ആര്‍ത്തവം അശുദ്ധമല്ല

ആര്‍ത്തവം ആശുദ്ധിയാണെന്ന ഹസ്സന്റെ പ്രസ്താവന അദ്ദേഹത്തിന്റെയല്ല, അദ്ദേഹത്തിന്റെ മതത്തിന്റെയാണ്. അദ്ദേഹത്തിന്റെ മതം ഇസ്‌ലാമാണ്. എന്നാല്‍ ഈ സങ്കല്‍പം ഇസ്‌ലാമിന്റെ സ്വന്തമല്ല, അത് ചില പൂര്‍വമതങ്ങളില്‍ നിന്നും ഇസ്‌ലാം സ്വീകരിച്ചതാണ്. ആര്‍ത്തവമെന്നാല്‍ അശുദ്ധി എന്നുള്ള സങ്കല്‍പ്പങ്ങള്‍ ചില മതങ്ങളിലുണ്ട്. പ്രധാനമായും ഇത് ആര്യമതത്തിന്റെ സംഭാവനയാണ്. ആര്യമതം എന്നുദ്ദേശിച്ചത് ഇറാനിലെ പ്രധാനമതമായിരുന്ന പാഴ്‌സി മതത്തെയാണ്. പാഴ്‌സിയില്‍ നിന്നാണ്, ബ്രാഹ്മണമതം, യഹൂദമതംഇതില്‍ നിന്നുണ്ടായ ക്രിസ്ത്യന്‍ ഇസ്‌ലാം മതങ്ങള്‍, യസീദി തുടങ്ങിയ വിവിധ മതങ്ങള്‍ ഉണ്ടായത്. ബ്രാഹ്മണമതത്തിലൂടെ ആര്‍ത്താവാശുദ്ധി ഹിന്ദു ഏറ്റെടുത്തു. ഏതാണ്ട് […]

mmm

ആര്‍ത്തവം ആശുദ്ധിയാണെന്ന ഹസ്സന്റെ പ്രസ്താവന അദ്ദേഹത്തിന്റെയല്ല, അദ്ദേഹത്തിന്റെ മതത്തിന്റെയാണ്. അദ്ദേഹത്തിന്റെ മതം ഇസ്‌ലാമാണ്. എന്നാല്‍ ഈ സങ്കല്‍പം ഇസ്‌ലാമിന്റെ സ്വന്തമല്ല, അത് ചില പൂര്‍വമതങ്ങളില്‍ നിന്നും ഇസ്‌ലാം സ്വീകരിച്ചതാണ്.
ആര്‍ത്തവമെന്നാല്‍ അശുദ്ധി എന്നുള്ള സങ്കല്‍പ്പങ്ങള്‍ ചില മതങ്ങളിലുണ്ട്. പ്രധാനമായും ഇത് ആര്യമതത്തിന്റെ സംഭാവനയാണ്. ആര്യമതം എന്നുദ്ദേശിച്ചത് ഇറാനിലെ പ്രധാനമതമായിരുന്ന പാഴ്‌സി മതത്തെയാണ്. പാഴ്‌സിയില്‍ നിന്നാണ്, ബ്രാഹ്മണമതം, യഹൂദമതംഇതില്‍ നിന്നുണ്ടായ ക്രിസ്ത്യന്‍ ഇസ്‌ലാം മതങ്ങള്‍, യസീദി തുടങ്ങിയ വിവിധ മതങ്ങള്‍ ഉണ്ടായത്. ബ്രാഹ്മണമതത്തിലൂടെ ആര്‍ത്താവാശുദ്ധി ഹിന്ദു ഏറ്റെടുത്തു.
ഏതാണ്ട് ആറായിരം വര്‍ഷങ്ങള്‍ മുന്‍പാണ് ആചാര്യ സരതുഷ്ട്രന്‍ പാഴ്‌സി മതാചരണങ്ങളെ ചിട്ടപ്പെടുത്തുന്നതും പല നിയമങ്ങളും ഉരുവപ്പെടുത്തുന്നതും, അന്നും അതിനു മുന്‍പും ആ മതത്തില്‍ നിലവിലുണ്ടായിരുന്ന വിലക്കുകളില്‍ പലതും അതില്‍നിന്നുമുണ്ടായ പല മതങ്ങളും ഏറ്റെടുത്തു. ബ്രാഹ്മണമതം ചാതുര്‍വര്‍ണ്യവും ദ്വിജത്വവും പാഴ്‌സിയില്‍ നിന്നും ഏറ്റെടുത്തതാണ്. പാഴ്‌സിയില്‍ നിന്നും യഹൂദ മതം വേര്‍പിരിഞ്ഞപ്പോള്‍ അവരും അവയില്‍ പലതും ഉപേക്ഷിച്ചില്ല. ലേവ്യപുസ്തകത്തില്‍ പറയുന്ന അശുദ്ധികള്‍ എല്ലാം തന്നെ പാഴ്‌സികളും ബ്രാഹ്മണരും അനുഷ്ഠിക്കുന്നത് തന്നെയാണ്. അവയില്‍ ഒന്നാണ് ആര്‍ത്തവാശുദ്ധിയും. പാഴ്‌സിയില്‍ ആര്‍ത്തവക്കാരിയെ ‘ബിനമാസി’ നമാസ് വിലക്കപ്പെട്ടവള്‍ എന്നുള്ള അര്‍ത്ഥത്തില്‍ സംബോധന ചെയ്യുന്നു. ആര്‍ത്തവകാലത്തില്‍ അവള്‍ ആരാധനകളില്‍ നിന്നും മാറിനില്‍ക്കണമെന്ന പാഴ്‌സിനിയമം ഇന്നും ലോകത്തിലെ പല പ്രമുഖമതങ്ങളും പിന്തുടരുന്നു.
ആര്‍ത്തവം സ്ത്രീക്ക് ശാരീരികമായ അവശതകള്‍ സമ്മാനിക്കുന്നു എങ്കിലും, അശുദ്ധയാക്കി മുദ്രകുത്തുന്നത് പുരുഷാധിപത്യത്തിന്റെ ചിഹ്നമാണ്. പാഴ്‌സി, യഹൂദ, ബ്രാഹ്മണ, ഇസ്‌ലാം, ക്രൈസ്തവ മതങ്ങള്‍ എല്ലാംതന്നെ പുരുഷാധിപത്യമതങ്ങളാണ്. ആദിപൗരാണികതയില്‍ സ്ത്രീ പുരുഷനേക്കാള്‍ ഉയര്‍ന്നവളും അധികാരിണിയുമായിരുന്ന ഗോത്രകാലം പിന്നിട്ട്, സാമൂഹിക നിയമങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ ലൈംഗികതക്കായുള്ള പുരുഷന്റെ മത്സരം സ്ത്രീയെ വിലക്കുന്നതിലും വിവാഹമെന്നത് സ്ത്രീയേക്കാള്‍ പുരുഷന്റെ ഇച്ഛാനുസൃതമായി നടക്കേണ്ട ഒന്നാണെന്നുമുള്ള വീക്ഷണങ്ങള്‍ ശക്തി പ്രാപിച്ചപ്പോഴാണ് സ്ത്രീയുടെ അധികാരത്തെയും അവകാശങ്ങളെയും പുരുഷന്‍ പരിമിതപ്പെടുത്തിയതും അവളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതും. അതിന്റെ ഒരു പ്രധാനപ്പെട്ട വഴിയായി സ്വീകരിച്ചത് മാനസികമായും സ്ത്രീയില്‍ അധമബോധം സൃഷ്ടിക്കുക എന്നുള്ളതായിരുന്നു. അശുദ്ധമാകുന്ന ഒരു വസ്തുവാണ് താന്‍ എന്നുള്ള അധമബോധം, ദൈവത്തിന്റെ രണ്ടാംകിട ഉല്‍പ്പന്നം, പുരുഷന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവള്‍, അവന്റെ ശരീരത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതിനാല്‍ അവനോടു എന്നും വണങ്ങിയും അനുസരിച്ചും നില്‍ക്കേണ്ടവള്‍ എന്നുള്ള നിരവധി അധമബോധ്ങ്ങള്‍ അവളില്‍ പകര്‍ന്നു നല്‍കിയതിന്റെ ഭാഗമായിരുന്നു ആര്‍ത്തവാശുദ്ധിയും. സ്വന്തം സ്പര്‍ശം കൊണ്ട് പുരുഷനെയും അശുദ്ധപ്പെടുത്തുന്ന മാലിന്യം ആണ് താന്‍ എന്നുള്ള ചിന്തയാണ് അവളിലേക്ക് ഇതിലൂടെ നട്ടുകൊടുത്തത്.
ബ്രാഹ്മണര്‍ വേദത്തിന്റെ കര്‍മ്മഭാഗത്തില്‍ ഉള്‍പ്പെടുത്തിയ അശുദ്ധികള്‍ മനുസ്മൃതിയിലൂടെ നിയമങ്ങളായി ഇന്ത്യയില്‍ നടപ്പാക്കി (വേദത്തിന്റെ സംക്ഷിപ്തമാണ് സ്മൃതി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇത് ചെയ്തിരിക്കുന്നത്). ലേവ്യപുസ്തകത്തിലെ നിയമങ്ങളിലൂടെ യഹൂദമതത്തില്‍ ജൂതരും, അതില്‍നിന്നും, ഒപ്പം പുതിയ നിയമത്തിലെ ഒരു പ്രസ്താവത്തിന്റെ ചുവടുപിടിച്ച് ചില ക്രൈസ്തവസമൂഹങ്ങളും, ബിനമാസിയും യഹൂദനിയമങ്ങളുടെ പാരമ്പര്യവും ഏറ്റെടുത്ത ഇസ്‌ലാമും ആര്‍ത്തവാശുദ്ധിയെ പരിപാലിച്ചു.
ഇസ്‌ലാമില്‍ ആര്‍ത്തവാശുദ്ധി വലിയ പ്രശ്‌നമായിരുന്നില്ല. ചില നാടുകളില്‍ നിലനിന്ന ചില കള്‍ട്ടുകളില്‍നിന്നാകണം അവരില്‍ ആ അശുദ്ധിയുടെ സ്വീകരണം ഉണ്ടായത്. ഇസ്‌ലാം പേര്‍ഷ്യയെ കീഴടക്കി എങ്കിലും അന്നത്തെ ഐശ്വര്യപൂര്‍ണവും വിദ്യാസമ്പന്നവുമായിരുന്ന പേര്‍ഷ്യ സാംസ്‌കാരികമായി അറേബ്യയെയായിരുന്നു കീഴടക്കിയത്. പേര്‍ഷ്യന്‍ ഭാഷയിലെ നിരവധി പദങ്ങളും പേരുകളും ശാസ്ത്രകല്‍പനകളും പഠനങ്ങളും പേര്‍ഷ്യന്‍ സംസ്‌കാരത്തിനൊപ്പം ഇസ്‌ലാമില്‍ എത്തിയ ഒപ്പം ‘ബിനമാസി’ ഇസ്‌ലാമിനെ സ്വാധീനിച്ചിരിക്കണം. ക്രൈസ്തവരില്‍ പല കത്തോലിക്കാ സമൂഹങ്ങളും സുവിശേഷസമൂഹങ്ങളും ആര്‍ത്തവാശുദ്ധിയെ അംഗീകരിക്കുന്നവരല്ല. എന്നാല്‍ ക്രൈസ്തവസമൂഹത്തിലെ നിരവധി ശാഖകള്‍, പ്രത്യേകിച്ചും ഭാരതത്തില്‍, ആര്‍ത്തവം അശുദ്ധിയായി കാണുന്നു. അത് ലേവ്യപുസ്തകത്തിലെ പരാമര്‍ശവും ഹിന്ദുക്കളില്‍നിന്നും കടംകൊണ്ട രീതിയും ആയി വന്നതായിരിക്കാം.
എന്നാല്‍ ഹിന്ദുമതത്തിന്റെയും ഇസ്‌ലാമിന്റെയും മിശ്രണമായ ശിഖമതം (സിഖ്) സ്ത്രീയെ ഒരുതരത്തിലും അശുദ്ധ എന്ന് അംഗീകരിച്ചില്ല. സ്ത്രീയ്ക്ക് പുരുഷനുള്ള അത്രയും ശക്തമായ തുല്യതയാണ് സിഖ് മതം കല്‍പ്പിച്ചത്. ആര്‍ത്തവ സമയത്ത് അവളെ അശുദ്ധ എന്ന് വിളിക്കുന്നതിനെയോ ആരാധനാകാര്യങ്ങളില്‍നിന്നും വിലക്കുന്നതിനെയും സിഖ് മതം എതിര്‍ക്കുകയാണ് ചെയ്തത്. സ്ത്രീ അവളുടെ അച്ഛന്റെയോ ഭര്‍ത്താവിന്റെയോ പേരോ സ്ഥാനനാമമോ സ്വന്തം പേരില്‍ ചേര്‍ക്കുന്നതുപോലും അവളുടെ സ്വത്വത്തിനു വിരുദ്ധമാണെന്ന് വാദിക്കുന്ന സിഖ് മതം, ഓരോ സ്ത്രീയും ഒരു രാജകുമാരിയാണ് എന്നുള്ള അര്‍ത്ഥത്തില്‍ അവളുടെ പേരിനൊപ്പം ‘കൗര്‍’ എന്ന് ചേര്‍ക്കുന്നതിനെയാണ് താല്‍പര്യപ്പെടുന്നത്.
ആര്‍ത്തവം സ്ത്രീയെ കഷ്ടപ്പെടുത്താതിരിക്കാനും അതിന്റെ ശാരീരിക വൈഷമ്യങ്ങള്‍ ഉള്ളപ്പോള്‍ പണികളില്‍നിന്നും ഒഴിവാക്കാനും ആണെന്ന് പറയാറുണ്ട്. പക്ഷേ, ഇതൊരുപരിധിവരെ ഒഴിവുകഴിവു മാത്രമാണ്. കാരണം, ആര്‍ത്തവം അശുദ്ധമായി കാണുന്നത് പുരുഷാധിപത്യ മതങ്ങളില്‍ ആണെന്നുള്ളതൊരു വസ്തുതയാണ്. സ്ത്രീയ്ക്ക് പൗരോഹിത്യം നിരോധിക്കാത്ത, സ്ത്രീയെ അകറ്റി നിര്‍ത്താത്ത താന്ത്രികമതങ്ങളില്‍ ആര്‍ത്തവാശുദ്ധി പ്രശ്‌നമല്ല. ബുദ്ധമതം ഉദാഹരണമാണ്. ഇന്ത്യന്‍ ബുദ്ധമതത്തില്‍ ബ്രാഹ്മണികമായ ചേര്‍ക്കലുകള്‍ ഇക്കാര്യത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരിക്കാം, പക്ഷേ, ഇന്ത്യക്കുവെളിയില്‍ ബുദ്ധമതത്തില്‍ ഇത്തരം അശുദ്ധി കാണാനില്ല. തേരവാദബുദ്ധമതം സ്ത്രീശരീരത്തിന്റെ സ്വാഭാവികത മാത്രമായി ആര്‍ത്തവത്തെ നിരീക്ഷിക്കുകയും അതില്‍ അശുദ്ധി കാണേണ്ട കാര്യമില്ല എന്ന് പറയുകയും ചെയ്യുന്നു. പക്ഷേ, ഇക്കാര്യത്തില്‍ ജാപ്പനീസ് ബുദ്ധമതം നേരെ തിരിച്ചാണ്. അവര്‍ ആര്‍ത്തവക്കാരികളെ അകറ്റിനിര്‍ത്തുന്നു.
ശുദ്ധമായ താന്ത്രികമതം ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്നില്ല. താന്ത്രിക രീതികളില്‍ പോകുന്ന സന്യാസിമഠങ്ങളില്‍ ആര്‍ത്തവം കാര്യമാക്കാതെ സ്ത്രീകള്‍ തന്നെ പൂജകള്‍ ചെയ്യുന്നുമുണ്ട്. ഭാരതത്തില്‍ ആദിയില്‍ നിലനിന്നിരുന്ന സമൂഹങ്ങളില്‍ സ്ത്രീക്ക് മേധാവിത്വവും പൗരോഹിത്യവും സ്ത്രീയില്‍ക്കൂടി സ്വത്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്ന മരുമക്കത്തായവും ദൈവം പെണ്ണാണ് എന്ന് കല്‍പ്പിക്കുന്ന അമ്മദൈവത്തിന്റെ ആരാധനയും നിലനിന്നിരുന്നു. ഇവയെ ഇറാനില്‍നിന്നും ബ്രാഹ്മണരായി പരിണമിച്ച് ഭാരതത്തില്‍ കുടിയേറിയ ദേവമതക്കാരായി മാറിയ അസുരമതക്കാര്‍ ഹൈജാക്ക് ചെയ്തതിന്റെ ഫലമാണ് താന്ത്രികമായ പാരമ്പര്യം ഉണ്ടായിട്ടുംകൂടി ഹിന്ദുസമൂഹത്തില്‍ ഇന്ന് ഏതാണ്ട് മുഴുവനായുംതന്നെ ആര്‍ത്തവാശുദ്ധിയില്‍ വിശ്വസിക്കുന്നവരായി മാറിയത്. ഹിന്ദുമതത്തില്‍ ശുദ്ധ താന്ത്രികം നഷ്ടപ്പെടുകയും ബ്രാഹ്മണര്‍ കൊണ്ടുവന്ന വൈദികപാരമ്പര്യം സമ്മിശ്രണം ചെയ്ത് വൈദികതന്ത്രികം ഉണ്ടാകുകയും ചെയ്തു. വൈദികതാന്ത്രികപ്രകാരമാണ് കേരളത്തിലെ അമ്പലങ്ങളില്‍ ആരാധനാനിയമങ്ങള്‍. അമ്പലങ്ങളില്‍ ആര്‍ത്തവാശുദ്ധി വരുന്നത് ഇങ്ങനെയാണ്.
അസം പോലുളള ഇടങ്ങളില്‍ സ്ത്രീയെ ആരാധിക്കുന്ന ശാക്തേയമതം ഭൂമിയുടെ ആര്‍ത്തവകാലഘട്ടം എന്ന സങ്കല്പം എല്ലാ വര്‍ഷവും ഉത്സവമായി ആഘോഷിക്കുന്നു. മൂന്നു ദിവസം അമ്പലം അടച്ചിടും എങ്കില്‍പ്പോലും ഇത്, ബ്രാഹ്മണികമായ അശുദ്ധി എന്നതില്‍നിന്നും വിഭിന്നമായി ഊര്‍വരതാചരണങ്ങളുടെ ആഘോഷമാണ്. ശാക്തേയരീതിയില്‍ സൂര്യനും മണ്ണും എല്ലാം പെണ്ണാണ്. അവിടെ ആര്‍ത്തവം ഉത്‌സവമാണ്. ഉര്‍വ്വരയായ ഭൂമിയുടെ ആര്‍ത്തവം എന്ന സങ്കല്‍പം പൗരാണികമായ പല കര്‍ഷക സമൂഹങ്ങളും ഇന്ത്യയില്‍ പുലര്‍ത്തിപ്പോന്നിരുന്നു. അവിടെ ആര്‍ത്തവക്കാരിയായ സ്ത്രീ ആ ദിനങ്ങളില്‍ വിശ്രമം എടുക്കുംപോലെ ഭൂമിക്ക് വിശ്രമം നല്‍കുക എന്ന സങ്കല്‍പ്പത്തില്‍ കാര്‍ഷികവൃത്തികള്‍ നിര്‍ത്തിവയ്ക്കും. ഒഡിഷയിലെ ആദിവാസി സമൂഹങ്ങള്‍ ഇന്നും ഈ രീതികള്‍ പിന്തുടരുന്നു. ശാക്തേയത്തിനു സമാനമായ പേഗന്‍ മതങ്ങളും ഉര്‍വ്വരതയെ ആഘോഷമാക്കുന്നവരും ഇത്തരം സങ്കല്പങ്ങള്‍ ആചരിക്കുന്നത് കാണാനാകും.
ചുരുക്കത്തില്‍, ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ ആര്‍ത്തവം അശുദ്ധിയായും അശുദ്ധിയല്ലാതെയും ആചരിക്കപ്പെടുകയോ ആഘോഷിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. എങ്കിലും പ്രാമാണികമായി പറയാനാകുന്നത്, അത്തരം സമൂഹങ്ങള്‍ പുരുഷാധിപത്യപ്രധാനമോ അല്ലയോ എന്നുള്ളതിനെ അനുസരിച്ചായിരിക്കും ഈ കാഴ്ചപ്പാടിന്റെ വ്യത്യാസങ്ങള്‍ എന്നുള്ളതാണ്. അതായത് ഇത് വിശ്വാസപരമാണെങ്കിലും ലിംഗസമത്വത്തിന്റെ വിഷയമാണ്. ലിംഗസമത്വമില്ലായ്ക കടന്നുകയറ്റം വിശ്വാസത്തിലേക്ക് നടന്നതിനാലാണ് ആര്‍ത്തവം അശുദ്ധിയായത്.

(കടപ്പാട് – വാട്‌സ് ആപ്പ് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply