ആധുനികത്വത്തിന്റെ യുക്തിയെ ജൈവകൃഷി ചോദ്യം ചെയ്യുമ്പോള്‍
വി. അശോക് കുമാര്‍ രാസകൃഷിയും ആധുനിക ജീവിതവും വരുത്തിവെച്ച ആപത്‌സന്ധികളാണ് ജൈവകൃഷിയിലേക്കും അതിലൂടെ മറ്റൊരു ജീവിതസൃഷ്ടിയിലേയ്ക്കും തിരിയാന്‍ ഇന്നു ലോകത്തെ പ്രേരിപ്പിക്കുന്നത്. നമ്മെ പേടിപ്പിക്കുകയും വേദനിപ്പിക്കുകയും അരിശം കൊള്ളിക്കുകളും നിരാശപ്പെടുത്തുകയും ചെയ്യുന്ന സമകാലീകമായ പല വിപത്തുകളും ഇക്കഴിഞ്ഞ നൂറ്റാണ്ടുകള്‍ക്കുള്ളില്‍ കാര്‍ഷിക ആവാസവ്യവസ്ഥ (agro ecstsoyem)യെ തകര്‍ത്തതിന്റെ ഫലമായി വന്നുചേര്‍ന്നവയാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക ആവാസവ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനുള്ള ഒരേയൊരു വഴി ജൈവകൃഷിയാണ്. അതുകൊണ്ട് ഒരു കൃഷിരീതി എന്നതിനപ്പുറം ജൈവകൃഷി ഇന്ന് സൂക്ഷ്മതലത്തിലുള്ള സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് വ്യക്തിയുടേയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും […]
രാസകൃഷിയും ആധുനിക ജീവിതവും വരുത്തിവെച്ച ആപത്‌സന്ധികളാണ് ജൈവകൃഷിയിലേക്കും അതിലൂടെ മറ്റൊരു ജീവിതസൃഷ്ടിയിലേയ്ക്കും തിരിയാന്‍ ഇന്നു ലോകത്തെ പ്രേരിപ്പിക്കുന്നത്. നമ്മെ പേടിപ്പിക്കുകയും വേദനിപ്പിക്കുകയും അരിശം കൊള്ളിക്കുകളും നിരാശപ്പെടുത്തുകയും ചെയ്യുന്ന സമകാലീകമായ പല വിപത്തുകളും ഇക്കഴിഞ്ഞ നൂറ്റാണ്ടുകള്‍ക്കുള്ളില്‍ കാര്‍ഷിക ആവാസവ്യവസ്ഥ (agro ecstsoyem)യെ തകര്‍ത്തതിന്റെ ഫലമായി വന്നുചേര്‍ന്നവയാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക ആവാസവ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനുള്ള ഒരേയൊരു വഴി ജൈവകൃഷിയാണ്. അതുകൊണ്ട് ഒരു കൃഷിരീതി എന്നതിനപ്പുറം ജൈവകൃഷി ഇന്ന് സൂക്ഷ്മതലത്തിലുള്ള സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് വ്യക്തിയുടേയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും പ്രതിരോധവും മുന്നേറ്റവുമായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല പുതിയൊരു ജീവിതക്രമത്തെ മുന്നോട്ടുവെച്ചുകൊണ്ട് ലോകതലത്തില്‍ത്തന്നെ ജൈവകൃഷി കര്‍മ്മ സമരമാര്‍ഗ്ഗമായിട്ടുണ്ട്.
കാര്‍ഷിക ആവാസവ്യവസ്ഥയുടെ തകര്‍ച്ച
പ്രകൃതിയില്‍ കാട്, പുഴ, അഴിമുഖം, തണ്ണീര്‍ത്തടം എന്നിങ്ങനെ പലവിധ ആവാസവ്യവസ്ഥകളുണ്ട്. സ്വയം സമ്പൂര്‍ണ്ണമായ ഈ ജീവല്‍ സംവിധാനക്രമത്തെ പിന്‍പറ്റി, അവയുടെ തുടര്‍ച്ചയായി മനുഷ്യപ്രയത്‌നങ്ങള്‍ രൂപം പൂണ്ട്, പുതിയ ഒരു സ്വയം സമ്പൂര്‍ണ്ണക്രമമാണ് കാര്‍ഷിക ആവാസവ്യവസ്ഥ. കൃഷിയെ ആശ്രയിച്ചു നിലനിന്നുപോരുന്ന ജൈവവൈവിധ്യലോകമാണത്.
പ്രകൃതിയെ അനുകരിച്ച് ആഹാരം ഉല്‍പാദിപ്പിക്കുന്ന പ്രക്രിയ മനുഷ്യന് ഏറ്റെടുത്തേ മതിയാവൂ. അന്നോല്‍പാദനം ഒരേസമയം മനുഷ്യന്റെ ഗതികേടും സ്വാതന്ത്ര്യവുമാണ്. പ്രകൃതിക്കുമാത്രം വശമുള്ള ഈ ഉല്‍പാദനപ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ അത് അങ്ങേയറ്റം പ്രകൃത്യാനുസാരിയാകുവാന്‍ നാട്ടുമനുഷ്യര്‍ ശ്രദ്ധകൊടുത്തു. അങ്ങനെയാണ് പ്രകൃതി നിര്‍മ്മിത ആവാസവ്യവസ്ഥയുടെ അനുബന്ധമായി മനുഷ്യനിര്‍മ്മിത ആവാസവ്യവസ്ഥ രൂപപ്പെടുന്നത്. ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ മണ്ണിനം, കാലാവസ്ഥാഭേദങ്ങള്‍, ജലലഭ്യത, സൂര്യാദിഗോളങ്ങളുടെ ചലനം എന്നിവയൊക്കെ ആഴത്തില്‍ പഠിച്ചുകൊണ്ട് നൂറ്റാണ്ടുകളുടെ അനുഭവപരീക്ഷണശാലകളില്‍ നിന്നാണ് കാര്‍ഷിക ആവാസവ്യവസ്ഥയുടെ നാട്ടുകൃഷി പാരമ്പര്യം വാമൊഴിയായും വരമൊഴിയായും പകര്‍ത്തപ്പെട്ടത്.’ഞാറ്റുവേല’യെ അടിസ്ഥാനമാക്കിയുള്ള കേരളത്തിലെ നാട്ടുകൃഷിരീതികളില്‍ കാണുന്നത് ഈ നാട്ടുകൃഷിശാസ്ത്രമാണ്. ഉത്തരമലബാറിലെ കൈപ്പാടുനിലങ്ങളും എറണാകുളം, ആലപ്പുഴ തീരദേശങ്ങളിലെ പൊക്കാളിപ്പാടങ്ങളും തൃശൂര്‍ പൊന്നാനി കോള്‍നിലങ്ങളും വയനാടന്‍ നഞ്ചയും ഓണാട്ടുകരയുമൊക്കെ ഓരോ കാര്‍ഷിക ആവാസവ്യവസ്ഥകളാണ്.
കാര്‍ഷികവൃത്തിതന്നെ പ്രകൃതിവിരുദ്ധമായി കാണുന്ന ചിന്താഗതി നാട്ടുകാര്‍ഷികവഴക്കങ്ങളില്‍ കാണാനാവില്ല. ഈ ചിന്ത തികച്ചും പുതിയതാണ്. കാരണം കാര്‍ഷിക ആവാസവ്യവസ്ഥയെയും അതിനൊപ്പം പ്രകൃതിയിലെ ആവാസവ്യവസ്ഥകളെയും തകര്‍ക്കുന്ന ആധുനിക കൃഷിരീതികളുടെ വക്താക്കളാണ് കൃഷിയെ ഒന്നാകെ പ്രകൃതിനിഷേധമായി ചിത്രീകരിക്കുന്നത്. അവരുടെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയെ പരുക്കേല്‍പ്പിക്കുന്നതിനാല്‍ എക്കാലത്തെയും എല്ലാവരുടെയും കൃഷിയെ അതേ കണ്ണില്‍ത്തന്നെ അവര്‍ കാണുന്നു.
അധിനിവേശകാലം മുതലാണ് കാര്‍ഷിക ആവാസവ്യവസ്ഥയുടെ തകര്‍ച്ച തുടങ്ങുന്നത്. അവിധിനിവേശമെന്നാല്‍ പ്രധാനമായും പുതിയ കാര്‍ഷിക സംവിധാനത്തിന്റെ സ്ഥാപനമാണ്. തദ്ദേശീയ കാര്‍ഷികലോകം ആഗോള കമ്പോളത്തിനുവേണ്ട നാണ്യവിള/ഏകവിളത്തോട്ടങ്ങളാക്കി പരുവപ്പെടുന്നത് കോളനിത്വ (colonialtiy)ത്തിന്റെ മുഖമുദ്രയാണ്. തോട്ടം ഉടമ (planter) അഥവാ കോളനി യജമാനന്‍ ആധുനിക യൂറോപ്യന്‍ ആണ്. തോട്ടം കൃഷി, കോളനിത്വം, ആധുനികത്വം (moderntiy) എന്നിവ ഓരോ കാലത്ത് സംഭവിച്ചു. ഓരോന്നും മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലകൊള്ളുന്നു.
തോട്ടംകൃഷി, അതിനു കാരണമായ കോളനിത്വം, അതിന്റെ ഫലമായ ആധുനികത്വം ഇവ ഒരുമിച്ചു പങ്കുവെയ്ക്കുന്ന വിശ്വാസപ്രമാണങ്ങളും അതിന്റെ പ്രയോഗങ്ങളും പരിശോധിക്കുമ്പോള്‍ കാര്‍ഷിക ആവാസവ്യവസ്ഥ എങ്ങനെ തകര്‍ക്കപ്പെട്ടുവെന്നും പ്രത്യാഘാതങ്ങള്‍ എന്തായിരുന്നുവെന്നും ജൈവകൃഷി എന്തുകൊണ്ട് പ്രസക്തമാകുന്നുവെന്നും ബോധ്യപ്പെടും.
ആധുനികത്വത്തിന്റെ വിശ്വാസപ്രമാണങ്ങള്‍
1. തെരഞ്ഞെടുക്കപ്പെട്ട മുന്തിയ ഇനത്തിലുള്ള വിശ്വാസവും അതിന്റെ വ്യാപനവും:
ചില ജാതികള്‍മാത്രം വ്യാപിക്കുന്നത് ചരിത്രപരമായ അനിവാര്യതയും ആവശ്യകതയും പുരോഗതിയുമാണെന്ന വിശ്വാസമാണിത്. അവ വ്യാപിക്കുമ്പോള്‍ ഇതര ജാതികള്‍ക്കുണ്ടാകുന്ന വംശനാശം വൈവിധ്യനാശം പരിണാമത്തിന്റെ സ്വാഭാവികഗതിയായി വിലയിരുത്തപ്പെടുന്നു.
പതിനേഴാം നൂറ്റാണ്ടുമുതല്‍, കേരളത്തില്‍ ഡച്ചുകാലം മുതലെങ്കിലും തീരദേശങ്ങളില്‍ തെങ്ങിന്‍തോട്ടങ്ങളുടെ വ്യാപനം വയല്‍ ആവാസവ്യവസ്ഥയെ തകര്‍ക്കാന്‍ തുടങ്ങി. ഇതേകാലത്ത് കരീബിയന്‍ ദ്വീപുകളില്‍ യൂറോപ്യന്‍ കരിമ്പിന്‍ തോട്ടങ്ങള്‍, അമേരിക്കയില്‍ പുകയിലത്തോട്ടങ്ങള്‍ ഇവ അടിമക്കച്ചവടവും ആധുനിക ദുശ്ശീലങ്ങളുമുണ്ടാക്കി. 1877ല്‍ കേരളത്തില്‍ പൂഞ്ഞാര്‍ രാജാവ് 1,36,000 ഏക്കര്‍ വനഭൂമി, പശ്ചിമഘട്ടവനമേഖലകള്‍ 300 രൂപയ്ക്കു പാട്ടം വാങ്ങിക്കൊണ്ട് തേയില, കാപ്പിത്തോട്ടങ്ങളുണ്ടാക്കാന്‍ ജോണ്‍ ഡാനിയേല്‍ മണ്‍റോയ്ക്കു വിട്ടുകൊടുത്തു. വനം നശിപ്പിച്ചുണ്ടായ ഏകവിളത്തോട്ടങ്ങള്‍ മണ്ണൊലിപ്പ്, വരള്‍ച്ച, വളശോഷണം, ജീവനാശം, കാലാവസ്ഥാമാറ്റം എന്നിവ വരുത്തി. ഭക്ഷ്യോല്‍പാദനം കുറച്ചു. ഭൂമി നാണ്യവിളയ്ക്കുള്ള ക്രയവിക്രയ ചരക്കാക്കി മാറ്റി. ജനങ്ങള്‍ തദ്ദേശീയ ആവാസവ്യവസ്ഥകളില്‍നിന്ന് തൊഴില്‍തേടി പലായനം തുടങ്ങി.
ഗൂഗി വാന്‍ തിയാഗോ എഴുതിയതുപോലെ സംസ്‌കാരത്തില്‍ ആഫ്രിക്കയിലെ നാട്ടുഭാഷകളെ നശിപ്പിച്ചുകൊണ്ട് കാര്‍ഷികാധിനിവേശം യൂറോപ്യന്‍ ഭാഷകളെ മുന്തിയതാക്കി മാറ്റി. ആരോഗ്യത്തില്‍ നാട്ടുശാസ്ത്രങ്ങളെ (local science) കാലഹരണപ്പെട്ടതാക്കിക്കൊണ്ട് ഫ്രാന്‍സിസ് ബേക്കണ്‍ അടിത്തറയിട്ട പരീക്ഷണശാലാശാസ്ത്രം (experimental science) മാത്രം ആധികാരികമായി മാറി. തൊഴില്‍മേഖലയില്‍, കേന്ദ്രീകൃതവും മൂലധനാധിഷ്ഠിതവുമായ വലിയ ഉല്‍പാദന വ്യവസ്ഥയും അതിന്റെ നാണയക്കൂലി സമ്പ്രദായവും ഉന്നത മാതൃകയായി.
ഫ്രാന്‍സിസ് ബേക്കണും ജോര്‍ജ്ജ് വാഷിംഗ്ടണുമൊക്കെ അമേരിക്കന്‍ കോളനിയില്‍ ഏകവിളത്തോട്ട ഉടമകളായിരുന്നു. കൃഷി, ശാസ്ത്രം, രാഷ്ട്രമീമാംസ എന്നിവയിലെ ആധുനികത്വത്തിനു സമാനതകളുണ്ടെന്നു സാരം.
