ആദിവാസി ദളിത് ബഹുജനസംഗമവും മധു അനുസ്മരണവും

അതീവ ഗൂരുതരമായ, സാവധാനത്തിലുള്ള നടപടിക്രമങ്ങളിലൂടെയാണ് കേരളത്തില്‍ ആദിവാസി ഭൂപ്രശ്നമാണെങ്കിലും വനനിയമമാണെങ്കിലും കടന്നു പോകുന്നത്. മോശപ്പെട്ട നിലയിലാണ് നടപ്പിലാക്കല്‍ പ്രക്രിയ. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം ഒട്ടും ഭേദപ്പെട്ടില്ലെന്നു മാത്രമല്ല, കുറച്ചുകൂടി കുഴപ്പത്തിലേയ്ക്ക് നീങ്ങുന്നു. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും പട്ടിക വര്‍ഗ്ഗ വകുപ്പാണ് വനാവകാശ നിയമത്തിന്റെ നോഡല്‍/ മോണിറ്ററിങ് ഏജന്‍സി പട്ടിക വര്‍ഗ്ഗ വകുപ്പാണ്. കേരളത്തില്‍ പട്ടികവര്‍ഗ്ഗ വകുപ്പിന് ഒരു ഡയറക്ടര്‍ പോലുമില്ല. ഒരു ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ചാര്‍ജ്. യുഡിഎഫിന്റെ അവസാന കാലത്ത് നിയമിച്ചതാണ്. വനംവകുപ്പ് […]

MADHUഅതീവ ഗൂരുതരമായ, സാവധാനത്തിലുള്ള നടപടിക്രമങ്ങളിലൂടെയാണ് കേരളത്തില്‍ ആദിവാസി ഭൂപ്രശ്നമാണെങ്കിലും വനനിയമമാണെങ്കിലും കടന്നു പോകുന്നത്. മോശപ്പെട്ട നിലയിലാണ് നടപ്പിലാക്കല്‍ പ്രക്രിയ. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം ഒട്ടും ഭേദപ്പെട്ടില്ലെന്നു മാത്രമല്ല, കുറച്ചുകൂടി കുഴപ്പത്തിലേയ്ക്ക് നീങ്ങുന്നു. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും പട്ടിക വര്‍ഗ്ഗ വകുപ്പാണ് വനാവകാശ നിയമത്തിന്റെ നോഡല്‍/ മോണിറ്ററിങ് ഏജന്‍സി പട്ടിക വര്‍ഗ്ഗ വകുപ്പാണ്. കേരളത്തില്‍ പട്ടികവര്‍ഗ്ഗ വകുപ്പിന് ഒരു ഡയറക്ടര്‍ പോലുമില്ല. ഒരു ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ചാര്‍ജ്. യുഡിഎഫിന്റെ അവസാന കാലത്ത് നിയമിച്ചതാണ്. വനംവകുപ്പ് പൊതുവെ വനാവകാശ നിയമം നടപ്പാക്കുന്നതിന് എതിരാണ്. അവരിതിന് വിരുദ്ധരാണ്. മോണിറ്ററിങ് ഏജന്‍സിയായ പട്ടികവര്‍ഗ്ഗ വകുപ്പിന് യാതൊരു അധികാരവുമില്ലാത്ത അവസ്ഥയിലാണ്.എന്നാല്‍ ഒരു സീനിയര്‍ ഐഎഎസ് ഒഫീസര്‍ ഫുള്‍ ടൈം ഡയറക്ടറായി ഇരിക്കേണ്ടതുണ്ട്. അതിന് ഒരു പ്രോ ട്രൈബല്‍ നിലപാട് എടുക്കേണ്ടതായിട്ടുമുണ്ട്. പക്ഷേ നിലവില്‍ അതിനെ ഭരിക്കുന്നത് വനം വകുപ്പാണ്. ഇതാണിതിന്റെ കാതലായ പ്രശ്‌നം. വനം വകുപ്പിന്റെ ഉള്ളിലുള്ള ഒരു പൊതു ധാരണ വനാവകാശ നിയമം നടപ്പിലാക്കേണ്ടതില്ല എന്നതാണ്. പ്രത്യേകിച്ച് സാമൂഹിക വനാവകാശം. വനാവകാശ നിയമത്തില്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളാണുള്ളത്. വനത്തില്‍ കൃഷി ചെയ്യുന്ന ഒരു ആദിവാസിക്ക് അവകാശം കൊടുക്കുന്നതിനെയാണ് വ്യക്തിഗത വനാവകാശ നിയമം എന്ന് പറയുന്നത്. അതേ സമയം തന്നെ അമ്പതോ നൂറോ ആളുകള്‍ താമസിക്കുന്ന ആദിവാസി ഗ്രാമം, അല്ലെങ്കില്‍ ഊരാണ് വനത്തിലുള്ള വലിയ ഭൂപ്രദേശം,ഇത് ഇവര്‍ക്ക് ജീവിക്കാനും വനോത്പന്നങ്ങള്‍ ശേഖരിക്കാനുമുള്ള പ്രദേശമാണ്. ഈ ഇടം മാര്‍ക്ക് ചെയ്തുകൊടുക്കുന്നതാണ് സാമൂഹ്യ വനാവകാശം. കൃഷിയുള്ള കാടര്‍ സമുദായത്തിന് ഏകദേശം 400 സ്‌ക്വയര്‍ കിലോമീറ്ററാണ് അവര്‍ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് അവര്‍ക്ക് പതിച്ച് കൊടുക്കും അതാണ് സമൂഹ്യ വനാവകാശം.എന്നാല്‍ സമൂഹ്യ വനാവകാശം കേരളത്തില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാതിരിക്കുകയാണ്. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മരവിച്ചിരിക്കുകയാണ്. അതിനൊരു മുഴുവന്‍ സമയ മന്ത്രിയോ ഡയറക്ടറോ ഇല്ല. 2006 ലാണ് വനാവകാശനിയമം നിലവില്‍ വന്നത്. 2008 ലാണ് ചട്ടം വന്നു. ഇടക്കാലത്ത് ഒന്ന് ചലിച്ചു. നില്‍പ്പ് സമരത്തിന് ശേഷം സമയ ബന്ധിതമായി അത് തീര്‍ക്കമെന്ന് പറഞ്ഞു. കേരളത്തിന്റെ പൊതുവായൊരു തന്ത്രം, വ്യക്തികത വനാവകാശത്തിലേക്ക് ചുരുക്കുക എന്നതാണ്. ഇടതും വലതും ഇക്കാര്യത്തില്‍ ഒന്നിച്ചാണ്. വനത്തില്‍ താമസ്സിക്കുന്ന ആദിവാസികള്‍ കൃഷി ചെയ്ത് ജീവിക്കുന്ന രീതി ഇവിടെ വളരെ കുറച്ചാണ്. വയാനാട്ടില്‍ ഏതാണ്ട് 4000 വനാവകാശം അംഗീകരിച്ചത് അരസെന്റും മൂന്ന് സെന്റുമാണ്. അഞ്ചേക്കറും നാലേക്കറും സമൂഹിക വനാവകാശത്തിന്റെ അളവ് തിട്ടപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. കാട്ടില്‍ ചലിക്കുന്നതിന് ആദിവാസികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു എന്നതാണ് ഇങ്ങനെ അളവ് തിട്ടപ്പെടുത്തുന്നതിന്റെ അര്‍ത്ഥം. കേരളത്തില്‍ ആദിവാസികളുടെ കാര്യത്തില്‍ ഇടതും വലതും ഒരേപോലെ പിന്തിരിപ്പനാണ്. ഒരേപോലെ വലതാണ്. എല്‍ഡിഎഫിന്റെ വിചാരം വനാവകാശം എന്നാല്‍ ഭൂമി പതിച്ച് കൊടുക്കാനുള്ള എന്തോ ഏര്‍പ്പടാണ് എന്നാണ്. ആദിവാസികള്‍ക്ക് സ്വയം ഭരണമുള്ള ഒരു പ്രദേശം അനുവദിക്കുകയാണ് എന്ന ബോധമല്ല അവര്‍ക്കുള്ളത്. വനം വകുപ്പിന്റെ അതേ കാഴ്ച്ചപ്പാടാണ് ഇരു കൂട്ടര്‍ക്കും. വനം വകുപ്പിന് ഇപ്പോഴും ബ്രിട്ടീഷ് കാഴ്ച്ചപ്പാടാണ്. കാട്ടില്‍ നിന്ന് ആദിവാസികളെ പൂര്‍ണ്ണമായും അടിച്ചിറക്കുക എന്നതാണ് പൊതു സമീപനം. സിപിഎമ്മിന്റെ ആദിവാസി ക്ഷേമസമിതിക്ക് ഇക്കാര്യത്തില്‍ ദേശീയ തലത്തിലുള്ള ഒരു ആശയം രൂപീകരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. അവര്‍ക്ക് ചെറിയ താല്പര്യങ്ങളാണ് ഉള്ളത്. വനാവകാശത്തിന്റെ ടാര്‍ജറ്റ് ഡേറ്റ് മാറ്റുക എന്നതിലാണ് അവര്‍ ഓന്നിയിരിക്കുന്നത്. 13/12/2005നു മുന്‍പ് വനത്തില്‍ താമസിച്ചവര്‍ക്ക് അവകാശം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. അത് കുറച്ച് കൂടി ഇന്നത്തേക്ക് നീക്കാനാണ് അവരുടെ ആവശ്യം. പുതുതായി കയ്യേറിയവര്‍ക്കെല്ലാം വനത്തില്‍ അവകാശം സ്ഥാപിക്കുന്നതാണ് അവരുടെ ലൈന്‍. ആദിവാസികള്‍ അല്ലാത്തവര്‍ക്കും അവകാശം കൊടുക്കണമെന്നും അവര്‍ അവശ്യപ്പെടുന്നുണ്ട്. വനാവകാശം നടപ്പിലാക്കിയ പല സംസ്ഥാനങ്ങളിലും പരാധീനതകള്‍ ഉണ്ട്. അതില്‍ത്തന്നെ ആന്ധ്രാപ്രദേശും രാജസ്ഥാനുമെല്ലാം മുന്നിലാണ്. ലോങ് മാര്‍ച്ചിന്റെ ഒരു ചലനവും കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഒരു ഉളുപ്പിമില്ലാതെ അവര്‍ പഴയ നിലപാട് ഇവിടെ തുടരും. ദേശീയ തലത്തില്‍ തന്നെ 1990 മുതല്‍ താരതമ്യേന പുരോഗമനപരമായ നിയമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് പെസ ഗ്രാമസഭ നിയമം. പഞ്ചായത്ത് രാജിന്റെ ഒരു അനുബന്ധം എന്ന നിലയ്കുള്ളതാണത്. നമ്മുടെ എംപിമാരും എംഎല്‍എമാരും ആ വിഷയത്തില്‍ നിരക്ഷരാണ്. ആദിവാസികള്‍ക്ക് അങ്ങനെ പ്രത്യേക അവകാശങ്ങളൊന്നും വേണ്ടതില്ല എന്നതാണ് അവരുടെ പൊതു നിലപാട്. മധുവിന്റെ കൊലപാതകത്തിന് ശേഷം മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ രത്‌ന ചുരുക്കവും അതാണ്. 2001നും 2014നുമിടയില്‍ പ്രകമ്പനം കൊണ്ട ആദിവാസി സമരങ്ങളും ഭൂസമരങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട്. മുത്തങ്ങ, അരിപ്പ, ചെങ്ങറ. ഇതിനോടൊക്കെ വളരെ വിരുദ്ധമായ സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഉള്ളതിനേക്കാള്‍ ഉജ്ജ്വലമായ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ നടക്കാത്തതിനാലല്ല പ്രശ്‌നം പരിഹരിക്കപ്പെടാത്തത്. എന്നാല്‍ ഇവിടെ വലിയ അത്ഭുതങ്ങളൊന്നും നടത്താന്‍ പോകുന്നില്ല. കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളെയൊന്നും സര്‍ക്കാറുകള്‍ അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരുകള്‍ ആദിവാസികളോടും ദളിതരോടുമുള്ള സര്‍ക്കാരുകളുടെ പൊതുവായ അതിക്രമം വംശീയവും ജാതീയവുമാണ്. മധുവിനെ അടിച്ചുകൊല്ലുന്നതില്‍ ഇവിടുത്തെ ബിജെപികാരനേയും കോണ്‍ഗ്രസ്സ്‌കാരനേയും സിപിഎമ്മുകാരനേയും എല്ലാസവര്‍ണ്ണ ജാതിക്കാരനേയും ഒന്നിച്ചുകാണാം. അരിപ്പയിലും മുത്തങ്ങയിലും ചെങ്ങറയിലും ഇവരെ ഒന്നിച്ചു തന്നെ കാണാം 1999ല്‍ ആദിവാസി ഭൂമി റദ്ദാക്കാന്‍ കെ ആര്‍ നാരായണനെ കാണാന്‍ ഡല്‍ഹിയില്‍ പോകുന്നതില്‍ ഇകെ നായനാരും ആര്‍ ബാലകൃഷ്ണപിള്ളയും പിജെ ജോസഫും കെ എം മാണിയും എകെ ആന്റനിയും കെ ഇ ഇസ്മയിലും എല്ലാ പിന്തിരപ്പന്‍ മാരും ഒറ്റകെട്ടായിരുന്നു. ഇവരെല്ലാം ടൈയ്യും കോട്ടും ഇട്ട് ആദിവാസിക്കെതിരെ പാര്‍ലമെന്റിനുമുന്നില്‍ നിരന്ന് നിന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്. ഇവിടെ ജാതിയാണ് പ്രവര്‍ത്തിക്കുന്നത്. ആദിവാസിക്ക് പരമാവധി കൊടുക്കാവുന്നത് മൂന്ന് സെന്റാണെന്നാണ് അധികാരികളുടെ പൊതുബോധം. ഏക്കറുകണക്കിന് ഭൂമി ആദിവാസികള്‍ക്ക് കാട്ടില്‍ കൊടുക്കുക എന്ന് പറഞ്ഞാല്‍ അത് അവരുടെ ചിന്തക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമല്ല. അതി ശക്തമായ ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി മാത്രമേ ഇതിനൊക്കെ ഒരു പരിഹാരമുണ്ടകൂ. വേറെ വഴിയൊന്നുമില്ല. ജാതി കോളനികള്‍ നിര്‍മ്മൂലനം ചെയ്യുന്നത് പോലുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടാകണം. അല്ലാതെ പാറപോലെ നില്‍ക്കുന്ന ഈ മനുഷ്യരുടെ മനസ്സില്‍ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. രാഷ്ട്രീയമായി നിരീക്ഷിച്ചാല്‍ ഇടത് ദേശീയമായി പൊട്ടിപാളീസായി ഇരിക്കുകയാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. മഹാരാഷ്ടയില്‍ ആധിവാസികളെ മുന്‍ നിര്‍ത്തി കര്‍ഷക പ്രശ്‌നം പറയുന്ന രീതിയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ ആദിവാസികള്‍ക്ക് വേണ്ടിയുള്ള പ്രചാരണത്തിലൊന്നുമല്ല ഇടത് പക്ഷം. കര്‍ഷകരുടെ പ്രശ്‌നത്തെ നീറുന്ന പ്രശ്‌നമായിത്തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ പാര്‍ലമെന്റിനു മുന്നില്‍ വലിയ കാര്‍ഷിക സമരങ്ങള്‍ കാണാനാകും. ആദിവാസികളുടെ ജീവിതം മോദി ഭരണകാലത്ത് അത്യന്തം അപകടകരമായ അവസ്ഥയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. അതിലും ദയനീയമായ അവസ്ഥയിലാണ് ആദിവാസികള്‍. കര്‍ഷകരും ആദിവാസികളും ഐക്യപ്പെടുന്നതിനുള്ള സാധ്യതകളും ഉണ്ട്. ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങളെല്ലാം തന്നെ ജാതിക്കെതിരെയുള്ള സമരങ്ങളാണ്. അതുകൊണ്ടാണ് ഈ വിഭാഗങ്ങളെല്ലാം തന്നെ ഭൂസമരങ്ങളെ എതിര്‍ക്കുന്നത്. ജാതി വിരുദ്ധ ഉള്ളടക്കം ഉള്ളത് കൊണ്ട് തന്നെയാണ് ഈ എതിര്‍പ്പുകളെല്ലാം. ആദിവാസികള്‍ സ്വത്തവകാശം ഉള്ളവരാകുന്നത് അവര്‍ക്കാര്‍ക്കും ഇഷ്ടപ്പെടില്ലല്ലോ .ബിഎസ് പി പോലെയോ എസ് പി പോലെയൊ സിപിഐഎം ഒരു പ്രാദേശിക പാര്‍ട്ടി എന്ന നിലയില്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ബംഗാളില്‍ ഒരു നയം മഹാരാഷ്ടയില്‍ മറ്റൊന്ന്. മഹാരാഷ്ടയില്‍ കണ്ടത് ദേശീയതലത്തില്‍ ഒരു മാതൃകയാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ദേശീയ തലത്തില്‍ ഇടതിന്റെ ഒരു തിരിച്ചറിവായൊന്നും ഇതിനെ എടുക്കേണ്ടതില്ല. സെക്യുലര്‍ കമ്മ്യൂണിസ്റ്റുകള്‍ ഇതിനെ ആഘോഷിക്കുകയായിരിക്കാം. (തയ്യാറാക്കിയത്: മാനസ)

ജനിച്ച മണ്ണിലും കാടിലും ആവാസവ്യവസ്ഥയിലും അഭയാര്‍ത്ഥികളാക്കപ്പെട്ട ആദിവാസികളുടെ നെഞ്ചിലേറ്റ ചവിട്ടാണ് ചിണ്ടക്കി ഊരിലെ മധുവിന്റെ ജീവനെടുത്തത്. ആദിവാസികള്‍ കൊന്നൊടുക്കപ്പെടുമ്പോള്‍ അതെല്ലാം ദുരൂഹമരണങ്ങളായി എഴുതിത്തള്ളുകയും ആദിവാസികളുടെ ഭൂമി കയ്യേറ്റക്കാര്‍ തട്ടിയെടുക്കുമ്പോള്‍ ഭൂമി ‘അന്യാധീനപ്പെട്ടു’പോയതായും സര്‍ക്കാര്‍ പറയുന്നു. പകരം ഭൂമിക്ക് നിയമമുണ്ടാക്കിയവര്‍, ആര്‍ക്കും ഭൂമിനല്‍കാതെ ഇപ്പോള്‍ കയ്യേറ്റക്കാര്‍ക്ക് കരവും നികുതിയുമടക്കാന്‍ സൗകര്യംചെയ്യുന്ന തിരക്കിലാണ്. വനത്തില്‍നിന്നും പുറത്തുനിര്‍ത്തിയ ആദിവാസികള്‍ക്കു വേണ്ടി ദേശീയതലത്തില്‍ നടപ്പാക്കിയ വനാവകാശനിയമത്തെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിമാറ്റി. 5 ഏക്കര്‍ ഭൂമിക്ക് പട്ടയംകിട്ടിയ ഭൂവുടമകളായ ആദിവാസികളെ സ്വന്തം ഭൂമിയിലെ തൊഴിലുറപ്പുപണിക്കാരാക്കി ഫാമിങ് സൊസൈറ്റി അധികാരികളും സര്‍ക്കാരും മാറ്റിയിരിക്കുന്നു. ഭൂമി തട്ടിയെടുത്തതിനു പിന്നാലെ വികസനഫണ്ട് തട്ടിയെടുക്കാന്‍ ഊരുമൂപ്പന്മാരെ നോക്കുകുത്തികളാക്കുകയും ഊരിന്റെ സ്വയംഭരണാവകാശങ്ങള്‍ ഐ.റ്റി.ഡി.പി.യും പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും തട്ടിയെടുക്കുകയുമാണ്. ആദിവാസിഭൂമിയില്‍ കൃഷിയും ജലസേചനവും ഒഴിവാക്കി, ഭൂമാഫിയകളും കാറ്റാടിപ്പാടം മുതലാളിമാരും ഭൂമിതട്ടിയെടുക്കുന്നു. ശിശുമരണം തുടര്‍ക്കഥയായി മാറുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ”സമൂഹ അടുക്കള”യിലേക്ക് ചുരുക്കിയിരിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് നെഞ്ചുയര്‍ത്തിനില്‍ക്കാന്‍ ഭൂമിക്കും സ്വയംഭരണത്തിനും വേണ്ടി കൂട്ടായി ചിന്തിക്കേണ്ട സമയമാണിത്. അതിനുള്ള തുടക്കമാണ് നാളെ മുക്കാലി മേലെ ഊരില്‍ നടക്കുന്ന  മധു അനുസ്മരണവും ആദിവാസി-ബഹുജന്‍ സംഗമവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply