എം.എ ബേബിയും രാഷ്‌ട്രീയ ധാര്‍മ്മികതയും

എന്‍.എം പിയേഴ്‌സണ്‍ ഇന്ത്യന്‍ രാഷ്‌ട്രീയം പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ രാഷ്‌ട്രീയം എങ്ങിനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്‌? ഈ ചോദ്യം വളരെ തീവ്രമായ രീതിയില്‍ ഓരോ രാഷ്‌ട്രീയ ചിന്തകനെയും പ്രവര്‍ത്തകനെയും സ്വാധീനിക്കുന്ന വേളയിലാണ്‌ നമ്മള്‍. പലരും കരുതുന്നതുപോലെ ഇടതുപക്ഷം ഇന്ത്യന്‍ രാഷ്‌ട്രീയ ചക്രവാളത്തില്‍ നിന്ന്‌ മാഞ്ഞ്‌ പോകുന്നില്ല. അതിനുള്ള കാരണം മനുഷ്യന്റെ ദാരിദ്ര്യം ഒരു യാഥാര്‍ത്ഥ്യമായി നില്‍ക്കുന്ന കാലത്തോളം അതിന്‌ ഒരു വിമോചനമാര്‍ഗ്ഗം ആവശ്യമാണ്‌ എന്നതാണ്‌. ഇടതുപക്ഷത്തെ രാഷ്‌ട്രീയ ഭൂമികയില്‍ അടയാളപ്പെടുത്തുന്നത്‌ മാര്‍ക്‌സിസത്തിന്റെ വിമോചക മൂല്യമാണ്‌. അത്‌ വീണ്ടെടുക്കാന്‍ ഇടതുപക്ഷ […]

m aഎന്‍.എം പിയേഴ്‌സണ്‍

ഇന്ത്യന്‍ രാഷ്‌ട്രീയം പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ രാഷ്‌ട്രീയം എങ്ങിനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്‌? ഈ ചോദ്യം വളരെ തീവ്രമായ രീതിയില്‍ ഓരോ രാഷ്‌ട്രീയ ചിന്തകനെയും പ്രവര്‍ത്തകനെയും സ്വാധീനിക്കുന്ന വേളയിലാണ്‌ നമ്മള്‍. പലരും കരുതുന്നതുപോലെ ഇടതുപക്ഷം ഇന്ത്യന്‍ രാഷ്‌ട്രീയ ചക്രവാളത്തില്‍ നിന്ന്‌ മാഞ്ഞ്‌ പോകുന്നില്ല. അതിനുള്ള കാരണം മനുഷ്യന്റെ ദാരിദ്ര്യം ഒരു യാഥാര്‍ത്ഥ്യമായി നില്‍ക്കുന്ന കാലത്തോളം അതിന്‌ ഒരു വിമോചനമാര്‍ഗ്ഗം ആവശ്യമാണ്‌ എന്നതാണ്‌. ഇടതുപക്ഷത്തെ രാഷ്‌ട്രീയ ഭൂമികയില്‍ അടയാളപ്പെടുത്തുന്നത്‌ മാര്‍ക്‌സിസത്തിന്റെ വിമോചക മൂല്യമാണ്‌. അത്‌ വീണ്ടെടുക്കാന്‍ ഇടതുപക്ഷ രാഷ്‌ട്രീയം പ്രാപ്‌തമായ ഘട്ടങ്ങളിലെല്ലാം ഭൂമൂഖത്ത്‌ ഇടതുപക്ഷത്തിന്‌ പ്രസക്തി ഉണ്ടായിട്ടുണ്ട്‌.
ഇന്ത്യയില്‍ തന്നെ പശ്ചിമബംഗാളിലും കേരളത്തിലുമാണ്‌ സി.പി.എംന്‌ തിരിച്ചടിയുണ്ടായത്‌. തൃപുരയില്‍ അതിന്‌ തിരിച്ചടി ഉണ്ടായില്ല എന്നു മാത്രമല്ല അതിന്‌ മുന്നേറ്റം സൃഷ്‌ടിക്കാനും കഴിഞ്ഞു. എല്ലായിടത്തും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ലക്ഷക്കണക്കിന്‌ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടിയപ്പോള്‍ തൃപുരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത്‌ അഞ്ചുലക്ഷത്തിലധികം ഭൂരിപക്ഷത്തിനാണ്‌. ഇത്‌ സൂചിപ്പിക്കുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ രാഷ്‌ട്രീയം ശരിയായ ദിശയില്‍ പ്രവര്‍ത്തിച്ചാല്‍ അതിന്‌ ജനപിന്തുണ ഉണ്ടാവും എന്നു തന്നെയാണ്‌. ഇന്ത്യയെപോലുള്ള ദരിദ്ര രാജ്യത്ത്‌ സാധാരണക്കാരെയും തൊഴിലാളികളെയും കര്‍ഷകരെയും അവഗണിച്ചുകൊണ്ട്‌ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ അതിന്‌ ദീര്‍ഘായുസ്സുണ്ടാവില്ല എന്ന കാര്യത്തില്‍ സംശയം വേണ്ട.
തെരഞ്ഞെടുപ്പ്‌ ഫലം ചര്‍ച്ച ചെയ്‌ത പോളിറ്റ്‌ ബ്യൂറോയില്‍ സീതാറാം യച്ചൂരി അടക്കമുള്ള പല നേതാക്കളും രാജിവെക്കാന്‍ തയ്യാറാവുകയുണ്ടായി. അത്തരം അഭിപ്രായ പ്രകടനം അവര്‍ നടത്തിയത്‌ തോല്‍വിയുടെ ഉത്തരാവദിത്വം ഏറ്റെടുക്കാനുള്ള ബാധ്യതയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അത്‌ പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. കാരണം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംഘടനാ രീതി അനുസരിച്ച്‌ പാര്‍ട്ടി നേതൃത്വം എന്നത്‌ കൂട്ടിയ നേതൃത്വമാണ്‌. പാര്‍ട്ടിയും പാര്‍ട്ടി മുന്നോട്ടു വെക്കുന്ന നയവുമാണ്‌ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുന്നത്‌. തോല്‍ക്കുന്നത്‌ പാര്‍ട്ടിയാണ്‌. ജയിക്കുന്നതും പാര്‍ട്ടിയാണ്‌. ഈ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം പാര്‍ട്ടിക്കുണ്ടായതിന്‌ ഉത്തരവാദിത്വം പാര്‍ട്ടി തന്നെയാണ്‌ ഏല്‍ക്കേണ്ടത്‌. അതിന്റെ അര്‍ത്ഥം പാര്‍ട്ടിയുടെ കൂട്ടായ നേതൃത്വമാണ്‌ അത്‌ ചുമലേല്‍ക്കേണ്ടത്‌ എന്നാണ്‌. നേതൃത്വം മുഴുവനുമായി രാജിവെച്ചൊഴിഞ്ഞാല്‍ പാര്‍ട്ടി സംഘടന ശിഥിലമാവും. ഇതുകൊണ്ടാണ്‌ നേതൃത്വ രാജി സി.പി.എം അംഗീകരിക്കാത്തത്‌.
ഈ സാഹചര്യത്തിലാണ്‌ നാം എം.ഏ ബേബിയുടെ എം.എല്‍.എ സ്ഥാനരാജി പരിശോധിക്കേണ്ടത്‌. രാഷ്‌ട്രീയ ധാര്‍മ്മികത ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കരുത്താണ്‌. പഴയകാല നേതാക്കളെല്ലാം തന്നെ ത്യാഗസുരഭിലമായ പ്രവര്‍ത്തനത്തിലൂടെ അണികളിലും ജനങ്ങളിലും താരപ്രഭ സൃഷ്‌ടിച്ചവരായിരുന്നു. അവരുടെ കരുത്ത്‌ സത്യസന്ധതയും ആത്മാര്‍ത്ഥതയും ധാര്‍മ്മികതയുമായിരുന്നു. എം.ഏ ബേബി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിലൊരു ധാര്‍മ്മിക ലംഘനമുണ്ടായിരുന്നു. ഒരു എം.എല്‍.എ പാര്‍ലിമെന്റിലേക്ക്‌ മത്സരിക്കുന്നത്‌ അധാര്‍മ്മികമാണ്‌. രണ്ട്‌ കാരണങ്ങള്‍ ഇതിനുണ്ട്‌. ഒന്ന്‌, നിയമസഭ തെരഞ്ഞെടുപ്പ്‌ വേളയില്‍ ഒരു നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരുടെ മുന്നില്‍ വരുന്ന അഞ്ചുവര്‍ഷക്കാലത്തേയ്‌ക്ക്‌ ആ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാല്‍ തന്റെ ഉത്തരാവദിത്വം പൂര്‍ത്തീകരിച്ചു കൊള്ളാം എന്ന ഉറപ്പ്‌ അതുവഴി ലംഘിക്കപ്പെടുന്നു. അത്‌ അധാര്‍മ്മികമാണ്‌. രാഷ്‌ട്രീയ ധാര്‍മ്മികതയുടെ ഈ പ്രശ്‌നം അദ്ദേഹം പാര്‍ലിമെന്റ്‌ തെരഞ്ഞെടുപ്പ്‌ വേളയില്‍ മറന്നു. രണ്ട്‌, ഒരു തെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ കോടിക്കണക്കിന്‌ രൂപയാണ്‌ രാഷ്‌ട്രത്തിന്‌ ചിലവഴിക്കേണ്ടി വരുന്നത്‌. എം.എല്‍.എ ആയ ബേബി പാര്‍ലിമെന്റിലേക്ക്‌ തിരഞ്ഞെടുക്കുമ്പോള്‍ കുണ്ടറയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ്‌ അനിവാര്യമാകും. കോടികള്‍ ധൂര്‍ത്തടിക്കപ്പെടും. ഇതെല്ലാം ജനങ്ങള്‍ തന്നെ കൊടുക്കേണ്ടതുണ്ട്‌. ഇതു കാണാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയ ബേബി രണ്ടാമത്തെ അധാര്‍മ്മികതയ്‌ക്ക്‌ കൂട്ടുനില്‍ക്കുകയായിരുന്നു. പ്രത്യേകിച്ച്‌ ജനങ്ങളോട്‌ പ്രതിബന്ധതയുള്ള പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്‌ സി.പി.എം ബേബി വഴി ഇവിടെ ചെയ്‌തത്‌.
ഈ രണ്ട്‌ അധാര്‍മ്മികതയും കാണാതിരുന്ന ബേബി കുണ്ടറയില്‍ എതിരാളിയെക്കാള്‍ വോട്ടു കുറഞ്ഞു എന്നതിന്റെ പേരില്‍ രാജിവെക്കുന്നതാണ്‌ ഉചിതം എന്ന്‌ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സാധാരണ ജനങ്ങള്‍ക്ക്‌ അത്‌ ബേബിയുടെ ധാര്‍മ്മികമായ പോരാട്ടമായി തോന്നാം. ബേബി അത്തരത്തില്‍ അത്‌ അവതരിപ്പിക്കാനും ശ്രമിച്ചു. നിയമസഭയില്‍ ഹാജരാവാതിരിക്കാന്‍ ശ്രമിച്ചു. കാറില്‍ നിന്ന്‌ എം.എല്‍.എയുടെ ബോര്‍ഡ്‌ എടുത്തു മാറ്റി. നിയമസഭയില്‍ പങ്കെടുത്തപ്പോള്‍ ഒപ്പ്‌ ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആത്മനിഷ്‌ഠമായി തന്റെ നിലപാട്‌ രാജിയാണ്‌ എന്നാല്‍ പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത്‌ അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കും എന്നായിരുന്നു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്‌. അവസാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സംസ്ഥാന കമ്മറ്റിയില്‍ പറഞ്ഞു എം.ഏ ബേബി നിയമസഭ അംഗമായി തുടരും. മാധ്യമങ്ങള്‍ പറഞ്ഞു ബേബി പാര്‍ട്ടിക്ക്‌ വിധേയനായി.
കാര്യങ്ങള്‍ അവസാനിക്കുന്നില്ല. ബേബി ഉയര്‍ത്തിയ ധാര്‍മ്മിക പ്രശ്‌നത്തിന്‌ പിന്നില്‍ നിരവധി കാര്യങ്ങള്‍ ഘോഷയാത്ര നടത്തുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ പിണറായി വിജയന്‍ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പ്രയോഗിച്ച്‌ `പരനാറി’ പ്രയോഗം പാര്‍ട്ടിക്ക്‌ ഗുണമുണ്ടാകുന്ന കാര്യമല്ല എന്ന വസ്‌തുതയാണ്‌. അതിന്റെ അര്‍ത്ഥം പാര്‍ട്ടി നേതാക്കള്‍ വിനയത്തോടുകൂടി പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കണം എന്നാണ്‌. പാലക്കാട്‌ നടന്ന പാര്‍ട്ടി പ്ലീനത്തിലെ നിര്‍ദ്ദേശവും അതു തന്നെയായിരുന്നു. പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനം പാര്‍ട്ടി നേതൃത്വത്തിനുണ്ട്‌. പാര്‍ട്ടി നേതൃത്വം ധാര്‍ഷ്‌ട്യത്തിന്റെ ആള്‍രൂപമായി മാറിയ ഘട്ടങ്ങളില്‍ എല്ലാം പാര്‍ട്ടി ജനങ്ങളില്‍ നിന്ന്‌ അകന്നുപോയിട്ടുണ്ട്‌. അതു തിരുത്തണം എന്നാണ്‌ പ്ലീനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം. പ്ലീന കാലത്ത്‌ പാര്‍ട്ടിയെ ചാക്കു രാധാകൃഷ്‌ണന്റെ കൂടാരത്തില്‍ കുടിയിരുത്തിയ ജയരാജന്റെ സാന്നിദ്ധ്യം പാര്‍ട്ടിക്ക്‌ ഗുണകരമല്ല. ബേബി ഇപ്പോള്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്‌ ദീര്‍ഘദൂര മാനമുണ്ട്‌. കേരളത്തില്‍ സി.പി.എംന്‌ മുന്നോട്ടുപോകാന്‍ ജയരാജന്‍മാരുടെ ഉപജാപക സംഘം തടസ്സമാണ്‌. ചെവി കടിച്ചു തിന്നാന്‍ പാകത്തിന്‌ ചുറ്റുംകൂടിയ വൈതാളികരില്‍ നിന്ന്‌ വിമുക്തനാവാത്ത പിണറായി വിജയനും പാര്‍ട്ടിയുടെ പതാക താഴ്‌ത്തി കെട്ടാനെ ഉപകരിക്കൂ. പിണറായി ഉപജാപകരില്‍ നിന്ന്‌ സ്വതന്ത്രനാവണം. കേരള ജനതയെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ കഴിയുംവിധം സര്‍ഗാത്മകമാകണം പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍. അല്ലെങ്കില്‍ പിണറായി മാറണം എന്നും തന്നെയാണ്‌ അതിന്റെ സൂചന. കുറച്ചുനാളുകള്‍ക്ക്‌ മുമ്പ്‌ നടന്ന പാര്‍ട്ടി ജാഥയില്‍ നേതൃത്വം മുഴുവന്‍ മലബാറുകാരുടേതായിരുന്നു. മലബാറില്‍ മാത്രമല്ല തിരുവിതാംകൂറിലും പാര്‍ട്ടിയുണ്ട്‌. നേതൃത്വ നിരയില്‍ മലബാറിനും തിരുവിതാംകൂറിനും തുല്യപ്രാധാന്യം ഉണ്ടാവണം. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ അത്‌ പാര്‍ട്ടിയില്‍ പുതിയ ശാക്തിക ചേരിതിരിവിന്‌ വഴിയൊരുക്കും. പാര്‍ട്ടിയിലെ വിഭാഗീയത അച്ചുതാനന്ദന്‍ -പിണറായി എന്ന ഡൈക്കോട്ടമിയില്‍ നിന്ന്‌ മലബാര്‍-തിരുവിതാംകൂര്‍ ഡൈക്കോട്ടമിയിലേയ്‌ക്ക്‌ മാറും. വരാന്‍ പോകുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയതയുടെ പൂതിയ മെറ്റാമോര്‍ഫിസിസും ബേബിയുടെ ധാര്‍മ്മിക വിവാദത്തിലുണ്ടെന്ന്‌ തിരിച്ചറിയണമെന്ന്‌ സാരം.
സി.പി.എം പ്രത്യയശാസ്‌ത്ര കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാന്‍ സുസജ്ജമായില്ലെങ്കില്‍ വിഭാഗീയത നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കും. നായനാരും-അച്ചുതാനന്ദനും, സി.ഐ.ടിയുവും-അച്ചുതാനന്ദനും, പിണറായിയും-അച്ചുതാനന്ദനും. ഇപ്പോള്‍ അത്‌ പുതിയ രൂപത്തില്‍ മലബാറും-തിരുവിതാംകൂറും തമ്മിലുള്ള തര്‍ക്കമായി പുനര്‍ജനിക്കുന്നു. എം.വി രാഘവന്റെ കാലത്താണ്‌ മുമ്പ്‌ വടക്കരും , തെക്കരും തമ്മിലുള്ള അധികാര വടംവലി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ ഒരിക്കല്‍ കൂടി നമ്മള്‍ തനിയാവര്‍ത്തനം കാണാന്‍ നിര്‍ബന്ധിക്കപ്പെടുകയാണോ ? എം.ഏ ബേബിയുടെ പ്രതിഷേധത്തില്‍ ഇതെല്ലാം വായിക്കപ്പെടേണ്ടതുണ്ട്‌?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “എം.എ ബേബിയും രാഷ്‌ട്രീയ ധാര്‍മ്മികതയും

  1. ആം ആദ്‌മി പാർട്ടിക്ക് ആളെ പിടിക്കാൻ നടന്നവനാണു സി പി ഐ എമ്മിനെ വിമർശിക്കാൻ ഇറങ്ങിയിരിക്കുന്നത്…ഇയാളുടെ “സർഗാത്മക” കമ്യൂണീസം എവിടം വരെയായി ?

  2. “കേരള ജനതയെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ കഴിയുംവിധം സര്‍ഗാത്മകമാകണം പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍. ”
    ———————————————————
    കൊള്ളാം ..ഉഗ്രൻ…അവിടെയും ഒരു “സർഗാത്മകം” തിരുകി കയറ്റിയിട്ടുണ്ട് ഈ ആം ആദ്‌മി റിക്രൂട്ടർ !

  3. “പിണറായി ഉപജാപകരില്‍ നിന്ന്‌ സ്വതന്ത്രനാവണം|”
    നല്ല നല്ല തമാശകൾ !
    അപ്പോൾ പ്രശ്നം കാൽ ഡസൻ വരുന്ന ഉപജാപകർ ആണ് .അവരാണ് എല്ലാം കൂത്ത് മുടിച്ചത് !അവരെ മാറ്റി കുറച്ച് കൂടി സംസ്കാരം ഉള്ള നല്ല ഉപജാപകർ വന്നാൽ അവർ സഖാവ് പിണറായിയെ മോശപ്പെട്ട വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും കൂടുതൽ ഗൗരവമുള്ള മറ്റ് ദുഷ് പ്രവൃത്തികളിൽ നിന്നും വിലക്കി നിര്ത്തും! […എന്തൊരു കമ്മ്യൂണിസമാണാവോ ഇത്.. ഇതിൽ നിന്ന് രക്ഷപ്പെടാൻ വേറെ വഴികൾ നോക്കുന്നതിനു ജനങ്ങളെ കുറ്റം പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ ?]

Leave a Reply