2. വേര്‍പെടുത്തിയുള്ള പരിശോധനയും ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള പരിഹാരക്രിയകളും:
ആധുനികത്വം പരസ്പരബന്ധിതമായവയെ സാകല്യത്തിനിന്നും വേര്‍പ്പെടുത്തി ഒറ്റയായി കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഏകവിളകള്‍ സസ്യജന്തു വൈവിധ്യത്തെ നശിപ്പിക്കുന്നതും പ്രകൃതിവിരുദ്ധവുമായതിനാല്‍ അവ വേഗം രോഗകീടാദികള്‍ക്കു വശപ്പെടുന്നു. മണ്ണൊലിപ്പ്, വരള്‍ച്ച, വളശോഷണം എന്നിവയുണ്ടാക്കുന്നു. ഇങ്ങനെ തോട്ടങ്ങളിലെ ഉല്‍പാദനം മന്ദീഭവിച്ചപ്പോള്‍ പരമാവധി ഉല്‍പാദനം നേടാനുള്ള വഴി തുറക്കുന്നതിനായിട്ടാണ് പരീക്ഷണശാലാകൃഷിശാസ്ത്രം ഉത്ഭവിക്കുന്നത്. ചെടികള്‍ക്കു കൃത്രിമത്തീറ്റ നല്‍കി ഉല്‍പാദനം കൂട്ടാന്‍ പഠിച്ചു. 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൃത്രിമവളങ്ങള്‍ നൈട്രേറ്റുകള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചില്‍ തോട്ടമുടമകള്‍ നടത്തുന്നുണ്ട്. നൈട്രേറ്റുകള്‍ വെടിക്കോപ്പു രാസവസ്തുക്കളായതിനാല്‍ യുദ്ധകാലങ്ങളില്‍ ജനങ്ങള്‍ക്കുമേലും ഇടവേളകളില്‍ മണ്ണിലേയ്ക്കും ഇവ വിക്ഷേപിയ്ക്കപ്പെട്ടു. ഇത്തരം കൃത്രിമത്തീറ്റകള്‍മൂലം സസ്യവും മണ്ണും സൂക്ഷ്മജീവികളും തമ്മിലുള്ള വിശുദ്ധബന്ധം മറയ്ക്കപ്പെട്ടു. ശരീരവും ഭക്ഷണവും തമ്മിലുള്ള ഉള്‍പ്പൊരുത്തവും മാറ്റിമറിയ്ക്കപ്പെട്ടു. കൃത്രിമവളത്തെ താങ്ങുന്ന കൃത്രിമവിത്തും, അവയ്ക്കുവേണ്ടി വിഷപ്രയോഗവും പ്രചരിപ്പിക്കപ്പെട്ടു. കൃഷി വ്യവസായത്തിന്റെ ഔദാര്യത്താല്‍മാത്രം നടക്കുന്ന ഏര്‍പ്പാടാക്കിമാറ്റി. വിത്ത്, വളം, വിപണി, വിജ്ഞാനം എല്ലാം കോര്‍പ്പറേറ്റുകളുടെ പിടിയിലാക്കി. പരിസ്ഥിതിയും ഭക്ഷണവും മനസ്സും ദൂഷിതമാക്കി; മാരകരോഗങ്ങള്‍ സാധാരണമായി.
3. ഉപയോഗ മൂല്യത്തേക്കാള്‍ വിനിമയമൂല്യം മുഖ്യം
ആധുനികത്വത്തില്‍ ഉല്‍പാദനത്തിന്റെ പ്രഥമലക്ഷ്യം മനുഷ്യരുടെ ഉപയോഗമല്ല; കച്ചവടവും അതുവഴിയുള്ള ലാഭവുമാണ്.
വിനിമയമൂല്യം ഒന്നാമതെത്തിയപ്പോള്‍ നെല്ലിനു പകരം തെങ്ങും കവുങ്ങും റബ്ബറും ഫഌറ്റും വയലിലേയ്ക്കുവന്നു. നാണയം, പ്രത്യേകിച്ച് വിദേശനാണ്യം പൗരസമൂഹത്തിന്റേയും രാഷ്ട്രത്തിന്റെയും സവിശേഷപ്രചോദനമായി. കയറ്റിറക്കുമതി, അതിന്റെ കങ്കാണിമാര്‍, നാണ്യവിളമുതലാളിമാര്‍, അവര്‍ക്കായുള്ള തുറമുഖഅടിസ്ഥാന സൗകര്യങ്ങള്‍, നഗരവല്‍ക്കരണം ഇവയൊക്കെ വികസനലക്ഷണങ്ങളായി അംഗീകരിക്കപ്പെട്ടു. ഭക്ഷ്യവിളഭൂമികളും വനപ്രദേശങ്ങളും ഇല്ലാതായി. ഭക്ഷണം വിദൂരങ്ങളില്‍ നിന്ന് കമ്പോളത്തിലെത്തി. ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടി ഉല്‍പാദനം എന്ന നിലയില്‍ കൃഷിക്കളങ്ങള്‍, ഫാക്ടറികളെപ്പോലെ സജ്ജീകരിക്കപ്പെട്ടു. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലെ ആകര്‍ഷകത്വവും ഈടും കിട്ടാന്‍ വിഷം മാധ്യമമായിത്തീര്‍ന്നു.
4. പ്രകൃതിയുടെ അധ്വാനവും സേവനവും കാണുന്നില്ല:
ആധുനികത്വം നാളിതുവരേയുള്ള എല്ലാ നേട്ടങ്ങള്‍ക്കും കാരണമായി മനുഷ്യന്റെ ബുദ്ധിശക്തിയെയും അധ്വാനശക്തിയെയുംമാത്രം പരിഗണിക്കുന്നു. മനുഷ്യശക്തിയാല്‍ മാറ്റിത്തീര്‍ത്ത് ഉപയുക്തമാകുമ്പോള്‍മാത്രം മൂല്യമുള്ള ഒന്നായി പ്രകൃതിയെ കുറച്ചുകാണുന്നു. പ്രകൃതിയുടെ നിരന്തരമായ അധ്വാനത്തിന്റെ മൂല്യം, പ്രകൃതി നമുക്കു നല്‍കുന്ന പ്രതിഫലമില്ലാത്ത അധ്വാനത്തിന്റെ, സേവനമൂല്യം, കാട് കാടായും വയല്‍ വയലായും പ്രകൃതി നിലനിര്‍ത്തുമ്പോള്‍ നമുക്കു കിട്ടുന്ന ഗുണങ്ങള്‍ ആധുനികത്വത്തിന്റെ സാമ്പത്തികശാസ്ത്രം കണക്കിലെടുക്കുന്നില്ല.
ആധുനികത്വം പ്രകൃതിയെ ദരിദ്രയും അലസയും, മൂലധന ഉല്‍പാദനത്തിന് സ്വയം അശക്തയുമായി നിര്‍വ്വചിക്കുന്നു. അതിനാല്‍ മൂലധനംകൊണ്ടും അതിന്റെ ശാസ്ത്രസാങ്കേതികവിദ്യകൊണ്ടും മനുഷ്യന്‍ സമൃദ്ധി നേടുന്നതായി അവകാശപ്പെടുന്നു. അങ്ങനെ നാട്ടുമാമ്പഴക്കാലത്തിനു പകരം എപ്പോഴും വിപണിയില്‍ ‘മാമ്പഴക്കാലം’. നാട്ടുവിത്തുകളെ ഇല്ലാതാക്കിക്കൊണ്ട് അന്താരാഷ്ട്ര നെല്ലു ഗവേഷണകേന്ദ്രത്തില്‍നിന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി 1966ല്‍ ഐ.ആര്‍.8 നെല്ല്; ബ്രോയ്‌ലര്‍ കോഴികള്‍; എച്ച്.എഫ്. പശുക്കള്‍. ബാഹ്യമായി ഈ സമൃദ്ധി അദൃശ്യമായ തിരിച്ചടികള്‍ നല്‍കുന്നുണ്ട്. മൂലധനശാസ്ത്രസാങ്കേതികവിദ്യയുടെ ഈ സംരംഭങ്ങള്‍ അധിനിവേശത്തിന്റെ, വക്രപാദങ്ങളെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു.
നാട്ടുശാസ്ത്ര വൈവിധ്യത്തിനുമേല്‍ ആഗോളശാസ്ത്രം
ജൈവകൃഷിയുടെ ബലം നാട്ടുശാസ്ത്രമാണ്. വൈവിധ്യങ്ങളെയും പ്രകൃതിയുടെ പരസ്പര ബന്ധത്തെയും മാനിക്കാത്ത ആഗോളശാസ്ത്രത്തിന്റെ ചൂഷകസ്വഭാവത്തെ അത് തിരിച്ചറിഞ്ഞ് തടയുന്നു. ആഗോളശാസ്ത്രത്തിന്റെ വളര്‍ച്ച പാശ്ചാത്യ അധിനിവേശലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് പനിക്കൂര്‍ക്കയെ അശാസ്ത്രീയമെന്നു പരിഹസിക്കുകയും പാരസെറ്റമോളിന്റെ അടിമകളാക്കി ലോകതലത്തില്‍ത്തന്നെ മനുഷ്യരെ നശിപ്പിക്കുകയും ചെയ്യുന്നു. നാട്ടുവിജ്ഞാനങ്ങളെ ആംഗലേയവല്‍ക്കരിക്കരിച്ചും കൂട്ടിച്ചേര്‍ത്തും മാറ്റം വരുത്തിയും പേറ്റന്റ് നേടി മൂലധനമുടക്കുള്ള കമ്പനിയുല്‍പ്പന്നമാക്കുകയാണ് ആഗോളശാസ്ത്രം ചെയ്യുന്നത്. പ്രകൃതി, മനുഷ്യന്‍, വിപണി ഇതില്‍ വിപണിയുടെ ഭീമാകാര വളര്‍ച്ച മാത്രമാണതിന്റെ ലക്ഷ്യം.
മുമ്പ് ജൈവകൃഷിയെ കണ്ണടച്ച് എതിര്‍ത്തിരുന്നെങ്കില്‍ കൃഷിയുദ്യോഗസ്ഥര്‍ ഇപ്പോള്‍ ‘ജീവാമൃത’മെന്നും ‘പഞ്ചഗവ്യ’മെന്നും പറയുന്നുണ്ട്. ജൈവകൃഷിവിദ്യകളുടെ ഗുണഫലം കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഗവേഷണത്തില്‍ തെളിയിക്കുന്നുണ്ട്. നാടന്‍ പശുവിന്റെ പാലിന്റെ മേന്മ പഴഞ്ചന്‍ അന്ധവിശ്വാസമല്ലെന്നു ആഗോളശാസ്ത്രത്തിന്റെ ലാബില്‍ ബോധ്യപ്പെടുന്നു. ആഗോളശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ടുതന്നെ അതിന്റെ ശാസ്ത്രപുരോഹിതന്മാരെ മുട്ടുകുത്തിക്കുന്നതിനായി ജൈവകൃഷി മാര്‍ഗ്ഗങ്ങളും നാട്ടുവിത്തുകളും ലാബില്‍ അഗ്‌നിപരീക്ഷണങ്ങളെ അതിജീവിച്ചു ചാരിത്ര്യം തെളിയിക്കുകയാണ്.
മൂലധനത്തിന്റെയും അധികാരത്തിന്റെയും കളിപ്പാട്ടങ്ങളായ പരീക്ഷണശാലകള്‍ മൂലധനവും അധികാരവുമില്ലാത്ത നാട്ടുവിജ്ഞാന മനുഷ്യര്‍ക്ക് എളുപ്പത്തില്‍ ലഭ്യമല്ല. ജനകീയമായ അറിവിനെ ആഗോളശാസ്ത്രം സ്വകാര്യവത്കരിച്ചു മൂലധനത്തിനു കീഴിലാക്കുന്നു. എന്നിട്ട് നാട്ടുശാസ്ത്രങ്ങളോട് തങ്ങളുടെ ലാബിലെ അഗ്‌നിയില്‍ ചാടി ചാരിത്ര്യശുദ്ധി തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. ഈ വെല്ലുവിളി നിസ്വനായ നാട്ടുമനുഷ്യനെയും അയാളുടെ അനുഭവജ്ഞാനത്തെയും മുഖത്തുനോക്കി അപമാനിക്കലും കെട്ടിയിട്ടു തല്ലലുമാണ്. ഇതില്‍ അധികാരത്തിന്റെയും അറിവിന്റെയും പുരുഷാധിപത്യമാണ് ഒളിഞ്ഞിരിക്കുന്നത്.
ലാബില്‍ ഡി.എന്‍.എ. ടെസ്റ്റു നടത്തിയതിനുശേഷമല്ല ആരെങ്കിലും അച്ഛനെ ‘അച്ഛാ’ എന്നു വിളിക്കുന്നത്. നെല്ലരി ചോറാക്കി കഴിക്കുന്നതും തേങ്ങാ ചിരണ്ടിയെടുത്ത് ഇഞ്ചിയും പുളിയും ഉപ്പും ചേര്‍ത്ത് ചമ്മന്തിയുണ്ടാക്കി കഴിക്കുന്നതും എന്തെങ്കിലും ശാസ്ത്രീയപരീക്ഷണത്തിന്റെ പിന്‍ബലത്തിലല്ല. മോരുംവെള്ളവും നാരങ്ങാവെള്ളവും കുടിച്ചത് ശാസ്ത്രജ്ഞന്‍ പറഞ്ഞിട്ടല്ല. എന്നാല്‍ കോളയും നൂഡില്‍സും പുറത്തുവരുന്നതും അത് ആളുകള്‍ വാങ്ങുന്നതും ‘നല്ല’ ടെസ്റ്റുകളൊക്കെ നടത്തിവന്ന വിശുദ്ധ ഉല്‍പന്നങ്ങളെന്ന വിശ്വാസത്തിലാണ്. ഫുഡ് സയന്‍സിന്റെ സര്‍ട്ടിഫിക്കറ്റുകളുണ്ട് അവയ്ക്ക്. എന്നിട്ടും അതില്‍തന്നെയാണ് സകലചതികളും മറഞ്ഞിരിക്കുന്നത്. നാട്ടറിവായ ഉമിക്കരി അശാസ്ത്രീയവും പഴഞ്ചനുമാകുന്നതും ആഗോളശാസ്‌ത്രോല്‍പന്നമായ ടൂത്ത്‌പേസ്റ്റിനെ ശാസ്ത്രീയവും പരിഷ്‌കൃതവുമാക്കുന്നതും പുതിയ ശാസ്ത്രാന്ധവിശ്വാസമാണ്. ഇതുകൊണ്ട് നേട്ടമുണ്ടാക്കുന്നത് സയന്‍സ് പുരോഹിതവര്‍ഗ്ഗവും അവര്‍ വേദമോതിക്കൊടുക്കുന്ന സഭാസക്തമൂലധനാധിപത്യവുമാണ്.
പരമ്പരാഗതകൃഷിയിലേയ്ക്കും ഭക്ഷണത്തിലേയ്ക്കും മനുഷ്യര്‍ തിരിയുന്നത് അന്ധവിശ്വാസം കൊണ്ടല്ല അതിജീവനത്തിനായിട്ടാണ്. ഗാന്ധിജി ചര്‍ക്കയില്‍ നൂലു നൂറ്റ് സമരം ചെയ്തത് വിദേശാധിപത്യത്തെ ചോദ്യം ചെയ്യാനാണ്. അതുപോലെ കൃഷിക്കാരെയും ഭക്ഷണവൈവിധ്യത്തെയും പരിസ്ഥിതിയെയും നശിപ്പിച്ച് തടിച്ചുചീര്‍ക്കുന്ന ആഗോളമൂലധന ശക്തികളോടു സന്ധിയില്ലാസമരത്തിനുള്ള ആജന്മായുധമാണ് ജൈവകൃഷി.
എന്‍ഡോസള്‍ഫാന്‍ നിരുപദ്രവകാരിയാണ് എന്ന് ഒരു ശാസ്ത്രജ്ഞന്‍ വാദിക്കുന്നുവെങ്കില്‍ അതാണ് അന്ധവിശ്വാസം പ്രചരിപ്പിക്കല്‍. രാസകൃഷിയിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷ നേടാനാവൂ എന്നു പറയുന്നതും അന്ധവിശ്വാസപ്രചാരണമാണ്. നമ്മുടെ പാഠപുസ്തകങ്ങളിലൂടെ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നതും. രാസവിഷങ്ങള്‍കൊണ്ട് മണ്ണും വെള്ളവും ആഹാരവും വിഷമയമാക്കിയിട്ട് കാന്‍സറും വൃക്കരോഗവുമൊക്കെ പെരുകുമ്പോള്‍, കാരണമറിയാതെ ജനം അന്തംവിട്ട് ജോത്സ്യന്മാരിലും പൂജാദികര്‍മ്മങ്ങളിലും ആള്‍ദൈവങ്ങളിലും ക്യൂനില്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനുത്തരവാദികള്‍ ആഗോളശാസ്ത്രപുരോഹിതന്മാരാണ്.
ശാസ്ത്രീയമായി ജീവിക്കുക എന്നതിന്റെ അര്‍ത്ഥം അലോപ്പതി വിഷമരുന്നുകളും രാസവളവിഷങ്ങളും കൊട്ടക്കണക്കിന് ഉപയോഗിക്കുക എന്ന് തെറ്റിദ്ധരിപ്പിക്കരുത്. ശാസ്ത്രീയമായി ജീവിക്കുക എന്നാല്‍ മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുക എന്നും അതിന് സാധ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുക എന്നുമാണ്. പ്രതിസന്ധികളുടെ കാരണവും പരിഹാരവും തിരയേണ്ടത് വ്യക്തിതലത്തിലല്ല, ഭൗതികമായും സാമൂഹികമായും വേണമെന്നിടത്താണ് എല്ലാവിധ അന്ധവിശ്വാസങ്ങളോടും വിട പറയുന്നത്. ഏലൂരില്‍ വ്യവസായജലമലിനീകരണം എന്ന യാഥാര്‍ത്ഥ്യമാണ് ആ പ്രദേശങ്ങളില്‍ മാരകരോഗങ്ങള്‍ വരുത്തുന്നത്. അതിന്റെ പരിഹാരം വിഷവിമുക്തമായ പരിസ്ഥിതിയാണ് എന്ന് തിരിച്ചറിയാത്തിടത്തോളംകാലം, പരിഹാരം സാധ്യമാകാത്തിടത്തോളം കാലം വ്യക്തികള്‍ മരുന്നില്‍ മാത്രമല്ല മന്ത്രത്തിലും ചെന്നുപെടും. വ്യവസായവല്‍ക്കരിക്കപ്പെട്ട കൃഷിതന്നെ അന്ധവിശ്വാസമാണ്. അതിന്റെ തിരിച്ചടികള്‍ കൂടുതല്‍ അന്ധവിശ്വാസികളെ ഉല്‍പാദിപ്പിക്കുന്നു.
ആധുനിക കൃഷിയെന്ന അന്ധവിശ്വാസത്തെ തുറന്നുകാണിക്കുകയാണ് ജൈവകൃഷി ചെയ്യുന്നത്. അതിലൂടെ ആധുനികത്വത്തെ തന്നെയാണ് ജൈവകൃഷി ചോദ്യം ചെയ്യുന്നത്. മൂലധനത്തിന്റെയും വിപണിയുടെയും വളര്‍ച്ചയ്ക്കുവേണ്ടി മാത്രമുള്ളതാണ് പ്രകൃതിയും മനുഷ്യനുമെന്നുള്ള അന്ധവിശ്വാസം സൃഷ്ടിച്ചത് ആധുനികത്വമാണ്. പ്രകൃതിയും മനുഷ്യനും വിപണിയും സഹവര്‍ത്തിക്കുന്ന പരസ്പരം ശക്തിപ്പെടുത്തുന്ന മറ്റൊരു ലോകമാണ് ജൈവകൃഷിയിലൂടെ സാധ്യമാകുന്നത്. അതൊരു സുസ്ഥിര ലോകമാണ്.
ജൈവകൃഷി ആധുനികത്വത്തിന്റെ ഏകവിള വിശ്വാസത്തിലല്ല, വിളവൈവിധ്യത്തിന്റെ പ്രകൃതിബോധത്തില്‍ ഉറച്ചതാണ്. അത് വനത്തെ പ്രകൃതിയുടെ മാതൃകാകൃഷിയിടമായി അനുകരിക്കുന്നു. അതേ വൈവിധ്യം ആവുന്നത്ര വരുത്തി, വന്യമായ കരുത്ത് ഓരോന്നിനും കൈവരുത്തുന്നു.
ജൈവകൃഷി സ്വന്തം കാലില്‍ നില്‍ക്കുന്നു. അത് ഫോസില്‍ ഇന്ധനത്തിന്റെയോ ആഗോളശാസ്ത്രത്തിന്റെയോ അടിമയാകുന്നില്ല. ചരാചരങ്ങളുടെ പരസ്പരൈ്യക്യത്തെ ആദരിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
വിനിമയമൂല്യത്തിന്റെ അടിസ്ഥാനത്തില്‍മാത്രം തന്നെയും ലോകത്തെയും നോക്കിക്കാണുന്ന സാമ്പത്തികമനുഷ്യനെ (econo man) ജൈവകൃഷി നിരാകരിക്കുന്നു. കര്‍ഷകന്‍ എന്നാല്‍ തനിക്കും അയല്‍ക്കാരനും ഭക്ഷണം ഉല്‍പാദിപ്പിച്ച് പ്രകൃതിയെ കാക്കുന്നവന്‍ എന്ന് പുനര്‍നിര്‍വ്വചിക്കുന്നു. ഭക്ഷ്യോല്‍പാദനത്തിലും കൈമാറ്റത്തിലുമുണ്ടായിരുന്ന നാട്ടുധാര്‍മ്മികത തിരിച്ചു വരുത്തുന്നു. പ്രാദേശിക കര്‍ഷകസമൂഹത്തിന്റെ നിലനില്‍പ്പ് ഒരു സമൂഹത്തിന്റെ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും മുന്നുപാധിയായി തിരിച്ചറിയുന്നു. ആഗോളവിപണിയുടെ അനിശ്ചിതത്വത്തിനും ചൂഷണത്തിനും ഇരയാകാത്ത പ്രാദേശിക, കര്‍ഷക ഉപഭോക്തൃ സഹകരണം സൃഷ്ടിക്കുന്നു.
ഭക്ഷ്യോല്‍പാദനമാണ് മനുഷ്യന്റെ തനിമ. എന്നാല്‍ കൃഷിയിലെ മൂലധനവാഴ്ചആധുനികത്വംകോളനിത്വം മനുഷ്യനെ ഭക്ഷ്യകാര്‍ഷികവൃത്തിയില്‍നിന്നും അന്യവല്‍ക്കരിച്ചിരിക്കുന്നു. പ്രകൃതിയെ അറിയാനും പ്രണയിക്കാനും അതിന്റെ സുഖത്തില്‍ ലയിക്കാനുമുള്ള ജന്മാവകാശം നിഷേധിച്ചിരിക്കുന്നു. ജൈവകൃഷി പ്രാദേശിക ഭക്ഷ്യോല്‍പാദനക്കൂട്ടായ്മയില്‍ നിലയുറപ്പിച്ചതിനാല്‍ എല്ലാവരെയും മണ്ണിലേയ്ക്ക് വിളിക്കുന്നു. ബാഹ്യവും താല്‍ക്കാലികവുമായ കൃത്രിമസമൃദ്ധിയില്‍നിന്ന് ആന്തരികവും സ്ഥായിയായതുമായ നൈസര്‍ഗ്ഗികസമൃദ്ധിയിലേയ്ക്കു നമ്മെ നയിക്കുന്നു. പ്രകൃതിയിലും മനുഷ്യസംസ്‌കാരത്തിലുമുള്ള വൈവിധ്യങ്ങള്‍ക്ക് അത് കളമൊരുക്കുന്നു. വ്യക്തി തെരഞ്ഞെടുക്കുന്ന ഒരു തൊഴില്‍/ ആദായം/ വിനോദം എന്നതിനപ്പുറത്തേക്ക് പ്രാദേശിക സമൂഹങ്ങളുടെ, പ്രത്യേകിച്ച് പിന്‍തള്ളപ്പെടുന്നവരുടെ സ്ത്രീകളുടെ, ഭൂരഹിതരുടെ അതിജീവനസമരമായി ജൈവകൃഷി വേരുപിടിക്കുകയാണ്.
കോരളീയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in