എന്തുകൊണ്ട് പട്ടേല്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

pp

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത് സംഘപരിവാറും സഖ്യശക്തികളും ആഘോഷമാക്കിയിരിക്കുകയാണ്. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമയാണത്രെ. അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടിയാണ് പട്ടേല്‍ പ്രതിമയുടെ ഉയരം. 3000 കോടിയാണ് നിര്‍മ്മാണചിലവ്. ഈ ദരിദ്രരാജ്യത്തിന് ഇതില്‍പ്പരം എന്തു വേണം? പ്രതിമയ്ക്ക് സമീപം നിര്‍മിച്ചിട്ടുള്ള ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങുകളുടെ സമയത്ത് വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്ത് ത്രിവര്‍ണ പതാകയുടെ ചിത്രം വരച്ചു. ഇതെല്ലാം നല്‍കുന്ന സൂചനകള്‍ സമകാലികാവസ്ഥയില്‍ വളരെ പ്രസക്തമാണ്.
സര്‍ദാറിന്റെ 143 ാമത് ജന്മവാര്‍ഷികത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമ ഗുജറാത്തിലെ നര്‍മദാ ഡാമിന് 3.2 കിലോമീറ്റര്‍ മാറി ഒഴുക്കിന്റെ ദിശയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്ന പദ്ധതി കൂടിയായ ‘ഏകത്വ പ്രതിമ’ യുടെ പണി അഞ്ചു വര്‍ഷം മുമ്പാണ് തുടങ്ങിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കാലത്ത് 2013 ഒക്ടോബര്‍ 31 ന് മോഡി തന്നെയാണ് തറക്കല്ലിട്ടത്. 3000 കോടിയാണ് നിര്‍മ്മാണചിലവ്. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പ്രതിമാനിര്‍മാണം തുടങ്ങിയത്. മരിക്കുന്നതുവരെ കോണ്‍ഗ്രസ് നേതാവായിരുന്നു പട്ടേല്‍. എന്നാല്‍ കോണ്‍ഗ്രസ് പട്ടേലിനെ അവഗണിച്ചുവെന്നാണ് ബിജെപിയുടെ വാദം.
എന്തുകൊണ്ട് പട്ടേലില്‍ കോണ്‍ഗ്രസ്സുകാരേക്കാള്‍ താല്‍പ്പര്യം സംഘപരിവാറിനെന്നത് സ്വാഭാവിക ചോദ്യമാണ്. ഉത്തരം ലളിതം. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കുക എന്ന തങ്ങളുടെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ആദ്യപടി നിര്‍വ്വഹിച്ചത് പട്ടേലായിരുന്നല്ലോ. വൈവിധ്യമാര്‍ന്ന ഭാഷകളും സംസകാരങ്ങളും ചരിത്രവുമുണ്ടായിരുന്ന ജനവിഭാഗങ്ങളെ ബലം പ്രയോഗിച്ചുപോലും ഒന്നാക്കിയതില്‍ മുഖ്യപങ്കു വഹിച്ചത് മറ്റാരുമായിരുന്നില്ലല്ലോ. ഭരണപരമായി ഒന്നിച്ച ഈ പ്രദേശത്തിന് മതപരമായ ദേശീയത നല്‍കുക മാത്രമായിരുന്നു പിന്നീടവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. ഗാന്ധിവധത്തെ തുടര്‍ന്ന് ദീര്‍ഘകാലം രാഷ്ട്രീയവനവാസത്തിലായിരുന്ന അവര്‍ ഇപ്പോള്‍ അധികാരത്തിലാണ്. തങ്ങളുടെ ലക്ഷ്യം നേടാന്‍ ഏറ്റവും ശക്തമായ ഓര്‍മ്മ പട്ടേലാണെന്നത് സംഘപരിവാര്‍ ശക്തികള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. അത് ഗാന്ധിയോ അംബേദികറോ നെഹ്‌റുവോ അല്ല. അവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ റദ്ദാക്കുന്നവരാണ്. ഉരുക്കുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവരുമല്ല. അതിനാലാണ് പട്ടേല്‍ രംഗത്തെത്തിയത്. ഒരു വശത്ത് ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമെന്ന് അവകാശപ്പെടുമ്പോളാണ് മറുവശത്ത് കേന്ദ്രീകൃത ഭരണസംവിധാനത്തെ ശക്തമാക്കുന്നത് എന്നതും ഓര്‍ക്കണം. ഇത്ര ഭീകരമായ പ്രളയമുണ്ടായിട്ടും കേരളത്തിനു തുച്ഛം തുക നല്‍കുകയും വിദേശസഹായവും മന്ത്രിമാരുടെ വിദേശയാത്രയും നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്രമാണ് പ്രതിമക്കായി 3000 കോടി ചിലവാക്കിയത് എന്നതില്‍ നിന്നു തന്നെ ലക്ഷ്യം വ്യക്തം. ഫെഡറലിസം പൂര്‍ണ്ണമായും തകര്‍ക്കുകയും കേന്ദ്രത്തെ ശക്തമാക്കുകയും അതിനടിത്തറയായി ഹിന്ദുത്വരാഷ്ട്രീയം ശക്തമാക്കുകയും ചെയ്യുക. അല്ലാതെന്ത്?
അതേസമയം സംസ്ഥാനത്തെ ചൂഷിതവിഭാഗങ്ങള്‍ പ്രതിമക്കെതിരെ രംഗത്തുവന്നു എന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് ഗ്രാമീണര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ കോടികള്‍ മുടക്കി പ്രതിമ നിര്‍മ്മിച്ചതിനെതിരെ നര്‍മ്മദ ജില്ലയിലെ 22 വില്ലേജ് സര്‍പാഞ്ചുമാര്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ ആദരിച്ചിരുന്നതും ജീവിതമാര്‍ഗ്ഗവുമായ മണ്ണ്, ജലം, വനം എന്നിവയൊക്കെ ആദ്യം അണക്കെട്ടിന് വേണ്ടിയും ഇപ്പോള്‍ പ്രതിമക്ക് വേണ്ടിയും അധികാരികള്‍ തട്ടിയെടുത്തതായി ഇവര്‍ ആരോപിക്കുന്നു. അണക്കെട്ട് വന്നതോടെ ആയിരങ്ങള്‍ക്ക്് ഭൂമിയും തൊഴിലും നഷ്ടമായി. പ്രതിമ നിര്‍മിക്കുന്നതിലൂടെ അത് ആവര്‍ത്തിക്കപ്പെടുകയാണ്. കരിമ്പുകര്‍ഷകരും പ്രതിമക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജലസമാധി നടത്തുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് ജിഗ്‌നേഷ് മേവാനിയും പിന്തുണ പ്രഖ്യാപിച്ചു. പ്രതിമയുടെ അനാവരണ ചടങ്ങിനെ എതിര്‍ക്കുന്ന ആദിവാസി സംഘടനകള്‍ ഉപവാസം ടത്തുകയാണ്. ഹിന്ദി മേഖലയില്‍ തൊഴില്‍ ഭീഷണി നേരിടുന്ന ഗുജറാത്തില്‍ നിന്നുള്ള തൊഴിലാളികളും പട്ടേല്‍ സമരനായകനായ ഹാര്‍ദ്ദിക് പട്ടേലും ജുനഗഡിലെ വംഥലയില്‍ ഉപവാസം പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ദ്ദിക്ക് പട്ടേലിന്റെ സമരത്തില്‍ മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഖ്നന്‍ സിന്‍ഹ തുടങ്ങിയവരും സംബന്ധിക്കുന്നു. ഈ പോരാട്ടങ്ങളെല്ലാം പിന്തുണക്കപ്പെടേണ്ടതാണ്‌


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply