അശോകന്‍ ചെരുവിലിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍

ഐ.ഗോപിനാഥ് മാനസിക സംഘര്‍ഷങ്ങളാണോ മികച്ച രചനകള്‍ക്ക് മാനദണ്ഡമാകുന്നത്? ആണെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. മാനസിക സംഘര്‍ഷമനുഭവിക്കാത്തവരില്‍നിന്ന് മികച്ച രചനകള്‍ ഉണ്ടാകുന്നില്ലേ എന്ന ചോദ്യത്തിനു ഉത്തരം ഉണ്ട് എന്നു തന്നെയാകും. പക്ഷെ, സംഘര്‍ഷത്തില്‍നിന്നുള്ള രചനകള്‍ ശ്രദ്ധാലുവായ ഒരു ആസ്വാദകന് തിരിച്ചറിയാന്‍ കഴിയും. അടുത്തകാലത്ത് തൃശൂരില്‍ നാടകസൗഹൃദം അവതരിപ്പിച്ച മൂന്നു നാടകങ്ങള്‍ കണ്ടപ്പോഴാണ് ഇത് സത്യമാണെന്ന് കൂടുതല്‍ ബോധ്യപ്പെട്ടത്. മൂന്നു നാടകങ്ങളും സംവിധാനം ചെയ്തത് സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ പുരസ്‌കാരം നേടിയിട്ടുള്ള എം. വിനോദ് ആയിരുന്നു. അതിനേക്കാളേറെ നാടകങ്ങളെ ശ്രദ്ധേയമാക്കിയത് […]

AshokanCheruvil-1ഐ.ഗോപിനാഥ്

മാനസിക സംഘര്‍ഷങ്ങളാണോ മികച്ച രചനകള്‍ക്ക് മാനദണ്ഡമാകുന്നത്? ആണെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. മാനസിക സംഘര്‍ഷമനുഭവിക്കാത്തവരില്‍നിന്ന് മികച്ച രചനകള്‍ ഉണ്ടാകുന്നില്ലേ എന്ന ചോദ്യത്തിനു ഉത്തരം ഉണ്ട് എന്നു തന്നെയാകും. പക്ഷെ, സംഘര്‍ഷത്തില്‍നിന്നുള്ള രചനകള്‍ ശ്രദ്ധാലുവായ ഒരു ആസ്വാദകന് തിരിച്ചറിയാന്‍ കഴിയും.
അടുത്തകാലത്ത് തൃശൂരില്‍ നാടകസൗഹൃദം അവതരിപ്പിച്ച മൂന്നു നാടകങ്ങള്‍ കണ്ടപ്പോഴാണ് ഇത് സത്യമാണെന്ന് കൂടുതല്‍ ബോധ്യപ്പെട്ടത്. മൂന്നു നാടകങ്ങളും സംവിധാനം ചെയ്തത് സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ പുരസ്‌കാരം നേടിയിട്ടുള്ള എം. വിനോദ് ആയിരുന്നു. അതിനേക്കാളേറെ നാടകങ്ങളെ ശ്രദ്ധേയമാക്കിയത് മൂന്നും പ്രശസ്ത കഥാകൃത്ത് അശോകന്‍ ചെരുവിലിന്റെ ചെറുകഥകളെ ആധാരമാക്കിയുള്ളവയായിരുന്നു എന്നതാണ്.
മികച്ച നിരവധി ചെറുകഥകളുടെ രചയിതാവാണ് ചെരുവില്‍. അവയില്‍ പലതിന്റേയും പ്രമേയം രാഷ്ട്രീയമാണ്. മറുവശത്ത് അറിയപ്പെടുന്ന സിപിഎം അനുഭാവി കൂടിയാണ് അദ്ദേഹം. പലപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ അടുത്ത സുഹൃത്തുക്കളെയും അദ്ദേഹത്തിന്റെ കഥകളെ സ്‌നേഹിക്കുന്നവരേയും അശോകന്‍ ഞെട്ടിക്കാറുണ്ട്. ഒരു എഴുത്തുകാരന്‍ പ്രസ്ഥാനത്തിനു വേണ്ടി ഇത്രമാത്രം തരം താഴേണ്ടതുണ്ടോ എന്ന ചോദ്യം എത്രയോ പേര്‍ ചോദിച്ചിരിക്കുന്നു. അവസാനമായി ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അത് ഏറെ പ്രകടമായി. മുക്കുപണ്ടം പണയം വെച്ചതിനു ഒരു കോണ്‍ഗ്രസ്സുകാരന്‍ പിടിയിലായാല്‍ അത് കോണ്‍ഗ്രസ്സിന്റെ നയമാണെന്നു പറയാനാകുമോ എന്ന ചോദിക്കാന്‍ പോലും അശോകന്‍ തയ്യാറായി. അതുപോലെയാണ് ടിപി വധത്തേയും അദ്ദേഹം കണ്ടത്.
എന്നാല്‍ പാര്‍ട്ടി നടപടികളെ കണ്ണടച്ച് ന്യായീകരിക്കുമ്പോഴും അശോകന്റെ സര്‍ഗ്ഗാത്മക മനസ്സ് അതംഗീകരിക്കുന്നില്ല എന്നുറപ്പ്. അതാണ് വാസ്തവത്തില്‍ അശോകന്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം. അത് കണിശമായും രാഷ്ട്രീയ സംഘര്‍ഷമാണ്. രാഷ്ട്രീയം പറയുന്ന അശോകനല്ല കഥാകൃത്ത് അശോകന്‍. രാഷ്ട്രീയക്കാരനായ അശോകന്‍ എന്തിനെയെല്ലാം ന്യായീകരിക്കുന്നുവോ അവയുടെയെല്ലാം കടുത്ത വിമര്‍ശകനാണ് കഥാകൃത്തായ അശോകന്‍. പ്രസ്ഥാനത്തിലെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന വേവലാതി താന്‍ മറികടക്കുന്നത് എഴുത്തിലൂടെയാണെന്നും അവയെ സര്‍ഗ്ഗാത്മകമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം താന്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഈ വേവലാതി അതു തുറന്നു പ്രഖ്യാപിക്കുന്നവയാണ് അശോകന്റെ രാഷ്ട്രീയ ചെറുകഥകള്‍. അഥവാ പ്രസ്ഥാനത്തില്‍ മുഴുവന്‍ അച്ചടക്കത്തോടെയും നിലകൊള്ളുമ്പോഴും അതിനെതിരായ സ്വയംവിമര്‍ശനങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. നാടകസൗഹൃദം അവതരിപ്പിച്ച മൂന്നു നാടകങ്ങളും അതിന്റെ ദൃഷ്ടാന്തങ്ങളായി.
അശോകന്റെ ഏറെ ശ്രദ്ധേയമായ രണ്ടു പുസ്തകങ്ങള്‍ എന്ന ചെറുകഥയെ ആസ്പദമാക്കി തയ്യാറാക്കിയ ഞാന്‍ കള്ളന്‍ എന്ന നാടകമായിരുന്നു ആദ്യത്തേത്. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രം താമസിക്കുന്ന വീട്ടില്‍ ഒരു കള്ളനെത്തുന്നു. പിറ്റേന്ന് അവിടെനിന്ന് മോഷടിക്കുന്നതിനായി സ്ഥലം പരിശോധിക്കലാണ് കള്ളന്റെ വരവിന്റെ ലക്ഷ്യം. അപ്പൂപ്പന്‍ തികഞ്ഞ കമ്യൂണിസ്റ്റും അമ്മൂമ്മ തികഞ്ഞ വിശ്വാസിയും. അതിന്റെ പേരിലുള്ള കലഹങ്ങളാണ് അവരുടെ ജീവിതം തന്നെ. കള്ളനെ പള്ളിയില്‍ നിന്നയച്ചതാണെന്ന് അമ്മൂമ്മയും പാര്‍ട്ടി സെക്രട്ടറി അയച്ചതാണെന്ന് അപ്പൂപ്പനും കരുതുന്നു. അപ്പൂപ്പനും അമ്മൂമ്മയും തമ്മിലുള്ള രസകരമായ വഴക്കിനു കള്ളന്‍ സാക്ഷിയാകുന്നു. അവസാനം അമ്മൂമ്മ കള്ളന് ബൈബിളും അപ്പൂപ്പന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും നല്‍കുന്നു. അതോടെ കലഹവും പ്രായവും മറന്ന് ഇരുവരും പ്രണയിക്കുന്നു. ഇപ്പോള്‍ ഒരു കയ്യില്‍ മാനിഫെസ്റ്റോയും മറുകയ്യില്‍ ബൈബിളുമായി അസ്വസ്ഥനാകുന്നത് കള്ളനാണ്.
മലമുകളിലെ വെളിച്ചം എന്ന ചെറുകഥയെ ആധാരമാക്കി അവതരിപ്പിച്ച ഇരുതലമൂര്‍ഖന്‍ എന്ന നാടകമായിരുന്നു രണ്ടാമത്തേത്. പാര്‍ട്ടി ചിന്തകനും പ്രാസംഗികനും ട്രേയ്ഡ് യൂണിയവന്‍ നേതാവുമായിരുന്ന റിട്ടയേര്‍ഡ് രജിസ്റ്റാറാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയായ പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് വന്നു കൊണ്ടിരിക്കുന്ന പരിണാമമാണ് കഥയുടേ പ്രമേയം. രജിസ്റ്റാര്‍ ഓഫീസില്‍ ജീവനക്കാരനായിരുന്ന അശോകനു അത് കൃത്യമായി അറിയാം. കാറും സുഖസൗകര്യങ്ങളും ക്ഷേത്രദര്‍ശനവുമൊക്കെ കോളേജധ്യാപികയായ ഭാര്യയുടെ നിര്‍ബന്ധത്തിന്റെ പേരില്‍ അയാള്‍ക്ക് പഥ്യമാകുന്നു. അതിനെല്ലാം തടസ്സമായിരുന്നത് കറകളഞ്ഞ പാര്‍ട്ടി വിശ്വാസിയും ഇഎംഎസ് അടക്കമുള്ളവരെ ഒളിവില്‍ പാര്‍പ്പിച്ചിട്ടുമുള്ള ഡ്രൈവര്‍ ചന്തുക്കുട്ടിയായിരുന്നു. ഭാര്യയുടെ നിര്‍ബന്ധത്തില്‍ അയാളെകൂടി പിരിച്ചവിട്ടതോടെ ചിന്തകന്‍ തികച്ചും സ്വതന്ത്രനാകുന്നു. ഇത്തരത്തിലുള്ള നിരവധിപേരെ അശോകനെപോലെ നമ്മളും എന്നും കണ്ടുകൊണ്ടേയിരിക്കുന്നു.
പ്ലാശ്ശേരിയിലെ കടവ് എന്ന ചെറുകഥയെ ആസ്പദമാക്കി വിപ്ലവം നമ്പീശന്‍ എന്ന നാടകമാണ് വിനോദ് മൂന്നാമതായി അവതരിപ്പിക്കുന്നത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഒരു ടിപ്പിക്കല്‍ നേതാവ് എന്നു പറയാവുന്ന സിഎന്റെ രാഷ്ട്രീയ ഗുരുവാണ് നമ്പീശന്‍ മാഷ്. നിരവധി തവണ ജയില്‍ വാസമനുഭവിക്കുകയും മര്‍ദ്ദനങ്ങളെ നെഞ്ചുവിരിച്ച് സ്വീകരിക്കുകയും ചെയ്ത, പാര്‍ട്ടിക്കുവേണ്ടി മാത്രം ജീവിച്ച മുന്‍തലമുറയിലെ ധീരനായ സഖാവാണ് നമ്പീശന്‍ മാഷ്. വര്‍ഷങ്ങളോളം ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി തിരിച്ചുവന്ന സിഎന്‍, മാഷെ തേടിയെത്തുന്നതാണ് കഥയുടെ പ്രമേയം. അയാള്‍ കാണുന്നത് തകര്‍ന്നു തരിപ്പണമായ നമ്പീശന്‍ മാഷിന്റെ കുടുംബമാണ്. പാര്‍ട്ടിയുടേയും സമൂഹത്തിന്റേയും മൂല്യത്തകര്‍ച്ചയെ മാഷ് അതിജീവിക്കുന്നത് മദ്യപാനത്തിലൂടെയാണ്. പ്രസ്ഥാനത്തിനുവേണ്ടി തകര്‍ന്ന മാഷുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു സിഎന്‍ എന്ന നേതാവ്. ഇരുവരും കേരളീയസമൂഹത്തിനു ചിരപരിചിതരാണു താനും.
നാടകങ്ങൡലൂടെ അശോകന്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തെ വളരെ ലളിതമായി അവതരിപ്പിക്കാന്‍ വിനോദിനു കഴിഞ്ഞു. നടന്റെ പ്രകടനമാണ് നാടകത്തില്‍ മുഖ്യം എന്നു വിശ്വസിക്കുന്ന ഇദ്ദേഹം ആ ദിശയില്‍ തന്നെയാണ് മൂന്നു നാടകങ്ങളും തയ്യാറാക്കിയത്. അപ്പൂപ്പനായും ഡ്രൈവറായും വിപ്ലവം നമ്പീശനായും വേഷമിട്ട ജയചന്ദ്രനാകട്ടെ വിനോദിന്റെ ഈ സമീപനത്തെ വേദിയില്‍ അവിസ്മരണീയമാക്കി. നടീനടന്മാര്‍ക്കു പുറമെ ഒരു ബഞ്ചും രണ്ടു കസേരകളും ടീപ്പോയിയും മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ലൈറ്റിംഗ്, മള്‍ട്ടി മീഡിയ പ്രൊജക്ഷന്‍, മ്യൂസിക് തുടങ്ങിയവയെല്ലാം ഉപയോഗിച്ചുള്ള ദൃശ്യവിസ്മയങ്ങള്‍ എന്നു വിശ്വസിപ്പിക്കാവുന്ന അന്തര്‍ ദേശീയ നാടകോത്സവത്തിലെ നാടകങ്ങളും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നാടകങ്ങളും സ്ഥിരമായി കാണുന്ന സാംസ്‌കാരിക നഗരത്തിനു ഈ സമീപനം വ്യത്യസ്ഥമായ അനുഭവമായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply