ഈ വികൃതമായ ഹിംസാത്മകത ലോകത്തിനുമുന്നില്‍ നമ്മെ നാണം കെടുത്തുന്നു
രാഹുല്‍ ഗാന്ധി രാജ്യം മുഴുവനുമുള്ള നിരവധി ഇന്ത്യാക്കാരെപ്പോലെ ഞാനും ഒരു ആദര്‍ശവാദിയാണ്. ഈ രാജ്യത്തിലും അതിലെ ജനങ്ങളിലും അവരുടെ മുന്നോട്ടുള്ള വഴിയിലുമുള്ള ഉറച്ച വിശ്വാസമാണ് പതിമൂന്ന് വര്‍ഷം മുന്‍പ് എന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. ഇക്കാലമത്രയും കൊണ്ട് നിരന്തരം യാത്ര ചെയ്യാനും നിങ്ങളില്‍ പലരുമായും സംസാരിക്കാനും ഭാഗ്യമുണ്ടായതില്‍ നിന്ന് എനിക്കറിയാം, എന്നേപ്പോലെ നിങ്ങളും ആദര്‍ശവാദികളാണ് എന്ന്. എന്നിരുന്നാലും നമ്മില്‍ പലരും ഇന്നത്തെ കാലത്തെ രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നവരാണ്. കാരണം കനിവോ സത്യസന്ധതയോ ഇല്ലാത്ത ഒരു രാഷ്ട്രീയത്തെയാണ് നമുക്ക് മുന്നില്‍ കാണാന്‍ […]
രാഹുല്‍ ഗാന്ധി
രാജ്യം മുഴുവനുമുള്ള നിരവധി ഇന്ത്യാക്കാരെപ്പോലെ ഞാനും ഒരു ആദര്‍ശവാദിയാണ്. ഈ രാജ്യത്തിലും അതിലെ ജനങ്ങളിലും അവരുടെ മുന്നോട്ടുള്ള വഴിയിലുമുള്ള ഉറച്ച വിശ്വാസമാണ് പതിമൂന്ന് വര്‍ഷം മുന്‍പ് എന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. ഇക്കാലമത്രയും കൊണ്ട് നിരന്തരം യാത്ര ചെയ്യാനും നിങ്ങളില്‍ പലരുമായും സംസാരിക്കാനും ഭാഗ്യമുണ്ടായതില്‍ നിന്ന് എനിക്കറിയാം, എന്നേപ്പോലെ നിങ്ങളും ആദര്‍ശവാദികളാണ് എന്ന്.
എന്നിരുന്നാലും നമ്മില്‍ പലരും ഇന്നത്തെ കാലത്തെ രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നവരാണ്. കാരണം കനിവോ സത്യസന്ധതയോ ഇല്ലാത്ത ഒരു രാഷ്ട്രീയത്തെയാണ് നമുക്ക് മുന്നില്‍ കാണാന്‍ കഴിയുന്നത്. രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കുള്ളതാണ്, അവരെ അടിച്ചമര്‍ത്തുന്ന, നിശബ്ദരാക്കുന്ന, ദുര്‍ബലരാക്കുന്ന വ്യവസ്ഥിതികളെ തകര്‍ക്കുന്നതിന് ജനങ്ങള്‍ക്കുള്ള ശക്തമായ ആയുധമാണ് രാഷ്ട്രീയം.
പക്ഷേ ഇന്ന് രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത് ജനങ്ങളെ സേവിക്കാനല്ല, അവരെ അടിച്ചമര്‍ത്താനും അവരുടെ ഉയര്‍ച്ചയെ ഇല്ലാതാക്കാനുമാണ്.
ഒരു 34 വയസ്സുകാരന്‍ എന്ന നിലയില്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍, നുണയേയും നിശബ്ദതയേയും ഇന്ധനമാക്കി മുന്നേറുന്ന അടിമത്ത വ്യവസ്ഥിതികളോട് വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഒരു തലമുറയെയാണ് എനിക്ക് മുന്‍പേ കാണാനായത്. 13 വര്‍ഷം മുന്‍പ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍, ഇന്ത്യയെ അകത്തുനിന്ന് മാറ്റിമറിക്കുന്ന, അതിലെ എല്ലാ ജനങ്ങള്‍ക്കും അന്തസ്സ് ഉറപ്പുവരുത്തുന്ന, അതോടൊപ്പം ലോകരംഗത്ത് ആഗോള സാഹചര്യങ്ങള്‍ക്കനുസൃതമായ നിയോഗങ്ങളിലേക്ക് കാലെടുത്തുവെക്കാന്‍ കൊതിക്കുന്ന ഒരു പുതിയ ഉണര്‍വ്വിന്റെ ഭാഗമാവാനാണ് ആഗ്രഹിച്ചിരുന്നത്.
