ഇവരാണ് യഥാര്‍ത്ഥ രക്തസാക്ഷികള്‍

രക്തസാക്ഷികളുടെ കണക്കെടുക്കുന്ന തിരക്കിലാണല്ലോ പലരും. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി 577 രക്തസാക്ഷികളുടെ കൃത്യമായ കണക്കുതന്നെ സിപിഎം മുന്നോട്ടുവെച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും തങ്ങളുടെ ബലിദാനികളെ കുറിച്ചുള്ള കണക്കുകള്‍ പറയുന്നു. ഇവരില്‍ മഹാഭൂരിപക്ഷവും പരസ്പരമുള്ള സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടവരാണ്. പലരും കൊലക്കേസുകളില്‍ തന്നെ പ്രതികളുമാണ്. ഇവര്‍ പാര്‍ട്ടികളുടെ രക്തസാക്ഷികളും ബലിദാനികളുമാകാം. എന്നാല്‍ നാടിന്റെ രക്തസാക്ഷികളാണെന്നു പറയാമോ? ഭഗത്സിങ്ങിനെപോലെ നാടിനുവേണ്ടി രക്തസാക്ഷികളായവര്‍ ഇവരില്‍ ആരെങ്കിലുമുണ്ടോ? തീര്‍ച്ചയായും കേരളത്തില്‍ രക്തസാക്ഷികള്‍ ഉണ്ട്. അവരുടെ എണ്ണം കൂടിവരുന്നുമുണ്ട്. പ്രബുദ്ധമെന്ന് സ്വയമവകാശപ്പെടുന്ന നമ്മുടെ ‘മുഖ്യധാര’യുടെ കടന്നാക്രമണങ്ങളില്‍ […]

mmm

രക്തസാക്ഷികളുടെ കണക്കെടുക്കുന്ന തിരക്കിലാണല്ലോ പലരും. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി 577 രക്തസാക്ഷികളുടെ കൃത്യമായ കണക്കുതന്നെ സിപിഎം മുന്നോട്ടുവെച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും തങ്ങളുടെ ബലിദാനികളെ കുറിച്ചുള്ള കണക്കുകള്‍ പറയുന്നു. ഇവരില്‍ മഹാഭൂരിപക്ഷവും പരസ്പരമുള്ള സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടവരാണ്. പലരും കൊലക്കേസുകളില്‍ തന്നെ പ്രതികളുമാണ്. ഇവര്‍ പാര്‍ട്ടികളുടെ രക്തസാക്ഷികളും ബലിദാനികളുമാകാം. എന്നാല്‍ നാടിന്റെ രക്തസാക്ഷികളാണെന്നു പറയാമോ? ഭഗത്സിങ്ങിനെപോലെ നാടിനുവേണ്ടി രക്തസാക്ഷികളായവര്‍ ഇവരില്‍ ആരെങ്കിലുമുണ്ടോ?
തീര്‍ച്ചയായും കേരളത്തില്‍ രക്തസാക്ഷികള്‍ ഉണ്ട്. അവരുടെ എണ്ണം കൂടിവരുന്നുമുണ്ട്. പ്രബുദ്ധമെന്ന് സ്വയമവകാശപ്പെടുന്ന നമ്മുടെ ‘മുഖ്യധാര’യുടെ കടന്നാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരല്ലേ വാസ്തവത്തില്‍ ആധുനികകാലത്തെ രക്തസാക്ഷികള്‍. പാര്‍ശ്വവല്‍കൃതരായ ജീവിതങ്ങളാണ് തല്ലിക്കെടുത്തപ്പെടുന്നത്. അതെ, അത്തരത്തിലുളള രക്തസാക്ഷികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. അവരില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളും നിരവധിയാണ്.
‘പുരോഗമന’ കേരളത്തിലെ സമീപകാലരക്തസാക്ഷികളുടെ പരമ്പരയിലെ അവസാന ഇരയാണ് അട്ടപ്പാടിയില്‍ ആധുനികരുടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പൈട്ട മധു. തീര്‍ച്ചയായും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കൃത്യം 15 വര്‍ഷം മുമ്പ് ജോഗി എന്ന ആദിവാസിയുവാവും കേരളത്തിന്റെ പൊതുബോധം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ആദിവാസികളുടെ ഭൂമിയും വിഭവങ്ങളുമെല്ലാം കവര്‍ന്നെടുത്ത്, അതിനെ അധ്വാനമെന്നും കൃഷിയെന്നുമെല്ലാം വ്യാഖ്യാനിച്ച്, അവരെ ഒന്നുമില്ലാതാക്കിയവര്‍ നമ്മളാണ്. കാടിന്റെ മക്കളായ അവര്‍ കാട് നശിപ്പിക്കുന്നവരാണെന്ന് നമ്മള്‍ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വന്തം ഭൂമി തിരിച്ചുകിട്ടാനായി മുത്തങ്ങയില്‍ കുടില്‍ കെട്ടിയ അവര്‍ക്കെതിരെ പ്രമുഖപരിസ്ഥിതി വാദികള്‍ പോലും രംഗത്തുവന്നത്. ആദിവാസികളെ അവരുടെ മണ്ണില്‍ നിന്നു കുടിയിറക്കാനാവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം ബന്ദ് നടത്തിയത്. ആ പിന്തുണയില്‍ യുഡിഎഫ് സര്‍ക്കാര്‍ വെടിവെപ്പു നടത്തിയതും ജോഗി രക്തസാക്ഷിയായതും. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന കാര്യത്തില്‍ ഗൗരിയമ്മ ഒഴികെ എല്ലാ എം എല്‍ എമാരും ഒന്നിച്ചു. അവരില്‍ നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നു എന്നു പാടിയ കവിയുമുണ്ടായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും നിലനില്‍ക്കുന്നതും ഭരണഘടനാനുസൃതവുമായ ആദിവാസി സ്വയംഭരണം നടപ്പാക്കാതിരിക്കുന്നതിലും ഇവരൊറ്റകെട്ട്. ആദിവാസി ക്ഷേമത്തിനായി ചിലവാക്കിയ കോടികള്‍ എവിടെ എന്നതിന് ഒരു കണക്കുമില്ല. ഇത്തരത്തില്‍ അവരുടെയെല്ലാം കൊള്ളയടിച്ചാണ് അന്നം മോഷ്ടിച്ചെന്നു പറഞ്ഞ് മധുവിനെ നമ്മള്‍ തല്ലികാന്നത്. മധുവും ജോഗിയുമൊക്കെയാണ് പ്രബുദ്ധകേരളത്തിന്റെ യഥാര്‍ത്ഥ രക്തസാക്ഷികള്‍.
പുരോഗമനകേരളം രക്തസക്ഷികളെ സൃഷ്ടിക്കുന്നത് ആദിവാസികളില്‍ മാത്രമല്ല, പാര്‍ശ്വവല്‍കൃതരും ദുര്‍ബ്ബലരും ന്യൂനപക്ഷങ്ങളുമായ വിവിധ വിഭാഗങ്ങളിലുമാണ്. അത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ദളിത് ജീവിതങ്ങളെ തന്നെ നോക്കൂ. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തില്‍ പോലും വഞ്ചിക്കപ്പെട്ട അവരെ നമ്മള്‍ നാലുസെന്റ് കോളനികളിലാക്കി. മൂലധനമില്ലാത്തതിനാല്‍ കച്ചവടമേഖലയിലെ വിസക്ക് പണമില്ലാത്തതിനാല്‍ ഗള്‍ഫിലോ അവര്‍ക്ക് പ്രാതിധ്യമില്ലാതായി. എയ്ഡഡ്് മേഖലയില്‍ അവകാശപ്പെട്ട പതിനായിരകണക്കിന് തൊഴിലവസരങ്ങളും അവര്‍ക്ക് നിഷേധിക്കപ്പട്ടു. ഇപ്പോഴിതാ ലൈഫ് എന്ന പേരില്‍ അവരെ വീണ്ടും ഭൂരഹിതരാക്കി കൊച്ചു ഫ്‌ളാറ്റുകളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു. കൂടാതെ ജാതിമതിലുകള്‍ വളരുന്നു. മൃതദേഹങ്ങള്‍ പോലും അപമാനിക്കപ്പെടുന്നു. അതിനിടയിലാണ് ദളിതരായതിനാല്‍ മാത്രം, നിറം കറുപ്പായതിനാല്‍ മാത്രം അവര്‍ പീഡിപ്പിക്കപ്പെടുന്നത്. മുടിനീട്ടി വളര്‍ത്തിയ കുറ്റത്തിന് രക്തസാക്ഷിയായ വിനായകന്‍ തന്നെ ഉദാഹരണം. ഇപ്പോഴും വിനായകനു നീതികൊടുക്കാന്‍ കേരളത്തിനായിട്ടില്ല എന്നതാണ് യഥാര്‍ത്ഥദുരന്തം.
സ്ത്രീ, ദളിത് എന്നീനിലകളില്‍ ഇരട്ട പീഡനതതിനു വിധേയയായ ജിഷയാണ് കേരളം ലോകത്തിനു സമ്മാനിച്ച സമാനതകളില്ലാത്ത മറ്റൊരു രക്തസാക്ഷി. കൊച്ചുകുട്ടികള്‍ വൃദ്ധകള്‍വരെ, പിച്ചക്കാര്‍ മുതല്‍ സിനിമാനടികള്‍ വരെ, സ്വന്തം വീട്ടില്‍ മുതല്‍ ട്രെയിനില്‍വരെ പീഡിപ്പിക്കപ്പെടുന്ന കേരളത്തില്‍ സ്ത്രീ എന്നതോടാപ്പം ഒരു തുണ്ടു ഭൂമിയില്ലാത്ത ദളിത് കുടുംബത്തിലെ അംഗം കൂടിയാണ് എന്നതാണ് ഭയാനകമായ ദുരന്തത്തിനു ജിഷ ഇരയായത്. എന്നാല്‍ നമ്മുടെ രക്തസാക്ഷികളുടെ ലിസ്റ്റില്‍ ജിഷക്കു സ്ഥാനമുണ്ടോ?
നാടെന്നു പുകള്‍പെറ്റ കേരളത്തിലെത്തുന്ന ഇതരസംസ്ഥാനതൊഴിലാളികളുടെ അവസ്ഥയോ? തൊഴില്‍പരമായ സുരക്ഷയോ ആരോഗ്യപരമായ കരുതലുകളോ കേറികിടക്കാന്‍ മിനിമം സൗകര്യമോ ഒന്നും ഇപ്പോഴും അവര്‍ക്കില്ല. മറുവശത്ത് അവരെയെല്ലാം കളളന്മാരും കുട്ടികളെ തട്ടികൊണ്ടുപോകുന്നവരുമായി നാം ആക്ഷേപിക്കുന്നു, മര്‍ദ്ദിക്കുന്നു. ആരോഗ്യപരിപാലനരംഗത്ത് ഏറ്റവും മികച്ചതെന്ന് ഊറ്റം കൊള്ളുന്ന കേരളത്തില്‍ മെഡിക്കല്‍ കോളേജില്‍ പോലും ചികിത്സ നിഷേധിക്കപ്പെട്ട് കൊല്ലപ്പെട്ട മുരുകനും ആധുനിക കേരളത്തിലെ രക്തസാക്ഷിതന്നെ.
ഒരു വശത്ത് ട്രാന്‍സ് സൗഹൃദമെന്ന് കൊട്ടിഘോഷിക്കുമ്പോഴും പോലീസിന്റേയും സദാചാരപോലീസിന്റേയും നിരന്തരമായ പീഡനത്തിനാണ് ഇതര ലിംഗ – ലൈംഗിക വിഭാഗങ്ങള്‍ ഇരയാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി ഭാഗങ്ങളില്‍വെച്ച് ഇവര്‍ ഭയാനകമായി രീതിയില്‍ അക്രമിക്കപ്പെട്ടു. താമസിക്കാനുളള സ്ഥലം നിഷേധിക്കപ്പെടുന്നതുമുതല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാലാണ്. അതിനിടയിലാണ് ഏതാനും മാസം മുമ്പ് മോഡലും ട്രാന്‍സ്‌ജെന്ററുമായ ഗൗരി കൊല ചെയ്യപ്പെട്ടത്. കക്ഷിരാഷ്ട്രീയ കൊലകള്‍ പോലും വലിയ വാര#ത്തയാകുന്ന കേരളത്തില്‍ ആ കൊല കാര്യമായ വാര്‍ത്തപോലുമായില്ല. ഗൗരിയും നമ്മുടെ കാപട്യത്തിന്റെ മറ്റൊരു രക്തസാക്ഷിയല്ലാതെ മറ്റെന്താണ്?
ഏതു മതത്തിലോ ആശയങ്ങളിലോ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള ജനാധിപത്യാവകാശം ഒരു പരിഷ്‌കൃതസമൂഹത്തിന്റെ മുഖമുദ്രയാണ്. എന്നാല്‍ സ്വന്തം താല്‍പ്പര്യപ്രകാരം മതവിശ്വാസം തിരഞ്ഞെടുത്തതിന് കൊല്ലപ്പെട്ട ഫൈസലും പ്രബുദ്ധകേരളത്തിലെ രക്തസാക്ഷിയല്ലാതെ മറ്റാരാണ്? രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപോലെ ന്യൂനപക്ഷവിഭാഗങ്ങളും കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. കേരളം യുപിയല്ല എന്ന് പറഞ്ഞ് അതെല്ലാം മറച്ചുവെക്കുകയാണ് നമ്മള്‍. മദനി മുതല്‍ ഹാദിയവരെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെ സാക്ഷിനിര്‍ത്തി എങ്ങനെയാണ് ഇത്തരമൊരവകാശവാദം ഉന്നയിക്കാനാവുക?
ഒരു ജനാധിപത്യസംവിധാനത്തില്‍ നിയമം കൈയിലെടുക്കാന്‍ പോലീസിനെന്തവകാശം? എന്നാല്‍ നിരന്തരമായി സംഭവിക്കുന്നത് അതാണ്. പോലീസധിക്രമങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും വര്‍ദ്ധിച്ചുവരുന്നതായി പോലീസ് കംപ്ലെയന്റ് അതോറിട്ടിയും മനുഷ്യാവകാശകമ്മീഷനുമടകകമുളളവര്‍ അംഗീകരിക്കുന്നു. എന്നാല്‍ അടുത്തയിടെ അതിനെയെല്ലാം മറികടന്ന് പിടികൂടിയ രണ്ടു മാവോയിസ്റ്റ് പ്രവര്‍ത്തകരെ വ്യാജഏറ്റുമുട്ടലിലൂടെ പോലീസ് കൊന്നു കളഞ്ഞസംഭവം അതര്‍ഹിക്കുന്ന ഗൗരവത്തോടെ കേരളം കണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ വ്യാജഏറ്റുമുട്ടല്‍ കൊലയിലൂടെ വര്‍ഗ്ഗീസിനെ വധിച്ച കരളം തന്നെയാണ് കുപ്പുദേവരാജനേയും അജിതയേയും മുഴുവന്‍ മനുഷയാവകാശങ്ങളും ലംഘിച്ച് കൊന്നുകളഞ്ഞത്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ജനാധിപത്യബോധത്തിനു നേരെയാണ് ഈ രക്തസാക്ഷികള്‍ വിരല്‍ ചൂണ്ടുന്നത്.
മുകളില്‍ പറഞ്ഞവരെല്ലാം കൊട്ടിഘോഷിക്കുന്ന നമ്മുടെ രാഷ്ട്രീയപ്രബുദ്ധതക്കുനേരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചാണ് മരണത്തിലേക്ക് നടന്നുപോയത്. ഇനിയും പട്ടിക നീളും. അവരാണ് സമകാലികകേരളത്തിലെ യഥാര്‍ത്ഥ രകതസാക്ഷികള്‍. അവരുന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി കണ്ടെത്തുക എന്നതാണ് വര്‍ത്തമാനകാലത്തെ യഥാര്‍ത്ഥ രാഷ്ട്രീയ – സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തകരുടെ കടമ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply