ഇനിയും നീതിതേടി വിനായകന്റെ കുടുംബം

ജസ്റ്റിസ് ഫോര്‍ വിനായകന്‍ ആക്ഷന്‍ കൗണ്‍സില്‍ തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ ദലിത് യുവാവ് വിനായകന്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിനായകന്റെ ജീവനഷ്ടത്തില്‍ തകര്‍ന്നു പോയ കുടുംബത്തിനു നീതിയെന്നത് ഇന്നും അപ്രാപ്യമായി തുടരുന്നു. വിനായകന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും നിയമ സംവിധാനങ്ങളിലുള്ള വിശ്വാസത്തോടെയാണ് മുന്നോട്ടു പോയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകള്‍ മുഴുവന്‍ അസ്ഥാനത്താവുന്ന അവസ്ഥയാണ് നിലവിലുള്ളത്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ കുറ്റകരമായ അനാസ്ഥകളിലൂടെയാണ് വിനായകന്റെ കേസന്വേഷണം മുന്നോട്ടു നീങ്ങിയിരുന്നത് വിനായകന്‍ […]

vv

ജസ്റ്റിസ് ഫോര്‍ വിനായകന്‍ ആക്ഷന്‍ കൗണ്‍സില്‍

തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ ദലിത് യുവാവ് വിനായകന്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിനായകന്റെ ജീവനഷ്ടത്തില്‍ തകര്‍ന്നു പോയ കുടുംബത്തിനു നീതിയെന്നത് ഇന്നും അപ്രാപ്യമായി തുടരുന്നു. വിനായകന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും നിയമ സംവിധാനങ്ങളിലുള്ള വിശ്വാസത്തോടെയാണ് മുന്നോട്ടു പോയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകള്‍ മുഴുവന്‍ അസ്ഥാനത്താവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ കുറ്റകരമായ അനാസ്ഥകളിലൂടെയാണ് വിനായകന്റെ കേസന്വേഷണം മുന്നോട്ടു നീങ്ങിയിരുന്നത് വിനായകന്‍ കേസ് വിചാരണനിലവില്‍ നടക്കുന്ന ലോകായുക്ത കോടതിയുടെ ആദ്യ ഉത്തരവ് തന്നെ ഈ വീഴ്ചകള്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നതായിരുന്നു. ബഹു.ജസ്റ്റിസ് പയസ്.സി. കുര്യാക്കോസ് 9/11/2017 പുറത്തിറക്കിയ ഉത്തരവില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

1. വിനായകന്റെത് തൂങ്ങി മരണമായതിനാല്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിലേക്കായി അന്വേഷണ ഉദ്യോഗസ്ഥന്‍ മേലധികാരിക്ക് റിപ്പോര്‍ട്ട് അയച്ചിരുന്നു. വിനായകനെ ദേഹോപദ്രവം ഏല്പിച്ചെന്ന പരാതി നിലനില്‍ക്കയുംപാവറട്ടി പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാരോപിച്ചുള്ളതുമായ, കേസ് അവസാനിപ്പിക്കുന്നതിനായുള്ള അന്തിമ റിപ്പോര്‍ട്ട് എന്തു കൊണ്ട് ഡി.വൈ എസ്.പി നല്‍കി എന്ന് അറിയാന്‍ കഴിയുന്നില്ല.

2. ഇന്ത്യന്‍ ശിക്ഷാ നിയമം 330 അടക്കമുള്ള വകുപ്പുകള്‍ കേസില്‍ ബാധകമാണെന്നന്നിരിക്കെ [കുറ്റം സമ്മതിപ്പിക്കാന്‍ പീഡിപ്പിക്കല്‍ – ഇത് 7 വര്‍ഷം വരെ തടവും പിഴയും ഒടുക്കേണ്ടതായുമുള്ള വകുപ്പാണ്]പ്രതികളെ അറസ്റ്റു ചെയ്യുകയോ, അവര്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുചെയ്യുകയോ ഉണ്ടായിട്ടില്ല.
കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വഴിവിട്ട ആനു കൂല്യമാണിതെന്ന് സംശയമില്ല എന്നു തന്നെയല്ല വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ തെറ്റായ നടപടിയുമാണിത്

3. 29-7-17ല്‍ വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയുടെ പരാതിയില്‍ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തമായ ആരോപണം ഉന്നയിച്ചിട്ടും ആത്മഹത്യാ പ്രേരണവകുപ്പ് 306 മനപൂര്‍വം ചേര്‍ത്തിട്ടില്ല. സാക്ഷിമൊഴികളില്‍ നിന്നും, ശാരീരികവും മാനസികവുമായ പീഡനങ്ങളുംഅപമാനവും, ഭീഷണിയും ഉണ്ടായിട്ടുളളതാണെന്ന സാഹചര്യങ്ങള്‍ വെളിവായിട്ടും കുറ്റവാളികളായ ഉദ്യേഗസ്ഥര്‍ക്കു മുന്‍പില്‍ ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡനം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ക്കാതിരുന്നിട്ടുള്ളതും തെറ്റായ നടപടിയും, ഒരേ വകുപ്പിലെ കുറവാളികളായ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനുമാണ്.

പൊതുസേവകന്‍ (Public Servant) എന്ന നിലയില്‍ സ്വന്തം കാര്യസിദ്ധിക്കു വേണ്ടി പദവി ദുരുപയോഗം ചെയ്യുകയും വ്യക്തിതാല്‍പര്യവും സ്വജനപക്ഷപാതവും നടത്തിയും പ്രഥമദൃഷ്ട്യാ ഉദ്യോഗ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ പാലക്കാട് Dysp ഫിറോസ് എം. ഷഫീക്കിനെ പരാതിയില്‍ കക്ഷി ചേര്‍ത്തതായി കാണുന്നില്ല. അതു കൊണ്ട് പരാതിയില്‍ ടി.വ്യക്തിയെ കക്ഷിയായി കോടതി സ്വമേധയാ ചേര്‍ക്കുന്നു.

പരാതിയില്‍ നേരിട്ടു ഹാജരാകുന്നതിനും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും ഫിറോസ് എം ഷഫീഖിന് നോട്ടീസയക്കുന്നു. കേസ് ഡയറിയും ഫയലുകളും ഫാറം മുമ്പാകെ ഹാജരാക്കുവാന്‍ DGP ക്ക് സമന്‍സയക്കുന്നു.

9/11/2017 ലെ മേല്‍കോടതി ഉത്തരവു ചൂണ്ടിക്കാട്ടി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനറുടെ പേരില്‍ നിവേദനം നല്‍കിയിരുന്നു. നിവേദനത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു,

വിനായകന്റെ കേസ് നിലവില്‍ അന്വേഷിക്കുന്നത് സംഘടിത കുറ്റകൃത്യങ്ങള്‍ ( organised Crime wing III) അന്വേഷിക്കുന്ന പോലീസ് സേനയാണ്.. അന്വേഷണച്ചുമതലയുള്ള ഉദ്യേഗസ്ഥനായ പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഫിറോസ് എം. ഷഫീഖ് അധികാര ദുര്‍വ്വിനിയോഗവും ദുരുപയോഗവും നടത്തി പ്രതികളായ പോലീസുകാരെ വഴിവിട്ടു സഹായിച്ചു എന്ന് ബഹുമാന്യ ജഡ്ജ് ചൂണ്ടിക്കാട്ടുകയും അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ കേസില്‍ കോടതി സ്വമേധയാ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗുരുതരമായ കൃത്യവിലോപം കോടതി ചൂണ്ടിക്കാട്ടിയിട്ടും ടി. അന്വേഷണ ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനോ, പ്രതി ചേര്‍ക്കപ്പെട്ടതിനാല്‍ അറസ്റ്റു ചെയ്യാനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല

അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ സ്റ്റേറ്റ് പോലീസിന്റെ അന്വേഷണത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ അടിയന്തിരമായി പ്രതിയായ പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി ഫിറോസ് എം ഷഫീഖിനെ കേസന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റി അറസ്റ്റു ചെയ്യാനും കേസന്വേഷണം സി.ബി.ഐക്കു വിടാനും നടപടിയുണ്ടാവണം. വിനായകന്റെ കുടുംബത്തിന് ന്യായമായ നഷ്ട പരിഹാരം അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍പാകെ വിനായകനും കുടുംബത്തിനും നീതിയുറപ്പാക്കുന്നതിനായി ജസ്റ്റിസ് ഫോര്‍ വിനായകന്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഇതര ആവശ്യങ്ങള്‍

1.വിനായകനെ മര്‍ദ്ദിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുക.

2. കേസിന്റെ നിലവിലെ അന്വേഷണച്ചുമതല DGP യെ ഏല്‍പ്പിക്കുകയും തുടരന്വേഷണം സി.ബി.ഐക്ക് വിടുകയും ചെയ്യുക

3. ദലിത്, പിന്നോക്ക വിഭാഗങ്ങളോടുമുള്ള പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടിയെടുക്കുക.

4.വിനായകനോടൊപ്പം മര്‍ദ്ദനത്തിന് വിധേയനായ സുഹൃത്ത്ശരത്തിന് ചികത്സാ ധനസഹായം നല്കുക.

മേല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2017, ഡിസംബര്‍ 4ന് വിനായകന്റെ കുടുംബത്തെയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും തുടര്‍ന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡിജിപിയുടെയും ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ ഏറ്റവും പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കട്ടേ എന്ന് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനനുസരിച്ച് ഡി.ജി.പി.സെയ്ദ് മുഹമ്മദ് നിയാസ് എസ്.പി.ഉണ്ണിരാജയുടെ പേര് നിര്‍ദ്ദേശിക്കുകയുണ്ടായി. നിങ്ങള്‍ക്ക് മാറ്റാരെയെങ്കിലും ആണ് താത്പര്യമെങ്കില്‍ അതു പറയാം എന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് എം.വി.ജയരാജന്‍ വിനായകന്റെ മാതാപിതാക്കളോടും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളോടും പറഞ്ഞു. എസ്.പി. ഉണ്ണിരാജയെ നിയോഗിക്കുന്നതില്‍ വിയോജിപ്പില്ലെന്നും സ്വതന്ത്രവും പക്ഷപാത രഹിതവുമായ അന്വേഷണം ഉറപ്പുവരുത്തുക മാത്രമാണ് തങ്ങളുടെ ആവശ്യം എന്നുമുള്ളതിനാല്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് അന്ന് വിനായകന്റെ രക്ഷാകര്‍ത്താക്കളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ചെയ്തത്. തുടര്‍ന്ന് ജനുവരി 8/2018 ന് നിയുക്ത അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. പി. ഉണ്ണിരാജവിനായകന്റെ വീട്ടിലെത്തി. രണ്ടു മണിക്കൂറോളം വിനായകന്റെ രക്ഷിതാക്കളോടും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളോടും സംസാരിച്ചു. സ്വതന്ത്രവും പക്ഷപാത രഹിതവുമായ അന്വേഷണമാണ് അദ്ദേഹം അന്ന് ഉറപ്പു നല്‍കിയത്. എന്നാല്‍ പിന്നീട് മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ യാതൊരു വിധത്തിലും വിനായകന്റെ കുടുംബത്തോട് ബന്ധപ്പെടുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ടപ്പോഴും അദ്ദേഹം അവധി തേടുകയാണ് ഉണ്ടായത്.

അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷന്‍ കാലാവധി തീരും മുന്‍പ് സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചതുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നപ്പോള്‍ സാധാരണ ഗതിയില്‍ ചെയ്യാറുള്ളതുപോലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതികളായ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ റദ്ദുചെയ്യല്‍ സംബന്ധമായ കാര്യത്തില്‍ സംസ്ഥാന പോലീസ് തേടാറുള്ള തരത്തിലുള്ളഒരു പെര്‍മിഷന്‍ സ്‌ക്രീനിംഗ് ഈ പ്രതികളുടെ കേസില്‍ ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹം അന്ന്പറഞ്ഞത്.

മുന്‍ ഉദ്യോഗസ്ഥന്‍ പ്രേരണക്കുറ്റം ചുമത്താതിരുന്ന സാഹചര്യത്തെ പറ്റി പരാമര്‍ശമുണ്ടായപ്പോള്‍ കേസ് പഠിച്ച ശേഷം അതിനെപ്പറ്റി തീരുമാനമെടുക്കാമെന്നും ജെനുവിനല്ലാത്ത ഒരു വകുപ്പും കൂട്ടിച്ചേര്‍ക്കാനോ ചേര്‍ക്കേണ്ട ഏതെങ്കിലും ഭാഗം മനപ്പൂര്‍വ്വമായി ഒഴിവാക്കാനോ താന്‍ ശ്രമിക്കില്ല എന്നും പറഞ്ഞ ഉണ്ണിരാജ, കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നു പോലും നീതിപൂര്‍വ്വമായ അന്വേഷണത്തിന് തടസ്സം നില്‍ക്കും വിധമുള്ള നടപടികളാണ് തുടര്‍ന്ന് സ്വീകരിച്ചത്.

എസ് പി.ഉണ്ണിരാജ അന്വേഷണച്ചുമതല ഏറ്റെടുത്ത ശേഷം ഏഴു മാസങ്ങളായിട്ടും വിനായകന്റെ കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ല

സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് കാരണമായി എസ്.പി. ഓഫീസില്‍ നിന്ന് ലഭിച്ച വിവരം പ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ ഒരു കുറ്റവും പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ടിട്ടില്ല എന്നാണ്

പ്രതികളെ സര്‍വ്വീസില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട നടപടികളില്‍ ഇടപെടാന്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൃശ്ശൂര്‍ എസ്പിയാണ് പ്രതികളുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചത്.

അട്രോസിറ്റി/ ആത്മഹത്യാ പ്രേരണാകുറ്റങ്ങള്‍ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടായിട്ടുപോലും യാതൊരു തരത്തിലുമുള്ള മുന്നോട്ടു പോക്കും വിനായകന്‍ കേസില്‍ ഉണ്ടായിട്ടില്ല.
തന്നെ പ്രതിചേര്‍ത്ത നടപടിയെ ചോദ്യം ചെയ്ത് നിലവില്‍ കേസിലെ പ്രതിയായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫിറോസ് എം. ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്ത കോടതി നടപടി ശരിവെക്കുകയാണ് ഹൈക്കോടതി ചെയ്തത്.എന്നിരുന്നിട്ടുപോലും പ്രതിചേര്‍ക്കപ്പെട്ട, കൃത്യവിലോപം കൃത്യമായി ബോധ്യപ്പെട്ട ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ തലത്തിലോ ഉദ്യോഗസ്ഥതലത്തിലോ യാതൊരു നടപടിയും ഇന്നോളം ഉണ്ടായിട്ടില്ല.

മേല്‍ സൂചിപ്പിച്ച സാഹചര്യങ്ങളാണ് നിലവിലുള്ളത്. കുത്തഴിഞ്ഞ നീതി നിര്‍വ്വഹണ സേനയും അധികാരപ്രമത്തതബാധിച്ച ഭരണ സംവിധാനങ്ങളും ചേര്‍ന്ന് ഇല്ലാതാക്കിക്കളഞ്ഞ ജീവന് മറുപടി പറയിക്കേണ്ടത് കെട്ടു പോയിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ ധാര്‍മ്മിക ബോധത്തിന്റെ കൂടി വെളിപ്പെടുത്തലാവേണ്ടതുണ്ട്. വിനായകന്റെ കുടുംബത്തിന് സെക്രട്ടറിയേറ്റ് നടയിലേക്ക്, ഇറങ്ങേണ്ടി വരുന്നത്, കൊടിയ നീതി നിഷേധത്തിന്റെ നിസ്സഹായതയിലാണ്. നീതിബോധമുള്ള കേരള ജനത ഒപ്പം നില്‍ക്കുക തന്നെ ചെയ്യുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply