അവകാശവാദങ്ങളുമായി ഒരധ്യയനവര്‍ഷം കൂടി പിറന്നപ്പോള്‍
പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതാണ് ഈ വര്‍ഷവും സ്‌കൂള്‍ തുറന്നപ്പോള്‍ നടന്ന ഏറ്റവും പ്രധാന ചര്‍ച്ച. തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. നിരവധി പൊതുവിദ്യാലയങ്ങള്‍ക്ക് മികവിനായി കോടികള്‍ അനുവദിച്ചിട്ടുണ്ട്. അതും നല്ലത്. എന്നാല്‍ ഈ ചര്‍ച്ചകള്‍ സജീവമാകുകയും അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യവും സമയവും അതിനു ലഭിക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട മറ്റനവധി വിഷയങ്ങള്‍ വിസ്മരിക്കപ്പെടുകയാണ്. അതില്‍ പ്രധാനം ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഒപ്പം മറ്റനവധി പ്രശ്‌നങ്ങളുമുണ്ട്. സംസ്ഥാനത്ത് ഇപ്പോഴുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കൂളുകളുടെ […]
പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതാണ് ഈ വര്‍ഷവും സ്‌കൂള്‍ തുറന്നപ്പോള്‍ നടന്ന ഏറ്റവും പ്രധാന ചര്‍ച്ച. തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. നിരവധി പൊതുവിദ്യാലയങ്ങള്‍ക്ക് മികവിനായി കോടികള്‍ അനുവദിച്ചിട്ടുണ്ട്. അതും നല്ലത്. എന്നാല്‍ ഈ ചര്‍ച്ചകള്‍ സജീവമാകുകയും അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യവും സമയവും അതിനു ലഭിക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട മറ്റനവധി വിഷയങ്ങള്‍ വിസ്മരിക്കപ്പെടുകയാണ്. അതില്‍ പ്രധാനം ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഒപ്പം മറ്റനവധി പ്രശ്‌നങ്ങളുമുണ്ട്.
സംസ്ഥാനത്ത് ഇപ്പോഴുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കൂളുകളുടെ എണ്ണം കൂടുതലാണെന്നതാണ് വസ്തുത. ഒരു കാര്യം അംഗീകരിച്ചേ പറ്റൂ. ജനസംഖ്യാനിയന്ത്രണത്തിന്റെ ഫലമായി കേരളത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. കുട്ടികളുടെ എണ്ണം കൂടുതലുള്ള കാലത്ത് സ്ഥാപിച്ച സ്‌കൂളുകളെല്ലാം ഇന്നും നിലനില്‍ക്കണമെന്ന് ഗൃഹാതുരതയുടെ ഭാഷയില്‍ സംസാരിക്കുന്നതില്‍ എന്തര്‍ത്ഥം? അതുപോലെ പ്രത്യയശാസ്ത്രത്തിന്റെ പേരിലും. മാത്രമല്ല, അതിനിടയില്‍ സിബിഎസ്ഇ സ്‌കൂളുകളുടെ എണ്ണവും എത്രയോ കൂടി. പൊതുവിദ്യാലയങ്ങളെ കുറിച്ച് വാചകമടിക്കുന്നവരില്‍ മിക്കവരും സ്വന്തം കാര്യം വന്നാല്‍ അതെല്ലാം വിഴുങ്ങുന്നവരാണല്ലോ. പലയിടത്തും അന്യസംസ്ഥാന തൊഴിലാളികളാണത്രെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത്. ഇതെല്ലാം കണ്ടുകൊണ്ടാവണം ഇക്കാര്യത്തില്‍ ഇടപെടേണ്ടത്. അതേസമയം പല പിന്നോക്ക മേഖലകളിലും ആദിവാസി മേഖലകളിലുമൊക്കെ ആവശ്യത്തിന് ഇപ്പോഴും സ്‌കൂളുകളില്ല. അവിടെ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുപകരം ധാരാളം സ്‌കൂളുകളുള്ളതും കുട്ടികള്‍ ഇല്ലാത്തതുമായ നഗരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് മികവിനായി കോടികള്‍ നല്‍കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഒരുദാഹരണം പറയാം. തൃശൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന മോഡല്‍ ബോയ്‌സ് ഗവണ്മന്റ് സ്‌കൂള്‍ ഒരു കാലത്ത് മികവിന്റെ കാര്യത്തില്‍ സംസ്ഥാനത്തു ഒന്നാം നിരയിലായിരുന്നു. 50 വര്‍ഷം മുമ്പുപോലും അഞ്ചാം ക്ലാസ്സിലേക്കും എട്ടാം ക്ലാസ്സിലേക്കും എന്‍ട്രന്‍സ് പരീക്ഷ നടത്തിയായിരുന്നു കുട്ടികളെ ചേര്‍ത്തിയിരുന്നത്. അന്നുതന്നെ ഇംഗ്ലീഷ് മീഡിയവും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ കാലെകാലെയുണ്ടായ മാറ്റങ്ങള്‍ ഇവിടേയും വന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും തമ്മില്‍ മത്സരിക്കുമ്പോള്‍ മിക്കവാറും പരാജയപ്പെടുന്നത് സ്വന്തം തൊഴിലിനോട് ഉത്തരവാദിത്തം കാണിക്കാത്ത, ഔട്ട് പുട്ട് പരിശോധിക്കാന്‍ സംവിധാനമില്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളാണല്ലോ. അതുതന്നെ ഇവിടേയും സംഭവിച്ചു. ഇന്ന് ഓരോ ക്ലാസ്സിലും ഓരോ ഡിവിഷനുള്ള കുട്ടികളില്ല. മിക്ക ക്ലാസ് റൂമുകളും വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസുകളാണ്. ഭാവിയില്‍ കുട്ടികള്‍ നിറയാനുള്ള സാധ്യതയും കുറവ്. തൃശൂര്‍ നഗരത്തില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് ഒരു കുറവുമില്ല. എന്നിട്ടും ഈ സ്‌കൂളിനും അനുവദിച്ചിരിക്കുന്നു എത്രയോ കോടി. ജില്ലയിലെ ചില ആദിവാസി മേഖലകളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കാന്‍ പതിനഞ്ചോളം കിലോമീറ്റര്‍ പോകേണ്ടിവരുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് അതിനേക്കാള്‍ പ്രാധാന്യം ഈ സ്‌കൂളിനു നല്‍കുന്നത്. തീര്‍ച്ചയായും മുന്‍ഗണനാവിഷയത്തില്‍ മാറ്റും വരുത്തേണ്ടിയിരിക്കുന്നു.
എന്തായാലും സ്വകാര്യവിദ്യാലയങ്ങളോട് മത്സരിച്ച് പരാജയപ്പെട്ടതുകൊണ്ടുമാത്രമാണല്ലോ പൊതുവിദ്യാലയങ്ങള്‍ നന്നാകാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്നെ സ്വകാര്യവിദ്യാലയങ്ങളും നിലനില്‍ക്കട്ടെ. അല്ലെങ്കില്‍ പൊതുവിദ്യാലയങ്ങള്‍ ഇനിയും ജീര്‍ണ്ണിക്കുക മാത്രമേയുള്ളു. വിദ്യാഭ്യാസ കച്ചവടക്കാര്‍ ബലമായൊന്നും കുട്ടികളെപിടിച്ചു കൊണ്ടുപോയതല്ലല്ലോ. രാഷ്ട്രീയനേതാക്കളുടേയും അധ്യാപകരുടേയും എഴുത്തുകാരുടേയുമൊക്കെ മക്കള്‍ പോലും അവിടങ്ങളില്‍ എത്തിയതെങ്ങിനെയാണ്? പൊതുവിദ്യാലയങ്ങള്‍ മോശമാണെന്ന തോന്നല്‍. അതിനാല്‍ തന്നെ രണ്ടുമേഖലകളുമായുള്ള മത്സരം ഇനിയും തടരട്ടെ.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താന്‍ ചെയ്യേണ്ട മറ്റനവധി വിഷയങ്ങളുണ്ട്. വിദ്യാര്‍ഥിയുടെ സമഗ്ര വ്യക്തിത്വവികാസം വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യമാകണം. ഭാഷ, ശാസ്ത്രം, കല, പ്രവൃത്തിപഠനം, ആരോഗ്യ, കായികപഠനം എന്നിവ അടങ്ങുന്ന വൈജ്ഞാനികമേഖലകളെല്ലാം പാഠ്യവിഷയമാകണം. ആധുനികകാലസമസ്യകളെ നേരിടാന്‍ കുട്ടികളെ കരുത്തുള്ളവരാക്കണം. ദൈനംദിന ജീവിതത്തില്‍ നേരിടുന്ന വിഷയങ്ങളെല്ലാം അവര്‍ക്ക് പറഞ്ഞുകൊടുക്കാനാകണം. . ഉദാഹരണമായി ട്രാഫിക് ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, ലിംഗനീതി, സാമൂഹ്യനീതി തുടങ്ങിയവയെല്ലാം പാഠ്യവിഷയമാക്കണം. ഒപ്പം ഒരു തൊഴിലില്ലെങ്കിലും വൈദഗ്ധ്യവും ഉണ്ടാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതേക സ്‌കൂളുകള്‍ എന്ന സ്ഥിതി 100 ശതമാനവും നിര്‍ത്തലാക്കണം. മാതൃഭാഷ പഠിക്കണം എന്നതു ശരിതന്നെ. എന്നാല്‍ ലോകം വിരല്‍ത്തുമ്പിലേക്കു ചുരുങ്ങുന്ന ഇക്കാലത്ത് അധ്യയനമാധ്യമം മലയാളമാക്കണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഇതിനേക്കാളുപരിയായി അധ്യാപകര്‍ കാലത്തിനനുസരിച്ച് മാറുന്നുണ്ടോ എന്നു പരിശോധിക്കണം. ആഴ്ചയില്‍ രണ്ടുദിവസം അവധിയും ഒരുപാട് പിരിഡുകള്‍ ഫ്രീയും കൊല്ലം രണ്ടുമാസം അവധിയുമൊക്കെ അവര്‍ക്ക നല്‍കുന്നത് എല്ലാ വിഷയങ്ങളിലും അപ്‌ഡേറ്റ് ആകാനാണ്. അതു ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ മാര്‍ക്കിടുന്നപോലെ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടുന്ന സംവിധാനവും വേണം.
വാസ്തവത്തില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും പ്രധാനപ്രശ്‌നം ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മയാണ്. അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രമോ സര്‍വ്വകലാശാലയോ നമുക്കില്ല. നമ്മുടെ മികച്ച വിദ്യാര്‍ത്ഥികളെല്ലാം ഉന്നതപഠനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ പോകേണ്ട അവസ്ഥയാണ്. ആധുനികവും കാലാനുസൃതവുമായ കോഴ്‌സുകളും തൊഴിലധിഷ്ഠിത സ്ഥാപനങ്ങളും കേരളത്തില്‍ വളരെ കുറവാണ്. ഇടക്കാലത്ത് ശക്തമായ മെഡിക്കല്‍ എഞ്ചിനിയറിംഗ് ജ്വരം പ്രശ്നങ്ങളെ കൂടുതല്‍ മോശമാക്കി. പൊതുമേഖലയെ കുറിച്ചും സോഷ്യലിസത്തെകുറിച്ചുമെല്ലാം വാചാലമാകുന്നവരുടെ നാട്ടില്‍ വിദ്യാഭ്യാസമേഖല കച്ചവടവല്‍ക്കരിക്കപ്പെടുകയും മ്ലേച്ഛമായ രീതിയില്‍ സ്വകതാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. കേരളത്തിനു ശാപമായ കക്ഷിരാഷ്ട്രീയവല്‍ക്കരണം വിദ്യാഭ്യാസമേഖലേയയും നശിപ്പിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരമുയര്‍ത്താന്‍ നിരവധി പ്രഖ്യാപനങ്ങള്‍ അധികാരമേറ്റപ്പോള്‍ വിദ്യാഭ്യാസമന്ത്രി നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഒന്നും നടപ്പായിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസരംഗത്തു മാത്രമാണ് മന്ത്രിയുടെ ശ്രദ്ധ എന്നുതോന്നുന്നു. ഇപ്പോള്‍ അതിനേക്കാള്‍ പ്രാധാന്യം ഉന്നതവിദ്യാഭ്യാസരംഗത്തിനാണ്. അതിനാല്‍ തന്നെ അവിടേക്കും സര്‍ക്കാരിന്റെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in