ഉത്സവങ്ങള്‍ക്ക് രഥം മതിയെന്ന് ഓംബുഡ്‌സ്മാന്‍

കേരളത്തില്‍ ഉത്സവകാലം ആരംഭിച്ചു. ഒപ്പം ആനയുമായി ബന്ധപ്പെട്ട ദുരന്തങ്ങളും. ഇടക്കൊച്ചി കണ്ണേങ്കാട്ട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വിരണ്ടോടി ചതുപ്പില്‍ വീണ ആന ചെരിഞ്ഞ സംഭവമാണ് അവസാനത്തേത്. ആനപ്രേമികളെന്നു സ്വയം കൊട്ടിഘോഷിക്കുന്ന മലയാളിയുടെ യഥാര്‍ത്ഥ മുഖമാണ് അവിടെ വെളിവായത്. അല്‍പ്പം ആഅത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ ആനയെ രക്ഷിക്കാമായിരുന്നു. മനുഷ്യനു ചെയ്യാവുന്നതിലെ ഏറ്റവും വലിയ ക്രൂരതയാണ് നാം ആനകളോട് ചെയ്യുന്നത്. പലപ്പോഴും അതിനുള്ള തിരിച്ചടി ഈ കാട്ടുമൃഗത്തില്‍ നിന്നുണ്ടാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ഒംബുഡ്‌സ്മാന്റെ പുതിയ ശുപാര്‍ശകള്‍ പുറത്തുവന്നിരിക്കുന്നത്. ആന ഇടയുന്നതും […]

Kerala Elephant

കേരളത്തില്‍ ഉത്സവകാലം ആരംഭിച്ചു. ഒപ്പം ആനയുമായി ബന്ധപ്പെട്ട ദുരന്തങ്ങളും. ഇടക്കൊച്ചി കണ്ണേങ്കാട്ട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വിരണ്ടോടി ചതുപ്പില്‍ വീണ ആന ചെരിഞ്ഞ സംഭവമാണ് അവസാനത്തേത്. ആനപ്രേമികളെന്നു സ്വയം കൊട്ടിഘോഷിക്കുന്ന മലയാളിയുടെ യഥാര്‍ത്ഥ മുഖമാണ് അവിടെ വെളിവായത്. അല്‍പ്പം ആഅത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ ആനയെ രക്ഷിക്കാമായിരുന്നു. മനുഷ്യനു ചെയ്യാവുന്നതിലെ ഏറ്റവും വലിയ ക്രൂരതയാണ് നാം ആനകളോട് ചെയ്യുന്നത്. പലപ്പോഴും അതിനുള്ള തിരിച്ചടി ഈ കാട്ടുമൃഗത്തില്‍ നിന്നുണ്ടാകുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് ദേവസ്വം ഒംബുഡ്‌സ്മാന്റെ പുതിയ ശുപാര്‍ശകള്‍ പുറത്തുവന്നിരിക്കുന്നത്. ആന ഇടയുന്നതും ആളപായം വരുന്നതും കൂടിവരുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ അവയെ ആചാരത്തിന് മാത്രം എഴുന്നള്ളിച്ചാല്‍ മതിയെന്നാണ് പ്രധാന ശുപാര്‍ശ. ഈ ശുപാര്‍ശയടങ്ങിയ നിര്‍ദേശങ്ങള്‍ ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആഘോഷത്തിന് രഥം ഉപയോഗിച്ചാല്‍ മതിയെന്നാണ് ഒംബുഡ്‌സ്മാന്‍ ജസ്റ്റിസ് ആര്‍. ഭാസ്‌കരന്റെ ശുപാര്‍ശ. പാപ്പാന്മാരുടെ ദ്രോഹം മൂലവും മറ്റും ഇടയുന്ന ആനയുടെ ആക്രമണത്തില്‍ പലരും കൊല്ലപ്പെടുന്നത് ഈ നിലപാടിന് ആധാരമായി ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് ദേവസ്വത്തിന് കീഴിലുള്ള ആനകളെ ഉപയോഗിച്ചാല്‍ മതിയെന്നും ശുപാര്‍ശയില്‍ പറയുന്നു. തികച്ചും ന്യായമായ നിര്‍ദ്ദേശമാണത്.
ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തില്‍ പകല്‍പ്പൂരത്തിന് കൊണ്ടുവന്ന തൃശൂര്‍ പൂങ്കുന്നം ശങ്കരന്‍കുളങ്ങര ദേവസ്വത്തിലെ അയ്യപ്പന്‍ എന്ന ആന ചെരിഞ്ഞത് വളരെ ദയനായമായ കാഴ്ചയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ ക്ഷേത്രത്തിലെ പള്ളിവേട്ട ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആന വിരണ്ടത്. ഇടഞ്ഞോടിയ ആന കുമ്പളം ഫെറിയിലെ ജ്ഞാനോദയം സഭയുടെ ഉടമസ്ഥതയിലെ കൊച്ചി ഫിഷറീസ് ഇന്‍ഡസ്ട്രിയുടെ വളപ്പിനകത്തേക്ക് കടന്നു നീങ്ങുമ്പോള്‍ കായലിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ കുടുങ്ങുകയായിരുന്നു.
പലകകൊണ്ട് നിര്‍മിച്ച പാലത്തില്‍ കയറിയതാണ് ആന ചതുപ്പിലേക്ക് വീഴാന്‍ ഇടയാക്കിയത്. ആനയുടെ കാലുകള്‍ ഇവിടെ സ്ഥാപിച്ചിരുന്ന ഊന്നുവലയില്‍ കുടുങ്ങി കെട്ടുപിണഞ്ഞതോടെ കരയിലേക്ക് കയറാനാവാത്ത സ്ഥിതിയായി. ദുരിതപ്പെട്ട ആനയെ രക്ഷിക്കാന്‍ പാപ്പാന്മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. പിന്നീട് തൃശൂരില്‍നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയെങ്കിലും അവരുടെ ശ്രമവും വിഫലമായി. പുലര്‍ച്ചെ രണ്ടിന് ചതുപ്പില്‍ അകപ്പെട്ട ആന 13 മണിക്കൂറോളം കിടക്കേണ്ടിവന്നു. ഈ സമയം ആനയുടെ ഉദരത്തിലേക്ക് ചളിയും വെള്ളവും കടന്നതും വടംകെട്ടി ഉയര്‍ത്തിയപ്പോഴുണ്ടായ ശ്വാസതടസ്സവും മരണത്തിന് കാരണമായെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ ചതുപ്പില്‍നിന്ന് പുറത്തെടുത്തെങ്കിലും 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മരണപ്പെടുകയായിരുന്നു.
രാവിലെ തന്നെ ക്രെയിന്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് പറയുന്നു. ആനയെ രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ശാസ്ത്രീയ മാര്‍ഗങ്ങളൊന്നും ഉപയോഗിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ആന പൂര്‍ണമായും ചതുപ്പില്‍ അകപ്പെട്ട ശേഷമാണ് ക്രെയിന്‍ എത്തിയത്. അതുകാരണം ക്രെയിന്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനവും നടന്നില്ല. ചതുപ്പില്‍ അകപ്പെട്ട അയ്യപ്പന്റെ ശരീരത്തില്‍ ഏറ്റ വലിയ മുറിവില്‍ നിന്നുള്ള രക്തസ്രാവവും മരണകാരണമായെന്നാണ് വിലയിരുത്തുന്നത്. ഇടഞ്ഞോടിയ അയ്യപ്പന്റെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതേദിവസംതന്നെ തൃശൂരില്‍ ചേര്‍പ്പിനടുത്ത് മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിനിടെ ആനയിടഞ്ഞിരുന്നു. ഒളരിക്കര കാളിദാസന്‍ ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രത്തിന് വ്യാപകനാശം വരുത്തി. മൂന്ന് മണിക്കൂറോളം ആന പരിഭ്രാന്തി സൃഷ്ടിച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. ഈ വര്‍ഷം ഇതിനകം ഇത്തരം പത്തോളം സംഭവങ്ങള്‍ നടന്നു കഴിഞ്ഞു. ഇനിയും നൂറുകണക്കിനു ഉത്സവങ്ങള്‍ വരുന്നു. ഉത്സവപറമ്പുകള്‍ ചോരക്കളങ്ങലാക്കണോ?
വിശ്രമമില്ലാത്ത ജോലി, ദീര്‍ഘയാത്ര, പാപ്പാന്മാരുടെ പീഡനം, വേണ്ടത്ര വെള്ളമോ ഭക്ഷണമോ വിദഗ്ദ്ധചികിത്സയോ ലഭിക്കാത്ത അവസ്ഥ, മദക്കാലത്തുപോലും വിശ്രമംനല്‍കാതെ ആനകളെ ആഘോഷപരിപാടികള്‍ക്ക് കൊണ്ടുപോകുക, രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ത്തുനല്‍കി മദപ്പാട് കുറക്കാന്‍ ശ്രമിക്കുക, ദീര്‍ഘമായ ലോറിയാത്ര, പാപ്പാന്മാരുടെ മദ്യപാനം തുടങ്ങിയവയൊക്കെ ആനകളിടയാന്‍ കാരണമാകുന്നു. തുടര്‍ച്ചയായി അക്രമം കാട്ടുന്നതിനാല്‍ പരിപാടികള്‍ക്കു കൊണ്ടുപോകാന്‍ വിലക്കുള്ള ആനകളെ പേരുമാറ്റി മറ്റുജില്ലകളിലേയ്ക്ക് കൊണ്ടുപോയി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതും സാധാരണമാണ്. ആനപരിപാലനവുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമങ്ങളും നിരന്തരമായി ലംഘിക്കപ്പെടുന്നു. ആനയുടമകളുടേയും ദേവസ്വങ്ങളുടേയും സമ്മര്‍ദ്ദനുള്ളതിനാല്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നുമാത്രം.
അടിസ്ഥാനപരമായി ആന കാട്ടുമൃഗമാണ്. കാട്ടില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ജീവി. ചൂടുകൂടിയാല്‍ മണിക്കൂറുകളോളം കാട്ടരുവികളില്‍ കുളിച്ചുതിമര്‍ക്കുന്ന ജീവി. വൃക്ഷലതാതികളുടെ തണല്‍പറ്റി ഗര്‍വ്വോടെ തലയുയര്‍ത്തി നടക്കുന്ന കാട്ടിലെ രാജാവ്.. അവനെയാണ് മണിക്കൂറുകളോളം പൊരി വെയിലത്ത് അനങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്തി നാം പൊരിക്കുന്നത്.. ദൈവമാകട്ടെ അവന് നല്കിയത് കറുത്ത ശരീരം. കറുപ്പ് താപവികിരണങ്ങളെ ഒന്നടങ്കം ആഗിരണം ചെയ്യുമെന്ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. പോരെങ്കില്‍ ഇത് ആഗോളതാപനത്തിന്റെ കാലവും. മദപ്പാടുപോലും മറച്ചുവെച്ച് ആനകളെ എഴുന്നള്ളിക്കാന്‍ മടിക്കാത്ത ആന ഉടമകളും ഏജന്റുമാരും പാപ്പാന്മാരും. ഏതൊരു ജീവിയുടേയും ശാരീരികായ ആവശ്യമായ ലൈംഗികതപോലും നാമവര്‍ക്കു നിഷേധിക്കുന്നു.
ആനകളോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരത നേരില്‍ കാണാന്‍ ഗുരുവായൂര്‍ ആനക്കോട്ടയില്‍ പോയാല്‍മതി. ഇനിയും ഈ ക്രൂരത ആവര്‍ത്തിച്ചുകൂട. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഓംബുഡ്‌സ്മാന്‍ പറഞ്ഞപോലെ രഥം ധാരാളമാണ്. ആനകളെ അവയുടെ വഴിക്ക് വിടുക

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply