അലങ്കരിക്കപ്പെട്ട തടവറ

വിനയ അലങ്കരിക്കപ്പെട്ട തടവറ എന്ന അവസ്ഥയില്‍ നിന്ന്‌ വരും തലമുറയിലെ പെണ്‍കുട്ടികളെയെങ്കിലും രക്ഷിക്കണമെന്നാണ്‌ സ്‌ത്രീവാദിയും പോലീസിലെയും സമൂഹത്തിലേയും പുരുഷാധിപത്യ മൂല്യങ്ങള്‍ക്കെതിരെ നിരന്തരമായി പടവെട്ടുകയും ചെയ്യുന്ന സിവില്‍ പോലീസ്‌ ഓഫീസര്‍ വിനയ ആവശ്യപ്പെടുന്നത്‌. സ്‌ത്രീ ശരീരം ജാതി മതദേശഭേദമന്യേ അലങ്കരിക്കപ്പെട്ട ഒരു തടവറയാണ്‌. തലമുതല്‍ പാദം വരെ ഈ അലങ്കാരത്തടവറക്കുള്ളിലാണ്‌. ഓരോ സ്‌ത്രീകളും സഞ്ചരിക്കുന്ന ഓരോ ജയിലറകളെ ഓര്‍മ്മപ്പെടുത്തുന്നു. ജനിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്നു അവളിലെ അലങ്കാരപ്പണികള്‍. ആദ്യം കാതുകുത്തലാണ്‌. ജനിച്ച്‌ 28-ാം നാള്‍ (ജാതിമതാനുസരണം ദിവസങ്ങള്‍ക്ക്‌ ചില വ്യത്യാസങ്ങള്‍ […]

download (1)വിനയ
അലങ്കരിക്കപ്പെട്ട തടവറ എന്ന അവസ്ഥയില്‍ നിന്ന്‌ വരും തലമുറയിലെ പെണ്‍കുട്ടികളെയെങ്കിലും രക്ഷിക്കണമെന്നാണ്‌ സ്‌ത്രീവാദിയും പോലീസിലെയും സമൂഹത്തിലേയും പുരുഷാധിപത്യ മൂല്യങ്ങള്‍ക്കെതിരെ നിരന്തരമായി പടവെട്ടുകയും ചെയ്യുന്ന സിവില്‍ പോലീസ്‌ ഓഫീസര്‍ വിനയ ആവശ്യപ്പെടുന്നത്‌.

സ്‌ത്രീ ശരീരം ജാതി മതദേശഭേദമന്യേ അലങ്കരിക്കപ്പെട്ട ഒരു തടവറയാണ്‌. തലമുതല്‍ പാദം വരെ ഈ അലങ്കാരത്തടവറക്കുള്ളിലാണ്‌. ഓരോ സ്‌ത്രീകളും സഞ്ചരിക്കുന്ന ഓരോ ജയിലറകളെ ഓര്‍മ്മപ്പെടുത്തുന്നു.
ജനിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്നു അവളിലെ അലങ്കാരപ്പണികള്‍. ആദ്യം കാതുകുത്തലാണ്‌. ജനിച്ച്‌ 28-ാം നാള്‍ (ജാതിമതാനുസരണം ദിവസങ്ങള്‍ക്ക്‌ ചില വ്യത്യാസങ്ങള്‍ ഉണ്ട്‌ എന്നുമാത്രം) അവളുടെ കുഞ്ഞുകാത്‌ കുത്തിത്തുളച്ച്‌ അവളുടെ ലോകം വേദനയുടേതാണെന്ന്‌ സ്ഥിരീകരിക്കുന്നു. വേദനകൊണ്ട്‌ പുളഞ്ഞുകരയുന്ന പിഞ്ചുകുഞ്ഞിന്റെ നിസ്സഹായത മുതിര്‍ന്നവര്‍ സന്തോഷത്തോടെ ആഘോഷിക്കുന്നു. പെണ്ണായി പിറന്നതുകൊണ്ടുമാത്രം അവളുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തോട്‌ മുതിര്‍ന്നവര്‍ ചെയ്യുന്ന ഒരു അതിക്രമമാണിത്‌. കുട്ടികളുടെ ഒരു നിയമവും അവളുടെ രക്ഷയ്‌ക്കെത്തുന്നില്ല. ഈ പീഡനം ആണ്‍കുട്ടികള്‍ക്കില്ല. കാരണം അവന്‍ ആണ്‍കുട്ടിയാണ്‌ എന്നതുമാത്രം. (ആദ്യകാലത്ത്‌ ആണ്‍കുഞ്ഞിന്റെ കാതും കുത്തിയിരുന്നു) പിന്നീട്‌ ഈ ആചാരം ഇല്ലാതായി.
പിന്നീട്‌ അവളിലെ പീഡനം മുടിയിലേക്കും വസ്‌ത്രത്തിലേക്കും നീളുന്നു. അത്‌ ഒരു ആജീവനാന്ത കലാപരിപാടിയായി വികസിക്കുകയും അങ്ങനെ സ്വയം തടവറ അലങ്കരിക്കുകയും ആ തടവറയില്‍ സ്വസ്ഥതയും സന്തോഷവും കണ്ടെത്താന്‍ പരിശീലിക്കുകയും ചെയ്യുന്നു.
കുഞ്ഞുനാള്‍ മുതലേ നാം ആണ്‍കുട്ടിക്ക്‌ ട്രൗസറും ഷര്‍ട്ടും, പെണ്‍കുട്ടിക്ക്‌ ഉടുപ്പും ശീലമാക്കുന്നു. മലര്‍ന്നുകിടന്ന്‌ കൈകാലിട്ടടിക്കുമ്പോള്‍ തന്നെ ആണ്‍കുട്ടി ശരീരത്തിന്റെ ചലനസ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു തുടങ്ങുന്നു. നാം അവന്റെ ചലനത്തെ സന്തോഷത്തോടെ ആസ്വദിക്കുന്നു. പെണ്‍കുട്ടി കാലുപൊക്കി കളിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ അവളുടെ കുഞ്ഞുടുപ്പ്‌ പൊങ്ങിപ്പോകും.അതു കാണുന്ന നാം ഓരോരുത്തരും ആ ഉടുപ്പ്‌ താഴ്‌ത്തിയിടുന്നതില്‍ ശ്രദ്ധിക്കും. ഈ അമിത ശ്രദ്ധ അവളുടെ ചലനത്തെ നിയന്ത്രിതമാക്കും. കുഞ്ഞ്‌ ഇരുന്ന്‌ തുടങ്ങുമ്പോഴേക്കും മുതിര്‍ന്നവര്‍ ഈ താഴ്‌ത്തിയിടല്‍ പ്രക്രിയയ്‌ക്ക്‌ കൂടുതല്‍ ഊന്നല്‍ കൊടുക്കും.
സ്‌ത്രീകള്‍ എന്തുകൊണ്ട്‌ പൊതുസമൂഹത്തിന്റെ ഭാഗമാകുന്നില്ല എന്ന ചോദ്യത്തിനുത്തരം ലഭിക്കാന്‍ പാര്‍ക്കിലും വീട്ടിലും മറ്റും കളിക്കുന്ന പെണ്‍കുട്ടികളെ നിരീക്ഷിച്ചാല്‍ മാത്രം മതി. ഊഞ്ഞാലാടുന്ന പെണ്‍കുട്ടിയും സ്ലൈഡറില്‍ ഉതുകുന്ന പെണ്‍കുട്ടിയും ചലനത്തില്‍ നിയന്ത്രണം പാലിക്കുന്നുണ്ട്‌. ഏതുതരം വിനോദങ്ങള്‍ക്കിടയിലും അവളുടെ ചലനാസ്വാദനം വസ്‌ത്രം അപഹരിക്കുന്നു.
ഓടുന്നതിനോ ചാടുന്നതിനോ ഇരിക്കുന്നതിനോ ആണ്‍കുട്ടിക്ക്‌ വസ്‌ത്രം തടസ്സമാകുന്നില്ല. വീട്ടുമുറ്റത്ത്‌ ഇരുന്നുള്ള കളികളില്‍ ആണ്‍കുട്ടികള്‍ ഏര്‍പ്പെടുമ്പോള്‍ അത്തരത്തിലുള്ള കളികള്‍ ശ്രദ്ധിക്കുവാന്‍ പോലും അവള്‍ മെനക്കെടാറില്ല. പടിഞ്ഞിരിക്കുന്നതിനോ കുത്തിയിരിക്കുന്നതിനോ അവള്‍ക്ക്‌ അവളുടെ വസ്‌ത്രം സ്വാതന്ത്ര്യം നല്‍കുന്നില്ല. അടിവസ്‌ത്രം കാണാതിരിക്കാനുള്ള പങ്കപ്പാടിലാണവള്‍ ശ്രദ്ധിക്കുന്നത്‌.
നിന്നുകൊണ്ടും നടന്നുകൊണ്ടും ഓടിക്കൊണ്ടും മാത്രം സാധ്യമാകുന്ന കളികളില്‍ ഏര്‍പ്പെടുന്നതിന്‌ അവള്‍ ജാഗരൂകയാകും. അത്തരത്തില്‍ കളിക്കുന്നതിനുള്ള കൂട്ടുകാരേയും പരിസരത്തേയും എപ്പോഴും കണ്ടെത്തുക പ്രയാസമാണ്‌. ഈ സാധ്യതയില്ലായ്‌മ അവളിലെ കളിയെപ്പറ്റിയുള്ള ചിന്ത തന്നെ ഇല്ലാതാക്കുന്നു. വെറും വിശേഷങ്ങള്‍ പറഞ്ഞും അന്താക്ഷരികളിച്ചും ടിവികണ്ടും അവള്‍ കാലം കഴിച്ചുകൂട്ടുന്നു.
ഇത്തരത്തില്‍ ഓടുകയോ തുള്ളുകയോ ചാടുകയോ മറിയുകയോ അലറുകയോ ചെയ്‌തു ശീലമില്ലാതെ വളരുന്ന പെണ്‍കുട്ടി പ്രകൃതിപരമായ യാതൊരുവിധ പ്രതിരോധശേഷിയും ആര്‍ജ്ജിച്ചെടുക്കാതെയാണ്‌ ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്കും കൗമാരത്തില്‍നിന്നും യൗവ്വനത്തിലേക്കും പ്രവേശിക്കുന്നത്‌. അവിടേയും സാരിയും ഷാളുമെല്ലാം അവളുടെ ചലനത്തെ തടയുന്നു. ആണ്‍കുട്ടികള്‍ക്ക്‌ അവിടേയും വസ്‌ത്രം തടസ്സമാകുന്നില്ല.
വസ്‌ത്രം പോലതന്നെ മുടിയും ആഭരണങ്ങളും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളും അവളെ അലങ്കരിക്കപ്പെട്ട തടവറയാക്കുന്നു. എപ്പോഴും ഇതേ കുറിച്ചുള്ള ചിന്തയില്‍ അവള്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ സ്വാതന്ത്ര്യത്തിന്റെ ഒരു ലോകമാണ്‌.
അവിചാരിതമായുണ്ടാകുന്ന അപകടങ്ങളില്‍നിന്നും സ്‌ത്രീകളെ രക്ഷിക്കുവാന്‍ പട്ടാളത്തിനോ പോലീസിനോ സമൂഹത്തിനോ കഴിയില്ല എന്നിരിക്കേ, അവള്‍ക്ക്‌ സ്വയം ഓടി രക്ഷപ്പെടുവാനുള്ള സൗകര്യവും സാഹചര്യവും ഒരുക്കുകയെന്ന സൗജന്യമെങ്കിലും നാം അവളോട്‌ കാണിക്കണം.
വരും തലമുറയെ എങ്കിലും ഈ അലങ്കാരത്തടവറയില്‍നിന്നും മോചിപ്പിക്കേണ്ട ചുമതല നമുക്കോരോരുത്തര്‍ക്കുമുണ്ട്‌. ചെറുപ്പം മുതല്‍ അവളെ തടവറക്കുള്ളിലാക്കുന്ന പതിവുശീലങ്ങള്‍ നാം മാറ്റേണ്ടിയിരിക്കുന്നു. അവളുടെ ശാരീരികക്ഷമത പരമാവധി പ്രയോജനപ്പെടുത്തുന്നതിനുതകുന്ന വസ്‌ത്രവും ചെരുപ്പും വാച്ചും ബാഗും വാഹനവും സാധ്യമാക്കി- ഊര്‍ജ്ജസ്വലതയോടെ സ്വയം പര്യാപ്‌തതയോടെ ജീവിക്കുന്ന ഒരു പെണ്‍സമൂഹം ഉയര്‍ന്നുവരേണ്ടത്‌ കാലത്തിന്റെ ആവശ്യം തന്നെയാണ്‌. റോഡിലും തെരുവിലും നാട്ടിലും നഗരത്തിലും അവളുടെ സാന്നിദ്ധ്യം പ്രകടമാകുന്ന നല്ല കാലമാണ്‌ നാമവള്‍ക്കു നല്‍കേണ്ടത്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply