ഇത് സംഘടിത ചട്ടക്കൂടിനെ ഉപയോഗപ്പെടുത്തി നടത്തിയ കുറ്റകൃത്യങ്ങളുടെ പരമ്പര
സതീഷ് കുമാര്‍ സകലരും പ്രതികരിച്ചു കൊണ്ടിരിക്കുന്ന ചിലകാര്യങ്ങളേക്കുറിച്ച് എഴുതി ഫേസ്ബുക്കിന്റെ ഭാരം വെറുതേ കൂട്ടേണ്ടതില്ല എന്ന് പണ്ട് ഒരു തീരുമാനമെടുത്തിരുന്നു. പുരോഹിതന്‍ റോബിന്‍ വടക്കഞ്ചേരിയുടെ ബാലികാ പീഡന കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ ഞാനത് തല്‍ക്കാലം ലംഘിക്കുകയാണ്. അതിന് ഒരു കാരണവുമുണ്ട്. വിവാഹം നിഷിദ്ധമായിട്ടുള്ള ഒരു പുരോഹിതന്‍ സഭാശാസ്ത്രങ്ങള്‍ അനുശാസിക്കും വിധമുള്ള വികാരനിയന്ത്രണം സാധ്യമാവാതെ ഒരു സ്ത്രീയുമായി വേഴ്ചയിലേര്‍പ്പെട്ടു എന്ന മാതിരിയില്‍ ഒരു പരിഹാസത്തിലൂടെയുള്ള ലഘൂകരണത്തിലേക്ക് പ്രതികരണങ്ങളില്‍ പലതും വഴിതെറ്റി പ്പോകുന്നു എന്ന ഒരു വിഹ്വലതയില്‍ നിന്നാണ് ഈ കുറിപ്പ്. […]
സകലരും പ്രതികരിച്ചു കൊണ്ടിരിക്കുന്ന ചിലകാര്യങ്ങളേക്കുറിച്ച് എഴുതി ഫേസ്ബുക്കിന്റെ ഭാരം വെറുതേ കൂട്ടേണ്ടതില്ല എന്ന് പണ്ട് ഒരു തീരുമാനമെടുത്തിരുന്നു. പുരോഹിതന്‍ റോബിന്‍ വടക്കഞ്ചേരിയുടെ ബാലികാ പീഡന കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ ഞാനത് തല്‍ക്കാലം ലംഘിക്കുകയാണ്.
അതിന് ഒരു കാരണവുമുണ്ട്. വിവാഹം നിഷിദ്ധമായിട്ടുള്ള ഒരു പുരോഹിതന്‍
സഭാശാസ്ത്രങ്ങള്‍ അനുശാസിക്കും വിധമുള്ള വികാരനിയന്ത്രണം സാധ്യമാവാതെ ഒരു സ്ത്രീയുമായി വേഴ്ചയിലേര്‍പ്പെട്ടു എന്ന മാതിരിയില്‍ ഒരു പരിഹാസത്തിലൂടെയുള്ള ലഘൂകരണത്തിലേക്ക് പ്രതികരണങ്ങളില്‍ പലതും വഴിതെറ്റി പ്പോകുന്നു എന്ന ഒരു വിഹ്വലതയില്‍ നിന്നാണ് ഈ കുറിപ്പ്.
സാമൂഹ്യ സംഭവങ്ങളോട് ഒരുവിധം ഉത്തരവാദിത്തത്തോടെ പ്രതികരിക്കുന്ന നടന്‍ ജോയ് മാത്യു പോലും അച്ചന്മാര്‍ക്ക് ആവശ്യമില്ലാത്ത ആ സാധനം എടുത്തുകളയുന്നതിനേപ്പറ്റി പറയുകയും ആളുകള്‍ അതിന് കയ്യടിക്കുകയും കൂടി ചെയ്തപ്പോള്‍ എന്റെ ഭയം വര്‍ദ്ധിക്കുക തന്നെ ചെയ്തു.
വികാരിയച്ചന്‍ എന്നതിലെ വികാരി,അച്ചന്‍ എന്നീ വാക്കുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ട്രോളുകളും ധാരാളമായി വന്നു.
പുരോഹിതരെ പെണ്ണുകെട്ടാന്‍ അനുവദിച്ചുകൂടെ എന്നു വരെ പോയി ചര്‍ച്ചകള്‍..
എല്ലാവരും സംഭവത്തെ അപലപിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത് എങ്കിലും വിഷയം അത് അര്‍ഹിക്കുന്ന ഗൗരവത്തൊടെ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ജാഗ്രതയുള്ളതെന്ന് പൊതുവേ നടിക്കുന്ന കേരളസമൂഹം അതീവഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ട് ഈ വിഷയത്തെ എന്ന് ഞാന്‍ കരുതുന്നു. ഒരു കലാപത്തെ ന്യായീകരിക്കാന്‍ പാകത്തിലുള്ള അനീതിയുണ്ടതില്‍ അത് കേവലമൊരു ലൈംഗിക ചൂഷണമോ ഒരു പാതിരിയുടെ സദാചാര ഭ്രംശമോ മാത്രമല്ല. അതി ക്രൂരമായ ഒരു ബാലബലാത്സംഗവും,ആ കുറ്റത്തെ മൂടിവെക്കുവാന്‍ കേരളത്തിലെ ഒരു ക്രിസ്തീയ സഭയുടെ മേലധികാരികള്‍ അവരുടെ സംഘടിത ചട്ടക്കൂടിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിയ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയുമാണത്. രക്ഷപ്പെടാന്‍ പഴുതില്ലാത്തവണ്ണം തെളിവുകള്‍ ഉണ്ടായത് കൊണ്ട് മാത്രം കൗശലക്കാരനായ ആ ബാലപീഡകന്‍ അറസ്റ്റിലായി എന്നത് കൊണ്ട് മാത്രം നമുക്ക് സമാധാനിക്കാന്‍ ആവുന്നതല്ല മേല്‍പ്പറഞ്ഞ കാര്യങ്ങള്‍.
സാമൂഹ്യ ,ആത്മീയ കാര്യങ്ങളില്‍ വഴി പിഴച്ച് പോകാതിരിക്കാന്‍ അല്‍മായ രെ സദാ ഉപദേശിച്ചുകൊണ്ടിരിക്കുന്ന പുരോഹിതശ്രേഷ്ഠരില്‍ ഒന്നിലധികം പേര്‍ ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായിട്ടുണ്ട് എന്നത് വ്യക്തമാണ് . മതം എന്നത് അത്രമേല്‍ സുരക്ഷനല്‍കുന്ന ഒരു കവചമായതിനാലും അതീവ ലോല പ്രദേശമായതിനാലും അതേ സമുദായത്തില്‍ നിന്ന് തന്നെയുള്ള മനുഷ്യ സ്‌നേഹികളാണ് ഈ മത(ദ) മേലദ്ധ്യക്ഷന്മാര്‍ക്കെതിരെ ആദ്യത്തെ അമ്പ് തൊടുക്കേണ്ടത് എന്നും എനിക്ക് തോന്നുന്നു. സഭാവിശ്വാസികളായിട്ടുള്ളവര്‍ പ്രത്യേകിച്ചും .
വിശ്വാസികള്‍ പവിത്രമെന്ന് വിശ്വസിക്കുന്ന ഒരു പള്ളിമേടയില്‍ വെച്ച്, ഒരു പുരോഹിതന്‍ ദൈവവിശ്വാസിയും പ്രായപൂര്‍ത്തിയായിട്ടില്ലാത്തവളുമായ ഒരു പെണ്‍കുട്ടിയെ ബലാല്‍ ഭോഗം ചെയ്തു എന്ന സത്യമറിയുബോള്‍
വ്രണപ്പെടാനുള്ളതാണ് മത മേലധികാരികള്‍ നിങ്ങളോട് ഇടക്കിടെ പറയുന്ന ആ മതവികാരം എന്ന സംഗതി എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇവിടെ അത് വ്രണപ്പെടുന്നില്ലെങ്കില്‍ ദയവുചെയ്ത് മേലിലൊരിക്കലും അതും പൊക്കിപ്പിടിച്ച് കേരളത്തിന്റെ പൊതുധാരയില്‍ പ്രത്യക്ഷരാവരുത്.
ഇവിടെയല്ലേ പള്ളി സ്‌കൂളുകളിലെ യൂണീഫോമിട്ട കുട്ടികള്‍ മെഴുകുതിരിയും പാട്ടുകളുമായി തെരുവുകളിലിറങ്ങി സമരം ചെയ്യേണ്ടത്? പുതുതായി തുറക്കുന്ന ഒരു ബിവറേജസ് ഔട്ട്‌ലെറ്റിനേക്കാള്‍ അപകടകരമല്ലേ സഭാനേതൃത്വം കൂട്ടുനിന്ന ഈ ലൈംഗികാതിക്രമം? (കാമാസക്ത,പിഴച്ചവള്‍ ,അവളോട് മാത്രം എന്തുകൊണ്ട്..? സൂര്യനെല്ലി മുതല്‍ ഇന്നു വരെ ഇരകളായിട്ടുള്ള മുഴുവന്‍ പെണ്‍കുട്ടികളേയും പരിഹസിച്ച വാക്കുകളുണ്ട് അത് ദയവായി പുറത്തെടുക്കാതിരിക്കൂ.
ഇന്ത്യയില്‍ ഒരു നിയമമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഉഭയ സമ്മതപ്രകാരമാണെങ്കിലും,ഇനി അവള്‍ ഇങ്ങോട്ട് പ്രലോഭിപ്പിച്ചിട്ടാണെങ്കില്‍ പോലും ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരമാണ്.അതാണ് അയാള്‍ക്കുമേല്‍ ചുമത്തപ്പെട്ടിട്ടുള്ള പോക്‌സോ അതുകൊണ്ടാണ് അയാള്‍ ജാമ്യത്തിലിറക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ട് പോയത്)
പള്ളിയിലെ പുരോഹിതരും ,ഹിന്ദു സ്വാമിമാരും ,മൊല്ലാക്കമാരുമൊക്കെ ലൈംഗിക അപവാദങ്ങളില്‍ പെട്ടുപോകുന്നതും കുറ്റവാളികളാകുന്നതും ഒന്നും ഒരു പുതുമയല്ല കേരളത്തില്‍. പക്ഷേ അതില്‍ നിന്ന് എല്ലാം മാറി കുറ്റകൃത്യത്തിന് ഒരു സംഘടിത രൂപം വന്നു ചേരുന്നുണ്ട് ഈ കേസില്‍. ഏതോ ഒരു പുരോഹിതനല്ല, ഫാദര്‍ റോബിന്‍ വടക്കഞ്ചേരിയാണ് ഈ കേസിലെ പ്രതി എന്നതാണ് അതിലെ പ്രധാനമായ സംഗതി. മനോരോഗിയായ ഏതോ ഒരു പുരോഹിതന്‍, അയാളുടെ ചെയ്തികള്‍ എന്ന് സഭക്ക് ഈ ദേഹത്തെ കൈയ്യൊഴിയുക എളുപ്പമല്ല. രൂപതാ ബിഷപ്പിനൊപ്പാമോ അതില്‍ കൂടുതലോ സഭയില്‍ സ്വാധീനമുള്ള വൈദികനാണ് ഈ കുറ്റവാളി. രൂപതയുടേയും സഭയുടേയും ശബ്ദമായി അനവധി പൊതു വേദികളില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചും, ഇരകളുടെ മനുഷ്യാവകാശത്തെക്കുറിച്ചും, മനുഷ്യര്‍ സഞ്ചരിക്കേണ്ട സദാചാര മാര്‍ഗ്ഗങ്ങളെക്കുറിച്ചുമൊക്കെ ഘോര ഘോരം പ്രസംഗിച്ചിട്ടുള്ള അഭിവന്ദ്യ പിതാവാണ് ഈ മനുഷ്യന്‍.
സഭാ നേതൃത്വം ചില രാഷ്ട്രീയ വാണിജ്യ താത്പര്യങ്ങളോടെ തുടങ്ങിയ ഇന്‍ഫാം എന്ന കര്‍ഷകസംഘടനയുടെ പ്രാരംഭ നേതാവ്,ഫാരിസ് അബൂബക്കറിനോട് ചേര്‍ന്ന് ദീപിക പത്രത്തെ മുന്നോട്ട് നയിച്ചവന്‍,ജീവന്‍ ടി വി യുടെ തലവന്‍.. നിസ്സാരക്കാരനാണോ ഈ പുരോഹിതകുറ്റവാളി?
അതൊക്കെ പോകട്ടെ സഭയുടെ കീഴിലുള്ള നൂറോളം സ്‌കൂളുകളുടെ തലവന്‍ കൂടിയായായിരുന്നു ഈ മനുഷ്യന്‍ എന്നത് നാം കണക്കിലെടുക്കേണ്ടതാണ്.
അയാള്‍ തന്നെ മാനേജറായിട്ടുള്ള കണ്ണൂരിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ഈ കേസിലെ ഇര എന്നു കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. കുറുക്കന്റെ കൈയ്യില്‍ തന്നെയാണ് നമ്മുടെ കോഴിക്കുഞ്ഞുങ്ങളുടെ സുരക്ഷ എന്ന് സാരം!
എത്ര സ്‌കൂളുകളുടെ വാര്‍ഷികാഘോഷങ്ങളില്‍ പീഡോഫീലിക് ആയ ഈ കുറ്റവാളി മുഖ്യാതിഥി ആയിട്ടുണ്ടാകും. എത്ര കുഞ്ഞുങ്ങള്‍ ഇയാള്‍ക്ക് കന്യാസ്ത്രീകള്‍ കെട്ടിയുണ്ടാക്കിയ കുഞ്ഞു ബൊക്കെകള്‍ കൈമാറിയിട്ടുണ്ടാവും. എത്ര മനുഷ്യാവകാശപ്രവര്‍ത്തകര്‍ ,എത്ര സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ ഇയാളോട് തോള്‍ ചേര്‍ന്ന് നിന്ന് ചിത്രങ്ങളെടുത്തിട്ടുണ്ടാവും.
പള്ളിയിലച്ചനോ,കന്യാസ്ത്രീയോ സന്യാസിയോ ഒന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നോ,വികാരങ്ങളെ അടക്കി ജീവിക്കേണ്ടവരാണ് എന്നോ ഉള്ള ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്നവനൊന്നുമല്ല ഞാന്‍.
പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മില്‍ പരസ്പരം സമ്മതപ്രകാരം നടത്തുന്ന എന്ത് തരം ബന്ധങ്ങളിലേക്കും എത്തിനോക്കുന്ന ഒരാളുമല്ല. ഇതിപ്പോള്‍ സംഗതി അങ്ങനെയല്ല. അയാള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയേയാണ്.
ഇടവക പുരോഹിതന്‍,സ്‌കൂള്‍ മാനേജര്‍ എന്നീ സാമൂഹ്യ സ്ഥാനങ്ങളാണ് അയാള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ അയാള്‍ ശിക്ഷാര്‍ഹനുമാണ്. നിവൃത്തിയില്ലായ്മ കൊണ്ട് സഭക്ക് തള്ളിപ്പറയേണ്ടി വന്ന ആ പുരോഹിതന്റെ ശിക്ഷയില്‍ മാത്രം ഇത് ഒതുങ്ങണം എന്നാണോ?
ദുര്‍ബ്ബല നിമിഷം എന്ന പരമ്പരാഗത സൗജന്യം ചോദിക്കാന്‍ അയാള്‍ക്ക് അര്‍ഹതയുണ്ടെന്ന് തന്നെ കരുതുക. എന്നാല്‍ അതിനുശേഷം നടന്ന ഗൂഢാലോചനയോ ? അത്രത്തോളം നികൃഷ്ടമായ ഒന്ന് കേരളത്തില്‍ നടന്നിട്ടുണ്ടോ സമീപ ഭാവിയില്‍? പള്‍സര്‍ സുനി വിഷയത്തില്‍ ആരോപിക്കപ്പെടുന്നതിനേക്കാള്‍ എത്രയോ നീചമായ ഒന്നാണത്.
ഒരു പാതിരി ഒരു പെണ്‍കുട്ടിയോട് ചെയ്ത ലൈംഗികാതിക്രമത്തിന്റെ ഉത്തരവാദിത്തം ആ കുട്ടിയുടെ സ്വന്തം പിതാവിന്റെ തലയില്‍ കെട്ടിവെക്കുക!
പണത്തേക്കാള്‍ പള്ളിയോടുള്ള അയാളുടെ വിശ്വാസ വിധേയത്വത്തെയാവും കുറ്റവാളികള്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുക. സമൂഹം ഇത്ര മേല്‍ വെറുക്കുന്ന ഒരു കുറ്റം സ്വയം ഏറ്റെടുക്കാന്‍ തയ്യാറാവേണ്ടി വന്ന ആ മനുഷ്യന്‍ അനുഭവിച്ചിട്ടുണ്ടാവാനിടയുള്ള സമ്മര്‍ദ്ദങ്ങളെ ഒന്ന് ഓര്‍ത്തു നോക്കൂ
ഒരാള്‍ നിങ്ങളുടെ മകളെ ബലാല്‍ ഗര്‍ഭിണിയാക്കുകയാണ്; എന്നിട്ട് ആ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം നിങ്ങളോട് ഏല്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഒരു രാത്രി വെളുക്കും മുന്‍പ് കത്തിച്ചു കളയണ്ടേ അത്തരം വികൃത ആലോചനകള്‍ രൂപം കൊണ്ട അരമനകള്‍..
ആറാം തീയതി വരെ ക്ലാസില്‍ പോയ കുട്ടിയാണ് എട്ടാം തീയതി പ്രസവിക്കുന്നത് കൗമാരക്കാരായ കുട്ടികളുടെ സമ്മര്‍ദ്ദ ങ്ങളെ മനസിലാക്കാനും പരിഹാരം കാണാനും സൗഹൃദ പോലുള്ള കാക്കത്തൊള്ളായിരം സംവിധാനങ്ങളുണ്ട് സ്‌കൂളുകളില്‍ എന്നിട്ടും ഇത് ഇങ്ങനെ സംഭവിക്കുന്നു എന്നത് അത്ഭുതകരമല്ലേ?
ഒന്നോര്‍ത്താല്‍ അത് എത്ര നന്നായി. പ്രസവ ശേഷം ഇത്രയും ഗൂഢാലോചന ചെയ്യുവാന്‍ മടിയില്ലാത്ത ഇവര്‍ക്ക് സ്വന്തം മാനേജര്‍ ഗര്‍ഭിണിയാക്കിയ ഒരു പെണ്‍കുട്ടിയുടെ ജീവിതം അവസാനിപ്പിക്കുക എത്ര എളുപ്പമായിരിക്കും!
ക്രിസ്തുരാജ് അതാണ് പതിനാറ് വയസ്സുള്ള ആ പെണ്‍കുട്ടി പ്രസവിച്ച ആശുപത്രിയുടെ പേര് കന്യാസ്ത്രീകള്‍ നടത്തുന്ന, ക്രൂശിതനായ ദൈവപുത്രന്റെ പേരിലുള്ള ഒന്ന്. കന്യാസ്ത്രീകളുടെ സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ മറക്കുക. അത് നമുക്ക് നിര്‍ബന്ധ പൂര്‍വ്വം ആരിലും അടിച്ചേല്‍പ്പിക്കാവുന്നതല്ലല്ലോ . എന്നാല്‍നിയമപരമായ അവരുടെ കടമകളോ?
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും അവിടെ പ്രസവിക്കുകയും ചെയ്യുമ്പോള്‍ ഒരുസ്ഥാപനം എന്ന നിലയില്‍ അവര്‍ക്കുള്ള ഉത്ത്രവാദിത്തങ്ങളില്ലേ? പ്രായത്തെ മറക്കൂ,ഒരു ആശുപത്രിയില്‍ നടക്കുന്ന ജനനങ്ങളും മരണങ്ങളും സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലേ?ഒരു ഗൈനക്കോളജിസ്റ്റ് ,അനവധി നഴ്സ്സുമാര്‍, കന്യാസ്ത്രീമാര്‍ .. കൊട്ടിയൂര്‍ ഇടവകയിലെ ഒരു സാധാരണ വികാരിക്ക് ഇത്രയധികം ആളുകളെ ഒരുമിച്ച് നിയമലംഘകരാക്കാന്‍ കഴിയുമോ? അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് വിവരങ്ങളറിയുന്നത് എന്ന മട്ടിലുള്ള സഭാ നേതൃത്വത്തിന്റെ കള്ളങ്ങള്‍ വിശ്വസിക്കേണ്ടതുണ്ടോ നമ്മള്‍?
അതും പോകട്ടെ ആ ചോരക്കുഞ്ഞിന്റെ കാര്യം നോക്കൂ. പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതിനെ വയനാട്ടിലേക്ക് മാറ്റുകയാണ്.
അതിശൈത്യമുള്ള വയനാട്ടിലെ വൈത്തിരിയിലേക്ക് അതിനെ കൊണ്ട് വരികയാണ്. നൂറ് കിലോമീറ്ററോളമുണ്ട് ആ കുഞ്ഞിനെ കടത്തിയ ദൂരം.
ആകസ്മികമാകാന്‍ തരമില്ലല്ലോ ആ അനാഥശാലയും കന്യാസ്ത്രീമാര്‍ നടത്തുന്നതാണ് എന്നത്.
വയനാട് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ബഹുമാന്യനായ ഫാദര്‍ തോമസ് തേരകം ആണ് എന്നതും. അദ്ദേ ഹം തന്നെയാണ് മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പി ആര്‍ ഓ എന്നതും കേവലം യാദൃച്ഛികത എന്നു തന്നെ വെക്കാം . പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുഞ്ഞ് പ്രസവിച്ച കുട്ടിയാണ് അത് എന്ന് അറിഞ്ഞിരുന്നില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയേയും മുഖവിലക്കെടുക്കാം. എന്നാല്‍ അനാഥ ശാലയില്‍ എത്തപ്പെടുന്ന ഒരു കുഞ്ഞിന്റെ വിവരങ്ങള്‍ യഥാസമയം അധികാരികളെ അറിയിക്കേണ്ടതുണ്ട് എന്ന നിയമപരമായ ബാധ്യത അറിയില്ലെന്നുണ്ടോ അതിന്റെ നടത്തിപ്പുകാര്‍ക്ക്?
വാങ്ക് വിളിക്കും മുന്‍പ് മുലപ്പാല്‍ കൊടുക്കാന്‍ വിസമ്മതിച്ച ഒരു പിതാവിനെതിരെ നടപടികളെടുത്ത. ,സര്‍ക്കാരിനെ അതിനു പ്രേരിപ്പിച്ച ഒരു സമൂഹത്തിന്, പ്രസവിച്ച് രണ്ടാം ദിവസം അമ്മയില്‍ നിന്നും നൂറ് കിലോമീറ്റര്‍ ദൂരേക്ക് മാറ്റിയ ആ കുഞ്ഞിനെക്കുറിച്ച് ഒന്നും പറയാനില്ലേ? വടക്കേ ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് മലപ്പുറത്തെ അനാഥശാലകളിലേക്ക് കുഞ്ഞുങ്ങളെക്കൊണ്ടു വന്നതിന് മനുഷ്യക്കടത്ത് എന്ന് കേസെടുത്ത് അന്വേഷിച്ച സര്‍ക്കാരിന് ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ ഇല്ലേ!
മത മേലധ്യക്ഷന്മാര്‍ ഈ വിഷയത്തില്‍ നടത്തിയ സകല ഗൂഢാലോചനകള്‍ക്കും സാക്ഷിയായി മേടകളില്‍ തൂങ്ങിയ ആ ക്രൂശിത രൂപം ചെയ്ത ഒരു അത്ഭുതമായി ഈ തിന്മയുടെ വെളിവാകലിനെ അടയാളപ്പെടുത്താവുന്നതാണ് വേണമെങ്കില്‍ വിശ്വാസികള്‍ക്ക്. കാനഡയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് അയാള്‍ പിടിയിലാകുന്നത്. അവരുടെ സ്വാധീന വലയത്തിനും അപ്പുറമായിരുന്നു വിസ ഇടപാടിലെ ചില സാങ്കേതിക വശങ്ങള്‍. രൂപതയിലെ ഒരു വൈദികന് സഭയറിയാതെ വിദേശ യാത്ര വയ്യ എന്ന ഒറ്റക്കാരണത്താല്‍ പൊളിഞ്ഞു പോകുന്നതാണ് സഭയുടെ അച്ചടക്കനടപടികള്‍ എന്ന പ്രഹസനം .സഭാബന്ധമുള്ള എല്ലാ ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്നും ഫാദര്‍ റോബിന്‍ വടക്കഞ്ചേരിയുടെ പേര് രൂപത മാറ്റിക്കളഞ്ഞിരിക്കുന്നു. ഡി എന്‍ എ ടെസ്റ്റ് എന്ന, ഇടപെടലുകള്‍ സാധ്യമാവാത്ത ഒരു ശാസ്ത്രീയ വശം ഉണ്ട് എന്ന ഒരൊറ്റക്കാരണത്താല്‍ മാത്രം കുറ്റസമ്മതം നടത്തിയ ഈ പുരോഹിതനെ സംരക്ഷിക്കേണ്ട, വെളിവാക്കാന്‍ സാധ്യമല്ലാത്ത ചില ബാധ്യതകള്‍ സഭാ നേതൃത്വത്തിന് കണ്ടേക്കാം.
പക്ഷേ ഇത്തരം വിഴുപ്പുകളെ ചുമക്കേണ്ട എന്ത് ബാധ്യതയാണ് സഭാവിശ്വാസികളടക്കമുള്ള കേരളീയ പൊതുസമൂഹത്തിന് ഉള്ളത് എന്നാണ് എന്റെ ലളിതമായ ചോദ്യം.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in