ആദ്യം നിലപാട് മാറ്റൂ.. എന്നിട്ടാകാം കമ്മീഷന്‍
ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സിപിഎം കമ്മീഷനെ നിയമിക്കുന്നു. നല്ലത്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഇപ്പോഴെങ്കിലും അതിനു തോന്നിയല്ലോ. അതിനു അട്ടപ്പാടിയില്‍ നിരവധി ആദിവാസി കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു മരിക്കേണ്ടിവന്നു എന്നുമാത്രം. എന്നാല്‍ ആദിവാസികളോടും ദളിതുകളോടുമുള്ള നിലപാട് മാറ്റാതെ ഇത്തരമൊരു കമ്മീഷന്‍ കൊണ്ടു ഗുണം ചെയ്യില്ല. ഞാന്‍ മുന്നില്‍ നില്ക്കാമെന്ന് പറഞ്ഞ് മാലയെന്ന ദളിത് പെണ്‍കുട്ടിയില്‍നിന്ന് പരമുപ്പിള്ള എന്ന ജന്മിയുടെ കാര്യസ്ഥന്‍ ചെങ്കൊടി പിടിച്ചുവാങ്ങുന്ന രംഗത്തോടെയാണ് തോപ്പില്‍ഭാസിയുടെ പ്രശസ്തമായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം […]
ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സിപിഎം കമ്മീഷനെ നിയമിക്കുന്നു. നല്ലത്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഇപ്പോഴെങ്കിലും അതിനു തോന്നിയല്ലോ. അതിനു അട്ടപ്പാടിയില്‍ നിരവധി ആദിവാസി കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു മരിക്കേണ്ടിവന്നു എന്നുമാത്രം. എന്നാല്‍ ആദിവാസികളോടും ദളിതുകളോടുമുള്ള നിലപാട് മാറ്റാതെ ഇത്തരമൊരു കമ്മീഷന്‍ കൊണ്ടു ഗുണം ചെയ്യില്ല.
ഞാന്‍ മുന്നില്‍ നില്ക്കാമെന്ന് പറഞ്ഞ് മാലയെന്ന ദളിത് പെണ്‍കുട്ടിയില്‍നിന്ന് പരമുപ്പിള്ള എന്ന ജന്മിയുടെ കാര്യസ്ഥന്‍ ചെങ്കൊടി പിടിച്ചുവാങ്ങുന്ന രംഗത്തോടെയാണ് തോപ്പില്‍ഭാസിയുടെ പ്രശസ്തമായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം അവസാനിക്കുന്നത്. വാസ്തവത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥചരിത്രം തന്നെയായിരുന്നു അത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളത്തിലുണ്ടായ നവോത്ഥാന, അധസ്ഥിത പ്രസ്ഥാനങ്ങളില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. അതിനായി ജീവന്‍ കൊടുത്തവരും മുഖ്യമായും സമൂഹത്തിന്റെ താഴെക്കിടയില്‍നിന്നുള്ളവരായിരുന്നു. എന്നാല്‍ പിന്നീടു സംഭവിച്ചത് നമ്പൂതിരിമാരും പിള്ളമാരും നായന്മാരുമെല്ലാം പാര്‍ട്ടിയുടെ തലപ്പത്തുവരികയായിരുന്നു. കേരളം മലയാളിയുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അധസ്ഥിതരുടെ പോരാളിയായിരുന്ന അയ്യങ്കാളിയെ കുറിച്ച് പരാമര്‍ശിക്കാന്‍പോലും ഇ.എം.എസ് മറന്നുപോയി. വ്യവസായികവിപ്ലവത്തിന്റെ കാലത്ത് യൂറോപ്യന്‍ പശ്ചാത്തലത്തില്‍ കാറല്‍ മാര്‍ക്‌സ് രൂപീകരിച്ച ചിന്താപദ്ധതിയായ മാര്‍ക്‌സിസത്തെ അന്ധമായി, ഇന്ത്യന്‍ സാഹചര്യങ്ങല്‍ പഠിക്കാതെ പ്രയോഗിക്കുകയായിരുന്നു പിന്നീട് നേതൃത്വം ചെയ്തത്. അങ്ങനെ ജാതിയും വര്‍ണവും അതുമായി ബന്ധപ്പെട്ട പീഡനങ്ങളുമെല്ലാം അവര്‍ മറന്നു. സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി വര്‍ഗ്ഗസമരം എന്ന ഒറ്റമൂലിയാണ് കമ്യൂണിസ്റ്റുകാര്‍ അവതരിപ്പിച്ചത്. അംബേദ്കര്‍ ചിന്തകളെ പരമാവധി കേരളത്തില്‍നിന്നു അകറ്റി നിര്‍ത്താനും കമ്യൂണിസ്റ്റുകാര്‍ ജാഗരൂഗരായിരുന്നു. കമ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗമാകട്ടെ എന്‍ജിഒമാരും ബാങ്ക് ജീവനക്കാരും അധ്യാപകരും വന്‍കിട ഫാക്ടറികളിലെ തൊഴിലാളികളും വന്‍പ്രതിഫലം പറ്റുന്ന ചുമട്ടുതൊഴിലാളികളും മറ്റുമായിരുന്നു. ഇവരാകട്ടെ എന്നും അടിസ്ഥാനവിഭാഗങ്ങള്‍ക്കെതിരായിരുന്നു. ചങ്ങറയിലും മുത്തങ്ങയിലും പ്ലാച്ചിമടയിലുമെല്ലാം അതു പ്രകടമായിരുന്നു. തൊഴിലാളിവര്‍ഗ്ഗം സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ളവരായതിനാല്‍ അവരുടെ മോചനം മൊത്തം സമൂഹത്തിന്റെ മോചനമാണെന്ന മാര്‍ക്‌സിന്റെ വിശ്വാസത്തെയാണ് ഇവര്‍ തകര്‍ത്തത്.
തോപ്പില്‍ ഭാസിക്കു പറ്റിയ തെറ്റു തിരുത്തിയതാണോ എന്നറിയില്ല, അടുത്ത കാലത്ത് സി.പി.എം അഖിലേന്ത്യാസെക്രട്ടറി പ്രകാശ് കാരാട്ട് ആ പഴയ ചെങ്കൊടി കെ രാധാകൃഷ്ണന്‍ എം.എല്‍എക്ക്് തിരിച്ചേല്പിച്ചിച്ചു. പട്ടികജാതിവിഭാഗങ്ങള്‍ക്കായി പ്രത്യേക സംഘടന പ്രഖ്യാപിച്ചി വേദിയിലായിരുന്നു അത്. പക്ഷെ വൈകിപ്പോയി. വര്‍ഗ്ഗസമരത്തിലൂടെയോ ചെങ്കൊടിയിലൂടേയോ അല്ല, ഒരു സമൂഹം എന്ന നിലയില്‍ സഹസ്രാബ്ദങ്ങളായി നിഷേധിക്കപ്പെട്ട രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തത്തിലൂടെയാണ് തങ്ങളുടെ മോചനമെന്ന് ദളിതുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ പലയിടത്തും അതു യാഥാര്‍ത്ഥ്യമാകുകയും ചെയ്തിരിക്കുന്നു. പതിവുപോലെ ചരിത്രത്തിനുപുറകില്‍ ഇഴയാനാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ വിധി. എന്നിട്ടും കാരാട്ടും ബാലനും മറ്റും പറയുന്നത് വര്‍ഗ്ഗസമരത്തെപറ്റിത്തന്നെ എന്നതാണ് തമാശ. അതിന്റെ തുടര്‍ച്ച തന്നെയാണ് ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍ എന്നു പറയാതെ വയ്യ.
വര്‍ഗ്ഗത്തേക്കാള്‍ എത്രയോ ശതകങ്ങളുടെ ചരിത്രം ഇവിടെ ജാതിക്കുണ്ട്. വര്‍ഗ്ഗസമരത്തോടെ പരിഹരിക്കാവുന്നതാണോ ജാതിചിന്തയും ജാതീയ പീഡനവും? ലോകത്തെങ്ങും ന്യൂനപക്ഷപീഡനവും വംശീയപീഡനവും കറുത്തവനുനേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുമ്പോള്‍ അവരുടെ സ്വത്വബോധത്തെ തള്ളിക്കളയുന്നതെങ്ങിനെ? തൊഴിലാളി, മുതലാളി എന്ന വെള്ളം കേറാത്ത രണ്ടു അറകളില്‍ ഒതുങ്ങുന്നതാണോ ആദിവാസിപ്രശ്‌നവും ദളിത് പ്രശ്‌നവും സ്ത്രീ പ്രശ്‌നവും മറ്റും? യു.പി പോലെ അസമത്വം ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനത്ത് ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയായിട്ടും പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊന്ന് ചിന്തിക്കാനാകുന്നില്ല എന്ന ഒറ്റ പ്രശ്‌നം മാത്രം പരിശോധിച്ചാല്‍ മതി ഇതു വ്യക്തമാകാന്‍. അല്ലെങ്കില്‍ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും മറ്റും ദളിത് സാഹിത്യം ശക്തമായിട്ടും കേരളം എന്തുകൊണ്ട് പിന്‍നിരയില്‍ എന്നു പരിശോധിച്ചാലും മതി. നമ്മുടെ സാഹിത്യം ഇപ്പോഴും വള്ളുവനാടിനെ ചുറ്റിത്തിരിയുകയല്ലേ? ഒരു സമൂഹം ധൈഷണികമായി ഉയരുമ്പോഴാണല്ലോ സാഹിത്യവും ഉയര്‍ന്ന നിലവാരത്തിലെത്തുന്നത്. വര്‍ഗ്ഗസമരത്തിലൂടെ അല്പം സാമ്പത്തിക ഉന്നതി നേടാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഇവിടെ അതും കഴിഞ്ഞില്ല എന്നതാണ് സത്യം. കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണം മൂലം ഭൂമി ലഭിച്ചത് ഇടനിലക്കാര്‍ക്കായിരുന്നു. കര്‍ക്കശമായ ജാതിവ്യവസ്ഥമൂലം ദളിതന് കുടിയാനാകാന്‍ കഴിയുമായിരുന്നില്ല. സ്വാഭാവികമായും വര്‍ഗ്ഗസമരത്തിന്റെ അടിത്തറയില്‍നിന്നു നടപ്പാക്കിയ ഭൂപരിഷ്‌കരണത്തില്‍ അവന്‍ പുറന്തള്ളപ്പെട്ടു. ആദിവാസികളുടെ കാര്യം പറയാനുമില്ലല്ലോ. സഹസ്രാബ്ദങ്ങളായി അധികാരത്തിനുപുറത്തായിരുന്ന ദളിതരെ അവിടേക്കു കൊണ്ടുവരാന്‍ അംബേദ്കര്‍ രൂപം കൊടുത്ത ജാതിസംവരണത്തിനുപോലും ഒരു കാലത്ത് കമ്യൂണിസ്റ്റുകാര്‍ എതിരായത് വര്‍ഗ്ഗസമരസിദ്ധാന്തം കൊണ്ടായിരുന്നു. സാമ്പത്തിക സംവരണത്തിന് അനുകൂലമായി ഇ.എം.എസ് എഴുതിയിട്ടുണ്ട്. സംവരണത്തിന്റെ മുഖ്യലക്ഷ്യം തൊഴിലില്ലായ്മ പരിഹരിക്കലോ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ അല്ല എന്നും അധികാരത്തിലെ പങ്കാളിത്തമാണെന്നും അംഗീകരിക്കാന്‍ സാമ്പത്തികസമരവാദികള്‍ക്ക് കഴിയില്ലല്ലോ.
പാര്‍ട്ടിയുടെ ഇപ്പോഴത്തെ ചുവടുമാറ്റം വസ്തുതകള്‍ അംഗീകരിച്ചാണെന്ന് പറയാനാകില്ല. സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂസമരവുമായി രംഗത്തുവന്നപ്പോള്‍ ആദ്യം എതിര്‍ക്കുകയും പിന്നീട് ആദിവാസി സംഘടന രൂപീകരിക്കുകയും അതേസമരം ആവര്‍ത്തിക്കുകയും ചെയ്ത തന്ത്രത്തിന്റെ തുടര്‍ച്ച തന്നെയാണിത്. ഇനി തങ്ങള്‍ക്ക് ദത്തുപുത്രന്മാര്‍ ആവശ്യമില്ല എന്നും സ്വന്തം ചോരയില്‍ പിറന്നവരുടെ നേതൃത്വം മതിയെന്നും ലോകത്തെമ്പാടുമുള്ള ‘കറുത്തവര്‍’ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. വര്‍ഗ്ഗസമരത്തിനു കരുത്തേകാന്‍ വേണ്ടി ആദിവാസികളുടെ പോഷക സംഘടന ശക്തിപ്പെടുത്താനാണോ പുതിയ നീക്കം എന്ന് ആശങ്കപ്പെടുന്നതില്‍ എന്താണ് തെറ്റ്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Critic Editor
June 29, 2013 at 3:47 am
ആകാശത്തു നിന്നും
അരി സഞ്ചിയിൽ ആക്കി താഴേക്കു
ഇട്ടു കൊടുക്കണമായിരുന്നോ മാഷെ
പാർട്ടി അതിന്റെ വഴിക്കേ ചെയ്യൂ
ഇപ്പോൾ ഭരിക്കുന്നത് സി പി എം അല്ല കേട്ടോ
പാര്ട്ടി ഭരിച്ചിരുന്നപ്പോൾ അവിടെ തദ്ദേശീയർ ആയ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
ആരോഗ്യ വകുപ്പിന് ഫണ്ട് ഉണ്ടായിരുന്നു
സർ ക്കാർ ആശുപത്രിയിൽ ഡോക്ടർ മാർ ഉണ്ടായിരുന്നു.
അവിടെ ഫാർമസിയിൽ മരുന്നുകൾ ഉണ്ടായിരുന്നു
കാര്യങ്ങൾ നടപ്പിൽ ആക്കാൻ നല്ല സംവിധാനം ഉണ്ടായിരുന്നു
കുറഞ്ഞ വിലക്ക് പത്രത്തിൽ മാത്രമല്ല റേഷൻ കട യിലും അരി കിട്ടിയിരുന്നു
ഒരു പ്രതിപക്ഷ സർ ക്കാർ മേഖലയിൽ പ്രവര്ത്തിക്കുന്ന രാഷ്ട്രീയ സംഘടനയുടെ വയനാട് ജില്ല കമ്മിറ്റിയിൽ ഇപ്പോൾ ഏതാണ്ട് നൂറ്റി പത്തു പേര് ഉണ്ട്
ശരാശരി ഇരുപതു പേര് കൂടുന്ന കമ്മിറ്റി ആണ് അത്രെ അവരുടെത്
ഒതുക്കുന്നതിന്റെ ഭാഗമായി വയനാട് കാസര്ഗോട് ജിലകളിലേക്ക് സ്ഥലം മാറ്റ പെട്ടവർ ഒത്തിരി ഉണ്ട്
അവിടെ സ്ഥിര താമസക്കാർ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഇവരെ പോസ്റ്റ് ചെയ്യുകയാണ്
മിക്കവരെയും ഒതുക്കുന്നത് വയനട്ടിലെക്കാണ്
ഇങ്ങിനെ വയനാടിനെ അട്ടപ്പാടിയെ ഇവർ മനപൂർവ്വം ഒരു പിന്നോക്കാവസ്ഥയിൽ ആക്കിയതാണ്
പ്രതിപക്ഷ പാർട്ടി എന്ത് ചെയ്യേണ്ടി ഇരുന്നു എന്നല്ല ക്രിട്ടിക് ചിന്തിക്കേണ്ടതു
ഭരണ പക്ഷം എന്ത് ചെയ്തില്ല എന്നതാണ്
ആരെയെങ്കിലും അട്ടപടിയിൽ അയച്ചു വിവരം ശേഖരിക്കൂ
പ്രതിപക്ഷത്തിന്റെ കഴുത്തിനു പിടികാതെ
പിണറായിയെ വിമർശിക്കാൻ ആണോ ആവോ കാശ് കൊടുത്തു പത്രം തുടങ്ങിയത്
എങ്കിൽ നമോവാകം
ചുറ്റും നടക്കുന്ന ഒരു തെണ്ടിത്തരവും കാണാതെ
അട്ടപാടിയിലേക്ക് കാര്യങ്ങൾ ആരായാൻ ആളുകളെ അയച്ച
പാർ ട്ടി യെ വിമർശിച്ചതിനു
ചെങ്ങാതി കൂപ്പു കൈ
നിങ്ങൾ ആണ് നവ മാധ്യമം
ആശംസകൾ
ഇന്ദ്രസേന ഇന്ദു