അസംഘടിതതൊഴിലാളികളും കേരളവും

മാലാഖമാരെന്നു വിശേഷിപ്പിക്കുകയും എന്നാല്‍ മനുഷ്യരായി ജീവിക്കാനുള്ള മിനിമം സാഹചര്യം പോലും നിഷേധിക്കപ്പെടുന്ന നഴ്‌സുമാരുടെ പോരാട്ടമായിരുന്നു അടുത്ത ദിവസങ്ങളില്‍ കേരളം കണ്ട ഏറ്റവും ആശേഭരിതമായ കാഴ്ച. നഴ്‌സുമാരുടെ ജീവിതത്തെ കുറിച്ചും വേതനത്തെ കുറിച്ചുമെല്ലാം അറിഞ്ഞപ്പോള്‍ താന്‍ ധരിച്ചുവെച്ചിരുന്ന കേരളമല്ല ഇതെന്ന് ബോധ്യപ്പെട്ടതായി ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി പ്രതികരിച്ചതും നാം കണ്ടു. സമരത്തെ തുടര്‍ന്ന് മിനിമം വേതനത്തില്‍ ധാരണ ഉണ്ടായി എങ്കിലും അവയെല്ലാം നടപ്പാക്കപ്പെടുമോ എന്ന ആശങ്ക ഇപ്പോഴും നിലവിലുണ്ട്. തൃശൂരിലെ അശ്വനി അടക്കം പല ആശുപത്രികളിലും […]

kk

മാലാഖമാരെന്നു വിശേഷിപ്പിക്കുകയും എന്നാല്‍ മനുഷ്യരായി ജീവിക്കാനുള്ള മിനിമം സാഹചര്യം പോലും നിഷേധിക്കപ്പെടുന്ന നഴ്‌സുമാരുടെ പോരാട്ടമായിരുന്നു അടുത്ത ദിവസങ്ങളില്‍ കേരളം കണ്ട ഏറ്റവും ആശേഭരിതമായ കാഴ്ച. നഴ്‌സുമാരുടെ ജീവിതത്തെ കുറിച്ചും വേതനത്തെ കുറിച്ചുമെല്ലാം അറിഞ്ഞപ്പോള്‍ താന്‍ ധരിച്ചുവെച്ചിരുന്ന കേരളമല്ല ഇതെന്ന് ബോധ്യപ്പെട്ടതായി ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി പ്രതികരിച്ചതും നാം കണ്ടു. സമരത്തെ തുടര്‍ന്ന് മിനിമം വേതനത്തില്‍ ധാരണ ഉണ്ടായി എങ്കിലും അവയെല്ലാം നടപ്പാക്കപ്പെടുമോ എന്ന ആശങ്ക ഇപ്പോഴും നിലവിലുണ്ട്. തൃശൂരിലെ അശ്വനി അടക്കം പല ആശുപത്രികളിലും സമരകാലത്ത് പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുത്തിട്ടില്ല. അവിടങ്ങളില്‍ പോരാട്ടം തുടരുകയാണ്. അതോടൊപ്പം നഴ്‌സുമാരുടെ സമരത്തോട് അനുഭാവ നിലപാടെടുത്ത ദയ ആശുപത്രിയെ ഉടമകളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. വേതനവര്‍ദ്ധനവ് നടപ്പാക്കുന്നതിനു മുമ്പെ മിക്ക ആശുപത്രികളും ചികിത്സാ ചിലവ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയുമുണ്ടായി.
ഏതാനും വര്‍ഷം മുമ്പ് രാജ്യത്തെ ചില ദേശീയപത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു. പല രാജ്യങ്ങിലും ഇപ്പോഴും അടിമത്തം നിലനില്‍ക്കുന്നു എന്നതാണത്. അത് പഴയ രീതിയിലാകണമെന്നില്ല, ആധുനികമായ രീതിയിലാണ്. നഴ്സുമാരെ സംബന്ധിച്ചിടത്തോളം ഇതൊരു യാഥാര്‍ത്ഥ്യമാണ്. യാതൊരു പരിധിയുമില്ലാത്ത ജോലിസമയം, വളരെ കുറഞ്ഞ വേതനം, ബോണ്ടുപോലുള്ള തൊഴിലാളി വിരുദ്ധ നയങ്ങള്‍ എന്നിങ്ങനെ പോകുന്നു അവരുടെ അടിമ സമാനമായ അവസ്ഥ. മറുവശത്ത് ഡോക്ടര്‍മാരും ആശുപത്രി മാനേജ്മെന്റും അതുവഴി കൊയ്തിരുന്നത് കൊള്ളലാഭമാണ്.
അതിനെതിരെയാണ് അവിശ്വസനീയമായ രീതിയില്‍ നഴ്സുമാരുടെ മുന്നേറ്റമുണ്ടായത്. 2011 ഒക്ടോബര്‍ 18 നായിരുന്നു നേഴ്സിംഗ് മേഖലയെ നടുക്കിയ, മുംബൈ ബാന്ദ്രയില്‍ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സായിരുന്ന ബീനാ ബേബി ഒരു മുളം കയറില്‍ ജീവന്‍ ഒടുക്കിയ സംഭവമുണ്ടായത്. ആ രക്തസാക്ഷിത്വമായിരുന്നു നഴ്സുമാരെ സംഘടിതരാക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 20 നു ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ബാന്ദ്രയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ 250ഓളം വരുന്ന നേഴ്സുമാര്‍ പണിമുടക്കി. തങ്ങളുടെ അടിമസമാനമായ ജീവിതത്തെ പറ്റി അവര്‍ ബോധ്യവാന്മാരായി. 12-16 മണിക്കൂര്‍ നീണ്ടു നില്‍കുന്ന ജോലി സമയം. 1000 3000 രൂപയായിരുന്നു ശബളം. പ്രസവാവധി ഇല്ല. ഇഎസ്ഐ, പി.എഫ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇല്ല. ജോലിസ്ഥിരതയില്ല. ബോണ്ട് വ്യവസ്ഥ, ഒബ്സര്‍വേര്‍, കോണ്‍ട്രാക്റ്റ്, അധികാരികളുടെ മാനസികശാരീരിക പീഡനങ്ങള്‍ എന്നിവയെല്ലാം സഹിക്കുകയായിരുന്നു അവര്‍. അവരുടെ പ്രക്ഷോഭം രചിച്ചത് ഒരു പുതിയ സമരചരിത്രമായിരുന്നു.
ആ സമയത്ത് കേരളത്തിലെ അവസ്ഥ കൂടുതല്‍ ദയനീയമായിരുന്നു. ഇവിടെ നഴ്സുമാര്‍ക്ക് ഏറ്റവും വലിയ ഭീഷണി മതസാമുദായികശക്തികളും മാനേജ്മെന്റ് ഗുണ്ടായിസവുമായിരുന്നു. സംഘടനാരൂപീകരണത്തിനുശേഷം കേരളത്തിലങ്ങോളമിങ്ങോളും നഴ്സുമാരുടെ പ്രക്ഷോഭം അരങ്ങേറി. മാലാഖമാരല്ല, തങ്ങള്‍ മനുഷ്യരാണെന്ന് അവര്‍ പ്രഖ്യാപിച്ചു. സമരങ്ങളെല്ലാം വിജയപാതയിലായിരുന്നു. കാരണം അവ ജീവിതസമരങ്ങളായിരുന്നു. നഴ്സുമാരുടെ അവസ്ഥ അല്‍പ്പസ്വല്‍പ്പമൊക്കെ ഭേദപ്പെട്ടു. ആ പോരാട്ടവീഥിയിലെ മറ്റൊരധ്യായമാണ് പുതിയ കരാര്‍. സിഐടിയുവും ഐഎന്‍ടിയുസിയും ബിഎംഎസുമൊക്കെ പരസ്യമായി രംഗത്തുവന്നിട്ടും സമരം നയിക്കുന്നത് അരാജകവാദികളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ പോലും പ്രസ്താവന ഇറക്കിയിട്ടും പോരാട്ടവീര്യം വിടാതെയാണ് നഴ്‌സുമാര്‍ ഈ നേട്ടം നേടിയത്.