എന്നാല്‍ ഞാന്‍ ആദ്യം തന്നെ തിരിച്ചറിഞ്ഞ കാര്യം ദുര്‍ബലര്‍ക്കൊപ്പം നില്‍ക്കാനായി നിങ്ങള്‍ അധികാര സ്ഥാപനങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍, പാവപ്പെട്ടവര്‍ക്കൊപ്പമാണെന്ന് നിങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍, ആ നിമിഷം മുതല്‍ നിങ്ങള്‍ ആക്രമിക്കപ്പെടും എന്നതാണ്. നിങ്ങളെ തോല്‍പ്പിക്കാനായി അവര്‍ എല്ലാ വശത്തുനിന്നും ആക്രമണം അഴിച്ചുവിടും. അവര്‍ നുണ പറയും, അവര്‍ വളച്ചൊടിക്കും. ഈ നിലയില്‍ ഇന്ത്യയെ ദരിദ്രമായി നിലനിര്‍ത്തുന്ന അധികാര വ്യവസ്ഥിതികളാലാണ് ഇന്നീ രാജ്യം ഭരിക്കുന്നവര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
കോണ്‍ഗ്രസ് ഇന്ത്യയെ 21-ആം നൂറ്റാണ്ടിലേക്കാണ് നയിച്ചത്. എന്നാല്‍ ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നമ്മെ പുറകോട്ട് നടത്തുകയാണ്. മനുഷ്യര്‍ അവരാരാണെന്ന് നോക്കി അറുംകൊല ചെയ്യപ്പെടുന്ന, അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമിക്കപ്പെടുന്ന, അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ കൊലപ്പെടുത്തപ്പെടുന്ന ഏതോ മധ്യകാല പഴമയിലേക്കാണ് അവര്‍ നമ്മെ നയിക്കുന്നത്.
ഈ വികൃതമായ ഹിംസാത്മകത ലോകത്തിനുമുന്നില്‍ നമ്മെ നാണം കെടുത്തുകയാണ്. സ്‌നേഹവും സഹാനുഭൂതിയും ഉള്‍ക്കൊണ്ട് പിറവികൊണ്ട ഒരു തത്വശാസ്ത്രവും ചരിത്രവുമുള്ള നമ്മുടെ നാടിന്റെ മുഖം ഈ ഭീതിജനകമായ അന്തരീക്ഷത്താല്‍ ഇല്ലാതാവുകയാണ്. നമ്മുടെ മഹത്തായ രാജ്യത്തിനുണ്ടായ ഈ നാശനഷ്ടം ആരുടെയെങ്കിലും കെട്ടിപ്പിടുത്ത നാട്യങ്ങളാല്‍ പരിഹരിക്കാവുന്നതല്ല. ഇന്ന് നമ്മുടെ രാജ്യത്തെ സവിശേഷമാക്കുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിലവില്‍ വന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകളാണിവയൊക്കെ. ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ശബ്ദം നിഷേധിക്കപ്പെട്ടിരുന്ന, വിയോജിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന, വ്യത്യസ്തമായി നിലനില്‍ക്കാനുള്ള അവകാശം പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
ചില കാര്യങ്ങള്‍ വിശ്വസിക്കാന്‍ ഇന്ന് നാം നിര്‍ബന്ധിതരാക്കപ്പെടുകയാണ്. സംരംഭങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ സമൂഹത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷം ആവശ്യമേയല്ലെന്ന്, ഒരു വ്യക്തി; ഒരേയൊരു വ്യക്തി മാത്രമാണ് ശരിയുടെ ശബ്ദമെന്ന്, വൈദഗ്ധ്യവും അനുഭവസമ്പത്തും അറിവുമൊക്കെ ചിലരുടെ വ്യക്തിമാഹാത്മ്യത്തിനുവേണ്ടി മാറ്റിവെക്കാവുന്നതാണെന്ന്, നാം ശക്തരാണെന്ന് വെറുതെയങ്ങ് തോന്നിപ്പിക്കുന്നതിനുവേണ്ടി വിദേശനയ കാര്യങ്ങളില്‍പ്പോലും നുണപറച്ചിലുകള്‍ ആവാമെന്ന്, നേതാവിന്റെ ഇമേജാണ് മറ്റ് എല്ലാത്തിനേക്കാളും പ്രധാനമെന്ന് ഒക്കെ നമ്മെ ഇങ്ങനെ വിശ്വസിപ്പിക്കുകയാണ്.
ഈ പ്രതിലോമശക്തികള്‍ വിജയിക്കുന്നത് അവര്‍ ശരിയുടെ പക്ഷത്താണെന്നത് കൊണ്ടല്ല, അവര്‍ ശക്തരാണ് എന്നത് കൊണ്ട് മാത്രമാണ്. അവരുടെ ശക്തി ഉപജാപങ്ങളുടേയും വളച്ചൊടിക്കലുകളുടേതുമാണ്. തൊടുന്നതിനേയൊക്കെ അത് കളങ്കപ്പെടുത്തുന്നു.
പക്ഷേ, കഴിഞ്ഞ കുറച്ച് കാലം കൊണ്ട് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇക്കൂട്ടര്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ആവത് ശ്രമിക്കുമെങ്കിലും നമ്മള്‍ പുറകോട്ട് പോയാല്‍ മാത്രമേ അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിയൂ എന്നതാണ്. അവര്‍ക്കെതിരെ നമുക്ക് മുഖാമുഖം നിവര്‍ന്നുനില്‍ക്കണം, അവരുടെ വെറുപ്പും വിദ്വേഷവും നമ്മെ കൂടുതല്‍ കരുത്തരാക്കും.
നമ്മള്‍ കോണ്‍ഗ്രസ്സുകാര്‍, ഈ രാജ്യത്തോടും ജനങ്ങളോടുമുള്ള വാഗ്ദാനങ്ങളില്‍ നിന്ന് ഒരിക്കലും പുറകോട്ടുപോവില്ല. ഇന്ത്യയുടെ ചരിത്രത്തോടും വര്‍ത്തമാനത്തോടും ഭാവിയോടുമുള്ള നമ്മുടെ പ്രതിബദ്ധത ഇന്നും എന്നും നാം ഉയര്‍ത്തിപ്പിടിക്കും. നമ്മുടെ സമര്‍പ്പണം ഇതിനാണ്: ഓരോ ഇന്ത്യക്കാരന്റേയും ശബ്ദം നമ്മള്‍ സംരക്ഷിക്കും. ഈ രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ സ്വപ്നങ്ങളും അഭിലാഷങ്ങളും, അതിലൊന്ന് പോലും, നിശബ്ദമാക്കപ്പെടാന്‍ നമ്മള്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഞാനും കോണ്‍ഗ്രസ്സിലെ ഓരോ സ്ത്രീ പുരുഷന്മാരും, ഇന്നിവിടെ തലയുയര്‍ത്തി നില്‍ക്കുന്നവര്‍ മാത്രമല്ല, ഇനി വരാനിരിക്കുന്നവരും, എല്ലായ്‌പ്പോഴും അതിശക്തമായിത്തന്നെ നിലയുറപ്പിക്കും.
ഇന്ത്യയിലെ ജനങ്ങളുടെ പരസ്പര ആശയവിനിമയത്തിനുള്ള ഒരുപാധിയായി കോണ്‍ഗ്രസ് മാറണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ഈ വിശാലമായ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള, വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന, വ്യത്യസ്ത വംശീയതകളുടെ ഭാഗമായ, വ്യത്യസ്ത പ്രായങ്ങളിലുള്ള, വ്യത്യസ്ത ലിംഗപദവികള്‍ കൈക്കൊള്ളുന്ന എല്ലാ മനുഷ്യരേയും ഉള്‍ക്കൊള്ളുന്നതായിരിക്കണം ആ സംവാദമണ്ഡലം. ആ ആശയവിനിമയങ്ങളെ നയിക്കേണ്ടത് സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും വികാരങ്ങളായിരിക്കണം.
കോണ്‍ഗ്രസ് എന്നത് ഒരു പൗരാണിക ആശയം ആണ്.
ബിജെപി ഒരുപക്ഷേ പ്രപഞ്ചത്തിലെത്തന്നെ ഏറ്റവും പൗരാണികമായ ആശയമാണെന്ന് അവര്‍ നിങ്ങളെ വിശ്വസിപ്പിച്ചേക്കും. പതിവുപോലെ അത് നുണ മാത്രമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ചരിത്രപരമായി നോക്കിയാല്‍ ഭാരതത്തില്‍ രണ്ട് ആശയധാരകളാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളതെന്ന് നമുക്ക് കാണാന്‍ കഴിയും. ആത്മത്തിന്റെ ആശയവും അപരത്വത്തിന്റെ ആശയവും. ബിജെപിക്കാര്‍ അവനവന് വേണ്ടിയുള്ള യുദ്ധത്തിലെ പോരാളികളാണ്. അവര്‍ക്കെന്തെല്ലാം കൈവശപ്പെടുത്താന്‍ കഴിയും, സ്വന്തം അധികാരം എങ്ങനെ സംരക്ഷിക്കാന്‍ കഴിയും, അവരുടേതെന്ന് അവര്‍ കരുതുന്നതിലൊന്നും മറ്റാരും കൈവക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും? ഇതൊക്കെയാണ് അവരുടെ ചിന്ത.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ഈ സമൂഹത്തിലെ സഹോദരീ സഹോദരന്മാരുടെ സേവനത്തിനായി എന്നും മുന്നോട്ടുപോകുന്നു. നമ്മുടെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, പിന്നാമ്പുറങ്ങളിലുള്ള, സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി. ഒറ്റക്ക് പോരാടാന്‍ കഴിയാതെ പോകുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് നമ്മുടെ പോരാട്ടങ്ങള്‍. അവ എന്നും സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയുമായിരുന്നു. സഹജീവിയുടെ സംരക്ഷണമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ആത്മാവ്. ഇന്ന് ഈ പാര്‍ട്ടിയുടെ ജീവരക്തമായി മാറിയിരിക്കുന്നതും ഇത് തന്നെയാണ്.
നമ്മള്‍ ബിജെപിക്കാരെ നമ്മുടെ സഹോദരീ സഹോദരന്മാരായാണ് കാണുന്നത്, അവരോട് യോജിക്കുന്നില്ലെങ്കിലും. അവര്‍ കോണ്‍ഗ്രസ്സില്ലാത്ത ഒരു ഇന്ത്യയാണ് ആഗ്രഹിക്കുന്നത്, അവര്‍ നമ്മെ തുടച്ചുനീക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ കോണ്‍ഗ്രസ്സിന്റെ ഉള്‍ക്കൊള്ളല്‍ മനോഭാവവും ബഹുമാനവും ബിജെപിക്കാരടക്കം മുഴുവന്‍ ഇന്ത്യക്കാരിലേക്കും നീളുന്നതാണ്. നമ്മള്‍ വെറുപ്പിനെ വെറുപ്പു കൊണ്ടല്ല നേരിടാറുള്ളത്.
വെല്ലുവിളികളേയും പോരാട്ടങ്ങളേയും കോണ്‍ഗ്രസ് എന്നും സ്‌നേഹവും സഹാനുഭൂതിയും കൊണ്ടാണ് അഭിമുഖീകരിച്ചിട്ടുള്ളത്. അവര്‍ ശബ്ദങ്ങളെ ഞെരിച്ചുകളയുന്നു, നാം ഏറ്റവും ദുര്‍ബലശബ്ദങ്ങളേയും സംഗീതമാക്കുന്നു. അവര്‍ അപകീര്‍ത്തിപ്പെടുത്തുന്നു, നമ്മള്‍ ബഹുമാനിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. അധികാര ഘടനയെ അവര്‍ നിയന്ത്രിക്കുന്നുണ്ടാകാം, ഭയത്തിന്റേയും നിശബ്ദതയുടേയും ഉപകരണങ്ങള്‍ അവരുടെ നിയന്ത്രണത്തിലുണ്ടാകാം, എന്നാല്‍ നമ്മള്‍ കോണ്‍ഗ്രസ്സുകാര്‍ സാധാരണ ജനങ്ങളുടെ ശക്തിദുര്‍ഗ്ഗമാണ്. ഈയൊരു സേവനത്തിന്റെ അടിത്തറയിലാണ് നിങ്ങളുടേയും എന്റേയും ആദര്‍ശവാദങ്ങളും രാഷ്ട്രീയത്തിലുള്ള പ്രതീക്ഷകളും നിലകൊള്ളുന്നത്.
രാഷ്ട്രീയത്തില്‍ സേവനമനുഷ്ടിച്ച കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഡോ. മന്മോഹന്‍ സിംഗ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എന്നിവരടക്കം ഇന്ത്യയില്‍ അന്തസ്സുള്ള ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ചവെച്ച നിരവധി മുതിര്‍ന്നവരില്‍ നിന്ന് കാര്യങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ആ പാഠങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശനങ്ങള്‍ക്കും ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു.
കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായി മാത്രമല്ല, നമ്മുടെ ഈ മനോഹര രാജ്യത്തിനായി പോരാടുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയില്‍ എനിക്ക് മുന്‍പേ ഇവിടെ നിലയുറപ്പിച്ച, എല്ലാവരുടേയും ഓര്‍മ്മകള്‍ എന്നെ നമ്രശിരസ്‌ക്കനാക്കുന്നു. അങ്ങേയറ്റത്തെ വിനയത്തോടെ, എനിക്കെന്നും നടക്കാനുള്ളത് അതികായന്മാരുടെ നിഴലിലാണെന്ന ഉത്തമ ബോധ്യത്തോടെ ഞാന്‍ ഈ പദവി ഏറ്റെടുക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വി ടി ബല്‍റാം പരിഭാഷപ്പെടുത്തിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in