കാവുന്നതാണോ ഇത്? ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസ്സ് പുതുചലനങ്ങളെ ആശയപരമായും ശാരീരീകമായും എതിര്‍ക്കാറില്ല. അതിനുള്ള കരുത്ത് അവര്‍ക്കില്ല താനും. സിപിഎമ്മിന്റെ അവസ്ഥ അതല്ല. വിമര്‍ശനങ്ങളോട് നിഷേധാത്മകമായ സമീപനമാണ് പൊതുവില്‍ അവരുടേത്. ഇപ്പോഴിതാ ആത്മവീര്യത്തിന്റെ പേരില്‍ പോലീസിനെ കയറൂരി വിടുന്നു. സംഘപരിവാര്‍ ഉയര്‍ത്തുന്ന പാസിസത്തിന്റെ മറവില്‍ ന്യായീകരിക്കാവുന്ന ഒന്നല്ല ഈ രാഷ്ട്രീയ ഫാസിസം.. ചോരവീഴ്ത്തി അതിനെ നേരിടുന്നതുമല്ല പ്രതിരോധം. അതിനെ വിമര്‍ശിക്കാതിരിക്കാന്‍ ജനാധിപത്യവാദികള്‍ക്ക് കഴിയില്ല…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply