ഇതെന്താ സദാചാര ഫെഡറേഷനോ..?

എസ് എഫ് ഐയുടെ പേര് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നതുമാറ്റി സദാചാര ഫെഡറേഷന്‍ എന്നാക്കി മാറ്റണമെന്ന കമന്റ് കേവലം തമാശയല്ല. ഏറെകാലമായി നമ്മുടെ കലാലയങ്ങളില സദാചാരപാലനം പാലിക്കുന്നതില്‍ മുന്നില്‍ ലക്ഷ്മിനായര്‍ പോലുമല്ല, എസ് എഫ് ഐ തന്നെയാണ്. എത്രയോ കലാലയങ്ങളില്‍ നിന്ന് എസ് എഫ് ഐയുടെ സദാചാരഗുണ്ടായിസം നടപ്പാക്കുന്നതിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നു. തങ്ങളുടെ സ്വന്തം ചുവപ്പുകോട്ട എന്നവകാശപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം നടന്നതും മറ്റൊന്നല്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത് എസ് എഫ് ഐയുടെ പച്ചയായ ഗുണഅടായിസമാണ്. […]

SSS

എസ് എഫ് ഐയുടെ പേര് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നതുമാറ്റി സദാചാര ഫെഡറേഷന്‍ എന്നാക്കി മാറ്റണമെന്ന കമന്റ് കേവലം തമാശയല്ല. ഏറെകാലമായി നമ്മുടെ കലാലയങ്ങളില സദാചാരപാലനം പാലിക്കുന്നതില്‍ മുന്നില്‍ ലക്ഷ്മിനായര്‍ പോലുമല്ല, എസ് എഫ് ഐ തന്നെയാണ്. എത്രയോ കലാലയങ്ങളില്‍ നിന്ന് എസ് എഫ് ഐയുടെ സദാചാരഗുണ്ടായിസം നടപ്പാക്കുന്നതിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നു. തങ്ങളുടെ സ്വന്തം ചുവപ്പുകോട്ട എന്നവകാശപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം നടന്നതും മറ്റൊന്നല്ല.
യൂണിവേഴ്‌സിറ്റി കോളേജില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത് എസ് എഫ് ഐയുടെ പച്ചയായ ഗുണഅടായിസമാണ്. മറ്റൊരുപാട് സ്ഥലങ്ങളിലും അതുണ്ടെങ്കിലും ഇക്കാര്യത്തില്‍ നമ്പര്‍ വണ്‍ ഈ കലാലയം തന്നെ. മഹത്തായ കലാലയം എന്നൊക്കെ അവകാശപ്പെടുന്ന ഈ കോളേജ് സത്യത്തില്‍ ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണ്. ലോ അക്കാദമിയിലെ ലക്ഷ്മിനായര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തേക്കാള്‍ എത്രയോ രൂക്ഷമായ രീതിയിലാണ് ഇവിടെ എസ് എഫ് ഐ സദാചാര സംരക്ഷണം ഉറപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം ഒരുമിച്ചിരുന്ന് നാടകം കണ്ടിരുന്ന സൂര്യഗായത്രി, ജാനകി രാവന്‍ എന്നീ പെണ്‍കുട്ടികളേയും അവരുടെ സുഹൃത്തായ ജിജീഷിനേയുമാണ് സദാചാരപോീസിംഗിന്റെ ഭാഗമായി ഇവര്‍ മര്‍ദ്ദിച്ചത്. സംഭവത്തെ കുറിച്ച് ജാനകി പറയുന്നതിങ്ങനെ. നാടകം കണ്ടിരുന്ന ജിജീഷ് ജാനകിയുടെ കസേരക്കു പുറകില്‍ കൈ വെച്ചിരുന്നതു കണ്ടപ്പോഴാണത്രെ സദാചാരപോലീസിന്റഎ ലാത്തി വിഭ്രംശിച്ചത്. തര്‍ക്കത്തില്‍ ജാനകി ഇടപെട്ടപ്പോള്‍ ”നീയിനി സംസാരിച്ചാല്‍ വേദനിക്കുന്നത് ഇവനാവും” എന്നു പറഞ്ഞാണ് ജിഝീഷിനെ മര്‍ദ്ദിച്ചത്. പല സ്ഥലത്തു നിന്നും വന്നവര്‍ ആണത്തം തെളിയിക്കാന്‍, എന്തിനാണെന്നുപോലും അറിയാതെ ജിജീഷിനെ അടിക്കുകയായിരുന്നു. പിടിച്ചു മാറ്റാന്‍ ചെന്ന പെണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. സദാചാരപോലീസുകാര്‍ തെറി കൊണ്ടു തങ്ങളെ അഭിഷേകം ചെയ്തതായും കുട്ടികള്‍ പറയുന്നു. വൈസ് പ്രിന്‍സിപ്പള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നത്രെ സംഭവം. ഇവിടത്തെ അധ്യാപകര്‍ ഭയം കൊണ്ടാകാം എന്നും എസ് എഫ് ഐ അക്രങ്ങള്‍ക്കു കൂട്ടുനിന്നിട്ടേ ഉള്ളു. പോലീസും എപ്പോഴും യൂണിവേഴ്‌സിറ്റി കോളേജല്ലേ, അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് അക്രമിക്കപ്പെട്ടവരോട് പറയാറുള്ളത്. അതുതന്നെ ഇപ്പോഴും സംഭവിച്ചു. നിങ്ങളിനി ആ കോളേജില്‍ പഠിക്കില്ലെന്നും ഈ മുറ്റത്തിനി കാല് ചവിട്ടില്ലെന്നും പറഞ്ഞ് രണ്ടുപേരേയും ഗേറ്റിനു പുറത്താക്കി ഗേറ്റടക്കുകായിരുന്നു. ഏറെ കഴിഞ്ഞാണ് ജിജീഷിനെ വിട്ടയച്ചത്.
എവിടേയും പതിവുള്ള സ്ഥിരം തന്ത്രമായിരുന്നു പിന്നീട് എസ് എഫ് ഐ ഉപയോഗിച്ചത്. പെണ്‍കുട്ടികളെ അഴിഞ്ഞാട്ടക്കാരായും ആണ്‍കുട്ടികളെ മയക്കുമരുന്നുകാരായും ആരോപിക്കുക. നേതൃത്വം പറയുന്നതനുസരിച്ച് ഏതുരീതിയില്‍ കേസുകൊടുക്കാനും മൊഴികൊടുക്കാനുമുള്ള അടിമകള്‍ എല്ലായിടത്തുമുണ്ട്. പോലീസും അധ്യാപകരുമെല്ലാം ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്യും. അങ്ങനെയാണ് കണ്ണൂര്‍ മോഡല്‍ ഗുണ്ടായിസത്തിന്റെ പ്രാഥമികരൂപമായി കേരളത്തിലെ കാമ്പസുകള്‍ മാറുന്നത്. സമീപദിവസങ്ങളില്‍ എത്രയോ കലാലയങ്ങളില്‍ ഇത്തരം സംഭവം ആവര്‍ത്തിച്ചിരിക്കുന്നു. കേരളവര്‍മ്മ, മഹാരാജാസ്, എം ജി യൂണിവേഴ്‌സിറ്റി, മടപ്പള്ളി…. എ ഐ എസ് എഫ്, ഐസ, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, എസ് ഐ ഒ, ഇന്‍ക്വിലാബ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെല്ലാം പല സ്ഥലങ്ങളിലായി മര്‍ദ്ദനമേറ്റിരുന്നു. തിരിച്ചു കിട്ടുമെന്നതിനാല്‍ എ ബി വി പിക്കാരുമായുള്ള സംഘട്ടനം ഈയിടെ കുറവാണ്.
പ്രതീക്ഷിച്ചപോലെതന്നെ ഒരു കള്ളപ്പരാതി ഇവിടേയും ഉണ്ടാക്കിയിട്ടുണ്ട്. മോശപ്പെട്ട അവസ്ഥയിലായിരുന്നു ഇവരിരുന്നതത്രെ. അതു തീരുമാനിക്കാന്‍ എസ് എഫ് ഐ ആരാണ്? അങ്ങനെയാണെങ്കില്‍ തന്നെ ശിക്ഷിക്കാനിവര്‍ക്ക് എന്തവകാശം? ഇതുതന്നെയല്ലേ സദാചാര ഗുണ്ടായിസം..?
ജാനകിയോടൊപ്പമുണ്ടായിരുന്ന എസ് എഫ് ഐ പ്രവര്‍ത്തക കൂടിയായ സൂര്യഗായത്രി പറയുന്നതു കൂടി കൂട്ടിവായിക്കുന്നത് നന്നായിരിക്കും. ”തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതിനും പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടിരുന്നതിനും തലസ്ഥാനത്തെ ‘ചെങ്കോട്ട’ എന്നറിയപ്പെടുന്ന യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ അടി ഒരുപാട് തിരിച്ചറിവുകള്‍ വീണ്ടും നല്‍കുന്നുണ്ട്. മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ നിന്നും ചില ആരോഗ്യപ്രശ്‌നങ്ങളാലും അസ്വസ്ഥകളാലും ബിഎ മലയാളം ഒരു വര്‍ഷം കൊണ്ടു അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് വന്നപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമായിരുന്നു. അത്രയധികം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നടക്കുന്ന കോളേജില്‍ ചേരണ്ടയെന്നും ഭയമാണെന്നും അച്ഛനും അമ്മയും വിലക്കിയിരുന്നു. ഒരു എസ്എഫ്‌ഐക്കാരിയായ എനിക്ക് അവിടെ പോകണമെന്ന വാശിയിലും ആ ക്യാംപസിന്റെ ചരിത്രത്തിലും അഭിമാനം കൊണ്ട് അവിടേക്ക് പോവുകയായിരുന്നു.
എസ്എഫ്‌ഐക്കകത്തു നിന്നും എസ്എഫ്‌ഐയുടെ അനീതികള്‍ തിരുത്താന്‍ ചെല്ലരുത് എന്ന് പല സുഹൃത്തുക്കളും മുന്‍പേ പറഞ്ഞതായിരുന്നു. ആണും പെണ്ണും ഒരുമിച്ചിരിക്കരുത് എന്നു കോണ്‍ഗ്രസ് മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് സദാചാരത്തിന് എതിരെ ഇന്‍ക്വിലാബ് വിളിച്ച എന്റെ ആങ്ങളമാര്‍ സമരം കഴിഞ്ഞുവന്നുടനെ ചെയ്തത് ഒരു ബഞ്ചില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തല്ലുകയായിരുന്നു.അന്ന് അത് ചോദിച്ചപ്പോള്‍ പറഞ്ഞത്.. ‘പുറത്ത് നടന്നത് കോണ്‍ഗ്രസുകാരങ്ങനെ പറഞ്ഞതുകൊണ്ടു മാത്രമെന്നും അകത്ത് ഇങ്ങനെയൊക്കെ നടക്കൂ എന്നുമായിരുന്നു’ ഭയം..ഭയം കൊണ്ടുമാത്രം പലരും പലതും കണ്ണടച്ചു ഇരുട്ടാക്കുന്നത് കാണുകയുണ്ടായി. ഒരു ദിവസത്തെ എസ്എഫ്‌ഐ യുടെ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മറ്റിയുടെ വിളിച്ചുകൂട്ടിയതു പോലും ഞാന്‍ അകത്തിട്ടിരിക്കുന്ന ഷിമ്മീസ് പുറത്തു കാണാം എന്നതിനാലായിരുന്നു.എന്റെ ക്ലാസിലെ എല്ലാ കുട്ടികളെയും പുറത്താക്കി എന്നെ മാത്രം ഇരുത്തികൊണ്ടുള്ള ഹരാസ്‌മെന്റ് .അശ്ലീലങ്ങള്‍ സഹിക്കാന്‍ കഴിയാതെ വകുപ്പ് മേധാവിക്ക് പരാതികൊടുക്കുകയും ചെയ്തിരുന്നു.’
വലിയ പ്രതീക്ഷയോടെ ഈ കോളേജില്‍ പഠിക്കാനെത്തിയ ലിഷ അന്ന എന്ന പെണ്‍കുട്ടി പറയുന്നതു കൂടി കേട്ടാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും?
ആദ്യദിവസം തന്നെ ഫുള്‍ കോമഡിയായിരുന്നുവെന്നാണ് ലിഷ പറയുന്നത്. എസ് എഫ് ഐ യുടെ പ്രവര്‍ത്തകര്‍ ആണെന്നു പറഞ്ഞു കുറെ വിദ്യാര്‍ഥികള്‍ ക്ലാസിലേയ്ക്ക് കയറി വന്നു. അവരുടെ വരവ് കണ്ടപ്പോഴെയ്ക്കും ക്ലാസിലെ ബാക്കിയുള്ള കുട്ടികള്‍ എല്ലാം പേടിച്ചരണ്ട് മൂലയ്ക്ക് ഒതുങ്ങി ഇരുന്നു. ക്ലാസില്‍ ഏറ്റവും മുന്നിലെ ഉയര്‍ന്ന സ്ഥലത്ത് മൂന്നാല് എസ് എഫ് ഐക്കാര്‍ ഉപവിഷ്ടരായി. ഈ കാമ്പസില്‍ കുറെ കാലമായി തങ്ങള്‍ മാത്രമേ ഉള്ളുവെന്നും ഇനിയും അങ്ങനൊക്കെ തന്നെ ആയിരിക്കുമെന്നും അവരില്‍ ഒരാള്‍ പറഞ്ഞു. പിന്നെ വേറെ പാര്‍ട്ടി വല്ലതും ഇതിനുള്ളില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശ്രമിക്കുന്നവന്‍ വിവരമറിയും എന്നൊരു ഭീഷണി. മൂന്നു വര്‍ഷം മര്യാദയ്ക്ക് ഇവിടെ ജീവിച്ചു പോവണമെങ്കില്‍ തങ്ങള്‍ അനുവദിച്ചാലേ പറ്റൂ എന്നും അല്ലാത്തവര്‍ക്ക് ഇപ്പോള്‍ തന്നെ ടിസി വാങ്ങി പോവാം എന്നും പറഞ്ഞു. പിള്ളേരൊക്കെ ഭയഭക്തി ബഹുമാനങ്ങളോടെ പേടിച്ചരണ്ട് നോക്കി നില്‍ക്കവേ കുട്ടിസഖാക്കള്‍ കണ്ണുരുട്ടി കക്കൂസില്‍ ഇരിക്കുന്ന പോലെ ഒരു ഭാവവും കാണിച്ച് ഇറങ്ങിപ്പോയി. എങ്ങനെയാണ് കോട്ടകള്‍ സൃഷിടിക്കപ്പെടുന്നതെന്ന് വ്യക്തമായല്ലോ.. എസ് എഫ് ഐ സമരം പ്രഖ്യാപിച്ച ദിവസം ക്ലാസ്സില്‍ കയറിയാല്‍ കിട്ടുന്നത് ഭീകര മര്‍ദ്ദനമായിരിക്കും. ‘എന്നെക്കൊണ്ട് വയ്യ സമരമൊന്നും ചെയ്യാന്‍ ‘എന്ന് പറഞ്ഞ ലിഷക്കും ഉണ്ടായത് മോശം അനുഭവമായിരുന്നു. പത്തു പന്ത്രണ്ടു കുട്ടി സഖാക്കള്‍ ക്ലാസിലേയ്ക്ക് കയറി വന്ന് ഡോര്‍ ലോക്ക് ചെയ്തത്രെ. സമരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഉണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും മൂന്നു വര്‍ഷം ഇവിടെ തികയ്ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ‘എനിക്കിഷ്ടമുള്ളിടത്തോളം കാലം ഞാനിവിടെ നില്‍ക്കും. അതു കഴിഞ്ഞാല്‍ അടുത്ത സ്ഥലത്തേയ്ക്ക് പോവും, എത്രത്തോളം കാലം ഇവിടെ നില്‍ക്കണം എന്ന് ഞാന്‍ തീരുമാനിക്കുന്നോ അത്രത്തോളം സമയം ഞാനിവിടെ നില്‍ക്കും. എനിക്ക് പൂര്‍ണ്ണബോധ്യമില്ലാത്ത ഒരു സമരത്തിലും പങ്കെടുക്കില്ല.’ എന്നു പറഞ്ഞ തന്നെ ഭീഷണിപ്പെടുത്തിയാണ്അവര്‍ പോയതെന്നും ലിഷ പറയുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മിണ്ടാന്‍ പാടില്ല, അടുത്തിരിക്കാന്‍ പാടില്ല. ഇടയ്ക്കുള്ള സമയങ്ങളില്‍ കാമ്പസിലൂടെ നടക്കാന്‍ പാടില്ല തുടങ്ങി നിരവധി ഉത്തരവുകളും എസ് എഫ് ഐക്കുണ്ട്.
കിരീടം വെയ്ക്കാത്ത കുറെ കുട്ടിരാജാക്കന്‍മാര്‍ക്കിടയില്‍ കിടന്നു ശ്വാസം മുട്ടി മരിക്കാന്‍ തീരുമാനിച്ച കുറെ പാവം കുട്ടികളാണ് അവിടെ പഠിക്കുന്നതെന്നും ലിഷ കൂട്ടിചേര്‍ക്കുന്നു. തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ചും പോലീസിന്റെ റോള്‍ സ്വയം ഏറ്റെടുത്തും ചുമ്മാ വേസ്റ്റായി നടക്കുന്ന അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പുരാതനകാല ബഫൂണുകളെയാണ് ഓര്‍മ്മ വരിക എന്നു പറഞ്ഞാണ് ലിഷ അവസാനിപ്പിക്കുന്നത്.
ഫാസിസത്തിന് കാവി നിറം മാത്രമല്ല, മറ്റേതു നിറവും അതിനിണങ്ങുമെന്നുതന്നെയാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു വശത്ത് രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ച് വിദ്യാര്‍ത്ഥികളെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം നടക്കുമ്പോള്‍ മറുവശത്ത് ഗുണ്ടാരാഷ്ട്രീയത്തിലൂടെ ഇവരും ചെയ്യുന്നത് മറ്റൊന്നല്ല എന്നതാണ് വസ്തുത. ഇവരാണ് ഭാവിയില്‍ നമ്മുടെ നേതാക്കളായി വരാന്‍ പോകുന്നതെന്നോര്‍ക്കുമ്പോള്‍ ചിരിക്കണെ കരയണോ എന്നുപോലും മനസ്സിലാകുന്നില്ല..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply