ഇന്ത്യ ഒരു കാര്‍ഷിക കലാപത്തിന്റെ വക്കിലാണ്
ദേശീയതയുടേയും രാജ്യസ്‌നേഹത്തിന്റേയും വെറുപ്പിന്റേയും കൊലപാതകങ്ങളുടേയും കെട്ടുകഥകള്‍ കൊണ്ട് മൂടിവയ്ക്കാന്‍ കഴിയാത്ത വിധം ഇന്ത്യന്‍ ഗ്രാമങ്ങള്‍ അസ്വസ്ഥരായിക്കഴിഞ്ഞു ചില കാര്യങ്ങള്‍, അതെത്ര ഗുരുതരമാണെങ്കിലും പോലും പുറംലോകത്തിന് അതിനെക്കുറിച്ചുള്ള അറിവ് ചിലപ്പോള്‍ പരിമിതമായിരിക്കും. ഇന്ത്യന്‍ ഗ്രാമങ്ങളിലെ സംഭവങ്ങള്‍ അത്തരത്തിലൊന്നാണ്. അതിനു വേണമെങ്കില്‍ ഇത്ര വലിയ രാജ്യമായതുകൊണ്ടാണ് എന്നു കുറ്റപ്പെടുത്താം. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ‘നഗരംനോക്കി’ സ്വഭാവത്തെ പഴിക്കാം, അല്ലെങ്കില്‍ ഭരണകൂടത്തിന് അഹിതമായത് പുറത്തുവരാതെ സൂക്ഷിക്കാനുള്ള സെലക്ടീവ് സെന്‍സര്‍ഷിപ്പ് ആയിരിക്കാം. എന്നാല്‍ മധ്യേന്ത്യയെ ഇപ്പോള്‍ പിടിച്ചു കുലുക്കി തുടങ്ങിയിട്ടുള്ള കാര്‍ഷിക പ്രതിഷേധം […]
ദേശീയതയുടേയും രാജ്യസ്‌നേഹത്തിന്റേയും വെറുപ്പിന്റേയും കൊലപാതകങ്ങളുടേയും കെട്ടുകഥകള്‍ കൊണ്ട് മൂടിവയ്ക്കാന്‍ കഴിയാത്ത വിധം ഇന്ത്യന്‍ ഗ്രാമങ്ങള്‍ അസ്വസ്ഥരായിക്കഴിഞ്ഞു
ചില കാര്യങ്ങള്‍, അതെത്ര ഗുരുതരമാണെങ്കിലും പോലും പുറംലോകത്തിന് അതിനെക്കുറിച്ചുള്ള അറിവ് ചിലപ്പോള്‍ പരിമിതമായിരിക്കും. ഇന്ത്യന്‍ ഗ്രാമങ്ങളിലെ സംഭവങ്ങള്‍ അത്തരത്തിലൊന്നാണ്. അതിനു വേണമെങ്കില്‍ ഇത്ര വലിയ രാജ്യമായതുകൊണ്ടാണ് എന്നു കുറ്റപ്പെടുത്താം. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ‘നഗരംനോക്കി’ സ്വഭാവത്തെ പഴിക്കാം, അല്ലെങ്കില്‍ ഭരണകൂടത്തിന് അഹിതമായത് പുറത്തുവരാതെ സൂക്ഷിക്കാനുള്ള സെലക്ടീവ് സെന്‍സര്‍ഷിപ്പ് ആയിരിക്കാം.
എന്നാല്‍ മധ്യേന്ത്യയെ ഇപ്പോള്‍ പിടിച്ചു കുലുക്കി തുടങ്ങിയിട്ടുള്ള കാര്‍ഷിക പ്രതിഷേധം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒതുങ്ങാന്‍ കൂട്ടാക്കുന്ന ഒന്നല്ല. അത് നമ്മുടെ മുഖ്യധാരാ നരേറ്റീവുകളേയും പൊളിച്ചെഴുതി തുടങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും കാര്‍ഷിക പ്രതിഷേധങ്ങള്‍ ഏറിയും കുറഞ്ഞും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആന്ധ്രാ പ്രദേശ് മുതല്‍ തെലങ്കാന വരെയും മഹാരാഷ്ട്ര മുതല്‍ മധ്യപ്രദേശ് വരെയും അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യു.പിയില്‍ കരിമ്പു കര്‍ഷകരും സമാനമായ വിധത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നുവെന്നും അതല്ല, ഇതിനകം തന്നെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അസ്വസ്ഥതകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രതിഷേധങ്ങളുടെ ഒരു മൂര്‍ത്തിമത്ഭാവമായിരുന്നു ഇന്നലെ മധ്യപ്രദേശില്‍ ഉണ്ടായത്.
