ആടുജീവിതങ്ങളോട് നാം ചെയ്യേണ്ടത്

സൗദിയിലെ നിതാഖാത് സമയപരിധി നീട്ടിയതില്‍ ലോകത്തേറ്റവും ആഹ്ലാദിക്കുന്നത് മലയാളികള്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ എത്ര ദിവസത്തേക്ക്? നാലു മാസകാലാവധി എത്രയും വേഗം കടന്നു പോകും. വീണ്ടും ഇതെല്ലാം ആവര്‍ത്തിക്കും. ചിലപ്പോള്‍ രാജാവിനു ദയതോന്നി കാലാവധി വീണ്ടും നീട്ടും. ഇല്ലെങ്കില്‍ അദ്ദേഹം യഥാര്‍ത്ഥമുഖം നമ്മെ കാണിക്കും. ഓരോതവണയും കാലാവധി വീണ്ടും നീട്ടുമെന്ന പ്രതീക്ഷയാലാണല്ലോ മലയാളികള്‍. അതിനാല്‍ ചെയ്യേണ്ടകാര്യങ്ങള്‍ നാം സമയത്ത് ചെയ്യാറില്ല. നിതാഖാത് സമയപരിധി ഇന്ന് തീരാനിരിക്കെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി തിക്കിത്തിരക്കിയവരില്‍ ഏറെപ്പേരും മലയാളികളായിരുന്നു. നാട്ടിലേക്ക് മടങ്ങിവരാന്‍ ജിദ്ദയില്‍ […]

Indian-workers-in-saudi-arabia-370x290

സൗദിയിലെ നിതാഖാത് സമയപരിധി നീട്ടിയതില്‍ ലോകത്തേറ്റവും ആഹ്ലാദിക്കുന്നത് മലയാളികള്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ എത്ര ദിവസത്തേക്ക്? നാലു മാസകാലാവധി എത്രയും വേഗം കടന്നു പോകും. വീണ്ടും ഇതെല്ലാം ആവര്‍ത്തിക്കും. ചിലപ്പോള്‍ രാജാവിനു ദയതോന്നി കാലാവധി വീണ്ടും നീട്ടും. ഇല്ലെങ്കില്‍ അദ്ദേഹം യഥാര്‍ത്ഥമുഖം നമ്മെ കാണിക്കും.
ഓരോതവണയും കാലാവധി വീണ്ടും നീട്ടുമെന്ന പ്രതീക്ഷയാലാണല്ലോ മലയാളികള്‍. അതിനാല്‍ ചെയ്യേണ്ടകാര്യങ്ങള്‍ നാം സമയത്ത് ചെയ്യാറില്ല. നിതാഖാത് സമയപരിധി ഇന്ന് തീരാനിരിക്കെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി തിക്കിത്തിരക്കിയവരില്‍ ഏറെപ്പേരും മലയാളികളായിരുന്നു. നാട്ടിലേക്ക് മടങ്ങിവരാന്‍ ജിദ്ദയില്‍ മാത്രം 23000ത്തിലധികം പേര്‍ ഔട്ട്പാസ് സമ്പാദിച്ചിരുന്നു. എന്നാല്‍ എക്‌സിറ്റ് സ്റ്റാമ്പ് ലഭിക്കാന്‍ ആവശ്യമായ വിരലടയാളമെടുപ്പ് ഇവരില്‍ 4500 പേര്‍ക്ക് മാത്രമാണ് പൂര്‍ത്തീകരിച്ചത്. അതില്‍ത്തന്നെ 2000ത്തോളം പേര്‍ക്കാണ് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചത്. എന്നാല്‍ കൂടിയ വിമാന ടിക്കറ്റ് നിരക്ക് താങ്ങാന്‍ കഴിയാതെ മിക്കവരും അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഒരുപാട്‌പേര്‍ സൗദിയില്‍ത്തന്നെ കഴിയുകയായിരുന്നു. അതു തല്‍ക്കാലം സഫലമായി. എന്നാല്‍ നാലുമാസം കഴിഞ്ഞാല്‍ ഇതായിരിക്കണമെന്നില്ല അവസ്ഥ.
നിലവിലുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കാന്‍ തീരുമാനമായിട്ടുണ്ട്. സൗദിയില്‍ നിന്നു മടങ്ങുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞിട്ടുണ്ട്. ഇവരെ കുറഞ്ഞ ചെലവില്‍ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നും വയലാര്‍ രവി പറഞ്ഞു.
ഒരു കാര്യം അംഗീകരിക്കാന്‍ നാം തയ്യാറാകുക. സൗദി ഇനിയും നമ്മുടെ ആശ്രയമാകില്ല. സൗദി മാത്രമല്ല, മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും അതേ വഴിയാണ് പോകുക. കുവൈറ്റിലും മറ്റും ആ ദിശയിലുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മലയാളികളുടെ ഏറ്റവും വലിയ കേന്ദ്രമായ ദുബായ് പോലും ഭാവിയില്‍ ഈ വഴി തിരഞ്ഞെടുത്തു കൂട. ചുരുക്കത്തില്‍ മലയാളികളുടെ ഗള്‍ഫ് സ്വപ്നം അവസാന ഘട്ടത്തിലാണ്. ഇംതഗീകരിച്ചുള്ള ഭാവിനടപടികളാണ് ഇനിയാവശ്യം. ഉല്‍പ്പാദന – കാര്‍ഷിക മേഖലകളെല്ലാം മുരടിച്ചു പോയ കാലത്ത് കേരളത്തെ പിടിച്ചു നിര്‍ത്തിയത് ആടുജീവിതങ്ങളായിരുന്നു. എന്നാല്‍ അവര്‍ നാട്ടിലേക്കയച്ച കോടിക്കണക്കിനു രൂപ പ്രത്യുല്‍പ്പാദനപരമായ മാര്‍ഗ്ഗങ്ങളിലേക്ക് തിരിച്ചുവിടാന്‍ നമുക്ക് കഴിഞ്ഞില്ല. മിനി ഗള്‍ഫ് എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ചാവക്കാടിന്റെ ഉദാഹരണം മാത്രം നോക്കിയാല്‍ മതി എന്താണ് ഇവിടെ സംഭവിച്ചതെന്നറിയാന്‍. വന്‍കിട കെട്ടിടങ്ങള്‍ ഒരു പാടുയര്‍ന്നു. മീന്‍ മുതല്‍ വീടുപണിയാന്‍ വരെയുള്ള ചിലവ് വാണം പോലെയുയര്‍ന്നു. കേരളത്തിലെമ്പാടും, പ്രത്യകിച്ച് തീരപ്രദേശങ്ങളില്‍ ഒരുപാട് പട്ടണങ്ങളുണ്ടായി. ഗള്‍പില്‍ നിന്നൊഴുകിയ പണവുമായി ബന്ധപ്പെട്ട് നിരവധി സാമൂഹ്യ – സാമുദായിക സംഘര്‍ഷങ്ങളുണ്ടായി. കുടുംബജീവിതം നിഷേധിക്കപ്പെട്ടതുമായി പുറത്തുള്ള പുരുഷന്മാരും നാട്ടിലെ സ്ത്രീകളും നേരിട്ട മാനസിക – ശാരീരിക സംഘര്‍ഷങ്ങള്‍ വേറെ. ഇതെല്ലാം മാറ്റി വെച്ചാല്‍ കേരളത്തിനു ദീര്‍കാലഗുണകരമായി മാറാവുന്ന ഒരു സംരംഭത്തിനും തുടക്കമിടാന്‍ ഗള്‍ഫ് പണത്തിനായില്ല. പ്രവാസികള്‍ അവിടെ ആടുജീവിതം നയിക്കുമ്പോള്‍ നാമിവിടെ കക്ഷി കക്ഷി രാഷ്ട്രീയ കളികളും പ്രബുദ്ധരെന്ന മിഥ്യാജാടകളും മുഷ്ടി ചുരുട്ടലും ആധുനികവല്‍ക്കരണെത്തെ തടഞ്ഞുമൊക്കെ കാലം കഴിഞ്ഞു. എന്നും കുലുക്കിയാല്‍ പണം വീഴുന്ന മരമാണ് ഗള്‍ഫ് എന്നു ധരിച്ചു. അടിത്തറയില്ലാതെ മേല്‍ക്കൂരകള്‍ കെട്ടിപ്പൊക്കി. അടുത്തകാലത്തു മാത്രമാണ് യൂസഫലിയെ പോലുള്ള ചില പ്രവാസികള്‍ ഉല്‍പ്പാദന മേഖലകളിലല്ലെങ്കിലും ഏതാനും സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ ശ്രമിച്ചത്. അതുണ്ടാക്കുന്ന വിവാദങ്ങള്‍ വേറെ. ഇപ്പോള്‍ ഈ പ്രശ്‌നം ഇത്രയും രൂക്ഷമായിട്ടും നമ്മുടെ മുഖ്യപ്രശ്‌നം സരിത, ശാലുമേനോന്‍, അങ്കമാലി പെണ്‍കുട്ടി തുടങ്ങിയവരാണല്ലോ.
ഇക്കാലയളവില്‍ കേരളത്തിലേക്ക് ആദ്യം തമിഴ് നാട്ടില്‍ നിന്നും പിന്നീട് ബീഹാര്‍, ബംഗാള്‍, ഒറീസ്സ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം വ്യാപകമായി. ഇവരില്‍ മിക്കവരും പ്രവര്‍ത്തിക്കുന്നത് നിര്‍മ്മാണമേഖലയില്‍. അത്രയധികം കെട്ടിടങ്ങളാണഅ ഇവിടെ ഉയരുന്നത്. ഈ അന്യസംസ്ഥാനതൊഴിലാളികളോടുള്ള നമ്മുടെ സമീപനം ഈ സമയത്ത് പരിശോധിക്കുന്നത് നന്നാണ്. ഒരു പ്രമുഖ പത്രത്തില്‍ വന്ന മുഖ്യവാര്‍ത്തയുടെ തലക്കെട്ട് മാത്രം മതി അതിനു തെളിവ്. ഗള്‍ഫില്‍നിന്ന് മലയാളി ചോര നീരാക്കി അയക്കുന്ന 500 കോടിയില്‍ 150ഓളം കോടി അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ നിന്ന് കടത്തുന്നു എന്നാണത്. ഈ മനോഭാവം തിരുത്താതെ നാമെങ്ങനെ നന്നാകാന്‍? ഇപ്പോള്‍ തന്നെ നോക്കുക. കൊച്ചി മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ 90 ശതമാനം തൊവിലും കേരളത്തിലെ തൊഴിലാളികള്‍ക്ക് നല്‍കണമെന്നതാണത്. അതില്‍ ന്യായമുണ്ടാകാം. അതുതന്നെയാണല്ലോ സൗദിക്കാരും പറയുന്നത്. അത് മറ്റൊരു രാജ്യമാണെന്നും ഓര്‍ക്കുക.
കഴിഞ്ഞത് കഴിഞ്ഞു. ഇനിയെന്ത് എന്നതാണ് ചോദ്യം? അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണത്തിനു വിട പറഞ്ഞ് ഇനിയെങ്കിലും നാടിന്റെ വികസനത്തിനായി ശ്രമിച്ചുകൂടെ? തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെടുത്തി വിപുലമായ വികസന പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. ഇക്കാര്യത്തില്‍ ഭരണ – പ്രതിപക്ഷങ്ങള്‍ ഒന്നിക്കണം. പ്രവാസികളോടുള്ള കേരളീയ സമൂഹത്തിന്റെ കടപ്പാടു തീര്‍ക്കല്‍ മാത്രമല്ല പ്രശ്‌നം, ഇനിയും ആടുജീവിതങ്ങള്‍ ഇല്ലാതാകാണം. കേരളത്തിന്റെ സമഗ്രവികസനത്തിനു ഈ അവസരം ഉപയോഗിക്കണം. അതിനായി വിദഗ്ധരുമായി ചര്‍ച്ചകള്‍ ആരംഭിക്കണം..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply