അശോകന്‍ ചെരുവിലിനു സ്‌നേഹപൂര്‍വ്വം
ടി എന്‍ പ്രസന്നകുമാര്‍ നാലു ദിവസമായി തൃശൂര്‍ സാഹിത്യ അക്കാദമിയുടെ പടിക്കല്‍ ഒരു ടാര്‍പാള വലിച്ചുകെട്ടി, റോഡരുകിലെ ഫുട്പാത്തില്‍ വിരിച്ച പായയില്‍, കമല്‍സി എന്ന എഴുത്തുകാരന്‍ പട്ടിണി കിടക്കുന്നു. അദ്ദേഹവുമായി സംസാരിച്ചതില്‍നിന്ന് മനസ്സിലായത് സര്‍ക്കാര്‍ കേസ് പുനപരിശോധിക്കുമെന്ന് പറഞ്ഞതല്ലാതെ ഒരു മാസമായി ഒരു നടപടികളും സ്വീകരിച്ചിട്ടില്ലായെന്നാണ്. ഗതികെട്ടാണ് ഒരു സംഘടനയുടെയും സഹായമില്ലാതെ അദ്ദേഹം നിരാഹരസമരമിരിക്കുന്നത്. തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റം പിന്‍വലിക്കണമെന്ന ഒരൊറ്റ ആവശ്യമേ അദ്ദേഹം ഉന്നയിക്കുന്നുള്ളു. നൂറുശതമാനവും ന്യായമായ കാര്യമാണത്. ഒരു കാരണവുമില്ലാതെ ഒരാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം […]
നാലു ദിവസമായി തൃശൂര്‍ സാഹിത്യ അക്കാദമിയുടെ പടിക്കല്‍ ഒരു ടാര്‍പാള വലിച്ചുകെട്ടി, റോഡരുകിലെ ഫുട്പാത്തില്‍ വിരിച്ച പായയില്‍, കമല്‍സി എന്ന എഴുത്തുകാരന്‍ പട്ടിണി കിടക്കുന്നു.
അദ്ദേഹവുമായി സംസാരിച്ചതില്‍നിന്ന് മനസ്സിലായത് സര്‍ക്കാര്‍ കേസ് പുനപരിശോധിക്കുമെന്ന് പറഞ്ഞതല്ലാതെ ഒരു മാസമായി ഒരു നടപടികളും സ്വീകരിച്ചിട്ടില്ലായെന്നാണ്. ഗതികെട്ടാണ് ഒരു സംഘടനയുടെയും സഹായമില്ലാതെ അദ്ദേഹം നിരാഹരസമരമിരിക്കുന്നത്. തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റം പിന്‍വലിക്കണമെന്ന ഒരൊറ്റ ആവശ്യമേ അദ്ദേഹം ഉന്നയിക്കുന്നുള്ളു. നൂറുശതമാനവും ന്യായമായ കാര്യമാണത്. ഒരു കാരണവുമില്ലാതെ ഒരാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുക, പ്രായമായ അച്ഛനുമമ്മയും താമസിക്കുന്ന അയാളുടെ വീട് റെയ്ഡ് ചെയ്ത് പുസ്തകം എടുത്തുകൊണ്ടുപോവുക, പോലീസ് സ്‌റ്റേഷനില്‍ നിന്ന് എഫ്.ഐ.ആര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരിക്കുക, ആരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത് എന്ന് വെളിപ്പെടുത്താതിരിക്കുക. വിവാദമായപ്പോള്‍ കേസ് പിന്‍വലിക്കുമെന്ന് പ്രസ്താവനയിറക്കുക. പിന്നീട് ഒന്നും ചെയ്യാതിരിക്കുക. ഇതൊക്കെ എന്തുതരം നീതിയാണ്? സ്റ്റേറ്റ് തന്നെ കുറ്റവിമുക്തനാകുന്നതുവരെ ഒരു കുറ്റവാളിയെപോലെ ജീവിക്കാനുള്ളതല്ല തന്റെ ജീവിതമെന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ്ണമായ അവകാശമുണ്ട്. എങ്ങനെ സമരം ചെയ്യണമെന്ന് തീരുമാനിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്.
‘നരേന്ദ്രമോഡി സാറിന് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് പ്രകാശനം ചെയ്യാവുന്ന അത്ര നിരുപദ്രവകാരിയായ നോവലാണ് ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്നും’ അയാള്‍ നിലവിലുള്ള ഭരണകൂടത്തിന് ഒരു ഭീഷണിയല്ലെന്നെന്നും’ അശോകന്‍ ചെരുവില്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിക്കുന്നു. എന്നാല്‍ പിന്നെ താന്‍കൂടി പങ്കുപറ്റുന്ന പിണറായി സര്‍ക്കാര്‍ എന്തിനാണ് ഈ എഴുത്തുകാരനെതിരെ 124 എ ചുമത്തി ദ്രോഹിക്കുന്നത് എന്നുകൂടി വിശദീകരിച്ചുകൂടേ അശോകന്‍ ചെരുവിലിന്? നരേന്ദ്രമോദിസര്‍ക്കാരല്ലല്ലോ അയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.
”കമല്‍സിയുടെ പേരില്‍ എന്തെങ്കിലും പോലീസ് കേസുകള്‍ ഉണ്ടെങ്കില്‍”… എന്ന ആ കുറിപ്പിലെ നിഷ്‌കളങ്കതാ നാട്യം പക്ഷേ, അത്ര നിഷ്‌കളങ്കമല്ല. കേരള പോലീസിന്റെ വെബ്‌സെറ്റില്‍ പോയി തപ്പിയാല്‍ 2017 ജനുവരി 14 ന് ഡി.ജി.പി. ഇറക്കിയ പത്രക്കുറിപ്പ് കിട്ടും. അതില്‍ കമല്‍സിയ്‌ക്കെതിരെ 124 എ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പുനപരിശോധിച്ചുവരുകയാണെന്നും വ്യക്തമായി പറയുന്നുണ്ട്. കരുനാഗപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ ഉള്ള കേസിന്റെ ക്രം നമ്പര്‍ 4782/2016 ആണ്. ഇതൊക്കെ അറിയാനോ വിളിച്ചു ചോദിക്കാനോ അധികാരമുള്ള പാര്‍ട്ടി സാംസ്‌കാരിക വക്താക്കളാണ് എഫ്. ബി.യില്‍ വന്ന് നിഷ്‌കളങ്കത അഭിനയിക്കുന്നത്.
124 എ വകുപ്പ് സാങ്കേതികതയേക്കാള്‍ വപുലമായ രാഷ്ട്രീയമാനമുള്ളതാണ്. നിലവിലുള്ള സര്‍ക്കാരിനെതിരെ ഉച്ചരിച്ചതോ എഴുതപ്പെട്ടതോ ആയ വാക്കുകളാലോ ആംഗ്യങ്ങളാലോ വിപ്രതിപത്തി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കെതിരെയും കേസെടുക്കാവുന്ന ഒരു വകുപ്പാണത്. അത് ഉപയോഗിക്കുന്നവരുടെ താല്‍പര്യാര്‍ത്ഥം ഏതു രാഷ്ട്രീയ എതിരാളിയ്‌ക്കെതിരെയും എഴുത്തുകാര്‍ക്കുനേരെയും ഉപയോഗിക്കാം. ബിനായ് സെന്നിനെയും കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയുമെല്ലാം ഈ വകുപ്പുപയോഗിച്ചാണ് അറസ്റ്റു ചെയ്തത്. സ്വാതന്ത്രസമരകാലത്തുതന്നെ രാജ്യദ്രോഹത്തെപ്പറ്റിയുള്ള 124 A വകുപ്പ് അപ്പാടെ എടുത്തുകളയണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു. ആ വകുപ്പാണ് ഇന്ന് കമല്‍സിയ്‌ക്കെതിരെ ഇടതുപക്ഷസര്‍ക്കാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്.
സ്‌റ്റേറ്റിന്റെ അമിതാധികാരത്തിനു മുന്നില്‍ നിസ്സഹായത അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കലാണ് എഴുത്തുകാരുടെ ധാര്‍മ്മിക ബാധ്യതയെന്ന്, പാര്‍ട്ടി നിയോഗത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ക്ക് തോന്നുന്നുവെങ്കില്‍, സര്‍ക്കാരിനോട് പറഞ്ഞ് കമല്‍സിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള 124 എ പിന്‍വലിപ്പിക്കാനുള്ള നടപടികളെടുപ്പിക്കുക. ആ മനുഷ്യനെ ഉപദ്രവിക്കാതെ വെറുതെ വിടുക. അദ്ദേഹം എന്തെങ്കിലും എഴുതി ജീവിക്കട്ടെ. അഭിപ്രായസ്വാതന്ത്ര്യത്തെ ഭാവിയിലും ബഹുമാനിക്കണമെന്ന് തോന്നുന്നെങ്കില്‍ ആര്‍ക്കെതിരെയും 124 എ വകുപ്പ് ചുമത്തില്ലെന്നെ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ പാര്‍ട്ടിനേതാക്കള്‍ക്ക് ഒരു ബോധവല്‍ക്കരണ ക്ലാസ് എടുത്തുകൊടുക്കുക.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in