മന്ദ്‌സൗറില്‍ നടന്ന രണ്ടു വ്യത്യസ്ത വെടിവയ്പുകളില്‍ ആറു കര്‍ഷകരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ ഇവരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വരികയും പിന്നീട് നിയന്ത്രണമേറ്റെടുത്ത സി.ആര്‍.പി.എഫുകാര്‍ കര്‍ഷകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. സാമൂഹ്യ വിരുദ്ധരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു അതുവരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന ഭരണകൂടവും.
മധ്യപ്രദേശിലുണ്ടായ കര്‍ഷക പ്രതിഷേധം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. മഹാരാഷ്ട്ര ഇത്തരത്തിലുള്ള നിരവധി പ്രതിഷേധങ്ങള്‍ക്ക്, ചിലപ്പോള്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിനോട് കണ്ണടയ്ക്കുകയായിരുന്നു.
മധ്യപ്രദേശില്‍ എന്താണ് സംഭവിച്ചത്?
മെയ് മാസം അവസാന ആഴ്ചകളില്‍ തന്നെ മധ്യപ്രദേശിലെ ഗ്രാമീണ മേഖലകള്‍ അസ്വസ്ഥമാകാന്‍ തുടങ്ങിയിരുന്നു. ഒറ്റപ്പെട്ട പ്രതിഷേധങ്ങളായിരുന്നു ഇവയില്‍ കൂടുതലും. ജൂണ്‍ ഒന്നിന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘും ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘും മറ്റ് മൂന്ന് ചെറിയ കര്‍ഷക സംഘടനകളും പ്രക്ഷോഭം പ്രഖ്യാപിച്ചു.
എന്നാല്‍ ജൂണ്‍ അഞ്ചിന് ഭാരതീയ കിസാന്‍ സംഘ് പ്രതിഷേധത്തില്‍ നിന്നു പിന്മാറി. ‘കര്‍ഷക പുത്രന്‍’ എന്നു പേരുള്ള ശിവരാജ് സിംഗ് ചൗഹാന്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ച 13 ആവശ്യങ്ങളില്‍ 11 എണ്ണവും അംഗീകരിക്കുന്നു എന്ന് ഇവരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെയായിരുന്നു ഇത്. പാവപ്പെട്ട കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാന്‍ 1000 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു. ഉള്ളി മാത്രമല്ല, പയര്‍, ഉഴുന്ന് തുടങ്ങിയ വസ്തുക്കളും കര്‍ഷകരില്‍ നിന്ന് ശേഖരിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ കര്‍ഷകര്‍ ഉന്നയിച്ച പ്രധാന രണ്ട് ആവശ്യങ്ങളായ കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷിക വിളകള്‍ക്ക് ന്യായ വില തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. 39,000 കോടി രൂപയാണ് മധ്യപ്രദേശിലെ കര്‍ഷകര്‍ എടുത്തിരിക്കുന്ന വായ്പ.
മധ്യപ്രദേശിലെ കര്‍ഷകരെ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘിനെ ഒഴിവാക്കി ആര്‍.എസ്.എസ് സംഘടനയുമായി മാത്രം ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കിയതും പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതും മറ്റ് സംഘടനകളെ ചൊടിപ്പിച്ചു. മസ്ദൂര്‍ സംഘ് പ്രസിഡന്റ് ശിവ് കുമാര്‍ ശര്‍മ, തങ്ങളുടെ പ്രധാന ആവശ്യം അംഗീകരിക്കുന്നതുവരെ കര്‍ഷക പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി. ആര്‍.എസ്.എസിന്റെ മുന്‍ അംഗം കൂടിയായ ശര്‍മയുടെ നേതൃത്വത്തില്‍ 2012ല്‍ നടന്ന കര്‍ഷക പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് മാത്രമാണ് യഥാര്‍ത്ഥ കര്‍ഷകരുടെ സംഘടനയെന്നും ബാക്കിയുള്ളവ സാമൂഹിക ദ്രോഹികളാണെന്നുമായിരുന്നു സംസ്ഥാന ഭരണകൂടം തുടക്കം മുതല്‍ നിലപാടെടുത്തിരുന്നത്. കര്‍ഷകര്‍ക്കിടയില്‍ തന്നെ ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായതോടെ തിങ്കളാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തമായി. ചൊവ്വാഴ്ച രാവിലെ ആയിരത്തോളം വരുന്ന കര്‍ഷകര്‍ ഭോപ്പാലില്‍ നിന്ന് 350 കിലോ മീറ്റര്‍ അകലെയുള്ള മന്ദ്‌സൗറിലെ പിപാലിയയില്‍ ഒത്തുകൂടുകയും തുടര്‍ന്ന് പ്രതിഷേധം ആരംഭിക്കുകയുമായിരുന്നു. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും മന്ദ്‌സൗറിനടുത്തുള്ള ദലോഡയി റെയില്‍വേ ട്രാക്കുകള്‍ തകര്‍ത്തും പ്രതിഷേധം അണപൊട്ടി. സമീപ ജില്ലകളിലേക്കും പ്രതിഷേധം വ്യാപിച്ചു. പിപാലിയയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സി.ആര്‍.പി.എഫിനെ വിളിക്കുകയും അവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിനു പിന്നാലെ മന്ദ്‌സൗറിലും സമീപത്തെ മൂന്ന് ജില്ലകളിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തുകയും ചെയ്തു.
കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്ന സംസ്ഥാനം എന്ന ഖ്യാതി ഏറെ നാളായി മധ്യപ്രദേശിനായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള കര്‍ഷക രോഷം സംസ്ഥാന സര്‍ക്കാരിനേയും ബി.ജെ.പിയേയും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയിലെ നേട്ടം കണക്കുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ 2016ലെ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും മൂന്ന് കര്‍ഷകര്‍ വീതം മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നത് ഫെബ്രുവരി മുതല്‍ നവംബര്‍ പകുതി വരെ 1,695 കര്‍ഷകര്‍ മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ്. 2001 മുതല്‍ 2015 വരെ 18,687 കര്‍ഷകരാണ് ഇവിടെ ജീവനൊടുക്കിയത് എന്നാണ് കണക്ക്.
കര്‍ഷക പ്രതിഷേധം ഇപ്പോള്‍ രൂക്ഷമായിരിക്കുന്ന മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും പടിഞ്ഞാറന്‍ മേഖലകളില്‍ സമ്പന്നരായ കര്‍ഷകര്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. ഗോതമ്പിനും സോയാബീനും ചനയ്ക്കും പുറമെ മെഡിസിനല്‍ വിളകളായ മേത്തി, ധനിയ, ജീര തുടങ്ങിയവയും ഇവിടെ കൃഷി ചെയ്തു വരുന്നു. മഹാരാഷ്ട്രയിലാകട്ടെ, ഇത് മുന്തിരി, ഉള്ളി തുടങ്ങിയവയിലേക്കും വ്യാപിക്കുകയും കൂടുതല്‍ ഉത്പാദനക്ഷമതയുള്ള പശുക്കള്‍ വഴി ക്ഷീരമേഖലയിലും വന്‍ നിക്ഷേപം നടത്തിയിരുന്നു.
ഇത്ര വലിയ രീതിയില്‍ ഉത്പാദനം നടക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ വിള ലഭിക്കുമെന്നും അതുകൊണ്ടു തന്നെ ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്നും പറയാറുണ്ട്. അതൊരു പരിധി വരെ ശരിയാണെങ്കിലും ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നട്ടെല്ലൊടിച്ചത് മോദി സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനമാണ്. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടപ്പാക്കിയ പദ്ധതി യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കര്‍ഷകരുടെ അന്നം മുട്ടിക്കുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നത്. അത് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചു എന്നതിന്റെ തെളിവായിരുന്നു ഇന്ത്യന്‍ ജി.ഡി.പിയുടെ കുത്തനെയുള്ള വീഴ്ച.
ഇന്ത്യയിലെങ്ങും കര്‍ഷകര്‍ വലിയ രോഷത്തിലാണ്, അതുകൊണ്ടു തന്നെ ഇതൊരു പുതിയ കാര്യമല്ല. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സ്വന്തം മുത്രം കുടിച്ചും റോഡില്‍ കിടന്നും പ്രതിഷേധിച്ചത്, അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ അവര്‍ക്ക് മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല.
മുളകിന്റെ വിലയിടിഞ്ഞതാണ് ആന്ധ്രയിലും തെലങ്കാനയിലും അതീവ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധത്തിന് കാരണം. ഗുണ്ടൂര്‍, കര്‍ണൂല്‍, ഖമ്മം ജില്ലകളില്‍ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ കത്തിച്ചും ദേശീയപാതകള്‍ ഉപരോധിച്ചുമാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 12,000 ലഭിച്ചിരുന്നതാണ് ഒറ്റയടിക്ക് അതിന്റെ നാലിലൊന്നായി കുറഞ്ഞത് എന്നതാണ് ഇവിടെ പ്രതിഷേധത്തിന്റെ കാരണം.
ഇന്ത്യന്‍ കാര്‍ഷിക ഗ്രാമങ്ങള്‍ രോഷത്തിലാണ്. ദേശീയതയുടേയും രാജ്യസ്‌നേഹത്തിന്റേയും വെറുപ്പിന്റേയും കൊലപാതകങ്ങളുടേയും കെട്ടുകഥകള്‍ കൊണ്ട് മൂടിവയ്ക്കാന്‍ കഴിയാത്ത വിധം അവര്‍ അസ്വസ്ഥരായിക്കഴിഞ്ഞു എന്നാണ് ഓരോ ദിവസവും ഓര്‍മിപ്പിക്കുന്നത്.
വാട്‌സ് ആപ്പില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in