കേരളം ക്യമൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമാണെന്നും ഇവിടത്തെ തൊഴിലാളി വര്‍ഗ്ഗമെല്ലാം സംഘടിതരാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ ഉയര്‍ന്ന വേതനം പറ്റുന്നവരാണെന്നുമുള്ള ധാരണയാണ് മുഖ്യമായും ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. വാസ്തവം അതല്ല എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് നേഴ്‌സുമാര്‍. മറ്റനവധി വിഭാഗങ്ങള്‍ വേറേയുമുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്കവാറും തൊഴിലാളികള്‍ അസംഘടിതരാണെന്നതാണ് യാഥാര്‍ത്ഥ്യം. അധ്യാപകരും ബാങ്ക് ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരും പല പൊതുമേഖലാ കമ്പനികളുടെ ജീവനക്കാരും ചില സ്വകാര്യകമ്പനികളിലെ ജീവനക്കാരും ചുമട്ടുത്തൊഴിലാളികളും മാത്രമാണ് സംഘടിതരായിട്ടുള്ളത്. അവരില്‍ മിക്കവര്‍ക്കും മികച്ച വേതനം ലഭിക്കുന്നുണ്ട്. മറുവശത്തോ? നമ്മുടെ കാര്‍ഷിക – വ്യവസായ മേഖലകളുടെ അവസ്ഥ എന്താണ്? കാര്‍ഷികമേഖല തകര്‍ന്നു കഴിഞ്ഞു. ഒരു കാലത്ത് സംഘടിതരായിരുന്ന കര്‍ഷകത്തൊഴിലാളികള്‍ ഇന്നു ജീവിക്കാനായി പാടുപെടുകയാണ്. മിക്കവാറും പേര്‍ കെട്ടിടനിര്‍മ്മാണമടക്കമുള്ള മേഖലകളിലേക്ക് മാറി. കേരകര്‍ഷകര്‍ വന്‍ തകര്‍ച്ചയിലാണ്. റബ്ബര്‍, കാപ്പി മേഖലകളിലെ തൊഴിലാളികളും ഏറഎക്കുറെ അസംഘടിതരാണ്. തോട്ടം തൊഴിലാളികളുടെ ദയനീയ അവസ്ഥ മൂന്നാര്‍ സമരത്തെ തുടര്‍ന്നാണ് മുഖ്യധാരയില്‍ ചര്‍ച്ചാവിഷയമായത്. പെമ്പിളൈ ഒരുമൈ എന്ന പേരില്‍ സംഘടിച്ച അവരുടെ സംഘടനയെ എതിരാളികള്‍ തകര്‍ത്ത അവസ്ഥയിലാണ്. കയര്‍, നെല്ല്, കശുവണ്ടി, മത്സ്യബന്ധനം, ബീഡി തുടങ്ങിയ പരമ്പരാഗത മേഖലകളും തകര്‍ച്ചയിലാണ്. ഈ മേഖലയിലെ തൊഴിലാളികളെല്ലാം ഇന്ന് അസംഘടിതരാണ്.
അടുത്തകാലത്ത് അതിവേഗം വളര്‍ന്നത് നിര്‍മ്മാണ മേഖലയാണല്ലോ. ഈ മേഖലയിലെ മലയാളികള്‍ക്ക് ഭേദപ്പെട്ട വേതനമുണ്ട്. എന്നാല്‍ ജോലി സ്ഥിരതയോ മറ്റൊരു ആനുകൂല്യവു ഭൂരിഭാഗത്തിനുമില്ല. ജോലിസമയത്ത് എന്തെങ്കിലും അപകടം പറ്റിയാല്‍ അതോടെ തീര്‍ന്നു ജീവിതം. ഈ മേഖലയില്‍ ഭൂരിഭാഗം വരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളികളുടെ അവസ്ഥയെ കുറിച്ച് പറയാനുമില്ല. മെട്രോ നിര്‍മ്മാണത്തില്‍പോലും മലയാളികളുടെ വേതനത്തേക്കാള്‍ എത്രയോ കുറച്ചു വേതനമാണ് അവര്‍ക്കു നല്‍കിയിരുന്നത്. ഈ കുറിപ്പെഴുതുമ്പോള്‍ കണ്ട വാര്‍ത്ത മാസങ്ങളായി വേതനം ലഭിക്കാത്തതിനാല്‍ മെട്രോയിലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ സമരത്തിലാണെന്നാണ്. ഒരു യൂണിയനും അവര്‍ക്കൊപ്പമില്ല എന്നു പ്രതേകിച്ച് പറയേണ്ടതില്ലല്ലോ.
