ഇടതുപക്ഷ മഹിളകളെ… ഹാ.. കഷ്ടം
ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ ഉജ്ജ്വലമായ മാര്‍ച്ച് തിരുവനന്തപുരത്ത് നടന്നു. സോളാര്‍ കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്നായിരുന്നു ആവശ്യം. തികച്ചും ന്യായമായ ആവശ്യം. സംശയമില്ല. ഇത്രമാത്രം സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി – പിണറായി വിജയന്‍ പറഞ്ഞ പോലെ സാങ്കേതികവും നിയമപരവുമല്ല മുഖ്യം, ധാര്‍മ്മികമാണ് മുഖ്യം – ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. ജുഡീഷ്യലായാലും സിബിഐയായലും. അക്കാര്യത്തില്‍ യോജിക്കുമ്പോഴും ഇടതുപക്ഷ മഹിളാ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനെ വിമര്‍ശിക്കാതെ വയ്യ. മുഖ്യമന്ത്രി രാജി […]
ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ ഉജ്ജ്വലമായ മാര്‍ച്ച് തിരുവനന്തപുരത്ത് നടന്നു. സോളാര്‍ കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്നായിരുന്നു ആവശ്യം. തികച്ചും ന്യായമായ ആവശ്യം. സംശയമില്ല. ഇത്രമാത്രം സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി – പിണറായി വിജയന്‍ പറഞ്ഞ പോലെ സാങ്കേതികവും നിയമപരവുമല്ല മുഖ്യം, ധാര്‍മ്മികമാണ് മുഖ്യം – ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. ജുഡീഷ്യലായാലും സിബിഐയായലും. അക്കാര്യത്തില്‍ യോജിക്കുമ്പോഴും ഇടതുപക്ഷ മഹിളാ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനെ വിമര്‍ശിക്കാതെ വയ്യ.
മുഖ്യമന്ത്രി രാജി വെക്കാനാവശ്യപ്പെട്ട് മാര്‍ച്ച് നടത്തേണ്ടത് തീര്‍ച്ചയായും എല്‍ ഡി എഫ് ആണ്. അത് മഹിളകളുടെ മാത്രം പ്രശ്‌നമല്ല. ആ മാര്‍ച്ചില്‍ സ്ത്രീകളെ പരമാവധി പങ്കെടുപ്പിക്കുകയാണ് വേണ്ടത്. കാരണം അക്കാര്യത്തില്‍ സ്ത്രീ – പുരുഷ വ്യത്യാസത്തില്‍ കാര്യമില്ലല്ലോ. സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ലല്ലോ അത്്.
സ്ത്രീകള്‍ നേരിടുന്ന് സവിശേഷ പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണല്ലോ വനിതാസംഘടനകള്‍ ആവശ്യമായി വരുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ സവിശേഷമായ ചൂഷണം നേരിടുന്നു എന്നതാണല്ലോ സ്ത്രീ സംഘടനകളുടെ ആവശ്യം അനിവാര്യമാക്കുന്നത്. അത്തരം സാഹചര്യത്തില്‍ പരമാവധി ഊര്‍ജ്ജം ചിലവഴിച്ച് ഒരു സമരമുഖം സ്ത്രീകള്‍ തുറക്കേണ്ടത് ഏതു വിഷയത്തിലായിരിക്കണം? സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് കഴഞ്ഞ ഏതാനും മാസങ്ങള്‍ മാത്രമെടുത്താല്‍ എത്രയോ ഭീകരമായ സംഭവങ്ങള്‍ കേരളത്തില്‍ നടന്നു… ഇപ്പോഴത്തേതിന്റെ പത്തിലൊന്ന് ആവേശത്തോടെയെങ്കിലും ഈ സംഘടനകളെ തെരുവില്‍ കണ്ടില്ല. ഇപ്പോഴിതാ ഇത്രയും ഊര്‍ജ്ജം ചിലവഴിക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നതെന്തുകൊണ്ട്? കാരണം വ്യക്തം. രാഷ്ട്രീയം. സ്ത്രീകളുടെ പ്രശ്‌നങ്ങളേക്കാള്‍ നിങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് നിങ്ങളുടെ രക്ഷാധികാരികളായ പുരുഷന്മാരാല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രശ്‌നങ്ങള്‍ തന്നെ. ഒരിക്കല്‍ കൂടി പറയുന്നു, നിങ്ങള്‍ എല്‍ ഡി എഫിന്റെ ബാനറില്‍ ഇതേ ആവശ്യമുന്നയിച്ച് അണിനിരന്നെങ്കില്‍ ഇതു പറയുകയില്ലായിരുന്നു. എന്നാല്‍ അതെല്ലാം ആണുങ്ങളുടെ പണിയാണല്ലോ.
ഇനി സോളാര്‍ വിഷയം തന്നെയെടുക്കുക. അഴിമതി നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. സംശയമില്ല. എന്നാല്‍ എന്താണ് കേരളത്തില്‍ നടക്കുന്നത്? സരിതയും ശാലുവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എത്രയോ സ്ത്രീ വിരുദ്ധമായാണ് പോകുന്നത്. ഇവര്‍ പുരുഷന്മാരാണെങ്കില്‍ ഈ വിഷയം ഇങ്ങനെ ആഘോഷിക്കപ്പെടുമായിരുന്നോ? നിയമത്തിനു മുന്നില്‍ എല്ലാവരും തുല്ല്യര്‍. അതു ശരി. എന്നാല്‍ അതാണോ ഇപ്പോള്‍ നടക്കുന്നത്? സരിതയും ശാലുവുമൊക്കെ ബിജു രാധാകൃഷ്ണന്റെ കളിപ്പാവകളാകുകയായിരുന്നു എന്നു വ്യക്തം. എന്നാല്‍ എങ്ങനെയാണ് ഈ വിഷയം ഇന്ന് സമൂഹത്തില്‍ അവതരിക്കപ്പെടുന്നത്? സരിതയേയും ശാലുവിനേയും കുറ്റവാളികളാണെങ്കില്‍ ശിക്ഷിക്കണമെന്ന് പറയുന്നതിനോടൊപ്പം സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം എന്തുകൊണ്ട് നിങ്ങള്‍ക്കുണ്ടായില്ല? എന്തിനേറെ, ജോസ് തെറ്റയലുമായി ബന്ധപ്പെട്ട പെണ്‍കുട്ടിക്കൊപ്പം നില്‍ക്കാന്‍ പോലും നിങ്ങള്‍ക്കായില്ലല്ലോ. ഇന്നു തന്നെ നിയമസഭയില്‍ ഒരു ഇടതുപക്ഷ നേതാവ് പറയുന്ന കേട്ടു, ആണത്തമില്ലാതാണ് പ്രശ്‌നമെന്ന്്? എന്താണ് ഈ ആണത്തം? പെണ്ണത്തത്തിനു എന്താണ് തകരാറ്? ഇക്കാര്യങ്ങള്‍ എന്നാണ് നിങ്ങളുടെ അജണ്ടയില്‍ വരുക? ഒരിക്കലും വരില്ല എന്നതാണ്് സത്യം. കാരണം നിങ്ങളുടേത് കേവലം പോഷക സംഘടനകള്‍ മാത്രം. പിതൃസംഘടനയെ പോഷിപ്പിക്കല്‍ മാത്രമാണ് നിങ്ങളുടെ കടമ.
പിതൃസംഘടനകളുടെ അവസ്ഥയോ? എല്ലാം വിഷയങ്ങള്‍ക്കും പരിഹാരം വര്‍ഗ്ഗസമരമാണെന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിനെതിരെ സ്വതന്ത്രമായ നിലയില്‍ സ്ത്രീ സംഘടനകളും ദളിത് സംഘടനകളും ഉയര്‍ന്നു വന്ന സാഹചര്യത്തിലാണല്ലോ ഈ വിഷയങ്ങളില്‍ ഇടപെടാന്‍ ഈ സംഘടനകള്‍ തീരുമാനിച്ചത്. അതാകട്ട ഈ വിഭാഗങ്ങളെ കൊണ്ട് തങ്ങളുടെ കോടിയേന്തിക്കാനും പ്രകടനങ്ങള്‍ക്കുമുന്നില്‍ ബാനര്‍ പിടിക്കാനും മറ്റും മാത്രം. ധൃതരാഷ്ട്രാലിംഗനം… അക്കാര്യത്തില്‍ വന്‍ വിജയംതന്നെയാണ് നിങ്ങള്‍ നേടിയത്. അതിനുള്ള ഉദാഹരണമായിരുന്നു ഈ മാര്‍ച്ച്. എന്നാല്‍ പാര്‍ട്ടി പോരേ? എന്തിന് വേറെ വനിതാ സംഘടന….? …………….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in