കൊച്ചുപീടികകള്‍ മുതല്‍ വലുതും ചെറുതുമായ സൂപ്പര്‍മാര്‍ക്കറ്റുകളും വന്‍കിട തുണിക്കടകളും സ്വര്‍ണ്ണക്കടകളും ഹോട്ടലുകളും വരെയുള്ള വ്യാപാരമേഖലയിലാണ് വലിയൊരു വിഭാഗം പേര്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും അവസ്ഥ വളരെ ദയനീയമാണ്. സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ഏതെക്കെയോ യൂണിയനുകള്‍ ഉണ്ടെങ്കിലും അവയൊന്നും ഇവരുടെ ന്യായമായ അവകാശങ്ങള്‍ക്കായി പോരാടിയ ചരിത്രമല്ല. കോഴിക്കോടും തൃശൂരിലും നടന്ന ടെക്‌സ്‌റ്റൈല്‍ ജീവനക്കാരികളുടെ സമരത്തെ തുടര്‍ന്നാണ് ഇവരുടെ അവസ്ഥ ചെറിയ തോതിലെങ്കിലും ചര്‍ച്ചയായത്. കോഴിക്കോട് മൂത്രമൊഴിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന പോരാട്ടവും തൃശൂരില്‍ കല്ല്യാണിനുമുന്നില്‍ നടന്ന ഇരിക്കല്‍ സമരവും മുഖ്യധാരാമാധ്യമങ്ങളും പ്രമുഖ യൂണിയനുകളും ബഹിഷ്‌കരിച്ചെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ചര്‍ച്ചാവിഷയമായി. തുടര്‍ന്ന് ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീ സൗഹൃദ ഭേദഗതികളാണ് മുഖ്യമായും കൊണ്ടുവന്നത്. നാലുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമം, ഇരുപതില്‍ കൂടുതല്‍ വനിതാ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍, അഞ്ചില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാര്‍ജനം ചെയ്യാനുളള സംവിധാനം തുട ങ്ങിയ നിബന്ധനകളാണ്് ഈ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. കൂടാതെ എല്ലാ സ്ഥാപനങ്ങളിലും ഇരുപത് തൊഴിലാളികള്‍ക്ക് ഒന്നെന്ന അനുപാതത്തില്‍ സ്ത്രീ പുരുഷ തൊഴിലാളികള്‍ക്ക് പ്രത്യേകം ശുചിമുറികള്‍ സ്ഥാപിക്കണം.
അമ്പതില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 കിലോമീറ്ററിനപ്പുറം വീടുളളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കണം. ജീവനക്കാരുടെ വിശ്രമമുറികളില്‍ ജീവനക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിലുളള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും പുതിയ ഭേദഗതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാര്യമായൊന്നും നടപ്പായിട്ടില്ല. ഈ വിഭാഗങ്ങളുടെ ദയനീയമായ അവസ്ഥക്ക് കാര്യമായ മാറ്റം വന്നിട്ടില്ല. ഇവര്‍ അസംഘടിതരാണെങ്കിലും ഇവരുടെ മുതലാളിമാര്‍ സംഘടിതശക്തയാണെന്നതാണ് കൗതുകകരം. വിജയം നേടിയ കല്ല്യാണ്‍ സമരത്തിലെ തിരിച്ചെടുത്ത സ്ത്രീത്തൊഴിലാളികളെ ഇപ്പോഴിതാ വീണ്ടും പുറത്താക്കിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള സേവനമേഖലയിലെ ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്ഥമല്ല.
വെള്ളക്കോളര്‍ എന്നു വിളക്കപ്പെടുന്ന വിഭാഗത്തില്‍ പെട്ട സിബിഎസ്‌സി അധ്യാപകരുടെ അവസ്ഥ എത്രയോ ദയനീയമാണ്. സമൂഹത്തിലെ ഉന്നതരുടെ മക്കളെയാണവര്‍ പഠിപ്പിക്കുന്നത്. കൂടാതെ രാഷ്ട്രീയക്കാരുടേയും എഴുത്തുകാരുടേയും എന്തിന് സര്‍ക്കാര്‍ അധ്യാപകരുടേയും. വളരെ തുച്ഛം ശബളത്തിന് അടിമപണിക്കുസമാനമായ ജോലി ചെയ്യേണ്ട അവസ്ഥയാണവരുടേത്. തൊഴില്‍ സ്ഥിരതയോ ആനുകൂല്യങ്ങളോ ഇല്ല. തങ്ങളുടെ അതേ ജോലി ചെയ്യുന്ന ഇവര്‍ അധ്യാപകസംഘടനകളുടെ അജണ്ടയിലില്ല. സമാനമാണ് മിക്കവാറും മാധ്യമങ്ങളിലെ ജീവനക്കാരുടെ അവസ്ഥയും. ഏതാനും വന്‍കിട മാധ്യമങ്ങിലൊഴികെ മിക്കവാറുമിടങ്ങളില്‍ മാന്യമായ വേതനമോ തൊഴില്‍ സാഹചര്യങ്ങളോ ഇല്ല. മറ്റു മേഖലകളിലെ ചൂഷണങ്ങള്‍ പലപ്പോഴും പുറത്തുകൊണ്ടുവരുന്ന ഇവര്‍ക്കാകട്ടെ സ്വന്തം മേഖലയെ കുറിച്ചൊരു വാര്‍ത്തയും നല്‍കാനാകില്ല എന്നതാണ് ഏറ്റവും വൈരുദ്ധ്യം. യൂണിയന്‍ പ്രവര്‍ത്തനം പോലും നാമമാത്രം. സിനിമാമേഖലയില്‍ പോലും വേതനത്തില്‍ വളരെ അന്തരമുണ്ടെങ്കിലും കൃത്യമായ വേതനസംവിധാനം നിലനില്‍ക്കുമ്പോഴാണ് മാധ്യമമേഖലയില്‍ ഇത്തരൊരു അവസ്ഥ നിലനില്‍ക്കുന്നത്.
ഇതിനെല്ലാം പുറമെ കേരളത്തിന്റെ പൊതുധാരയില്‍ നിന്ന് ഏറെതാഴെ നില്‍ക്കുന്ന വിവിധ ജനവിഭാഗങ്ങളും ഇവിടെയുണ്ട്. ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരാണ് അവരില്‍ മുഖ്യം. അവരുടെ ജീവിക്കാനുള്ള പോരാട്ടത്തോടും മുഖ്യധാരയിലെ പ്രസ്ഥാനങ്ങളുടെ നിഷേധാത്മക നിലപാട് പല തവണ കേരളം കണ്ടുകഴിഞ്ഞു. അത് മറ്റൊരു പശ്ചാത്തലത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ചുരുക്കത്തില്‍ സംഘടിതരേക്കാള്‍ എത്രയോ മടങ്ങാണ് കേരളത്തില അസംഘടിത തൊഴിലാളികളുടെ എണ്ണം. കേരളത്തില്‍ എല്ലാവര്‍ക്കും മികച്ച വേതനവും ജീവിതസാഹചര്യങ്ങളും ലഭിക്കുന്നു എന്ന പൊള്ളയായ പ്രചരണത്തിനു മറുപടിയാണ് ഇവരുടെ ജീവിതങ്ങള്‍. എന്തുകൊണ്ടാണ് ഈ വിഭാഗങ്ങളെ സംഘടിപ്പിച്ച് മെച്ചപ്പെട്ട അവസ്ഥക്കായി പോരാടാന്‍ സംഘടിത ട്രേഡ് യൂണിയനുകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും താല്‍പ്പര്യമില്ലാത്തത് എന്ന ചോദ്യത്തിനു മറുപടി വളരെ ലളിതമാണ്. അവരുടെ മികച്ച സാമ്പത്തിക സ്രോതസ്സുകളാണ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നതുതന്നെ. അവ വന്‍കിട കച്ചവടസ്ഥാപനങ്ങളാകാം. സ്വകാര്യ ആശുപത്രികളാകാം. സ്വകാര്യ സ്‌കൂളുകളാകാം. സ്വകാര്യ വ്യവസായികളാകാം, വന്‍കിട തോട്ടമുടമകളാകാം. മാധ്യമങ്ങള്‍ക്കാകട്ടെ അവര്‍ തങ്ങളുടെ പരസ്യ സ്രോതസ്സുകളാണ്. ഈ സാഹചര്യത്തിലാണ് അസംഘടിതവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ പലപ്പോഴും മുഖ്യധാരയിലെത്താത്തത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ ശക്തമായതോടെ അന്തരീക്ഷം കുറെയൊക്കെ മാറി്കകഴിഞ്ഞു. ആരൊളിപ്പിച്ചാലും തകര്‍ക്കാന്‍ ശ്രമിച്ചാലും ഇത്തരം പോരാട്ടങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടു നയിക്കാനുള്ള ശേഷി സോഷ്യല്‍ മീഡിയ ആര്‍ജ്ജിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ അസംഘടിത വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ ഇനിയും ശക്തിപ്പെടുമെന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply